Image

വിവാഹത്തട്ടിപ്പുവീരന്‍ അറസ്റ്റില്‍

Published on 11 July, 2012
വിവാഹത്തട്ടിപ്പുവീരന്‍ അറസ്റ്റില്‍
കാക്കനാട്: മൂന്നാം വിവാഹം കഴിക്കാനൊരുങ്ങിയ തട്ടിപ്പുവീരനെ തൃക്കാക്കര പോലീസ് അറസ്റ്റ്‌ചെയ്തു. തൃശ്ശൂര്‍ പഴയന്നൂര്‍ തൃക്കാര്‍ത്തികവീട്ടില്‍ പ്രതീഷ് മോഹനകൃഷ്ണ (38)നാണ് പിടിയിലായത്.

ഒരു വെബ്‌സൈറ്റില്‍ പരസ്യംനല്‍കി താന്‍ നിലവില്‍ വിവാഹബന്ധം വേര്‍പെടുത്തിയ ആളാണെന്നുകാണിച്ചാണ് ഇയാള്‍ ഇരകളെ വലയിലാക്കിയിരുന്നതെന്ന് തൃക്കാക്കര എസ്‌ഐ ടി.എ. അബ്ദുള്‍ സത്താര്‍ പറഞ്ഞു. വിവാഹബന്ധം വേര്‍പെടുത്തിയ സ്ത്രീകളും കുടുംബപ്രശ്‌നങ്ങളുമുള്ള സ്ത്രീകളുമാണ് പ്രധാനമായും ഇയാളുടെ വലയില്‍ അകപ്പെട്ടിരുന്നത്.

ഇന്റര്‍നെറ്റിലൂടെ പരിചയത്തിലാകുന്ന സ്ത്രീകളുമായി ചങ്ങാത്തംകൂടിയശേഷം ഹോട്ടലുകളിലും മറ്റും കറങ്ങിനടക്കുകയും വിവാഹക്കാര്യം ചോദിക്കുമ്പോള്‍ ഭാര്യയോടൊന്നിച്ചുള്ള ഫോട്ടോയുംകാണിച്ച് തടിതപ്പുകയാണ് പതിവെന്ന് പോലീസ് പറഞ്ഞു. ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ള ഇയാള്‍ ഇന്‍ഫോ പാര്‍ക്കിലെ പ്രമുഖ കമ്പനിയിലെ എച്ച്ആര്‍ മാനേജരാണ്. ഇത്തരത്തില്‍ നിരവധി സ്ത്രീകളെ ഇയാള്‍ പാട്ടിലാക്കിയതായിട്ടാണ് അറിയുന്നത് എന്ന് പോലീസ് പറയുന്നു.

തന്റെ ഓഫീസിലെതന്നെ ഭര്‍ത്താവുമായി പിണങ്ങിക്കഴിയുന്ന പെണ്‍കുട്ടിയെ വിവാഹം കഴിക്കാനിരിക്കെയാണ് നിലവിലുള്ള ഭാര്യ പരാതിനല്‍കിയത്. കോഴിക്കോട്‌സ്വദേശിയായ ആദ്യ ഭാര്യയുമായി ബന്ധം വേര്‍പെടുത്തിയെന്നാണ് അറിവ്. വിദേശത്ത് ജോലിചെയ്തിരുന്നസമയത്തും ഇത്തരം തട്ടിപ്പുകള്‍ നടത്തിയിട്ടുള്ള ഇയാള്‍ കൂടുതല്‍ സ്ത്രീകളെ കബളിപ്പിച്ചിട്ടുണ്ടോയെന്ന് അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക