Image

പിണറായിക്കെതിരേ വിഎസ് വീണ്ടും കേന്ദ്രനേതൃത്വത്തിനു കത്ത് അയച്ചു

Published on 11 July, 2012
പിണറായിക്കെതിരേ വിഎസ് വീണ്ടും കേന്ദ്രനേതൃത്വത്തിനു കത്ത് അയച്ചു
ന്യൂഡല്‍ഹി: സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരേ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ വീണ്ടും സിപിഎം കേന്ദ്ര നേതൃത്വത്തിനു കത്തയച്ചു. താഴെത്തട്ടില്‍ നടക്കുന്ന റിപ്പോര്‍ട്ടിംഗില്‍ പാര്‍ട്ടി സെക്രട്ടറി തനിക്കെതിരേ പരാമര്‍ശങ്ങള്‍ നടത്തുകയാണെന്ന് കത്തില്‍ ആരോപിക്കുന്നു. തന്നെ അപമാനിക്കുന്ന തരത്തില്‍ നടത്തുന്ന റിപ്പോര്‍ട്ടിംഗ് കേന്ദ്ര കമ്മിറ്റി തീരുമാനങ്ങള്‍ക്കെതിരാണ്. കേന്ദ്ര കമ്മിറ്റി പിന്നീട് പരിഗണിക്കാന്‍ വച്ചിരിക്കുന്ന പല വിഷയങ്ങളും റിപ്പോര്‍ട്ടിംഗില്‍ തനിക്കെതിരേ ഉപയോഗിക്കുകയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. തന്നെ അപമാനിക്കുന്ന റിപ്പോര്‍ട്ടിംഗ് തടയണമെന്നും കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

ഇതു മൂന്നാം തവണയാണ് സംസ്ഥാന നേതൃത്വത്തിനെതിരേ വിഎസ് കേന്ദ്രനേതാക്കള്‍ക്കു കത്തയയ്ക്കുന്നത്. സംസ്ഥാന സെക്രട്ടറിയടക്കമുള്ളവരെ മാറ്റി പാര്‍ട്ടിയില്‍ അഴിച്ചു പണി നടത്തണമെന്നും പാര്‍ട്ടി ജനങ്ങളില്‍നിന്ന് അകലുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് അന്നു കത്തയച്ചിരുന്നത്. ഇരു കത്തുകളും പോളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും ചര്‍ച്ച ചെയ്തുവെങ്കിലും തീരുമാനമൊന്നുമെടുത്തില്ല. ഇതുകൂടി ചര്‍ച്ച ചെയ്യണമെന്നു സംസ്ഥാന സമിതിക്കു കേന്ദ്ര നേതൃത്വം നിര്‍ദേശിക്കുക മാത്രമാണു ചെയ്തത്. 

സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന കമ്മിറ്റിയിലും പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ പങ്കെടുത്തു വിശദാംശങ്ങള്‍ ശേഖരിച്ചു. പിബി അംഗങ്ങളുടെ റിപ്പോര്‍ട്ട് ഈമാസം 20 മുതല്‍ 22 വരെ നടക്കുന്ന പിബിയും സിസിയും പരിശോധിക്കാനിരിക്കെയാണു വിഎസ് മൂന്നാമതും കത്തയച്ചത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക