Image

രാഷ്ട്രപതി തെരഞ്ഞെടുപ്പിനുശേഷം കേന്ദ്രമന്ത്രിസഭാ പുനഃസംഘടന നടന്നേക്കും

Published on 13 July, 2012
രാഷ്ട്രപതി തെരഞ്ഞെടുപ്പിനുശേഷം കേന്ദ്രമന്ത്രിസഭാ പുനഃസംഘടന നടന്നേക്കും
ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിനുശേഷം കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയ്‌ക്ക്‌ സാധ്യത. 19-നാണ്‌ രാഷ്ട്രപതി തെരഞ്ഞെടുപ്പ്‌. പ്രണബ്‌ മുഖര്‍ജി രാഷ്ട്രപതി സ്ഥാനാര്‍ഥിയായതിനെ തുടര്‍ന്ന്‌ പ്രധാനമന്ത്രി ഏറ്റെടുത്ത ധനവകുപ്പ്‌ ആഭ്യന്തര മന്ത്രി പി. ചിദംബരത്തെ ഏല്‍പിക്കാന്‍ ഇടയുണ്ട്‌. എന്നാല്‍, ആഭ്യന്തരം ആര്‍ക്കുനല്‍കുമെന്നകാര്യത്തില്‍ അഭ്യൂഹം നിലനില്‍ക്കുന്നു.

ചിദംബരത്തിനൊപ്പം ധനമന്ത്രാലയത്തിലേക്ക്‌ സുശീല്‍കുമാര്‍ ഷിന്‍ഡെ, കമല്‍നാഥ്‌ എന്നീ പേരുകളും ഉയരുന്നുണ്ട്‌. രാഹുല്‍ ഗാന്ധി കേന്ദ്രമന്ത്രിസഭയില്‍ വരണമെന്ന ആവശ്യം കോണ്‍ഗ്രസ്‌ നേതാക്കള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും സാധ്യത കുറവാണ്‌.

എ. രാജയും ദയാനിധി മാരനും ടെലികോം അഴിമതിയെ തുടര്‍ന്ന്‌ രാജിവെച്ചപ്പോള്‍ ഡി.എം.കെക്ക്‌ കൈവിട്ടുപോയ വകുപ്പുകള്‍ പുതിയ പുനഃസംഘടനയില്‍ തിരിച്ചു നല്‍കാനും ഉദ്ദേശ്യമുണ്ട്‌. അഴിമതിക്കേസുമായി ബന്ധപ്പെട്ട്‌ കോണ്‍ഗ്രസിലെ വീരഭദ്രസിങ്ങും അടുത്തയിടെ രാജിവെച്ചിരുന്നു.
പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനം അടുത്ത മാസമാണ്‌. അതിനു മുമ്പായി പുനഃസംഘടന നടത്തണമെന്നാണ്‌ തീരുമാനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക