Image

പാണ്ഡ്യനും സ്വിസ് ബാങ്കില്‍ നിക്ഷേപം; യാഥാര്‍ഥ്യമോ മിഥ്യയോ?

Published on 11 July, 2012
പാണ്ഡ്യനും സ്വിസ് ബാങ്കില്‍ നിക്ഷേപം; യാഥാര്‍ഥ്യമോ മിഥ്യയോ?
ചെന്നൈ: പതിനഞ്ചാം നൂറ്റാണ്ടിന്റെ അന്ത്യം വരെ തമിഴകം അടക്കിവാണിരുന്ന പാണ്ഡ്യ രാജാക്കന്മാര്‍ക്കും സ്വിസ് ബാങ്ക് നിക്ഷേപമുണ്ടായിരുന്നതായി റിപ്പോര്‍ട്ട് യാഥാര്‍ഥ്യമോ അതോ കെട്ടുകഥയോയെന്ന ചോദ്യം ഉയരുന്നു. തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ അമൂല്യനിധി കണ്ടെടുത്തതു പോലെ സ്വിസ് ബാങ്കില്‍ പാണ്ഡ്യ രാജാവിനും കോടിക്കണക്കിനു രൂപയുടെ നിക്ഷേപം മറഞ്ഞിരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പാണ്ഡ്യ രാജാവ് വരഗുണ പാണ്ഡ്യ ചിന്ന തമ്പിയാരുടെ അനന്തരാവകാശിയെന്ന അവകാശവാദവുമായി രംഗത്തെത്തിയ ആര്‍.പദ്മിനി റാണി മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പാണ്ഡ്യകുലത്തിന്റെ അനേകായിരം കോടികളുടെ സ്വത്തുക്കള്‍ സ്വിസ് ബാങ്കിലുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നത്. ഇതു തിരിച്ചുപിടിക്കാന്‍ സഹായം തേടിയാണ് പദ്മിനി കോടതിയെ സമീപിച്ചിരിക്കുന്നത്. അതേസമയം, പാണ്ഡ്യന്‍മാരുടെ സമ്പത്ത് എവിടെ നിന്നാണ് സ്വിസ് ബാങ്കില്‍ എത്തിയതെന്നും എങ്ങനെയാണ് സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചത്, ആരാണ് ഇതിനു പിന്നിലുള്ളതെന്നുമുള്ള ചോദ്യങ്ങള്‍ ഉത്തരംകിട്ടാതെ അവശേഷിക്കുകയാണ്. പാണ്ഡ്യരാജാവിന്റെ അനന്തരാവകാശി എന്ന നിലയില്‍ രാജകുടുംബത്തിന്റെ എല്ലാ സ്ഥാവരജംഗമ സ്വത്തുക്കളും കണ്െടത്തി തനിക്ക് നല്‍കണമെന്നായിരുന്നു പദ്മിനി ആവശ്യപ്പെട്ടിരുന്നത്. തിരുനല്‍വേലി സ്വദേശിയായ എസ്കെഎന്‍ രവീന്ദ്രനാഥ് എന്നയാളുടെ ഭാര്യയാണ് പദ്മിനി. പദ്മിനിക്കൊപ്പം പാണ്ഡ്യ രാജവംശത്തിലെ അന്തരാവകാശി എന്ന് അവകാശപ്പെട്ട് വിദ്യാ പട്വര്‍ദ്ധന്‍ എന്ന സ്ത്രീയും രംഗത്ത് എത്തിയിട്ടുണ്ട്. ഇവര്‍ രാജവംശത്തിന്റെ സ്വിസ് അക്കൌണ്ടുകളെ കുറിച്ച് വ്യക്തമായി അറിയുന്ന ഗിസപ്പെ ലീപോള്‍ഡോ കാസിന എന്ന സ്വിസ് വംശജന്റെ ഭാര്യ മായയുടെ സഹോദരിയാണ്. എന്നാല്‍, എല്ലാ വിവരങ്ങളും അറിയാമായിരുന്ന കാസിനി അടുത്തിടെ സ്വിറ്റ്സര്‍ലന്റില്‍ കാറപകടത്തില്‍ മരിച്ചു. ഈ മരണത്തില്‍ ദുരൂഹതയുണ്െടന്നും പലരും പറയുന്നു. പാണ്ഡ്യ രാജാവിന്റെ സ്വിസ് ബാങ്ക് അക്കൌണ്ട് സംബന്ധിച്ചുള്ള ദുരൂഹതകള്‍ വെളിച്ചത്തു കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ അത് ചരിത്രത്തില്‍ ഇടംനേടും. ഏതായാലും ഇതിനായി കുറച്ചു കാത്തിരിക്കേണ്ടിവരും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക