Image

മലങ്കര അതിഭദ്രാസനത്തിന്റെ യൂത്ത്‌ &ഫാമിലി കോണ്‍ഫറന്‍സ്‌ 2012 -ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജോയിച്ചന്‍ പുതുക്കുളം Published on 10 July, 2012
മലങ്കര അതിഭദ്രാസനത്തിന്റെ യൂത്ത്‌ &ഫാമിലി കോണ്‍ഫറന്‍സ്‌ 2012 -ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ന്യൂയോര്‍ക്ക്‌: സുറിയാനി സഭയുടെ മലങ്കര അതിഭദ്രാസനത്തിന്റെ 27-ാമത്‌ യൂത്ത്‌ & ഫാമിലി കോണ്‍ഫറന്‍സ്‌ ആസ്വാദ്യകരങ്ങളായ വിവിധ പുതുപുത്തന്‍ പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ ഈ മാസം 26 ാം തീയതി വ്യാഴം മുതല്‍ 29 ഞായര്‍ വരെയുള്ള ദിവസങ്ങളില്‍ നടത്തത്തക്കവണ്ണം എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരിക്കുന്നതായി ഭദ്രാസന ഭാരവാഹികള്‍ അറിയിച്ചു.

ആണ്ടിലൊരിക്കലായി അമേരിക്കന്‍ ഐക്യനാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും സുറിയാനിസഭാ മക്കള്‍ പെരുന്നാള്‍ പൂരത്തിനെന്നതു പോലെ തിങ്ങിക്കൂടുന്നിടമാണ്‌ ഭദ്രാസന കടുംബമേളയുടെ വാര്‍ഷികവേദി. മെരിലാന്റ്‌ മൗണ്ട്‌ സെന്റ്‌ മേരീസ്‌ യൂണിവേഴ്‌സിറ്റി കാമ്പസ്സില്‍ നടത്തപ്പെടുന്ന ഈ വര്‍ഷത്തെ കുടുംബമേള ചെറുതലമുറയെപ്രതി അനേക പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതാകകൊണ്ട്‌ മുന്‍ കാലങ്ങളിലേക്കാള്‍ കൂടുതല്‍ യുവജനങ്ങള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌. ക്രമീകരിച്ചിക്കുന്ന താമസ സൗകര്യങ്ങളെല്ലാം നിറയുമെന്നുള്ളതിനാല്‍ ഇനിയും ആളുകള്‍ വരുന്നതനുസരിച്ച്‌ സുഖതാമസത്തിനും അത്യാകാംക്ഷയോടെ കാത്തിരിക്കുന്ന ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിലെ സംബന്ധിക്കലിനും ഉതകത്തക്കതെല്ലാം ചെയ്യുവാന്‍ സാധിക്കുമെന്നുള്ളതില്‍ സംഘാടകര്‍ക്ക്‌ ഉറപ്പുണ്ട്‌. `കോമഡി ടാക്കീസ്‌ ഇന്‍ യു.എസ്‌.എ' തുടങ്ങി നിരവധി സാരസ്യ കലാപരിപാടികള്‍, യുവ ജനങ്ങള്‍ക്കായുള്ള സ്‌പോര്‍ട്‌സ്‌ & ഗെയിംസ്‌ ഉള്‍പ്പെടെയുള്ള വിവിധ പ്രോഗ്രാമുകള്‍, അമേരിക്കയുടെ തലസ്ഥാനനഗരിയിലേക്കുള്ള  വിനോദ യാത്ര തുടങ്ങി വിവിധ ആസ്വാദ്യകരങ്ങളായ അനേക ഇനങ്ങള്‍ തന്നെ എല്ലാം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌.

ഈ വര്‍ഷത്തെ കോണ്‍ഫറന്‍സില്‍ സംബന്ധിക്കുന്നതിനായി കോട്ടയം ഭദ്രാസനത്തിന്റെ അധിപന്‍ അഭി. ഡോ.തോമസ്‌ മോര്‍ തീമോത്തിയോസ്‌ മെത്രാപ്പോലീത്ത എത്തിക്കഴിഞ്ഞു. ഈയാഴ്‌ചയില്‍ ഇവാഞ്‌ജലിക്കല്‍ അസ്സോസിയേഷന്റെ മെത്രാപ്പോലീത്താ അഭി. മര്‍ക്കോസ്‌ മോര്‍ ക്രിസോസ്റ്റമസ്‌ മെത്രാപ്പോലീത്താ ഇന്‍ഡ്യയില്‍ നിന്നും എത്തുന്നു. സിറിയ, ലബനോന്‍ തുടങ്ങിയ മറ്റുള്ള രാജ്യങ്ങളില്‍ നിന്നും വരുന്ന സുറിയാനിസഭയുടെ മറ്റു ആത്മീയപിതാക്കന്മാരെ സ്വീകരിക്കുവാന്‍ അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ ആര്‍ച്ചുബിഷപ്പും പാത്രിയാര്‍ക്കല്‍ വികാരിയുമായ യല്‍ദോ മോര്‍ തീത്തോസിന്റെ നേതൃത്വത്തില്‍ ഭദ്രാസന കൗണ്‍സില്‍ വേണ്ടതായ ക്രമീകരണങ്ങള്‍ ചെയ്‌തുകഴിഞ്ഞിരിക്കുന്നു.

ഭദ്രാസനത്തിന്റെ കെട്ടുറപ്പിനായി കുടുംബങ്ങള്‍ തമ്മിലുള്ള അടുപ്പവും ബന്ധവും ദൃഢമാക്കണമെന്നും, അതിനായി ഭദ്രാസന തലത്തിലുള്ള കൂടിവരവ്‌ അത്യന്താപേക്ഷിതമാകയാല്‍ എല്ലാ വിശ്വാസികളുടെയും സമര്‍പ്പണത്തോടെയുള്ള സഹകരണവും അതിലേറെ നിരന്തരമായുള്ള പ്രാര്‍ഥനയും അഭിവന്ദ്യ തീത്തോസ്‌ തിരുമേനി ആവശ്യപ്പെടുന്നു.

ഭദ്രാസനത്തിന്റെ പബ്ലിക്‌ റിലേഷന്‍സ്‌ ഓഫീസര്‍ ഷെവ.ബാബു ജേക്കബ്‌ നടയില്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്‌.
മലങ്കര അതിഭദ്രാസനത്തിന്റെ യൂത്ത്‌ &ഫാമിലി കോണ്‍ഫറന്‍സ്‌ 2012 -ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക