Image

ഒബാമയുടെ അര്‍ധസഹോദരന്‍ കെനിയയിലെ ചേരിയല്‍;വിദേശ നിക്ഷേപത്തെച്ചൊല്ലി ഒബാമ-റോംനി വാക്‌പോര്

Published on 11 July, 2012
ഒബാമയുടെ അര്‍ധസഹോദരന്‍ കെനിയയിലെ ചേരിയല്‍;വിദേശ നിക്ഷേപത്തെച്ചൊല്ലി ഒബാമ-റോംനി വാക്‌പോര്
വാഷിംഗ്ടണ്‍:യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ അര്‍ധ സഹോദരനെ കെനിയയിലെ ചേരിയില്‍ കണ്‌ടെത്തി. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ എന്ന വെബ്‌സൈറ്റ് ചിത്രീകരിച്ച നാലു മിനറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയിലാണ് ഒബാമയുടെ അര്‍ധസഹോദരനായ ജോര്‍ജ് ഒബാമ പ്രത്യക്ഷപ്പെടുന്നത്. കെനിയയിലെ ചേരികളില്‍ പാവപ്പെട്ടവരെ സഹായിക്കുകയാണ് ജോര്‍ജ് ഒബാമ. ദിനേശ് ഡിസൂസ തയാറാക്കിയ "2016 ഒബാമാസ് അമേരിക്ക' എന്ന ഡോക്യുമെന്ററിയിലാണ് ജോര്‍ജ് ഒബാമ പ്രത്യക്ഷപ്പെടുന്നത്. ഞാന്‍ ഒബാമയുടെ കുടുംബാംഗമാണ്. എന്നാല്‍ എനിക്ക് പ്രായമേറെയായി. അതുകൊണ്ട് എന്നെ ഞാന്‍ തന്നെ സഹായിക്കുന്നുവെന്നാണ് ജോര്‍ജ് ഒബാമ ഡോക്യുമെന്ററിയില്‍ പറയുന്നത്.

ലോകത്തിത്തിന്റെയാകെ ക്ഷേമം ഉറപ്പുവരുത്താനുള്ള തിരക്കിലായ ബറാക് ഒബാമയ്ക്ക് തന്നെകൂടി നോക്കാനുള്ള ബാധ്യയുണ്‌ടെന്നും ജോര്‍ജ് ഒബാമ ഡോക്യുമെന്ററിയില്‍ പറയുന്നു. ഇതാദ്യമായാണ് ജോര്‍ജ് ഒബാമ ഒരു ഡോക്യുമെന്ററിയില്‍ പ്രത്യക്ഷപ്പെടുന്നത്.

"ദ് റൂട്ട്‌സ് ഓഫ് ഒബാമാസ് റേജ് എന്ന പുസ്തകത്തിലൂടെ പ്രശസ്തനായ എഴുത്തുകാരനാണ്
ദിനേശ് ഡിസൂസ. ജോര്‍ജ് ഒബാമ' കെനിയയിലെ ഒരു ചേരിയില്‍ സന്നദ്ധപ്രവര്‍ത്തനങ്ങളുമായി സജീവമാണെന്ന വാര്‍ത്തകള്‍ കണ്ടതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അദ്ദേഹത്തെ കണ്‌ടെത്തിയതെന്നും  ഡിസൂസ പറഞ്ഞു.

ബറാക് ഒബാമയുടെ പിതാവിന് നാലു ഭാര്യമാരാണുണ്ടായിരുന്നത്. ഇതില്‍ ജെയ്ല്‍ ഒട്ടീനോ എന്ന ഭാര്യയുടെ മകനാണ് ജോര്‍ജ് ഒബാമ. പിതാവ് മരിക്കുമ്പോള്‍ തനിക്ക് ആറുമാസം മാത്രമെ പ്രായമുണ്ടായിരുന്നുള്ളൂ എന്നും ജോര്‍ജ് പറയുന്നു.

വിദേശത്തുള്ള നിക്ഷേപത്തെച്ചൊല്ലി ഒബാമ-റോംനി വാക്‌പോര്

വാഷിംഗ്ടണ്‍: വിദേശബാങ്കുകളിലെ നിക്ഷേപത്തെച്ചൊല്ലി യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി മിറ്റ് റോംനിയും തമ്മിലുള്ള വാക് പോര് തുടരുന്നു. നികുതിയിളവ് കിട്ടാനായി റോംനി വിദേശബാങ്കുകളില്‍ കൂടുതല്‍ പണം നിക്ഷേപിച്ചിട്ടുണ്‌ടെന്ന് വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ ആരോപിച്ചു. എന്നാല്‍ മോശപ്പെട്ട തൊഴില്‍ റെക്കോര്‍ഡ് മറച്ചുപിടിക്കാനും രാജ്യത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനുമാണ് ഒബാമ ക്യാംപ് ഇത്തരൊമു ആരോപണം ഉന്നയിക്കുന്നതെന്ന് റോംനി പറഞ്ഞു. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ജനപിന്തുണയില്‍ ഇരുവരും ഒപ്പത്തിനൊപ്പമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് ഇരുവരും പരസ്പര ആരോപണങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്. തന്റെ വിദേശനിക്ഷേപങ്ങള്‍ എത്രകാലം രഹസ്യമാക്കിവെയ്ക്കാന്‍ റോംനിയ്ക്ക് കഴിയുമെന്ന് ചോദിക്കുന്ന വീഡിയോയയും ഒബാമ ക്യാംപ് യൂട്യൂബില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ വിദേശത്തെ നിക്ഷേപങ്ങളുടെ കാര്യത്തില്‍ തനിക്ക് ഒന്നും ഒളിച്ചുവെയ്ക്കാനില്ലെന്നും തന്റെ ട്രസറ്റിയാണ് വിദേശനിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും റേഡിയോ അയോവയ്ക്കു നല്‍കിയ അഭിമുഖത്തില്‍ റോംനി പറഞ്ഞു. എവിടെയൊക്കെ എത്രയൊക്കെ നിക്ഷേപമുണ്‌ടെന്നകാര്യം തനിക്കുപോലും അറിയില്ലെന്നും റോംനി വ്യക്തമാക്കി.

ജനപിന്തുണയില്‍ ഒബാമ വീണ്ടും മുന്നില്‍

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിയിരിക്കെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി മിറ്റ് റോംനിക്കുമേല്‍ പ്രസിഡന്റ് ബറാക് ഒബാമ ആറു പോയിന്റ് ലീഡ് നേടിയതായി പുതിയ സര്‍വെ. റോയിട്ടേഴ്‌സ്/ഇപ്‌സോസ് സര്‍വെ അനുസരിച്ച് രജിസ്റ്റേര്‍ഡ് വോട്ടര്‍മാര്‍ക്കിടയില്‍ ഒബാമയ്ക്ക് 49 ശതമാനം പിന്തുണയുള്ളപ്പോള്‍ റോംനിയ്ക്ക് 43 ശതമാനം പിന്തുണയാണുള്ളത്. ജൂണില്‍ റോംനിയ്ക്കുമേല്‍ ഒബാമയ്ക്ക് ഒരു പോയിന്റിന്റെ ലീഡ് മാത്രമാണുണ്ടായിരുന്നത്. പ്രസിഡന്റെന്ന നിലയിലുള്ള ഒബാമയുടെ അപ്രൂവല്‍ റേറ്റിഗ് ഒരുശതമാനം ഉയര്‍ന്ന് 48 ആയെന്നും ഡിസ് അപ്രൂവല്‍ റേറ്റിംഗ് മൂന്നു ശതമാനം ഇടിഞ്ഞ് 47 ശതമാനമായെന്നും സര്‍വെ പറയുന്നു. എന്നാല്‍ 45 ശതമാനം അമേരിക്കക്കാരും പ്രസിഡന്റെന്ന നിലയില്‍ ഒബാമ സമ്പദ്‌വ്യവസ്ഥയെയും തൊഴില്‍ മേഖലയെയും കൈകാര്യം ചെയ്യുന്ന രീതിയില്‍ സംതൃപ്തരല്ല. 35 ശതമാനം പേര്‍ മാത്രമാണ് ഇക്കാര്യത്തില്‍ സംതൃപ്തി രേഖപ്പെടുത്തിയുള്ളു. കഴിഞ്ഞ ഡിസംബറിനുശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.

സ്വവര്‍ഗവിവാഹം എപ്പിസ്‌കോപ്പല്‍ സഭ അംഗീകരിച്ചു

ഇന്ത്യനാപ്പോലിസ്‌: യുഎസ് എപ്പിസ്‌കോപ്പല്‍ സഭ സ്വവര്‍ഗ വിവാഹം അംഗീകരിച്ചു. സ്വവര്‍ഗ വിവാഹങ്ങളെ ആശീര്‍വദിക്കാനുള്ള ശുശ്രൂഷാക്രമങ്ങള്‍ക്കും സഭയുടെ ബിഷപ്പുമാരുടെ യോഗം രൂപം നല്‍കി. ഈ ആഴ്ച അവസാനത്തോടെ ഇതിന് അവസാന അംഗീകാരവും ലഭിക്കും. യുഎസില്‍ സ്വവര്‍ഗ വിവാഹങ്ങളെ അംഗീകരിക്കുന്ന ആദ്യത്തെ മുഖ്യ സഭയാണ് എപ്പിസ്‌കോപ്പല്‍ സഭ. സഭയ്ക്ക് 20 ലക്ഷം വിശ്വാസികളാണുള്ളത്.

ഓണ്‍ലൈന്‍ കച്ചവടത്തിലൂടെ സ്വന്തമാക്കിയത് ഹിറ്റ്‌ലറുടെ കാര്‍

വാഷിംഗ്ടണ്‍: ഓണ്‍ലൈന്‍ കച്ചവടത്തിലൂടെ കാറ് സ്വന്തമാക്കുമ്പോള്‍ സിനോപ് തുന്‍സര്‍ അറിഞ്ഞിരുന്നില്ല അത് ജര്‍മനിയെ വിറപ്പിച്ച നാസി ഏകാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറുടെതാവുമെന്ന്. കാറിന്‍െറ പ്രത്യേകതകള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് സത്യം മനസിലായത്. അതേസമയം, കാര്‍ വിറ്റ ഡയബ്‌സിന് അതിന്‍െറ ചരിത്രത്തെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. യുദ്ധകാലത്ത് നിര്‍മിച്ച കാര്‍ യുഎസ് ഷോപ്പില്‍നിന്ന് ഡയബ്‌സിന്‍െറ മുത്തച്ഛനാണ് വാങ്ങിയത്.

വാഹന റിപ്പയര്‍ ഷോപ്പ് ഉടമയായ തുന്‍സര്‍ ക്ലാസിക് കാറുകളുടെ ആരാധകനാണ്്. 540 കെ മോഡല്‍ കാര്‍ ആവശ്യമുണെ്ടന്നു കാണിച്ച് ഓണ്‍ലൈന്‍ വഴി പരസ്യം നല്‍കിയപ്പോള്‍ കിട്ടിയത് 1942 മോഡല്‍ 320 കാബ്രിയോലറ്റ് ഡി കണ്‍വെര്‍ട്ടബ്ള്‍ ആണ്. ഒരു മിലിറ്ററി കാറിന്‍െറ തലയെടുപ്പുള്ളതുകൊണ്ട് ആ കാറുതന്നെ വാങ്ങി. കറുത്തനിറത്തിലുള്ള കാറിന്‍െറ മുന്‍വശത്ത് സ്വസ്തിക ചിഹ്നവും പരുന്തിന്‍െറ ചിത്രവും കൊത്തിവെച്ചിരുന്നു. കാറിന്‍െറ സീരിയല്‍ നമ്പറിനായി മെഴ്‌സിഡസ് കമ്പനിയുമായി ബന്ധപ്പെട്ടപ്പോഴാണ് സംഗതി പിടികിട്ടിയത്. ഇത്തരം കാറുകള്‍ ഹിറ്റ്‌ലര്‍ക്ക് വേണ്ടി മാത്രമേ നിര്‍മിക്കാറുള്ളൂവെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. ചരിത്രത്തിന്റെ ഭാഗമായതിനാല്‍ കാറിനെ പൊന്നുപോലെ സൂക്ഷിക്കുമെന്നാണ് തുന്‍സര്‍ പറയു­ന്നത്.
ഒബാമയുടെ അര്‍ധസഹോദരന്‍ കെനിയയിലെ ചേരിയല്‍;വിദേശ നിക്ഷേപത്തെച്ചൊല്ലി ഒബാമ-റോംനി വാക്‌പോര്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക