Image

കൊലവെറിയും പാടാനിഷ്ടം : ബിജു നാരായണന്‍

റിപ്പോര്‍ട്ട്‌ : ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 11 July, 2012
കൊലവെറിയും പാടാനിഷ്ടം : ബിജു നാരായണന്‍
ഡാലസ് : കൊലവെറിയുള്‍പ്പെടെ ശ്രോതാക്കള്‍ ആവശ്യപ്പെടുന്ന ഇഷ്ടഗാനങ്ങള്‍ പാടുന്നതില്‍ സന്തോഷമെയുള്ളൂവെന്ന് പ്രശസ്ത പിന്നണി ഗായകനും മാക്ട സംഘടനയുടെ ഇപ്പോഴത്തെ സെക്രട്ടറിയും മുന്‍ വൈസ് പ്രസിഡന്റുമായ ബിജു നാരായണന്‍ പറഞ്ഞു. കാവ്യഭംഗിയില്ലായ്മയാണ് കൊലവെറിയെ വേറിട്ടതാക്കിയത്. കാവ്യഭംഗിയുള്ള പഴയകാല ഗാനങ്ങളെപ്പോലെ കൊലവെറിക്ക് പക്ഷെ അധികമായുസ്സുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊലവെറി ട്രെന്‍ഡ് കൗമാരം ഏറ്റുപിടിയ്ക്കുന്നതു കൊണ്ട് മലയാളത്തിന് അത് ആപത്കരമാവാന്‍ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ധനുഷിന്റെ കൊലവെറി ഗാനത്തെപ്പറ്റി അടുത്തയിടെ മലയാളത്തിലും ചില വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു.

അമേരിക്കയില്‍ 1998 ല്‍ ആദ്യ സന്ദര്‍ശനം നടത്തിയതു മുതല്‍ അമേരിക്കയിലെ പ്രവാസി മലയാളികളുടെ പ്രിയ ഗായകനാണ് ബിജു നാരായണന്‍. സ്വതവേ യാത്രാപ്രിയനായ ബിജു നാരായണന്‍ അമേരിക്കയില്‍ വിവിധ വേദികളില്‍ പാടുവാനായി ഇരുപതു തവണയിലേറെ ഇതിനോടകം സന്ദര്‍ശനം നടത്തിയിട്ടുണ്ട്. പന്ത്രണ്ടിലധികം തവണ ഡാലസിലും വന്നു പാടി. അമേരിക്കയിലുടെ നീളം നിരവധി സുഹൃത്തുക്കളും ഇദ്ദേഹത്തിനുണ്ട്.

പ്രവാസി മലയാളികളുടെ ആതിഥ്യ മര്യാദകളാണ് തന്നെ ആകര്‍ഷിച്ച മുഖ്യ ഘടകമെന്നു അദ്ദേഹം പറഞ്ഞു. നാട്ടിലെ പോലെ തന്നെ ഇവിടെയുള്ളവരും സ്റ്റേജ് ഷോകള്‍ ഇഷ്ടപ്പെടുന്നു. ആദ്യകാലങ്ങളില്‍ അമേരിക്കയില്‍ വരുമ്പോള്‍ പഴയപാട്ടുകളായിരുന്നു ഓഡിയന്‍സ് കൂടുതല്‍ ആവശ്യപ്പെട്ടിരുന്നത്. ഇപ്പോഴുള്ള പ്രവാസി യുവതലമുറ നാട്ടിലെ പോലെ തന്നെ പുതിയ അടിപൊളി ഗാനങ്ങളും കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നു. പഴയകാല മെലഡികള്‍ പാടുമ്പോള്‍ പുതുതലമുറ താളം പിടിക്കുന്നതും ഒപ്പം മൂളുന്നതും തന്നെ അത്ഭുതപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

ഡാലസില്‍ സെന്റ് തോമസ് ദേവാലയത്തിലെ തിരുന്നാളിനോടനുബന്ധിച്ചു ഗാനമേളയില്‍ പങ്കെടുക്കുവാന്‍ എത്തിയതായിരുന്നു ബിജു നാരായണന്‍.

അദ്ദേഹത്തെ മലയാളികള്‍ക്ക് സുപരിചിതനാക്കിയ "വെങ്കലം" എന്ന സിനിമയിലെ പത്തു വെളുപ്പിനെ...എന്ന് തുടങ്ങുന്ന ഗാനത്തിനും ആവശ്യക്കാരേറെയായിരുന്നു. ബിജു നാരായണന്‍ ആലപിച്ചു സൂപ്പര്‍ ഹിറ്റാക്കിയ ഓര്‍ഡിനറി എന്ന സിനിമയിലെ തെച്ചിപ്പൂവും…, മറ്റു ഫാസ്റ്റ് ഹിറ്റുകളായ പോക്കിരിരാജയിലെ കേട്ടില്ലേകേട്ടില്ലേ…, വിഷ്ണു ലോകത്തിലെ കസ്തൂരി…, കുട്ടനാടന്‍ പുഞ്ചയിലെ…, ഡേര്‍ട്ടി പിക്ച്ചറിലെ ഊലാലാ…ല ലാ ലാ തുടങ്ങിയ ഗാനങ്ങളും, വിവാദഗാനമായ കൊലവെറിയും പാടി സദസ്സിനെ നൃത്തമാടിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.
കൊലവെറിയും പാടാനിഷ്ടം : ബിജു നാരായണന്‍ കൊലവെറിയും പാടാനിഷ്ടം : ബിജു നാരായണന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക