Image

വിശുദ്ധിയുടെ രജതജൂബിലി പിന്നിട്ട്‌ ഫാ.അലക്‌സാണ്ടര്‍ ജെ. കുര്യന്‍

ജോര്‍ജ്‌ തുമ്പയില്‍ Published on 10 July, 2012
വിശുദ്ധിയുടെ രജതജൂബിലി പിന്നിട്ട്‌ ഫാ.അലക്‌സാണ്ടര്‍ ജെ. കുര്യന്‍
ആത്മീയതയുടെ ഇരുപത്തഞ്ച്‌ വര്‍ഷങ്ങള്‍ പിന്നിടുന്ന ഫാ. അലക്‌സാണ്ടര്‍ ജെ. കുര്യന്‍ പൗരോഹിത്യത്തിനു സമ്മാനിക്കുന്നത്‌ സേവനത്തിന്റെയും വിശുദ്ധിയുടെയും പൊന്‍കണങ്ങള്‍. ആയിരങ്ങള്‍ക്ക്‌ ആത്മീയതയുടെ സാന്ത്വനസ്‌പര്‍ശം പകര്‍ന്നു നല്‍കുന്ന അലക്‌സാണ്ടര്‍ അച്ചന്റെ പ്രവാസജീവിതം ലാളിത്യത്തിന്റെയും എളിമയുടെയും പകര്‍ത്തപ്പെടേണ്ട പ്രകാശം കൂടിയാണ്‌. യുഎസില്‍ എത്തിയ കാലം മുതല്‍ക്ക്‌ അച്ചന്‍ പകര്‍ന്നു നല്‍കിയ വിശുദ്ധിയുടെ വെളിച്ചം ഇപ്പോള്‍ ഇരുപത്തഞ്ചാണ്ട്‌ പിന്നിടുമ്പോള്‍, മലയാളികള്‍ക്കേവര്‍ക്കും അഭിമാനത്തിന്റെ പൊന്‍തൂവലായി അതു മാറിയിരിക്കുന്നു. യുഎസ്‌ വിദേശകാര്യ വകുപ്പിലെ ഓഫിസ്‌ ഓഫ്‌ സ്‌ട്രാറ്റജിക്‌ പ്ലാനിങ്‌ ഡയറക്‌ടര്‍ കൂടിയാണ്‌ ഫാ. അലക്‌സാണ്ടര്‍ ജെ. കുര്യന്‍. അദ്ദേഹത്തിന്റെ പൗരോഹിത്യ രജത ജൂബിലി ബെന്‍സേലം സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ വിപുലമായി ആഘോഷിച്ചു. നിരവധി മേഖലകളില്‍ നിന്നായി അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ ഒട്ടേറെപ്പേര്‍ സംബന്ധിച്ചു.

സുനില്‍ സാമുവല്‍, സാജു വര്‍ഗീസ്‌, കല്ലേലില്‍ കുരുവിള അപ്പച്ചന്‍, കോരസണ്‍ വര്‍ഗീസ്‌, ഷാലോം മാമ്മന്‍, അരുണ്‍ ഫിലിപ്പ്‌, ഏബ്രഹാം ജോഷ്വ, സീമാ തോമസ്‌, ഫിലിപ്‌സ്‌ തോമസ്‌, ജോസ്‌ തോമസ്‌ , ഡോ. അലക്‌സ്‌ പോളച്ചിറയ്‌ക്കല്‍, പോള്‍ മത്തായി, ഡോ. സ്വാമിദാസ്‌ എന്നിവര്‍ പ്രസംഗിച്ചു. അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമ, വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റന്‍, മുന്‍ പ്രസിഡന്റുമാരായ ജോര്‍ജ്‌ ബുഷ്‌, ബില്‍ ക്ലിന്റന്‍, സഭാ മേലധ്യക്ഷന്‍മാര്‍ ബസേലിയസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ കാതോലിക്കബാവാ, ബസേലിയസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാബാവാ എന്നിവരുടെ സന്ദേശം വായിച്ചു. വെരി. റവ യേശുദാസന്‍ പാപ്പന്‍ കോര്‍എപ്പിസ്‌കോപ്പ, ഫാ. ഷിബു മത്തായി എന്നിവര്‍ പൊന്നാടയണിയിച്ചു. ഫാ. അലക്‌സാണ്ടര്‍ ജെ. കുര്യന്റെ വിവാഹ രജത ജൂബിലിയുടെ ഭാഗമായി ഭാര്യ അന്ന കുര്യനെ പൊന്നാടയണിയിച്ചു. ഫാ. ജോയിസ്‌ പാപ്പന്‍ പ്രാര്‍ഥന നടത്തി. ഇടവക വികാരി ഫാ. ഷിബു വേണാട്‌ മത്തായി സ്വാഗതം ആശംസിച്ചു. സിബി എബ്രഹാം, ഗ്രിഗറി വര്‍ഗീസ്‌ എന്നിവരായിരുന്നു എംസിമാര്‍.

മാവേലിക്കര ബിഷപ്പ്‌ മൂര്‍ കോളേജില്‍ നിന്നുള്ള വിദ്യാഭ്യാസത്തിനു ശേഷമാണ്‌ അലക്‌സാണ്ടര്‍ അച്ചന്‍ അമേരിക്കയിലെത്തുന്നത്‌. ഹരിപ്പാടിനു സമീപമുള്ള പള്ളിപ്പാട്‌ കടക്കല്‍ വീട്ടില്‍ കോശി കുര്യന്റെയും പെണ്ണമ്മ കുര്യന്റെയും ഇളയമകന്‍ പൗരോഹിത്യപാതയിലേക്ക്‌ എത്തുന്നത്‌ യാദൃശ്ചികമായിരുന്നില്ല. അത്‌ ഒരു ദൈവനിയോഗമായിരുന്നു. ആത്മീയതയുടെ സന്യാസമാര്‍ഗ്ഗത്തിലൂടെ സഹജീവികള്‍ക്ക്‌ പകര്‍ന്നു നല്‍കേണ്ടതാണ്‌ തന്റെ എളിയജീവിതമെന്ന തിരിച്ചറിവില്‍ നിന്നാണ്‌ അലക്‌സാണ്ടര്‍ അച്ചന്‍ പൗരോഹിത്യപാതയിലേക്ക്‌ വഴിതിരിയുന്നത്‌. ദൈവശാസ്‌ത്രത്തിന്റെ ഉള്‍പ്പാഠങ്ങള്‍ ഉള്‍ക്കൊണ്ടു തന്നെ ബിസിനസ്സിലും ആത്മീയതയിലും ബിരുദം നേടിയ അലക്‌സാണ്ടര്‍ അച്ചന്‍ വിദ്യാഭ്യാസത്തിന്റെ ഉന്നതങ്ങളിലേക്ക്‌ നടന്നു കയറി. മറ്റുള്ളവര്‍ക്ക്‌ നല്‍കേണ്ട അറിവ്‌ സ്വയം അറിയാനുള്ള ശ്രമമായിരുന്നു അതിനു പിന്നില്‍. മാസ്റ്റര്‍ ഓഫ്‌ ഫിലോസഫി, മാസ്റ്റര്‍ ഓഫ്‌ ഡിവിനിറ്റി എന്നീ ഉയര്‍ന്ന വിദ്യാഭ്യാസം നേടിയതിനു ശേഷം 1983ല്‍ ബാഹ്യ കേരള ഭദ്രാസനത്തിന്റെ കാലം ചെയ്‌ത ഫിലിപ്പോസ്‌ മാര്‍ തിയോഫിലോസ്‌ മെത്രാപ്പോലീത്ത, അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത കാലം ചെയ്‌ത ഡോ.തോമസ്‌ മാര്‍ മക്കാറിയോസ്‌ എന്നിവര്‍ ശെമ്മാശ പട്ടം നല്‍കി. ത്യാഗത്തിന്റെയും അതിജീവനത്തിന്റെയും നീണ്ടനാളുകള്‍ക്കു ശേഷം 1987 ജൂണ്‍ 28-ന്‌ കോട്ടയം ദേവലോകം അരമനയില്‍ കാലം ചെയ്‌ത ബസേലിയസ്‌ മാര്‍ത്തോമ മാത്യൂസ്‌ ദ്വിതീയന്‍ കാതോലിക്ക ബാവ, ബസേലിയസ്‌ മാര്‍ത്തോമ്മാ മാത്യൂസ്‌ പ്രഥമന്‍ കാതോലിക്കാ ബാവാ എന്നിവര്‍ വൈദികപട്ടം നല്‍കി. തുടര്‍ന്ന്‌ ഫ്‌ളോറിഡയിലെ താമ്പ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചിന്റെ ചുമതലയിലെത്തി.

പിന്നീടുള്ളത്‌ അമേരിക്കന്‍ മലയാളികള്‍ നേരിട്ടു കണ്ട ചരിത്രം. മേരിലാന്‍ഡിലെ ബാള്‍ട്ടിമോര്‍ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയുടെ നേതൃപദവിയില്‍ എത്തിയ അച്ചന്റെ ആത്മീയപ്രവര്‍ത്തനങ്ങള്‍ വികസനപാതയിലെത്തി. ഗ്രേറ്റര്‍ വാഷിങ്‌ടണ്‍ ഡിസിയിലെ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയുടെ ചുമതലക്കാരനായി മാറിയതോടെ, അച്ചന്റെ വൈദികജീവിതം കൂടുതല്‍ തിരക്കാര്‍ന്നതായി. 1990-ല്‍ ഈ രണ്ടു ആരാധനാലയങ്ങളുടെയും വൈദികശ്രേഷ്‌ഠനായി മാറിയതോടെ സേവനത്തിന്റെ പുതിയ ലോകമാണ്‌ അച്ചന്‍ സൃഷ്ടിച്ചത്‌.

അലക്‌സാണ്ടര്‍ അച്ചന്‍ ചുമതലക്കാരനായതിനു ശേഷം നീണ്ട 18 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഗ്രേറ്റര്‍ വാഷിങ്‌ടണ്ണിലെ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ സ്വന്തമാക്കിയത്‌ 4.5 ഏക്കര്‍ വിസ്‌തൃതിയുള്ള ചര്‍ച്ച്‌ ക്യാമ്പസായിരുന്നു. പ്രയത്‌നത്തിന്റെയും വിശ്വാസത്തിന്റെയും നീണ്ട ഫലപ്രാപ്‌തി. വികസനത്തിന്റെയും വിശ്വാസത്തിന്റെയും കാവല്‍ക്കാരനായ അച്ചനൊപ്പം അല്‍മായന്മാര്‍ ഒപ്പം നിന്നു. ആത്മീയ വിരുന്നിനാല്‍ അച്ചന്‍ വിശ്വാസികളെ പ്രഘോഷിപ്പിച്ചു. അവരുടെ പ്രശ്‌നങ്ങള്‍ക്ക്‌ പൗരോഹിത്യ നിറവില്‍ സാന്ത്വനമേകി. അവരുടെയൊപ്പം നിന്ന്‌ ആത്മീയതയുടെ ഉള്ളറകളിലേക്ക്‌ അവരെ കൈപിടിച്ചു നയിച്ചു. അവരുടെ ചിന്തകളിലും ജീവിതത്തിലും ആത്മീയതയടെ തൂവല്‍സ്‌പര്‍ശം നിറച്ചു.

പ്രാസംഗികന്‍, ധ്യാനഗുരു, വാഗ്‌മി എന്ന നിലയില്‍ അച്ചന്‍ ശോഭിച്ചു. അമ്പതിലേറെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു കൊണ്ട്‌ അല്‌കസാണ്ടര്‍ അച്ചന്‍ നടത്തിയ പര്യടനങ്ങള്‍ അദ്ദേഹത്തിന്റെ ആത്മീയ ജീവിതത്തെ കൂടുതല്‍ കര്‍മ്മനിരതമാക്കി. റഷ്യന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ പാത്രിയര്‍ക്കീസ്‌, ജറുശലേമിലെയും കോണ്‍സ്‌റ്റാന്റിനോപ്പിളിലെയും ഗ്രീക്ക്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയിലെ ശ്രേഷ്‌ഠര്‍ എന്നിവരുമായുള്ള അടുത്തിടപഴകല്‍ അദ്ദേഹത്തിന്റെ ആത്മീയജീവിതത്തിന്റെ മൂര്‍ച്ച കൂട്ടി. ജോര്‍ജിയന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌, അര്‍മേനിയന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌, ഡമാസ്‌ക്കസിലെ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ എന്നിവിടങ്ങളില്‍ നടത്തിയ സന്ദര്‍ശനങ്ങളില്‍ നിന്ന്‌ അദ്ദേഹം കണ്ടത്‌ ലോകത്തിന്റെ മാറുന്ന ആത്മീയമുഖങ്ങളായിരുന്നു. അത്‌ വിശ്വാസികളിലേക്ക്‌ പകര്‍ന്നു നല്‍കാനായിരുന്നു അദ്ദേഹത്തിന്റെ നീക്കം. അല്‍ബേനിയ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ആര്‍ച്ച്‌ ബിഷപ്പ്‌ തുടങ്ങി അദ്ദേഹം സന്ദര്‍ശിച്ച വൈദികശ്രേഷ്‌ഠരുടെ പട്ടിക നീണ്ടു കിടക്കുന്നു. മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ നോര്‍ത്ത്‌ ഈസ്‌റ്റ്‌ അമേരിക്കന്‍ ഭദ്രാസാനാധിപന്‍ സക്കറിയ മാര്‍ നിക്കളോവോസ്‌ മെത്രാപ്പോലീത്തയുടെ നിര്‍ദ്ദേശത്തിലും അനുസരണത്തിലും വിശുദ്ധപാതയിലൂടെയാണ്‌ അലക്‌സാണ്ടര്‍ അച്ചന്റെ സഞ്ചാരം. ഇപ്പോള്‍ പൗരോഹിത്യത്തിന്റെ രജതജൂബിലിയിലെത്തുമ്പോള്‍ അച്ചന്റെ മുന്നോട്ടുള്ള ജീവിതനീക്കത്തിന്‌ ഈ വഴിയാത്രയൊരുക്കുന്നത്‌ വലിയൊരു വഴിവിളക്ക്‌ കൂടിയാണ്‌.

ആത്മീയവും അതേപോലെ തന്നെ ഒപ്പം ചേരുന്ന സെക്കുലറായ ജീവിതചര്യയുമാണ്‌ അലക്‌സണ്ടാര്‍ അച്ചന്റെ ജീവിതവിജയത്തിനു പിന്നില്‍. എല്ലാ മനുഷ്യരും അച്ചന്റെ മുന്നില്‍ ഒരു പോലെ തന്നെ. അവിടെ മറ്റു സ്‌പര്‍ധകള്‍ക്കൊന്നും തന്നെ സ്ഥാനമില്ല. അവരുടെ പ്രശ്‌നങ്ങള്‍ക്ക്‌ തന്നെ കൊണ്ടാവും വിധം പരിഹാരമുണ്ടാക്കുന്ന അച്ചന്റെ സാമീപ്യം തന്നെ ദൈവത്തിലേക്ക്‌ വഴിതേടുന്നവര്‍ക്ക്‌ ഒരു വിരല്‍ച്ചൂണ്ടിയായി മാറുന്നു. തിയോളജിക്കല്‍ പഠനങ്ങള്‍ക്കു പുറമേ, സാമ്പത്തികശാസ്‌ത്രത്തില്‍ എംബിഎ, സ്‌ട്രാറ്റജിക്ക്‌ പ്ലാനിങ്ങില്‍ മാസ്റ്റര്‍ ഓഫ്‌ സയന്‍സ്‌, ചാര്‍ട്ടേഡ്‌ ഫിനാന്‍ഷ്യല്‍ അനലിസ്റ്റ്‌, റോയല്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ചാര്‍ട്ടേഡ്‌ സര്‍വയേഴ്‌സ്‌ ഫെലോ, റിയല്‍ എസ്‌റ്റേറ്റ്‌ വാല്യുവേഷന്‍ കൗണ്‍സിലര്‍, സര്‍ട്ടിഫൈഡ്‌ ബിസിനസ്സ്‌ വാല്യുവര്‍, അപ്രയ്‌സല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ അംഗം എന്നിവ അദ്ദേഹത്തിന്റെ ജീവിതത്തിലെ പൊന്‍തിളക്കമായി നിലകൊള്ളുന്നു.

കാര്‍ത്തികപള്ളി കല്ലേലില്‍ വീട്ടില്‍ അന്ന (അജിത)യാണ്‌ അലക്‌സാണ്ടര്‍ അച്ചന്റെ ജീവിതസഖി. അലീസ, നടാഷ, എലിജ എന്നിവര്‍ മക്കളും.

വാഷിങ്‌ടണ്‍ ഡിസിയിലെ യഎസ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ സ്റ്റേറ്റ്‌ ഓഫീസില്‍ സ്‌ട്രാറ്റജിക്ക്‌ പ്ലാനിങ്‌ ഡയറക്ടറാണ്‌ അലക്‌സാണ്ടര്‍ അച്ചന്‍. നോളജ്‌ മാനേജ്‌മെന്റ്‌, ലോംഗ്‌ റേഞ്ച്‌ പ്ലാനിങ്‌ ഡിവിഷനുകളുടെ നേതൃത്വം കൈകാര്യം ചെയ്യുന്നതും അച്ചന്‍ തന്നെ. 147 രാജ്യങ്ങളിലായി നീണ്ടു കിടക്കുന്ന യുഎസിന്റെ തന്ത്രപ്രധാനവും രാഷ്ട്രീയപ്രാധാന്യവുമേറിയ ഒട്ടനവധി ഉന്നതല ചര്‍ച്ചയ്‌ക്ക്‌ നേതൃത്വം നല്‍കിയ അച്ചന്‌ ഈ രംഗത്തുള്ളത്‌ 26 വര്‍ഷത്തെ നീണ്ട അനുഭവം. അമേരിക്കയുടെ രാഷ്ട്രീയമണ്ഡലത്തില്‍ വളരെയേറെ സ്വാധീനം ചെലുത്തുന്ന സ്വകാര്യ പൊതുമേഖല സ്ഥാപനങ്ങളുമായി വിദേശത്തും സ്വദേശത്തും ചര്‍ച്ചകള്‍ നടത്തുകയും ധിഷണാപരമായ തീരുമാനങ്ങളെടുത്തു നടപ്പിലാക്കാനും അച്ചനു കഴിഞ്ഞു. ദീര്‍ഘവീക്ഷണങ്ങളോടു കൂടിയ തന്ത്രപ്രധാനമായ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ അച്ചനുള്ള കഴിവാണ്‌ അദ്ദേഹത്തെ ഈ ഉന്നത സ്ഥാനത്ത്‌ എത്തിക്കാന്‍ സഹായിച്ചത്‌. 53 ബില്യണ്‍ ഡോളറിന്റെ മുഖവിലയുള്ള 18000 നിര്‍മ്മാണപ്രക്രിയങ്ങള്‍ക്ക്‌ അടിസ്ഥാനശില പാകാന്‍ അച്ചന്റെ വേഗവും ശക്തവുമായ തീരുമാനങ്ങള്‍ക്ക്‌ കഴിഞ്ഞതാണ്‌ അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിജയം. പ്രശ്‌നബാധിത പ്രദേശങ്ങളായ ഇറാഖിലും, അഫ്‌ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും യുഎസ്‌ എംബസികള്‍ സ്ഥാപിച്ചപ്പോള്‍ വ്യക്തികള്‍ക്ക്‌ അടിസ്ഥാന ആവശ്യങ്ങളായ മാനസികവും സാമൂഹികവുമായ പ്രവര്‍ത്തനങ്ങളെ കോര്‍ത്തിണക്കിയത്‌ അച്ചനായിരുന്നു. അഞ്ച്‌ ഭൂഖണ്ഡങ്ങളിലായി തൊണ്ണൂറോളം പുതുതായി നിര്‍മ്മിച്ച യുഎസ്‌ എംബസികളുടെ സമാന പ്രവര്‍ത്തനകളെ എകോപിപ്പിക്കാനും അച്ചനു സാധിച്ചു. അമേരിക്കന്‍ ഐക്യനാടുകളിലെ മുപ്പതിലധികം സംസ്ഥാനങ്ങളിലെ എക്‌സിക്യൂട്ടീവ്‌ ഡിപ്പാര്‍ട്ട്‌മെന്റുകളെ ഒരുമിപ്പിച്ചു കൊണ്ട്‌ 324 എംബസികളുടെയും കോണ്‍സുലേറ്റുകളുടെയും ഓപ്പറേഷണല്‍ പ്ലാറ്റ്‌ഫോം ഒരുക്കുകയെന്ന ഭഗീരഥ പ്രയത്‌നത്തിലും മുന്നില്‍ തന്നെ നിന്നതും അച്ചന്‍ തന്നെ. യുഎസ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ സ്റ്റേറ്റ്‌സിന്റെ പതിനെട്ടോളം പുരസ്‌ക്കാരങ്ങളാണ്‌ ഈ സ്‌തുത്യര്‍ഹ്യമായ സേവനത്തിന്‌ അദ്ദേഹത്തെ തേടി വന്നത്‌. പുറമേ എക്‌സലന്‍സ്‌ ഇന്‍ ഇന്നവേഷന്‌ അന്താരാഷ്ട്ര അവാര്‍ഡും അച്ചനു സ്വായത്തമായി. ഇതെല്ലാം തന്നെ ഈശ്വരകൃപയുടെ ദൈവീകകടാക്ഷം ഒന്നു കൊണ്ടു മാത്രമാണെന്നു വിനീതനായി അച്ചന്‍ അറിയിക്കുന്നു. ഈശ്വരനെ കണ്ടെത്താനുള്ള എളുപ്പവഴി കഠിനാധ്വാനമാണ്‌, കര്‍മ്മനിരതമായിരിക്കുകയാണ്‌ എന്നു കൂടി തന്റെ ജീവിതത്തിലൂടെ അലക്‌സാണ്ടര്‍ അച്ചന്‍ തെളിയിക്കുന്നു.
വിശുദ്ധിയുടെ രജതജൂബിലി പിന്നിട്ട്‌ ഫാ.അലക്‌സാണ്ടര്‍ ജെ. കുര്യന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക