Image

ഡല്‍ഹിയിലും ഒഞ്ചിയം മോഡല്‍; ജെഎന്‍യുവില്‍ ബദല്‍ എസ്എഫ്‌ഐ

Published on 11 July, 2012
ഡല്‍ഹിയിലും ഒഞ്ചിയം മോഡല്‍; ജെഎന്‍യുവില്‍ ബദല്‍ എസ്എഫ്‌ഐ
ന്യൂഡല്‍ഹി: സിപിഎമ്മിന്റെ നിലപാടില്‍ പ്രതിഷേധിച്ചു രാജിവച്ച എസ്എഫ്‌ഐ ജെഎന്‍യു യൂണിറ്റ് ഒഞ്ചിയം മോഡലില്‍ ബദല്‍ വിദ്യാര്‍ഥി സംഘടനയുമായി രംഗത്ത്. രാഷ്ട്രപതി സ്ഥാനത്തേക്ക് പ്രണാബ് മുഖര്‍ജിയെ പിന്തുണയ്ക്കാനുള്ള തീരുമാനത്തോടും ടി.പി.ചന്ദ്രശേഖരന്‍ വധത്തിലുള്ള പാര്‍ട്ടിയുടെ നിലപാടിനോടും പ്രതിഷേധിച്ച് രാജിവച്ചവരാണ് എസ്എഫ്‌ഐ-ജെഎന്‍യു എന്ന പേരില്‍ ബദല്‍ സംഘടനയുമായി രംഗത്തെത്തിയത്.

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ സിപിഎമ്മിനുണ്ടായിരുന്ന അടിവേരുകള്‍ വരെ പറിച്ചെറിഞ്ഞാണു പുതിയ സംഘടന രൂപീകൃതമായിരിക്കുന്നത്. എന്നാല്‍ വലതുപക്ഷ സംഘടനകളുമായോ തീവ്ര ഇടതുപക്ഷ ഭാഗമായ ഐസയുമായോ ചേര്‍ന്നു പ്രവര്‍ത്തിക്കില്ലെന്നും എസ്എഫ്‌ഐയുടെ തിരുത്തല്‍ ശക്തികളായി തുടരുമെന്നും പുതിയ സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. 

സിപിഎം ഔദ്യോഗികമായി പ്രണാബ് മുഖര്‍ജിക്ക് പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെ സിപിഎമ്മിന്റെ ഗവേഷണ വിഭാഗം കണ്‍വീനര്‍ പ്രസേന്‍ജിത്ത് ബോസ് പാര്‍ട്ടിയില്‍ നിന്നു രാജിവച്ചിരുന്നു. ഇതിനു പിന്നാലെ 2007 മുതല്‍ സിപിഎമ്മിന്റെ ഔദ്യോഗിക നിലപാടുകള്‍ക്കെതിരേ ഇടഞ്ഞുനിന്നിരുന്ന ജെഎന്‍യു യൂണിറ്റ് ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു.

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രണാബ് മുഖര്‍ജിക്ക് പിന്തുണ പ്രഖ്യാപിച്ച ഔദ്യോഗിക നിലപാടിനെതിരേ യൂണിറ്റ് ഘടകം പ്രമേയവും പാസാക്കി. ടി.പി. ചന്ദ്രശേഖരന്‍ വധം, എം.എം. മണി വിവാദ പ്രസംഗം എന്നീ വിഷയങ്ങളില്‍ എസ്എഫ്‌ഐ ദേശീയ നേതൃത്വം സ്വീകരിച്ച നിലപാടിനെതിരേ മറ്റൊരു പ്രമേയവും പാസാക്കി. വിമത നീക്കം നടക്കുന്നെന്ന് ആരോപിച്ചു യൂണിറ്റ് ഘടകം പിരിച്ചുവിടാനുള്ള നീക്കം നടത്തുന്നതിനിടയിലാണ് ജെഎന്‍യുവിലെ 17 അംഗ കമ്മിറ്റിയില്‍ നിന്നും 15 പേര്‍ രാജിവച്ചത്. ഇതിനു പിന്നാലെ യൂണിറ്റ് പിരിച്ചുവിട്ടുകൊണ്ട് എസ്എഫ്‌ഐ പ്രഖ്യാപനവും നടത്തി. ചൊവ്വാഴ്ച രാത്രിയിലാണു രാജിവച്ച എസ്എഫ്‌ഐ അംഗങ്ങള്‍ യോഗം കൂടി പുതിയ സംഘടന രൂപീകരിച്ചത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക