Image

ചിദംബരം ധനമന്ത്രി ആയേക്കും

Published on 11 July, 2012
ചിദംബരം ധനമന്ത്രി ആയേക്കും
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനുമുമ്പ് കേന്ദ്രമന്ത്രിമാരുടെ വകുപ്പുകളില്‍ ചെറിയ മാറ്റത്തിന് സാധ്യത. വലിയ തോതിലുള്ള അഴിച്ചുപണി സമ്മേളനത്തിനുശേഷമേ ഉണ്ടാകൂ. സമ്മേളനം ആഗസ്ത് ആദ്യവാരം തുടങ്ങിയേക്കും.പ്രണബ് മുഖര്‍ജി മന്ത്രിപദം ഒഴിഞ്ഞതിനെത്തുടര്‍ന്ന് ധനവകുപ്പിന്റെ ചുമതല പ്രധാനമന്ത്രിയാണ് വഹിക്കുന്നത്. 

സഭാസമ്മേളനം തുടങ്ങുംമുമ്പ് പ്രധാനമന്ത്രി ധനവകുപ്പിന്റെ ചുമതല ഒഴിയുമെന്നാണ് കേള്‍ക്കുന്നത്. വകുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് പാര്‍ലമെന്റില്‍ മറുപടി പറയാനും മറ്റും സമയം കണ്ടെത്തുക പ്രധാനമന്ത്രിക്ക് ബുദ്ധിമുട്ടാകും. ഇതുകൊണ്ടാണ് സമ്മേളനത്തിനുമുമ്പ് പ്രധാനമന്ത്രി ധനവകുപ്പിന്റെ ചുമതല മറ്റാര്‍ക്കെങ്കിലും നല്‍കുമെന്ന് ചില കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്.

എന്നാല്‍, അതിപ്രധാനമായ ഈ വകുപ്പ് ആര്‍ക്ക് നല്‍കുമെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം അന്തിമതീരുമാനമെടുത്തിട്ടില്ല. ആഭ്യന്തര മന്ത്രി പി.ചിദംബരത്തെ ധനവകുപ്പിലേക്ക് മടക്കിക്കൊണ്ടുവരിക എന്നതാണ് ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു നിര്‍ദേശം. ചിദംബരത്തിനു പകരം ഊര്‍ജ മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേയെ ആഭ്യന്തര മന്ത്രിയാക്കുക എന്ന നിര്‍ദേശവും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍, 2ജി സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് ആരോപണവിധേയനാണ് ചിദംബരം. അദ്ദേഹത്തെ ധനമന്ത്രിയാക്കുന്നത് പ്രതിപക്ഷത്തിന് വീണ്ടും ഒരായുധം നല്‍കലാകുമെന്നും കോണ്‍ഗ്രസ് നേതൃത്വത്തിന് ആശങ്കയുണ്ട്. അതേ സമയം, ടെലികോം വകുപ്പുമായി ബന്ധപ്പെട്ട മന്ത്രിതല സമിതിയുടെ അധ്യക്ഷനായി ചിദംബരത്തെ അടുത്തിടെ ചുമതലപ്പെടുത്തിയിരുന്നു. പ്രതിപക്ഷ എതിര്‍പ്പ് യു.പി.എ. നേതൃത്വം കണക്കിലെടുക്കുന്നില്ലെന്നതിന്റെ സൂചനയായി ഇത് വിലയിരുത്തപ്പെടുന്നു.

പ്രണബ് മുഖര്‍ജി ഒഴിഞ്ഞ സാഹചര്യത്തില്‍ പുതിയ ലോക്‌സഭാ നേതാവിനെയും തിരഞ്ഞെടുക്കേണ്ടതുണ്ട്. മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേയുടെ പേര് ഈ സ്ഥാനത്തേക്ക് ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. നഗരവികസന മന്ത്രി കമല്‍നാഥിന്റെ പേരും പറഞ്ഞുകേള്‍ക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക