Image

ചൈനീസ് അംബാസഡറെ ജപ്പാന്‍ വിളിച്ചുവരുത്തി

Published on 11 July, 2012
ചൈനീസ് അംബാസഡറെ ജപ്പാന്‍ വിളിച്ചുവരുത്തി
ടോക്യോ: കിഴക്കന്‍ ചൈനാ സമുദ്രത്തിലെ തര്‍ക്കപ്രദേശത്ത് ചൈനയുടെ മൂന്ന് നിരീക്ഷണ ബോട്ടുകളെത്തിയതില്‍ പ്രതിഷേധമറിയിക്കാന്‍ ചൈനീസ് അംബാസഡറെ ജപ്പാന്‍ വിളിച്ചു വരുത്തി. ജപ്പാന്‍കാര്‍ സെന്‍കാകു എന്നും ചൈനക്കാര്‍ ദിയാവോയു എന്നും വിളിക്കുന്ന ദ്വീപിനടുത്ത് ബുധനാഴ്ചയാണ് ബോട്ടുകളെത്തിയത്. പ്രകൃതിവിഭവങ്ങള്‍ ധാരാളമുള്ള ആള്‍താമസമില്ലാത്ത ഈ ദ്വീപിന്റെ പേരില്‍ വളരെക്കാലമായി തര്‍ക്കം തുടരുകയാണ്.

ജപ്പാന്റെ നിയന്ത്രണത്തിലാണെങ്കിലും ചൈനയും തയ്‌വാനും ദ്വീപിനു വേണ്ടി അവകാശമുന്നയിച്ചിട്ടുണ്ട്. ദ്വീപ് അന്താരാഷ്ട്ര നിയമമനുസരിച്ച് തങ്ങളുടെ അതിര്‍ത്തിക്കുള്ളിലാണെന്ന് ജപ്പാന്റെ ചീഫ് കാബിനറ്റ് സെക്രട്ടറി ഒസ്മാവു ഫ്യുജിമുറ പറഞ്ഞു. ആസിയന്‍ സമ്മേളനത്തിന്റെ ഭാഗമായി കംബോഡിയയില്‍ ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍ നടത്തുന്ന ചര്‍ച്ചയില്‍ ഇക്കാര്യവും വിഷയമാകുമെന്നാണ് കരുതുന്നത്.

തങ്ങളുടെ നിര്‍ദേശം പാലിച്ച് തിരിച്ചുപോകാന്‍ ബോട്ടുകള്‍ ആദ്യം വിസമ്മതിച്ചതായി ജപ്പാന്‍ തീരസംരക്ഷണ സേന പറഞ്ഞു. എന്നാല്‍ മീന്‍പിടിത്തക്കാര്‍ക്ക് സംരക്ഷണം നല്‍കുന്ന ബോട്ടുകളാണ് ഇവയെന്നാണ് ചൈന പറയുന്നത്. 

സ്വകാര്യ വ്യക്തിയുടെ കൈയിലിരിക്കുന്ന ദ്വീപ് വാങ്ങാന്‍ തങ്ങള്‍ ശ്രമം തുടങ്ങിയതായി പ്രധാനമന്ത്രി യോഷിഹികോ നോഡ ശനിയാഴ്ച വെളിപ്പെടുത്തിയതിനു പിന്നാലെയാണ് പുതിയ വിവാദങ്ങളുയരുന്നത്. ടോക്യോ ഗവര്‍ണര്‍ ഷിന്റാരോ ഇഷിഹാരയും ഏപ്രിലില്‍ സമാനമായ പദ്ധതി മുന്നോട്ടുവെച്ചിരുന്നു. ചൈനീസ് മാധ്യമങ്ങള്‍ കടുത്ത ഭാഷയിലാണ് ഇതിനെതിരെ പ്രതികരിച്ചത്. 

ചൈനയുടെ പവിത്രമായ പ്രദേശം ഒരാള്‍ക്കും വില്‍പ്പനയ്ക്ക് വെക്കാനുള്ളതല്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി ലിയു വെയ്മിന്‍ വ്യക്തമാക്കിയിരുന്നു. തയ്‌വാന് വടക്കുകിഴക്കും, ചൈനയ്ക്ക് കിഴക്കും, ജപ്പാന് തെക്കുകിഴക്കുമാണ് മൂന്നുപേരും അവകാശമുന്നയിക്കുന്ന ദ്വീപിന്റെ സ്ഥാനം. വന്‍ തോതില്‍ എണ്ണ, പ്രകൃതി വാതക ശേഖരമുള്ള മേഖലയാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക