Image

ലൈലഖാന്റെയും കുടുംബത്തിന്റേതുമെന്നു കരുതുന്ന അസ്ഥികൂടങ്ങള്‍ കണെ്ടത്തി

Published on 11 July, 2012
ലൈലഖാന്റെയും കുടുംബത്തിന്റേതുമെന്നു കരുതുന്ന അസ്ഥികൂടങ്ങള്‍ കണെ്ടത്തി
നാസിക്: കാണാതായ ബോളിവുഡ് നടി ലൈലാ ഖാന്റെയും കുടുംബത്തിന്റേതുമെന്നു കരുതുന്ന ആറ് അസ്ഥികൂടങ്ങള്‍ മുംബൈ ക്രൈംബ്രാഞ്ച് കണെ്ടടുത്തതോടെ കൂട്ടക്കൊലയുടെ ചുരുളഴിഞ്ഞു. ഇഗത്പുരിയില്‍ ലൈലയുടെ ഫാംഹൗസില്‍നിന്നാണ് ഇവ കണെ്ടടുത്തത്. പാക് വംശജയായ ലൈല(30), മാതാവ് ഷെലീന(51), ലൈലയുടെ മൂത്തസഹോദരി അസ്മി(32), ഇരട്ടസഹോദരങ്ങളായ സാറ, ഇമ്രാന്‍(2) എന്നിവരെ കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണു കാണാതായത്. 

ലൈലയുടെ അമ്മ ഷെലീനയുടെ മൂന്നാം ഭര്‍ത്താവ് ജമ്മു കാഷ്മീരിലെ കിഷ്ത്വാര്‍ സ്വദേശി പര്‍വേസ് തക്കാണ് കുടുംബത്തെ കൂട്ടത്തോടെ ഉന്മൂലനം ചെയ്തതെന്ന് പോലീസ് പറഞ്ഞു. കിഷ്ത്വാര്‍ സ്വദേശിയും ഫാംഹൗസിലെ വാച്ച്മാനുമായിരുന്ന ഷക്കീര്‍ ഹുസൈന്റെ സഹായവും കൊലനടത്തുന്നതിനു പര്‍വേസ് തക്കിനു കിട്ടി. ഒരു വര്‍ഷംമുമ്പ് കത്തിനശിച്ച നിലയിലാണ് ഫാംഹൗസ്. മൊബൈല്‍ ഫോണിന്റെ അവശിഷ്ടങ്ങളും മറ്റു ചില വസ്തുക്കളും ഇവിടെനിന്നു പോലീസ് കണെ്ടടുത്തു.

പര്‍വേസ് തക്കിനെ മുംബൈയില്‍നിന്ന് ഇഗത്പുരിലെ ഫാംഹൗസില്‍ എത്തിച്ചാണ് അസ്ഥികൂടങ്ങള്‍ കുഴിച്ചിട്ടിരുന്ന സ്ഥലം കണെ്ടത്തിയത്. ഫാംഹൗസിനു പിറകില്‍ സെപ്റ്റിക് ടാങ്കിനോടു ചേര്‍ന്ന് ആറടി താഴ്ചയിലായിരുന്നു കുഴിച്ചിട്ടിരുന്നത്. ഇതിന്റെ ഭാഗങ്ങള്‍ ഡിഎന്‍എ പരിശോധന അടക്കമുള്ളവയ്ക്കായി നാസിക്കിലെ ഫോറന്‍സിക് ലബോറട്ടറിയിലേക്കു മാറ്റി. 

മറ്റൊരു കേസില്‍ ജമ്മു കാഷ്മീര്‍ പോലീസിന്റെ ചോദ്യംചെയ്യലിലാണു ലൈലയെയും കുടുംബത്തെയും താന്‍ കൊലപ്പെടുത്തിയെന്നു പര്‍വേസ് തക്ക് വെളിപ്പെടുത്തിയത്.

ഷെലീനയുടെ രണ്ടാംഭര്‍ത്താവ് ആഷിഫ് ഷെയ്ഖിനെ കുടുംബം കൂടുതലായി ആശ്രയിക്കുന്നതിലുള്ള അസൂയയും ദുബായിലേക്കു താമസം മാറ്റാനുള്ള കുടുംബത്തിന്റെ തീരുമാനത്തിലുള്ള അസ്വസ്ഥതയുമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നു ക്രൈംബ്രാഞ്ച് മേധാവി ഹിമാന്‍ശു റോയ് മുംബൈയില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. 

ദുബായിലേക്കു താമസം മാറ്റുന്നതിനു മുമ്പായി ഷെലീന തങ്ങളുടെ സ്വത്തിന്റെ മുക്ത്യാര്‍ ഷെയ്ഖിന്റെ പേരിലേക്കു മാറ്റുന്ന രേഖയുണ്ടാക്കിയിരുന്നു. 2011 ഫെബ്രുവരി ഏഴിന് വഴക്കിനെത്തുര്‍ന്ന് ഷെയ്‌ലയെ കനമുള്ള വസ്തു ഉപയോഗിച്ചു തക്ക് അടിച്ചുകൊന്നു. വാച്ച്മാന്‍ ഷക്കീര്‍ ഹുസൈന്റെ സഹായത്തോടെ മറ്റുള്ളവരെയും കൊലപ്പെടുത്തി. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക