Image

കള്ളക്കേസില്‍ കുടുക്കി: കാരായി രാജന്‍

Published on 11 July, 2012
കള്ളക്കേസില്‍ കുടുക്കി: കാരായി രാജന്‍
കൊച്ചി: ടിപി വധക്കേസില്‍ തന്നെ കുടുക്കിയതാണെന്ന് ഫസല്‍വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റംഗം കാരായി രാജന്‍. ഇന്നു രാവിലെ രാജനെ വടകരയിലേയ്ക്കു കൊണ്ടുപോയി. രാവിലെ 11 നു ശേഷം ഇദ്ദേഹത്തെ വടകര കോടതിയില്‍ ഹാജരാക്കും. ടിപി വധക്കേസില്‍ കാക്കനാട് ജില്ലാ ജയിലിലായിരുന്ന കാരായി രാജന്റെ അറസ്റ് ജയിലിലെത്തി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. ഇത് കണക്കിലെടുത്ത് കോടതി കാരായി രാജനു പ്രൊഡക്ഷന്‍ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് രാജനെ വടകരയിലേയ്ക്കു കൊണ്ടുപോയത്. ഇതിനിടെയാണ് ടിപി വധക്കേസില്‍ തന്നെ കുടുക്കിയതാണെന്നു കാരായി രാജന്‍ ആരോപിച്ചത്.

കാക്കനാട് ജയിലില്‍ നിന്നു വടകരയിലേയ്ക്കു കൊണ്ടുപോകാന്‍ പോലീസ് വാഹനത്തിലേയ്ക്കു കയറ്റുന്നതിനിടെയാണ് തന്നെ ടിപി വധക്കേസില്‍ കുടുക്കിയതാണെന്ന് രാജന്‍ മാധ്യമങ്ങളോടു പറഞ്ഞത്. നിമയപരമായ തടസങ്ങളുള്ളതിനാല്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു ഒറ്റവാക്കില്‍ മറുപടി പറഞ്ഞ് നിര്‍ത്തുകയായിരുന്നു അദ്ദേഹം. ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കാക്കനാട്ടെ ജയിലിലെത്തിയ കാരായി രാജനെയും തിരുവങ്ങോട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കാരായി ചന്ദ്രശേഖരനെയും സന്ദര്‍ശിച്ചിരുന്നു. ഇന്നലെ വൈകുന്നേരം നാലേകാലോടെയായിരുന്നു സന്ദര്‍ശനം. ഇരുവരും ജുഡീഷല്‍ കസ്റഡിയില്‍ കഴിയുന്ന കാക്കനാട് ജില്ലാ ജയിലിലെത്തിയ പിണറായി വിജയന്‍ 25 മിനിറ്റോളം അവരുമായി സംസാരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക