Image

മതം ദൈവാനുഭവത്തിനും, കല സൗന്ദര്യാനുഭവത്തിനും

ജോണി എം.എല്‍ Published on 11 July, 2012
മതം ദൈവാനുഭവത്തിനും, കല സൗന്ദര്യാനുഭവത്തിനും

2006 മുതല്‍ 2008 വരെ ഇന്ത്യന്‍ കലാരംഗത്തു വിപ്ളവകരമായ രീതിയിലുള്ള മാറ്റങ്ങള്‍ ഉണ്ടായി. അതു പ്രധാനമായും കലയുടെ സാമ്പത്തികവശങ്ങളുമായി ബന്ധപ്പെട്ടതാണ്‌. കലയുടെ കമ്പോളത്തില്‍ ഒരു വലിയ വിസ്ഫോടനം ഉണ്ടായി. ആ ഘട്ടത്തില്‍ മലയാളികളായ വളരെയധികം കലാകാര‍ന്മാര്‍ പ്രസിദ്ധരായി. വിപണിയുടെ ഭാഗമായി പെട്ടെന്നു പൊട്ടിമുളച്ചവരല്ല അവര്‍. സഹനത്തിന്റെയും കഷ്ടപ്പാടിന്റെയും ഉഷ്ണപാതകള്‍ താണ്ടി, അനേകവര്‍ഷങ്ങളുടെ കഠിനാദ്ധ്വാനത്തിന്റെയും കലാപരീക്ഷണങ്ങളുടെയും ഭാഗമായി ഉയര്‍ന്നുവന്നവര്‍ തന്നെയാണ്‌. അവര്‍ അഖിലേന്ത്യാതലത്തില്‍ മാത്രമല്ല, അഖില ലോകതലത്തില്‍ തന്നെ പ്രസിദ്ധരായി. കേരളത്തിലെ കലാകാര‍ാരുടെ പരീക്ഷണോ‍ുഖതയും സാഹസികതയും അതിനു കാരണമായി. കലയിലെ ആത്മീയതയും കലയിലെ മതനിരപേക്ഷതയും ഇവിടെ ശ്രദ്ധയാകര്‍ഷിക്കുന്നു. കലയിലെ ആത്മീയത എന്നത്‌ എല്ലാ മനുഷ്യരുടെയും ഉള്ളില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന, അവരുടെ അനുദിന യാഥാര്‍ത്ഥ്യങ്ങളെ അതിവര്‍ത്തിച്ച്‌ ഒരു പുതിയ മേഖലയിലേയ്ക്കു കടന്നുപോകാനുള്ള അഭിവാഞ്ഛയും പൊതുസമൂഹം അതിനു കല്‍ പിക്കുന്ന ആസ്വാദ്യതയുമാണ്‌. ഈ ആത്മീയതയ്ക്കു ജാതിയോ മതമോ വര്‍ഗമോ വര്‍ണമോ ഇല്ല.


കലയെ നിര്‍ണയിക്കുന്നത്‌ കല സൃഷ്ടിക്കുന്നവന്റെയും കല കാണുന്നവന്റെയും നോട്ടമാണ്‌. നോട്ടവും കാഴ്ചപ്പാടും വ്യത്യസ്തമാണ്‌. നോട്ടം (ഗ്രേസ്‌) നമ്മുടെ അധികാരത്തെ സൂചിപ്പിക്കുന്നു. കാഴ്ചപ്പാട്‌ അഥവാ പരിപ്രേക്ഷ്യം നമ്മുടെ പ്രത്യയശാസ്ത്രത്തെയും. 


മനുഷ്യചരിത്രത്തിന്റെ ആരംഭം മുതല്‍ കലയും മതവും തമ്മില്‍ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യര്‍ ആദ്യമായി കലാരൂപങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയത്‌ സ്വന്തം പരിസരങ്ങളിള്‍ സ്വയം അടയാളപ്പെടുത്തുന്ന രീതിയിലായിരുന്നു. പുരാതനകാലത്തെ ഗുഹാചിത്രങ്ങളും ചുവര്‍ ചിത്രങ്ങളും ഇതിനു തെളിവാണ്‌. രേഖയാക്കുക എന്നതു മാത്രമായിരുന്നില്ല അതിന്റെ ലക്ഷ്യം. തനിക്കു നിയന്ത്രണമില്ലാത്ത കാര്യങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി തന്റെ ദൈനംദിന പ്രവൃത്തികളെ ബിംബവത്കരിക്കുകയാണ്‌ അവര്‍ ചെയ്തത്‌. അങ്ങനെയാണ്‌ ആദ്യമായി കലയുണ്ടായത്‌. കാര്‍ഷിക സംസ്കൃതിയിലേയ്ക്കു മനുഷ്യര്‍ മാറിയപ്പോള്‍ വിവിധ പ്രസ്ഥാനങ്ങള്‍ ഉണ്ടാകുകയും കോറിയിട്ട ചിത്രങ്ങള്‍ അഥവാ ബിംബങ്ങള്‍ ഈ പ്രസ്ഥാനങ്ങളുടെ ഭാഗമാകുകയും ചെയ്തു. അങ്ങനെയാണു മതവുമായി ബന്ധപ്പെട്ടു കല ഉണ്ടാകുന്നത്‌. ഇതു ക്രമേണ ദൈവശാസ്ത്രവും തത്വശാസ്ത്രവുമായി ബന്ധപ്പെട്ടു വളരുകയും ചെയ്തു.


കലയും മതവും തമ്മിലുള്ള ഒരു സാമ്യം അവ അമൂര്‍ത്തമായവയെ സമൂര്‍ത്തമാക്കാന്‍ ശ്രമിക്കുന്നുവെന്നതാണ്‌. സംഗീതം മനുഷ്യന്റെ ഒരു അനുഭവത്തെയാണ്‌ അടയാളപ്പെടുത്താന്‍ ശ്രമിക്കുന്നത്‌. മഴയെ സംഗീതത്തിന്റെ സന്നിവേശത്തിലൂടെ സന്തോഷത്തിന്റെ അനുഭവമായും അതേ മഴയെ തന്നെ ആ സംഗീതത്തില്‍ വരുത്തിയിരിക്കുന്ന ചെറിയൊരു മാറ്റത്തിലൂടെ ദു:ഖത്തിന്റെയോ വിരഹത്തിന്റെയോ അനുഭവമായും ചിത്രീകരിക്കുന്നതു സിനിമയില്‍ നാം കണ്ടിട്ടുണ്ട്‌. മനുഷ്യന്റെ ഉള്ളിലുള്ള അമൂര്‍ത്തമായ വികാരങ്ങള്‍ക്കു മൂര്‍ത്തരൂപം നല്‍കുകയാണ്‌ കലയും മതവും ചെയ്യുന്നത്‌. മതം ദൈവത്തിനു രൂപം കൊടുക്കാന്‍ ശ്രമിക്കുന്നു. കലയാകട്ടെ സൗന്ദര്യത്തിനു രൂപംകൊടുക്കാൻ ശ്രമിക്കുന്നു. അപ്രകാരം മതം ദൈവാനുഭവത്തിനും കല സൗന്ദര്യാനുഭവത്തിനും കാരണമാകുന്നു. 


മധ്യകാലഘട്ടത്തിലും ബൈസാന്റിയല്‍ കാലഘട്ടത്തിലും കല തികച്ചും മതാത്മകമായിരുന്നു. മനുഷ്യനെ വരക്കുമ്പോള്‍ നാച്ചുറലിസ്റ്റുകള്‍ പറയുന്നപോലുള്ള പരിപൂർണത വേണമെന്ന വാശി അക്കാലത്തില്ലായിരുന്നു. അതായത്‌, മനുഷ്യനെ വരയ്ക്കുമ്പോള്‍ മനുഷ്യനായി തോന്നണമെന്നില്ലായിരുന്നു. കലാകാരന്‍ തന്റെ ഉള്ളില്‍ എന്തിനെയാണോ സ്വാശീകരിച്ചിരിക്കുന്നത്‌ അതിനെ ആവിഷ്ക്കരിച്ചാല്‍ മതിയായിരുന്നു. എന്നും കാണുന്ന കാഴ്ചകള്‍ക്കു പകരം അതീതയാഥാര്‍ത്ഥ്യങ്ങളെ ചിത്രീകരിക്കുന്നതായിരുന്നു ആ കല. ദൈവത്തിന്റെയും മനുഷ്യരുടെയും ലോകങ്ങളെ വളരെ വ്യത്യസ്തമായ തരത്തില്‍ ചിത്രീകരിക്കാന്‍ അന്നത്തെ ചിത്രകാര‍ന്മാര്‍ ശ്രമിച്ചിരുന്നു. അതേസമയം മതവുമായും ആത്മീയതയുമായും ബന്ധപ്പെട്ട കാര്യങ്ങള്‍ ക്കായിരുന്നു അവര്‍ എല്ലായ്പ്പോഴും പ്രകാശനം നല്‍കിയിരുന്നത്‌. 


മതവുമായി ബന്ധപ്പെട്ട ആത്മീയതയ്ക്കു പൊതുസമൂഹത്തിന്റെ സംസ്കാരമണ്ഡലത്തില്‍ ഇടം നേടണമെങ്കില്‍ അതിനു സൗന്ദര്യശാസ്ത്രപരമായ ആവിഷ്കാരം ആവശ്യമാണ്‌. ദൈവത്തെ ചിത്രീകരിക്കുന്നവര്‍ എന്ന നിലയില്‍ പണ്ടു ചിത്രകാര‍ന്മാര്‍ക്കു ദൈവീക പരിവേഷം കല്‍പിച്ചിരുന്നു. അതുകൊണ്ടു തന്നെ അവര്‍ക്കു മതത്തിനു പുറത്ത്‌ നിലനില്‍പും ഉണ്ടായിരുന്നില്ല. 


നവോത്ഥാനകാലഘട്ടത്തിലെത്തുമ്പോള്‍ മാനവികത ഒരു പ്രധാന ഘടകമാകുന്നു. അതോടെ മനുഷ്യന്റെ വിഷയങ്ങള്‍ കൂടുതലായി അവതരിപ്പിക്കപ്പെടാന്‍ തുടങ്ങി. മനുഷ്യന്റെയും ദൈവത്തിന്റെയും ലോകങ്ങള്‍ കൂടുതല്‍ അടുത്തു. ദൈവം ക്രിസ്തുവില്‍ മനുഷ്യരൂപമെടുത്തതുപോലെ കല കൂടുതല്‍ മാനുഷികമായി. നവോത്ഥാനകാലഘട്ടത്തില്‍ ക്രൈസ്തവതയുമായി ബന്ധപ്പെട്ട എല്ലാത്തിനും കൂടുതല്‍ വ്യക്തമായ മനുഷ്യരൂപങ്ങള്‍ ലഭിക്കാന്‍ തുടങ്ങി. ക്രിസ്തുവിന്റെ മുടിയ്ക്കും താടിയ്ക്കുമെല്ലാം സ്വഭാവികത കൈവരുന്നത്‌ അക്കാലത്താണ്‌. മതം ജനങ്ങള്‍ക്കു പ്രാപ്യമായവിധത്തില്‍ ആകുകയാണ്‌. അതുപോലെ തന്നെ കലയും. കലയില്‍ സാധാരണക്കാരുടെ ജീവിതം ചിത്രീകരിക്കപ്പെടാന്‍ തുടങ്ങി. 


ക്രിസ്തുവിന്‌ എന്തുകൊണ്ടു യൂറോപ്യരുടെ രൂപം ഉണ്ടാകുന്നു? മലയാളിക്കു മലയാളിയുടെ രൂപമുള്ള ക്രിസ്തുവിനെ സൃഷ്ടിക്കാന്‍ കഴിയേണ്ടതല്ലേ? അപ്രകാരം ഒരു ക്രിസ്തുവിനെ സൃഷ്ടിച്ചാല്‍ നിലവിലുള്ള മതാധികാരികളും മതസംവിധാനങ്ങളും അതിനെ അംഗീകരിക്കുമോ? ആഫ്രിക്കയിലെ നിരവധി കലാകാര‍ന്മാര്‍ ക്രിസ്തുവിനെ ആഫ്രിക്കന്‍ പശ്ചാത്തലത്തില്‍ വ്യാഖ്യാനിക്കുകയും കറുത്ത നിറമുള്ള ക്രിസ്തുവിനെ സൃഷ്ടിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്‌. ലോകത്തിലുണ്ടായിട്ടുള്ള മികച്ച കലാരൂപങ്ങളേറെയും സ്ഥാപനങ്ങളുടെ പിന്തുണയോടെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതാണെന്നു പറയാം. എങ്കിലും സ്ഥാപിതരീതികളില്‍ നിന്നു വ്യതിചലിക്കുമ്പോള്‍ എതിര്‍പ്പുകള്‍ സ്വാഭാവികമായും ഉയരുന്നു. അതേസമയം പുതിയ ആവിഷ്കാരങ്ങളെ തങ്ങള്‍ക്കിണങ്ങുന്ന രീതിയില്‍ വ്യാഖ്യാനിച്ചു സ്വന്തമാക്കുന്ന രീതിയും സ്ഥാപനങ്ങള്‍ക്കുണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക