Image

കാര്‍ഷിക വ്യവസായം വികസനത്തിനു വഴിതെളിക്കും: കെ.വി. തോമസ്

Published on 11 July, 2012
കാര്‍ഷിക വ്യവസായം വികസനത്തിനു വഴിതെളിക്കും: കെ.വി. തോമസ്
ന്യൂഡല്‍ഹി: കാര്‍ഷിക വ്യവസായം മൊത്തത്തിലുളള കാര്‍ഷിക വികസനത്തിനു വഴി തെളിക്കുമെന്ന് കേന്ദ്ര ഭക്ഷ്യ മന്ത്രി പ്രഫ. കെ.വി. തോമസ്. രണ്ടാം ഹരിത വിപ്ലവത്തില്‍ കൃഷിയും-കാര്‍ഷിക വ്യവസായവും എന്ന ആഗോള ഉച്ചകോടിയുടെ സമ്മേളനവും പ്രദര്‍ശനവും ഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഭക്ഷ്യോത്പാദനം, കൃഷി, വിത്തുകളുടെ വിതരണം, കീട നാശിനികള്‍, കാര്‍ഷിക സാമഗ്രികള്‍, മൊത്ത വ്യാപാരം, വിതരണം, സംസ്‌കരണം, ചില്ലറ വ്യാപാരം തുടങ്ങിയവയെല്ലാം കാര്‍ഷിക വ്യവസായത്തില്‍ ഉള്‍പ്പെടുത്തും. കാര്‍ഷിക ബിരുദം നേടിയ യുവജനങ്ങളെ കാര്‍ഷിക രംഗത്തേക്ക് ആകര്‍ഷിക്കാനും സ്വയം തൊഴില്‍ കണെ്ടത്താനും ഇതു സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ കിഴക്കന്‍ മേഖലകളില്‍ ഭക്ഷ്യോത്പാദനം വര്‍ധിപ്പിക്കാന്‍ വേണ്ടി 2010-11 സാമ്പത്തിക വര്‍ഷത്തില്‍ ഹരിത വിപ്ലവം ഇന്ത്യയുടെ കിഴക്കന്‍ മേഖലകളില്‍ എന്ന പദ്ധതി നടപ്പാക്കി. ഇതു വിജയകരമായി തുടരുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

സമ്മേളനത്തില്‍ അസ്സച്ചോം സെക്രട്ടറി ജനറല്‍ ഡി.എസ്. റാവത്ത്, ഭക്ഷ്യ സംസ്‌കരണ വ്യവസായ വകുപ്പു ജോയിന്റ് സെക്രട്ടറി ഡോ. യു. വെങ്കിട്ടേശരുലു, അസ്സച്ചോം സീനിയര്‍ വൈസ് പ്രസിഡന്റും യെസ്സ് ബാങ്ക് ചെയര്‍മാനുമായ റാണാ കപൂര്‍, അസ്സച്ചോം ദേശീയ കൗണ്‍സില്‍ ചെയര്‍മാന്‍ അനില്‍ ജെയിന്‍ തുടങ്ങിയവരും സമ്മേളനത്തില്‍ പ്രസംഗിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക