Image

സിറിയയില്‍ വീണ്ടും കൂട്ടക്കൊല; 200 മരണം

Published on 12 July, 2012
സിറിയയില്‍ വീണ്ടും കൂട്ടക്കൊല; 200 മരണം
ഡമാസ്കസ്: സിറിയയില്‍ വീണ്ടും കൂട്ടക്കൊല. ഹമാപ്രവിശ്യയില്‍ നടന്ന മനുഷ്യക്കുരുതിയില്‍ സ്ത്രീകളടക്കം ഇരുന്നൂറിലധികം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. പ്രവിശ്യയിലെ ട്രെംഷെ ഗ്രാമത്തിനു നേരെയാണ് സിറിയന്‍ സൈന്യം കനത്ത ആക്രമണം നടത്തിയത്. ഹെലിക്കോപ്റ്ററുകളും ടാങ്കുകളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് വിതമനേതൃത്വം അറിയിച്ചു. ട്രെംഷെ ഗ്രാമം വിമതര്‍ പിടിച്ചടക്കിതിനു പിന്നാലെ ഇവിടുത്തെ നിയന്ത്രണം തിരിച്ചിപിടിക്കാന്‍ സൈന്യം നീക്കംതുടങ്ങിയിരുന്നു. സര്‍ക്കാര്‍ അനുകൂല സൈനിക ഗ്രൂപ്പായ ഷബിഹയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ വിദേശബന്ധമുള്ള തീവ്രവാദ സംഘമാണ് അക്രമത്തിനു പിന്നിലെന്ന് സര്‍ക്കാര്‍ ആരോപിച്ചു. സിറിയന്‍ നിരീക്ഷണ ദൌത്യത്തിനായി യുഎന്‍ സുരക്ഷാ സമിതി യോഗം ചേരാനിരിക്കെ സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനാണ് തീവ്രവാദികള്‍ കൂട്ടക്കുരുതി നടത്തിയതെന്ന് അസാദ് ഭരണകൂടം ചൂണ്ടിക്കാട്ടി. ഇതേത്തുടര്‍ന്ന് ഹമാ, ഡമാസ്കസ്, ഇഡ്ലിബ് എന്നിവടങ്ങളില്‍ കനത്ത പ്രതിക്ഷേധം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. അതേസമയം, ഷബിഹയാണ് ആക്രമണത്തിനു പിന്നിലെന്ന് സ്ഥിരീകരിച്ചാല്‍ സിറിയന്‍ കലാപത്തില്‍ ഏറ്റവും വലിയ കൂട്ടക്കൊലയാണിതെന്ന് വിമതനേതൃത്വം പറഞ്ഞു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസാദിനെതിരെ പൊട്ടിപ്പുറപ്പെട്ട ജനാധിപത്യ വിപ്ളവത്തില്‍ ഇതിനോടകം 16,000 പേര്‍ക്ക് ജീവഹാനിയുണ്ടായെന്നാണ് യുഎന്‍ റിപ്പോര്‍ട്ട്. സിറിയയില്‍ പ്രക്ഷോഭകരെ ഉരുക്കുമുഷ്ടികൊണ്ടു നേരിടുന്ന പ്രസിഡന്റ് ബാഷര്‍ അല്‍ അസാദിനു തിരിച്ചടി നല്‍കി സിറിയയുടെ ഇറാക്കിലെ സ്ഥാനപതി നവാഫ് ഫാര്‍സ് കൂറുമാറി അസാദ് വിരുദ്ധ ക്യാമ്പില്‍ എത്തിയിരുന്നു. അസാദിന്റെ വിശ്വസ്തരില്‍ ഒരാളായ ജനറല്‍ മുനാഫ് ത്ലാസ് കൂറുമാറി രാജ്യം വിട്ടതിനു തൊട്ടുപിന്നാലെയാണ് ഫാര്‍സും സിറിയന്‍ ഭരണകൂടത്തെ തള്ളിപ്പറഞ്ഞ് പുറത്തുവന്നത്. യു എന്‍ സമാധാന ഇടപെടലിനെ നിഷ്പ്രഭമാക്കി സിറിയയില്‍ ആഭ്യന്തര യുദ്ധം ശക്തിപ്പെടുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക