Image

സമുദായങ്ങള്‍ക്ക് ചാകര: കെ.പി.സി.സി. അഴിച്ചു പണിക്കായി ചര്‍ച്ചകള്‍ തുടങ്ങി.

അനില്‍ പെണ്ണുക്കര Published on 11 July, 2012
സമുദായങ്ങള്‍ക്ക് ചാകര: കെ.പി.സി.സി. അഴിച്ചു പണിക്കായി ചര്‍ച്ചകള്‍ തുടങ്ങി.
വിവിധ സമുദായങ്ങള്‍ക്കുള്ള പ്രാതിനിധ്യം ഉറപ്പുവരുത്തി കെ.പി.സി.സി. പുനഃസംഘടനയ്ക്ക് രമേശ് ചെന്നിത്തലയും സംഘവും ചര്‍ച്ചകള്‍ തുടങ്ങി. ജൂലൈ 19ന് രാഷ്ട്രപതി തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ കെ.പി.സി.സി. അഴിച്ചുപണി ഉണ്ടാകും. നായര്‍, ഈഴവ, മുസ്സീം, ക്രിസ്ത്യന്‍, നാട ര്‍ വിഭാഗങ്ങള്‍ക്ക് തുല്യമായി പദവികള്‍ വീതിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. പുതിയ ആളുകളെ നേതൃതനിരയിലേക്ക് കൊണ്ടുവരുമ്പോള്‍ത്തന്നെ ചിലര്‍ നേതൃത്വം ഒഴിയേണ്ടതായും വരും. ഇതിനിടയില്‍ ചിലര്‍ പാര്‍ട്ടി പദവികള്‍ ഒഴിയാന്‍ തയ്യാറല്ല എന്ന ഉറച്ച നിലപാടിലുമാണ്. ഇത്തരം ഒരു പ്രതിസന്ധി ഇപ്പോള്‍ നിലനില്‍ക്കുമ്പോള്‍ ഹൈക്കമാന്‍ഡിന്റെ സഹായം ഈക്കാര്യത്തില്‍ അത്യാവശ്യമാണ്. രാഷ്ട്രപതി തിരഞ്ഞെടുപ്പുവരെ ഹൈക്കമാന്‍ഡ് തിരക്കിലായതിനാലാണ് അന്തിമ തീരുമാനം ജൂലൈ 19ന് ശേഷം മാറ്റിയത്.

നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പില്‍ യുഡി.എഫ് വിജയിച്ചുവെങ്കിലും ബി.ജെ.പി. സ്ഥാനാര്‍ത്ഥി ഒ. രാജഗോപാല്‍ 30,000 വോട്ടുകള്‍ നേടിയത് ഹിന്ദുക്കള്‍ക്ക് യു.ഡി.എഫിനോടുള്ള എതിര്‍പ്പായിരുന്നുവെന്ന് രമേശ് ചെന്നിത്തലയ്ക്ക് അഭിപ്രായമുണ്ട്. എന്നാല്‍ ഈ അഭിപ്രായത്തോട് പല മുതിര്‍ന്ന നേതാക്കളും യോജിക്കുന്നില്ല എന്നതാണ് സത്യം. എന്നാല്‍ ഭരണത്തില്‍ സ്വാധീനമുള്ള വിഭാഗങ്ങള്‍ക്ക് ചെന്നിത്തലയുടെ വാദങ്ങള്‍ക്ക് പിന്നിലെ കഥകള്‍ അറിയാവുന്നതുകൊണ്ട് അത്തരമൊരു നീക്കം പുനഃസംഘടനയില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്ന് ഉറപ്പാണ്.

എം.പി.മാരും എം.എല്‍.എമാരും പാര്‍ട്ടി പദവികളില്‍ നിന്ന് മാറിനില്‍ക്കണമെന്ന നിര്‍ദ്ദേശം കോണ്‍ഗ്രസ് പണ്ട് മുതല്‍ക്ക് പറയുന്നതാണ്. ടി.എന്‍. പ്രതാപന്‍ മാത്രമാണ് ഇതിന് മാതൃക കാട്ടിയത്. എം.എല്‍.എ ആയതുകൊണ്ട് കെ.പി.സി.സി. സെക്രട്ടറി സ്ഥാനം ടി.എന്‍ രാജി വെച്ചിരുന്നു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയാണ്. കേന്ദ്രമന്ത്രി മുല്ലപ്പള്ളി, എം.എ. ഷാനവാസ്, എം.കെ. രാഘവന്‍, കെ. സുധാകരന്‍ എന്നിവരെല്ലാം പാര്‍ട്ടി ഭാരവാഹിത്വം ഉള്ളവരാണ്.

മഞ്ഞളാംകുഴി അലിക്ക് മന്ത്രിസ്ഥാനം നല്‍കിയതോടെ സാമുദായിക സന്തുലിതാവസ്ഥ തകിടം മറിഞ്ഞതായ ശക്തമായ ആരോപണം നിലനില്‍ക്കുകയും, ബി.ജെ.പിക്ക് നെയ്യാറ്റിന്‍കരയില്‍ ലഭിച്ച ഹിന്ദു വോട്ടുകളുടെ ഭൂരിപക്ഷവുമെല്ലാം കെ.പി.സി.സി. പുനഃസംഘടനയില്‍ ശക്തമായ വിഷയങ്ങളാകും. എന്തായാലും ചെന്നിത്തലയുടെ വാദമുഖങ്ങള്‍ക്ക് ഹൈക്കമാന്ഡ് പച്ചക്കൊടികാട്ടില്ല എന്നത് സത്യം.
സമുദായങ്ങള്‍ക്ക് ചാകര: കെ.പി.സി.സി. അഴിച്ചു പണിക്കായി ചര്‍ച്ചകള്‍ തുടങ്ങി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക