Image

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ പതിനേഴാമത്‌ വാര്‍ഷികാഘോഷ പരിപാടികള്‍ ഹൃദ്യമായി

ജോയിച്ചന്‍ പുതുക്കുളം Published on 11 July, 2012
വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ പതിനേഴാമത്‌ വാര്‍ഷികാഘോഷ പരിപാടികള്‍ ഹൃദ്യമായി
ഡാളസ്‌: വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ നോര്‍ത്ത്‌ ടെക്‌സാസിന്റേയും ഡാളസ്‌ പ്രോവിന്‍സിന്റേയും സഹകരണത്തോടെ അമേരിക്കന്‍ റീജിയന്‍ സംഘടിപ്പിച്ച പതിനേഴാമത്‌ വാര്‍ഷികാഘോഷ പരിപാടികള്‍ ഹൃദ്യവും ആകര്‍ഷകവുമായി.

പ്രശസ്‌ത പിന്നണി ഗായകന്‍ ബിജു നാരായണന്‍, ശ്രീ അശോകന്‍ (മാതൃഭൂമി ബ്യൂറോ ചീഫ്‌-ഡല്‍ഹി) കൗമുദി റീജിയണല്‍ എഡിറ്റര്‍ ശരത്‌ ലാല്‍ എന്നീ വിശിഷ്‌ടാതിഥികള്‍ വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ പതിനേഴാമത്‌ വാര്‍ഷികാഘോഷങ്ങള്‍ സംയുക്തമായി കേക്കു മുറിച്ചുകൊണ്ട്‌ ഉദ്‌ഘാടനം ചെയ്‌തു.

പ്രശസ്‌ത പിന്നണി ഗായകനും സംഗീത സംവിധാനയകനുമായിരുന്ന എം.ജി. രാധാകൃഷ്‌ണന്‍ കടന്നുപോയിട്ട്‌ രണ്ടുവര്‍ഷം തികയുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സ്‌മരണയ്‌ക്കുമുന്നില്‍ ആദരാഞ്‌ജലികള്‍ അര്‍പ്പിച്ചുകൊണ്ട്‌ എം.ജിയുടെ പ്രശസ്‌തവും അവാച്യമധുരവുമായ ഗാനമായ `പൂമുഖ വാതില്‍ക്കല്‍ സ്‌നേഹം തുളുമ്പുന്ന പൂന്തിങ്കളാകുന്ന ഭാര്യ....' എന്ന ഗാനം ബിജു നാരായണന്‍ ആലപിച്ചു. വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ പത്താമത്‌ വാര്‍ഷികത്തില്‍ തന്റെ സംഗീത കച്ചേരി നടത്തിയതും സംഘടനയുമായുള്ള അഭേദ്യബന്ധത്തെപ്പറ്റിയും അദ്ദേഹം വിവരിച്ചു.

മാതൃഭൂമിയുടെ പ്രതിനിധിയായി ഫൊക്കാനയ്‌ക്ക്‌ എത്തിയതായിരുന്നു ശ്രീ അശോകനും, ശ്രീ ശരത്‌ ലാലും (കൗമുദി). വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ പ്രസിഡന്റുകൂടിയായ അശോകന്‍ മാലിന്യ സംസ്‌കരണത്തിന്‌ കേരളത്തിലെ ജനങ്ങളെ ബോധവത്‌കരിക്കാനും മറ്റും വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ ക്ലീന്‍ കേരളാ പ്രൊജക്‌ട്‌ ചെയ്യുന്ന സേവനങ്ങളെപ്പറ്റി വിവരിച്ചു.

കേരളത്തനിമ കാണുവാന്‍ അമേരിക്കയില്‍ വരേണ്ടതായി വന്നുവെന്നും വേള്‍ഡ്‌ മലയാളി കൗണ്‍സിലുമായി അടുത്ത്‌ സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്നയാളാണ്‌ താനെന്നും ശ്രീ ശരത്‌ ലാല്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

ഒരു വ്യക്തിയുടെ ജീവിതമായാലും സംഘടനയുടെ ചരിത്രത്തിലായാലും 17 വര്‍ഷം എന്നു പറയുന്നത്‌ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും, 1995 ജൂലൈ മൂന്നിന്‌ ന്യൂജേഴ്‌സിയില്‍ ടി.എന്‍. ശേഷന്‍ ചെയര്‍മാനായി തുടങ്ങിയതാണ്‌ വേള്‍ഡ്‌ മലയാളി കൗണ്‍സിലെന്ന്‌ ശ്രീ. പി.സി. മാത്യു ആമുഖപ്രസംഗത്തില്‍ പറഞ്ഞു.

വൈകിട്ട്‌ 7.30-ന്‌ ആരംഭിച്ച പരിപാടികള്‍ക്ക്‌ ഡാളസ്‌ പ്രോവിന്‍സ്‌ പ്രസിഡന്റ്‌ വര്‍ഗീസ്‌ മാത്യു സ്വാഗതം ആശംസിച്ചു. ഗ്ലോബല്‍ അഡൈ്വസറി ബോര്‍ഡ്‌ ചെയര്‍മാന്‍ ഗോപാലപിള്ള ഗ്ലോബല്‍ കമ്മിറ്റിക്കുവേണ്ടി പ്രസംഗിച്ചു.

2001-നു മുമ്പ്‌ സംഘടനയില്‍ അംഗമായിരിക്കുകയും ഇന്നത്തെ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്‌ത പത്ത്‌ സീനിയര്‍ അംഗങ്ങളെ വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ റണ്ണര്‍ അപ്പ്‌ ബ്യൂട്ടി പേജന്റ്‌ ക്രിസ്റ്റിന്‍ സജി ലോഗോ പതിപ്പിച്ച മനോഹരമായ റോസറ്റുകള്‍ ചാര്‍ത്തി ആദരിച്ചു.

ഐ.എന്‍.ഒ.സി കേരളാ ചാപ്‌റ്റര്‍ നാഷണല്‍ എക്‌സിക്യൂട്ടീവ്‌ അംഗം ജെ.പി. ജേക്കബ്‌, ഡാളസ്‌ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്‌ സുജന്‍ കാക്കാനാട്ട്‌, കേരളാ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്‌ ഹരി തങ്കപ്പന്‍ എന്നിവര്‍ വിശിഷ്‌ടാതിഥികളായിരുന്നു. തുടര്‍ന്ന്‌ നടന്ന കലാസാംസ്‌കാരിക പരിപാടികളില്‍ ജോണ്‍സണ്‍ തലച്ചെല്ലൂരിന്റേയും ആന്‍സി തലച്ചെല്ലൂരിന്റേയും യുഗ്മഗാനം, നാനെറ്റ്‌ പൂട്ടൂരിന്റേയും ജെഫ്‌റി പൂട്ടൂരിന്റേയും നൃത്തം, കെസിയാ സെസിലിന്റെ ഇംഗ്ലീഷ്‌ ഗാനം, സോളമന്‍ വര്‍ഗീസിന്റെ ഭക്തിഗാനം, സ്റ്റീഫന്‍ പുട്ടൂരിന്റെ ഇന്‍സ്‌ട്രുമെന്റ്‌ മ്യൂസിക്‌, ഹരി തങ്കപ്പന്‍ അവതരിപ്പിച്ച കവിത എന്നിവ അരങ്ങേറി.

മുഖ്യാതിഥികളായി എത്തിയ ബിജു നാരായണനെ റീജിയണ്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ തലച്ചെല്ലൂര്‍ പൊന്നാട അണിയിച്ച്‌ ആദരിച്ചപ്പോള്‍ റീജിയണ്‍ പ്രസിഡന്റ്‌ ഏലിയാസുകുട്ടി പത്രോസും വൈസ്‌ ചെയര്‍മാന്‍ പി.സി. മാത്യുവും എന്‍. അശോകനേയും, സെസില്‍ ചെറിയാന്‍ (നോര്‍ത്ത്‌ ടെക്‌സാസ്‌ പ്രസിഡന്റ്‌) ശരത്‌ ലാലിനേയും പൊന്നാട അണിയിച്ച്‌ ആദരിച്ചു.

സീനിയര്‍ മോസ്റ്റ്‌ അംഗങ്ങളായി ആദരിക്കപ്പെട്ടവരും വര്‍ഷവും: ഗോപാലപിള്ള (1995), ജിമ്മി കുളങ്ങര (1995), ഫിലിപ്പ്‌ തോമസ്‌ (1995), വര്‍ഗീസ്‌ മാത്യു (1998), വര്‍ഗീസ്‌ അലക്‌സാണ്ടര്‍ (1998), ഏലിയാസ്‌ പത്രോസ്‌ (1998), ഫിലിപ്പ്‌ സാമുവേല്‍ (2000), അനില്‍ മാത്യു (1998), ജോര്‍ജ്‌ ഫ്രാന്‍സീസ്‌ (1999), സ്റ്റീഫന്‍ പുട്ടൂര്‍ (2000).

പ്രമുഖ നേതാക്കളായ ഗ്ലോബല്‍ വൈസ്‌ ചെയര്‍മാന്‍ പ്രമോദ്‌ നായര്‍, റീജിയണ്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ തലച്ചെല്ലൂര്‍, സെസില്‍ ചെറിയാന്‍, പി.സി. മാത്യു, തോമസ്‌ ഏബ്രഹാം, സജി ജോര്‍ജ്‌, പ്രിയാ ചെറിയാന്‍, സജി നായര്‍, നിബു മാത്യു, തോമസ്‌ കോശി എന്നിവര്‍ പരിപാടികളില്‍ സജീവമായി പങ്കെടുത്തു.

സുജന്‍ കാക്കനാട്‌, തോമസ്‌ ഏബ്രഹാം എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. അനില്‍ മാത്യു രജിസ്‌ട്രേഷനും, ഫണ്ട്‌ റൈസിഗും, ക്രിസ്റ്റീന്‍ സജി പരിപാടികളുടെ അവതാരകനായിരുന്നു. നോര്‍ത്ത്‌ ടെക്‌സാസ്‌ സെക്രട്ടറി സജി ജോര്‍ജ്‌ നന്ദി പറഞ്ഞു.

ഗുഡ്‌വില്‍ അംബാസിഡര്‍ ആന്‍ഡ്രൂ പാപ്പച്ചന്‍, സോമന്‍ ബേബി, ജോര്‍ജ്‌ കാക്കനാട്ട്‌, ഗ്ലോബല്‍ പ്രസിഡന്റ്‌ എസ്‌. ജോസ്‌ എന്നിവര്‍ ആശംസാ സന്ദേശങ്ങള്‍ അറിയിച്ചു.
വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ പതിനേഴാമത്‌ വാര്‍ഷികാഘോഷ പരിപാടികള്‍ ഹൃദ്യമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക