Image

സ്‌മാര്‍ട്ട്‌സിറ്റിയോ, മാലിന്യവിമുക്തമായ കേരളമോ? (കെ.കെ. പൊന്നപ്പന്‍)

Published on 10 July, 2012
സ്‌മാര്‍ട്ട്‌സിറ്റിയോ, മാലിന്യവിമുക്തമായ കേരളമോ? (കെ.കെ. പൊന്നപ്പന്‍)
മാലിന്യകൂമ്പാരങ്ങള്‍ ഇല്ലാത്ത കേരളത്തിലെ ഒരു പ്രദേശവും മഷിനോട്ടക്കാര്‍ക്കു മാത്രം കാണാവുന്ന തരത്തിലായിരിക്കുന്നു.

ലോകത്ത്‌ എവിടെ വേണമെങ്കിലും മരിക്കുന്നതുവരെ ജീവിക്കാം. കേരളത്തിലാണെങ്കില്‍ ആരെങ്കിലും കുത്തികൊല്ലുന്നതുവരെയും ജീവിക്കാമെന്ന്‌ ഒരെഴുത്തുകാരന്‍ പറഞ്ഞതുപോലെ കേരളത്തില്‍ ദൈവത്തിന്റെ വിളി വരുന്നതിനു മുന്‍പ്‌ കാലന്റെ രൂപത്തില്‍ പനി ബാധിച്ചു മരിക്കാം. മറയൂരിലെ ചന്ദനമരങ്ങളില്‍ നിന്നുള്ള മുഴുവന്‍ തൈലംകൊണ്ടു പൂശിയാലും മാറാത്ത തരത്തില്‍ കേരളം ചീഞ്ഞുനാറുമ്പോള്‍ കണ്ണൂരിലെ രാഷ്‌ട്രീയ കഠാരകള്‍ക്കുമുന്നില്‍ പിടഞ്ഞു വീണ ജീവന്റെ കൈയ്യും കണക്കും ആരുടെ അക്കൗണ്ടില്‍ വരവു വയ്‌ക്കണമെന്ന്‌ ആലോചിക്കുന്ന തിരക്കിലാണ്‌ കേരളത്തിലെ ഭരണ-പ്രതിപക്ഷ രാഷ്‌ട്രീയ നേതൃത്വം.

കംമ്പ്യൂട്ടറാണോ കക്കൂസാണോ മഹത്തായ കണ്ടു പിടിത്തമെന്ന ചോദ്യത്തിന്റെ ചുവടു പിടിച്ച മറ്റൊരു ചോദ്യം ഉന്നയിക്കുകയാണ്‌. നമുക്ക്‌ അത്യാവശ്യവും അനിവാര്യവുമായതു സ്‌മാര്‍ട്ട്‌സിറ്റിയ്‌ക്കു വേണ്ടിയുള്ള താല്‌പര്യമാണോ മാലിന്യവിമുക്തമായ ഒരു കേരളത്തിനു വേണ്ടിയാണോ. സ്‌മാര്‍ട്ട്‌ സിറ്റിയെന്നു കേള്‍ക്കാന്‍ തുടങ്ങിയിട്ടു തന്നെ എട്ടൊന്‍മ്പതു വര്‍ഷമായി . ഇനി ഇതു യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ഇനിയും മൂന്നു വര്‍ഷവുംകൂടി എടുക്കുമെന്നാണറിയുന്നത്‌. സ്‌മാര്‍ട്ട്‌സിറ്റി വന്നാല്‍ 5000 മുതല്‍ അന്‍പതിനായിരം പേര്‍ക്കുവരെ തൊഴില്‍ ലഭിച്ചേക്കാം. പക്ഷെ അപ്പോഴേക്കും പകര്‍ച്ചവ്യാധിമൂലം മരിക്കുന്നവരുടെ എണ്ണം എത്രയോ ഇരട്ടിയായിരിക്കും. മൊത്തം പകര്‍ച്ച വ്യാധികളുടെ പത്തുശതമാനം മലിനജലവും തുറന്ന സ്ഥലത്തെ വിസര്‍ജനവും കാരണമാണെന്ന്‌ ലോകാരോഗ്യസംഘടനെയെപ്പോലുള്ള വിദഗ്‌ദസമിതികള്‍ മുന്നറിയിപ്പു നല്‍കിയിരിക്കുന്നു. ചോര്‍ന്നൊലിക്കുന്ന മലിനജല കുഴലുകള്‍, തുറന്നു കിടക്കുന്ന ഓടകള്‍, സംസ്‌കരിക്കപ്പെടാതെ കിടക്കുന്ന മാലിന്യങ്ങള്‍ എന്നിവ കേരളത്തിന്റെ വികൃതമായ കാഴ്‌ചകളാണ്‌.

ഇന്‍ഡ്യയില്‍ 62 കോടിയില്‍ അധികവും വെളിപ്രദേശത്ത്‌ മലവിസര്‍ജനം ചെയ്യുന്നവരാണ്‌. കേരളത്തില്‍ ഏതാണ്ട്‌ ഒരു കോടിയില്‍ അധികവും പേര്‍ പൊതു സ്ഥലത്തു രണ്ടുംനടത്താന്‍ നിര്‍ബന്ധിതരായിരിക്കുമ്പോള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നു. കേരളത്തിലെ ഗ്രാമപഞ്ചായത്തുകളില്‍ കേവലം രണ്ടായിരം പേര്‍ക്കു മാത്രമേ ശുചിത്വപൂര്‍ണ്ണമായ ടോയ്‌ലറ്റു സൗകര്യമുള്ളു.

തിരുവനന്തപുരത്തെ വിളപ്പില്‍ ശാലയിലും കണ്ണൂരിലെ ചേലോറയിലും തലശ്ശേരിയിലെ പെട്ടിപാലത്തും എറണാകുളത്തെ ബ്രഹ്മപുരത്തും തൃശൂരിലെ ലാലൂരിലും ആലപ്പുഴയിലെ സര്‍വ്വോദയപുരത്തും മാലിന്യപ്രശനത്തില്‍ ജനങ്ങളുടെ ആളിക്കത്തിയ പ്രതിക്ഷേധങ്ങള്‍ കണ്ടിട്ടും ശാശ്വതമായ പരിഹാരം കാണാത്തത്‌ എന്തുകൊണ്ട്‌? ഇതൊക്കെ തദ്ദ്വേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണെന്ന്‌ പറഞ്ഞ്‌ സര്‍ക്കാര്‍ മാറി നില്‍ക്കുന്നത്‌ കാണുമ്പോള്‍ സാംക്രമിക രോഗങ്ങളുടെ ഗൗരവം കുറച്ചുകാണുകയാണോ? നേരം പുലര്‍ന്നിരിക്കുന്നു എന്ന തിരിച്ചറിവ്‌ നേടാന്‍ കോഴികൂവുന്നതുവരെ കാത്തിരിക്കണോ?

കേരളപിറവി മുതല്‍ ഇന്നുവരെ ഏതാണ്ട്‌ നൂറ്റി തൊണ്ണൂറ്റി ഒന്ന്‌ മന്ത്രിമാര്‍ സത്യപ്രജ്ഞ ചെയ്‌ത നാടാണിത്‌. അന്‍പത്തഞ്ചു വര്‍ഷം കഴിഞ്ഞിട്ടും മാലിന്യ സംസ്‌ക്കരണ പ്രശ്‌നത്തില്‍ ഒരു ശാശ്വത പരിഹാരം കാണാത്തത്‌ എന്തുകൊണ്ടാണ്‌. ഒരു ദീര്‍ഘവീക്ഷണ ചിന്താഗതിപോലും ഇല്ലാത്തവരായിരുന്നോ നമ്മുടെ മന്ത്രിമാര്‍?

നാഴികയ്‌ക്ക്‌ നാല്‍പ്പതുവട്ടം ജനങ്ങളുടെ ആരോഗ്യത്തെകുറിച്ചും ജീവനെക്കുറിച്ചും വിലപിക്കുന്നത്‌ സുവിശേഷ പ്രസംഗകന്റെ ശബ്‌ദഘോഷംപോലെയാണോ?

വിയര്‍പ്പു നാറുന്നവന്‍ ബസ്സില്‍ കയറുന്നത്‌ നിരോധിക്കാന്‍ പൊതുതാല്‌പര്യ ഹര്‍ജിയുമായി കോടതിയെ സമീപിക്കുന്നതു പോലെ കോടതി കയറിയിട്ടും കാര്യമില്ല. കാരണം സ്‌കൂളുകളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മൂത്രപ്പുരകള്‍ വേണമെന്നും നാല്‌പതു ആണ്‍കുട്ടികള്‍ക്ക്‌ ഒന്നു വീതവും 30 പെണ്‍കുട്ടികള്‍ക്ക്‌ ഒന്നു വീതവും കുട്ടികളുടെ എണ്ണത്തിനനുസരിച്ച്‌ മൂത്രപ്പുരകള്‍ നിര്‍മ്മിക്കണമെന്ന്‌ ഹൈകോടതി വിധി ഉണ്ടായിട്ടും നാളിതുവരെ വിദ്യാഭ്യാസ വകുപ്പും സര്‍ക്കാരും നടപ്പിലാക്കിയിട്ടില്ല. കോടതി ഉത്തരവിന്‌ കൊപ്രാപിണ്ണാക്കിന്റെ വില കല്‌പിക്കാത്ത ഭരണകൂടമാണ്‌ ഇവിടെയുള്ളത്‌.

ആഭാസത്തരങ്ങളുടേയും പെരും നുണകളുടേയും അടവുനയങ്ങളുടേയും ഇടയില്‍ ജീവിക്കുന്ന മനുഷ്യന്‌ ശുദ്ധവായുപോലും ശ്വസിക്കാന്‍ കഴിയാത്ത അവസ്ഥ ഈ ദൈവത്തിന്റെ സ്വന്തം നാട്ടിലല്ലാതെ മറ്റെവിടെയെങ്കിലും കാണാന്‍ കളിയുമോ?

ഇന്‍ഡ്യ ഇദംപ്രഥമായി താര്‍ മരുഭൂമിയില്‍ അണുസ്‌ഫോടനം നടത്തിയപ്പോള്‍ പ്രസിദ്ധ ഇംഗ്ലീഷ്‌ പത്രാധിപരായിരുന്ന ഫ്രാങ്ക്‌മൊറേസ്‌ പറഞ്ഞത്‌ ഇവിടെ ഓര്‍ത്തുപോകുന്നു. ഇന്‍ഡ്യയുടെ ഒരു കാല്‍ അണുസ്‌ഫോടനത്തിലാണെങ്കില്‍ മറ്റേ കാല്‍ ചാണകത്തിലാണ്‌. സ്‌മാര്‍ട്ട്‌ സിറ്റിയിലേക്ക്‌ വലതുകാല്‍ എടുത്തു വയ്‌ക്കുമ്പോള്‍ മറ്റേ കാല്‍ മാലിന്യക്കൂമ്പാരത്തിന്റെ മുകളിലായിരിക്കുമെന്ന്‌ ഓര്‍ക്കുന്നത്‌ നല്ലതാണ്‌.
സ്‌മാര്‍ട്ട്‌സിറ്റിയോ, മാലിന്യവിമുക്തമായ കേരളമോ? (കെ.കെ. പൊന്നപ്പന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക