Image

നികത്തിയ വയലുകള്‍ക്ക് അംഗീകാരം, 2005 ജനവരി ഒന്നിന് മുമ്പ് നികത്തിയത് കരഭൂമിയായി കണക്കാക്കും

Published on 11 July, 2012
നികത്തിയ വയലുകള്‍ക്ക് അംഗീകാരം, 2005 ജനവരി ഒന്നിന് മുമ്പ് നികത്തിയത് കരഭൂമിയായി കണക്കാക്കും
തിരുവനന്തപുരം: 2005 ജനവരി ഒന്നിനു മുമ്പ് നികത്തിയ നെല്‍വയലുകള്‍ക്കും നീര്‍ത്തടങ്ങള്‍ക്കും അംഗീകാരം നല്‍കും. ഈ വയലുകള്‍ ഇതോടെ കരഭൂമിയായി മാറും. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പ്രകാരമാണ് അനുമതി നല്‍കുന്നത്.ഫിബ്രവരി ഏഴിന് ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റെ തീരുമാനം പുറത്തുവന്നതോടെ പ്രതിപക്ഷത്തുനിന്നും ഭരണമുന്നണിയില്‍നിന്നും എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്.

പാഴായിക്കിടക്കുന്ന പാടങ്ങള്‍ വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കാമെന്ന വ്യവസായവകുപ്പിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് തീരുമാനം.

കോണ്‍ഗ്രസ് എം.എല്‍.എ. ടി.എന്‍.പ്രതാപന്‍ തീരുമാനത്തിനെതിരെ രംഗത്തുവന്നു. നെല്‍വയലുകള്‍ കരഭൂമിയാക്കുന്നതിനോട് യോജിക്കാനാകില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.എന്നാല്‍ മന്ത്രിസഭയുടെ ഈ തീരുമാനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കൃത്യമായ ഉത്തരം നല്‍കാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. മന്ത്രിസഭ എടുത്ത തീരുമാനങ്ങള്‍ അപ്പപ്പോള്‍ നിങ്ങളെ അറിയിക്കുന്നുണ്ടെന്നും 2005 വളരെ മുമ്പുള്ള കാലമാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.2008ല്‍ നിയമസഭ പാസ്സാക്കിയ നെല്‍വയല്‍സംരക്ഷണനിയമത്തിന് വിരുദ്ധമാണ് മന്ത്രിസഭയുടെ ഈ തീരുമാനം.


മന്ത്രിസഭാ തീരുമാനത്തിന്റെ വെളിച്ചത്തില്‍ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി നികത്തപ്പെടുമെന്നാണ് കണക്കാക്കുന്നത്.2005നുശേഷം നികത്തിയ ഭൂമിയും ഇപ്പോള്‍ നികത്തിക്കൊണ്ടിരിക്കുന്ന ഭൂമിയും ഈ ഉത്തരവിന്റെ മറവില്‍ സാധൂകരിക്കപ്പെടുമെന്നാണ് വിമര്‍ശം ഉയരുന്നത്.നെല്‍വയല്‍ സംരക്ഷണ നിയമം ഭേദഗതിചെയ്യുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. വയലുകള്‍ അടക്കമുള്ള കൃഷിഭൂമി കര്‍ഷകനുമാത്രമേ വാങ്ങാന്‍ അനുവദിക്കൂവെന്ന നിലയില്‍ നിയമത്തില്‍ വ്യവസ്ഥകൊണ്ടുവരുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

നിലവില്‍ വയലിന്റെയും കരഭൂമിയുടെയും ഡേറ്റാബാങ്ക് തയ്യാറാക്കിയതില്‍ അപാകമുണ്ടെന്നും മൂന്നുമാസത്തിനകം വീണ്ടും പരിശോധന നടത്തി പുതിയ ഡേറ്റാബാങ്ക് തയ്യാറാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.നെല്‍വയല്‍ സംരക്ഷണനിയമത്തില്‍ സര്‍ക്കാര്‍ വെള്ളം ചേര്‍ക്കുന്നുവെന്നാണ് ഇതേക്കുറിച്ച് പ്രതിപക്ഷം ഉയര്‍ത്തുന്ന പരാതി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക