ഷിക്കാഗോ: ബല്‍വുഡ് മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രലില്‍ ദുക്റാന
തിരുനാളിനോടനുബന്ധിച്ച് സീറോ മലബാര്‍ നൈറ്റ്, ഭക്തിനിര്‍ഭരമായ കര്‍മ്മാദികളോടും,
വിവിധ കലാപരിപാടികളോടും കൂടി വര്‍ണ്ണാഭമായി നടത്തപ്പെട്ടു.
ഈവര്‍ഷത്തെ
തിരുനാളിനോടനുബന്ധിച്ച് വിവിധ കത്തോലിക്കാ റീത്തുകളിലുള്ള വിശുദ്ധ കുര്‍ബാനയും
മറ്റ് തിരുകര്‍മ്മങ്ങളും നടത്തിയത് തിരുനാള്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.
ജൂലൈ ഒന്നിന് വെള്ളിയാഴ്ച വൈകുന്നേരം 4.30-ന് മലങ്കര റീത്തിലുള്ള
ആഘോഷമായ വിശുദ്ധ കുര്‍ബാന നടത്തപ്പെട്ടു. ഷിക്കീഗോ (ഇവാന്‍സ്റ്റണ്‍) സെന്റ്
മേരീസ് സീറോ മലങ്കര ചര്‍ച്ച് വികാരി റവ.ഫാ. മാത്യു പെരുമ്പള്ളിക്കുന്നേല്‍ വി.
കുര്‍ബാനയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കത്തീഡ്രല്‍ വികാരി റവ.ഫാ. ജോയി
ആലപ്പാട്ട്, രൂപതാ ചാന്‍സലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത് എന്നിവര്‍
സഹകാര്‍മികത്വം വഹിച്ചു. നിരവധി വൈദീകര്‍ സന്നിഹിതരായിരുന്നു. റവ.ഡോ.
സെബാസ്റ്റ്യന്‍ വേത്താനത്ത് തിരുനാള്‍ സന്ദേശം നല്കി.
മലങ്കര പള്ളിയില്‍
നിന്നും ബഹുമാനപ്പെട്ട സിസ്റ്റേഴ്സിന്റെ നേതൃത്വത്തില്‍ എത്തിയ ഗായക സംഘം ആലപിച്ച
ഭക്തിനിര്‍ഭരമായ ഗാനങ്ങള്‍ ദിവ്യബലി ഭക്തിസാന്ദ്രമാക്കി. മലങ്കര പള്ളിയില്‍ നിന്നും
എത്തിയ അള്‍ത്താര ശുശ്രൂഷികളുടെ ഭക്തിദായകമായ സേവനവും പ്രത്യേകം സ്മരിക്കുന്നു.
ബഞ്ചമിന് തോമസ് (സെക്രട്ടറി), രഞ്ചന്‍ ഏബ്രഹാം (ട്രഷറര്‍) എന്നിവരുടെ
നേതൃത്വത്തില്‍ മലങ്കര ഇടവകയില്‍ നിന്നും നിരവധി വിശ്വാസികള്‍ വിശുദ്ധ
കര്‍മ്മങ്ങളില്‍ സംബന്ധിക്കുവാന്‍ എത്തിയിരുന്നു.
വിവിധ റീത്തുകളിലുള്ള
വിശ്വാസികള്‍ക്ക് മലങ്കര റീത്തിലുള്ള തിരുകര്‍മ്മങ്ങള്‍ ഒരു നവ്യാനുഭവമായിരുന്നു.
ക്രിസ്തുവില്‍ നാമെല്ലാവരും ഒന്നാണെന്ന ചിന്തയുണര്‍ത്തി പരസ്പര സഹകരണത്തിലും
കൂട്ടായ്മയിലും വളരുവാന്‍ ഈ വിശുദ്ധ കുര്‍ബാനകളും, ചടങ്ങുകളും ഒരു
വേദിയാകുകയായിരുന്നു.
ദേവാലയത്തിലെ തിരുകര്‍മ്മങ്ങള്‍ക്കുശേഷം കത്തീഡ്രല്‍
ഹാളില്‍ സീറോ മലബാര്‍ നൈറ്റ്, പൊതുസമ്മേളനത്തോടും വിവിധ കലാപരിപാടികളോടും കൂടി
അരങ്ങേറി. ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത് ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു.
വികാരി ഫാ. ജോയി ആലപ്പാട്ട്, ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി, ഫാ. മാത്യു
പെരുമ്പള്ളിക്കുന്നേല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. നിരവധി വൈദീകരും
സിസ്റ്റേഴ്സും ആയിരക്കണക്കിന് വിശ്വാസികളും പരിപാടികളില്‍ പങ്കെടുത്തു.
പോളി വാത്തിക്കുളം, നിമ്മി ചിറയില്‍, നിമ്മി തെക്കേത്തല എന്നിവരാണ്
പരിപാടികള്‍ നിയന്ത്രിച്ചത് (എം.സി). ബിജോ സി. മാണി, രാജന് കല്ലുങ്കല്‍,
ജോണ്സണ് കണ്ണൂക്കാടന്‍, പോളി വാത്തിക്കുളം എന്നിവരാണ് പ്രോഗ്രാം
കോര്‍ഡിനേറ്റേഴ്സായി നേതൃത്വം നല്‍കിയത്.
തിരുനാള്‍ ദിവസത്തെ അതി കഠിനമായ
ചൂടിനെ അതിജീവിക്കുവാന്‍ ഓഡിറ്റോറിയത്തില്‍ പ്രത്യേകം കൂളിംഗ് സിസ്റ്റം
ഏര്‍പ്പാടാക്കിയത് ഷിക്കാഗോയിലെ പ്രമുഖ ടാക്സ് കണ്‍സള്‍ട്ടന്റ്സായ ആന്‍ഡ്രൂസ്
പറമ്പത്ത്, ജോസ് ചാമക്കാല (സര്‍ട്ടിഫൈഡ് അക്കൗണ്ടിംഗ് ആന്‍ഡ് ടാക്സ്
ഇന്ക്) എന്നിവരാണ്.