Image

പ്രവാസി നിക്ഷേപകരുടെ കേരളത്തിലെ പദ്ധതികള്‍ക്ക്‌ ക്‌ളിയറന്‍സ്‌ നടപടികള്‍ വേഗത്തിലാക്കും: അഡീഷനല്‍ ചീഫ്‌ സെക്രട്ടറി

Published on 11 July, 2012
പ്രവാസി നിക്ഷേപകരുടെ കേരളത്തിലെ പദ്ധതികള്‍ക്ക്‌ ക്‌ളിയറന്‍സ്‌ നടപടികള്‍ വേഗത്തിലാക്കും: അഡീഷനല്‍ ചീഫ്‌ സെക്രട്ടറി
ദോഹ: പ്രവാസികള്‍ കേരളത്തില്‍ നിക്ഷേപം നടത്തുന്ന പദ്ധതികള്‍ക്ക്‌ ക്‌ളിയറന്‍സ്‌ നടപടികള്‍ വേഗത്തിലാക്കുമെന്നും അവര്‍ മുന്നോട്ടുവെക്കുന്ന പദ്ധതി നിര്‍ദേശങ്ങള്‍ക്ക്‌ മുന്‍ഗണന നല്‍കുമെന്നും സംസ്ഥാന അഡീഷനല്‍ ചീഫ്‌ സെക്രട്ടറി (ഇന്‍ഡസ്‌ട്രീസ്‌ ആന്‍റ്‌ കോമേഴ്‌സ്‌) വി. സോമസുന്ദരന്‍ പറഞ്ഞു. സെപ്‌തംബറില്‍ കൊച്ചിയില്‍ നടക്കുന്ന എമര്‍ജിംഗ്‌ കേരള പരിപാടിക്ക്‌ മുന്നോടിയായി പ്രവാസിനിക്ഷേപകരുമായുള്ള കൂടിക്കാഴ്‌ചക്ക്‌ ദോഹയിലത്തെിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു.

പ്രവാസി നിക്ഷേപകരുടെ പദ്ധതികള്‍ക്ക്‌ ഭൂമി ലഭ്യമാക്കുന്നതിലും മറ്റും ഉദാരമായ നടപടികള്‍ സ്വീകരിക്കും. ഇത്തരക്കാര്‍ക്ക്‌ രണ്ട്‌ ശതമാനം നികുതിയിളവ്‌ അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്‌. കേരള വ്യവസായ വികസന കോര്‍പറേഷന്‍െറ ഇന്‍ഡസ്‌ട്രിയല്‍ പാര്‍ക്കിലും പ്രവാസികളുടെ പദ്ധതികള്‍ക്ക്‌ മുന്തിയ പരിഗണന നല്‍കും.

എമര്‍ജിംഗ്‌ കേരളയുടെ ഭാഗമായി വിവിധ മേഖലകള്‍ക്ക്‌ പ്രാതിനിധ്യം നല്‍കി 200 പദ്ധതികളാണ്‌ സര്‍ക്കാര്‍ തെരഞ്ഞെടുത്തിട്ടുള്ളത്‌. പരമ്പരാഗത വ്യവസായങ്ങള്‍ക്കടക്കം ഇതില്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്‌. ഈ പദ്ധതികള്‍ക്ക്‌ 90 ദിവസത്തിനകം ക്‌ളിയറന്‍സ്‌ നല്‍കുന്നതിന്‌ ഏകജാലക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ക്‌ളിയറന്‍സ്‌ നടപടികള്‍ മൂന്നുമാസത്തിനകം ഓണ്‍ലൈന്‍ വഴിയാക്കും. അതോടെ നടപടിക്രമങ്ങള്‍ കൂടുതല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന്‌ സോമസുന്ദരന്‍ പറഞ്ഞു.

വി. സോമസുന്ദരന്‍, കേരള ഇന്‍ഡസ്‌ട്രീസ്‌ഇന്‍വെസ്റ്റ്‌മെന്‍റ്‌ പ്രമോഷന്‍ സെക്രട്ടറി അല്‍കേഷ്‌ ശര്‍മ, നോര്‍ക്ക റൂട്‌സ്‌ ഡയറക്ടറും ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറുമായ നോയല്‍ തോമസ്‌ എന്നിവരടങ്ങുന്ന പ്രതിനിധി സംഘവുമായി ഇന്നലെ 30ഓളം സംരംഭകര്‍ റമദ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ കൂടിക്കാഴ്‌ച നടത്തി. പ്രവാസികളില്‍ നിന്ന്‌ മികച്ച പ്രതികരണമാണ്‌ ലഭിക്കുന്നതെന്ന്‌ പ്രതിനിധികള്‍ പറഞ്ഞു.

എമര്‍ജിംഗ്‌ കേരളയുടെ ഭാഗമായി തെരഞ്ഞെടുത്തിട്ടുള്ള പദ്ധതികള്‍ സംഘാംഗങ്ങള്‍ അവതരിപ്പിച്ചു. ഇവയുടെ വിശദാംശങ്ങള്‍ പഠിച്ചശേഷം മറുപടി നല്‍കാനാണ്‌ കൂടിക്കാഴ്‌ചക്കത്തെിയ സംരംഭകരോട്‌ നിര്‍ദേശിച്ചിരിക്കുന്നത്‌. ഇന്ത്യന്‍ എംബസി വഴി ഖത്തറിലെ സ്വദേശി സംരംഭകരുടെയും ചേമ്പര്‍ ഓഫ്‌ കോമേഴ്‌സിന്‍െറയും പങ്കാളിത്തവും ഉറപ്പാക്കാന്‍ ശ്രമമുണ്ട്‌.

അബൂദബിയില്‍ പ്രവാസി നിക്ഷേപകരുമായി നടത്തിയ കൂടിക്കാഴ്‌ചയും വിജയമായിരുന്നുവെന്നും അബൂദബി ചേമ്പര്‍ പ്രതിനിധികള്‍ കേരളം സന്ദര്‍ശിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നതായും സോമസുന്ദരന്‍ അറിയിച്ചു.
പ്രവാസി നിക്ഷേപകരുടെ കേരളത്തിലെ പദ്ധതികള്‍ക്ക്‌ ക്‌ളിയറന്‍സ്‌ നടപടികള്‍ വേഗത്തിലാക്കും: അഡീഷനല്‍ ചീഫ്‌ സെക്രട്ടറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക