Image

മന്ത്രി തന്നെ ഏറ്റുപറഞ്ഞു, ദിവസം 1377 ക്രൂരകൃത്യം; ഭയന്നുവിറച്ച് കേരളം

Published on 10 July, 2012
മന്ത്രി തന്നെ ഏറ്റുപറഞ്ഞു, ദിവസം 1377 ക്രൂരകൃത്യം; ഭയന്നുവിറച്ച് കേരളം
തലസ്ഥാന നഗരിയില്‍ പോലും പെണ്‍കുട്ടികളെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോകുമെന്ന അവസ്ഥ. തിരുവനന്തപുരത്ത് തട്ടിക്കൊണ്ടുപോകല്‍ ശ്രമത്തില്‍നിന്ന് പ്ലസ്ടു വിദ്യാര്‍ഥിനി കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. പിടിക്കാനെത്തിയ പൊലീസുകാരനെ കുത്തിക്കൊല്ലാന്‍ ധൈര്യമുള്ള ക്രിമിനല്‍ സംഘങ്ങള്‍. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം രാജ്യത്ത് കുറ്റകൃത്യനിരക്ക് ഏറ്റവും ഉയര്‍ന്ന സംസ്ഥാനമാണ് ഇപ്പോള്‍ കേരളം.തെരുവുകളും നാട്ടിടവഴികളും ക്രിമിനലുകള്‍ കൈയടക്കി. ഇരുള്‍മറയില്‍നിന്ന് ഒരു കൊലക്കത്തി നമുക്കുനേരെ നീണ്ടുവരുന്നു. സംസ്ഥാനം ക്രിമിനലുകളുടെ നിഴലിലായ ഭീതിദമായ വര്‍ത്തമാനകാലത്തെക്കുറിച്ച് ദേശാഭിമാനി ലേഖകര്‍ തയ്യാറാക്കിയ പരമ്പര
ഞായറാഴ്ച പട്ടാപ്പകലാണ് വീണ്ടും നാടിനെ നടുക്കിയ അതിക്രമം നടന്നത്. വൈകിട്ട് ആറിന് തലസ്ഥാന നഗരിയില്‍, തൈക്കാട് സംഗീത കോളേജിനുസമീപത്തുകൂടെ നടന്നുപോകുകയായിരുന്ന പെണ്‍കുട്ടിയെ ഒരു യുവാവ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ബലംപ്രയോഗിച്ചാണ് അക്രമിയുടെ പിടിയില്‍നിന്ന് പെണ്‍കുട്ടിയെ മോചിപ്പിച്ചത്. അക്രമിയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഓടി രക്ഷപ്പെട്ടു. പൊടുന്നനവെ ഒരു കാര്‍ ഓടിയകന്നു. വഴുതക്കാട് കാര്‍മല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി, ആ സംഭവത്തിന്റെ ആഘാതത്തില്‍നിന്ന് ഇപ്പോഴും മുക്തയായിട്ടില്ല. എന്നും നടന്നുപോകുന്ന പെരുവഴിയില്‍പ്പോലും നമ്മുടെ പെണ്‍കുട്ടികള്‍ അരക്ഷിതരാണോ?
ജോലി കഴിഞ്ഞ് വൈകി വീട്ടിലേക്ക് മടങ്ങിയതാണ് വര്‍ക്കല മൈതാനത്തെ ഫാന്‍സി ഷോപ്പിലെ ജോലിക്കാരിയായ ലിജി. ജൂണ്‍ 15ന് വൈകിട്ട് ഏഴോടെ വീടെത്താറായപ്പോഴേക്കും ഇരുളില്‍നിന്ന് ബൈക്കിലെത്തിയ ഒരാള്‍ ആ പെണ്‍കുട്ടിയെ കടന്നുപിടിച്ചു. ചെറുത്ത ലിജിയെ ബൈക്കിനിടിച്ചിട്ട് കടന്നുകളഞ്ഞു ആ നരാധമന്‍. തലസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒമ്പതുദിവസം മരണത്തോട് മല്ലടിച്ച്, വര്‍ക്കല മുണ്ടയില്‍ പഴവിളവീട്ടില്‍ ജയന്റെയും ലീനയുടെയും മകള്‍ ലിജി(19) മരണത്തെ പുല്‍കി. അപ്പോഴും കൊലയാളി നാട്ടില്‍ വിഹരിക്കുകയായിരുന്നു. വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രക്ഷോഭത്തെ തുടര്‍ന്ന് രണ്ടാഴ്ചയ്ക്കുശേഷമാണ് കൊലയാളിയെ പിടികൂടിയത്. മനുഷ്യമനഃസാക്ഷിയെ നടുക്കിയ, മറ്റൊരു സൗമ്യ സംഭവം തന്നെയായിരുന്നു ലിജിയുടേതും. കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടി കൊട്ടപ്പുറത്ത് തേലേരി കത്താലിയുടെ മകന്‍ ഷഹീദ്ബാവ(26) തലയ്ക്കേറ്റ ഗുരുതര പരിക്കിനെ തുടര്‍ന്ന് 2011 ഡിസംബര്‍ 13നാണ് മരിച്ചത്. രാത്രിയില്‍ സംശയസാഹചര്യത്തില്‍ കണ്ടു എന്നാരോപിച്ച് കൊടിയത്തൂര്‍ കോട്ടമ്മല്‍ താഴെമുറിയില്‍, ഡിസംബര്‍ 9ന് രാത്രിയില്‍ ഒരുസംഘമാളുകള്‍ ഷഹീദിനെ താലിബാന്‍ മോഡലില്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. അവശനായ യുവാവിനെ കൈകള്‍ കെട്ടിയിട്ട് തലയ്ക്ക് മാരകമായി അടിച്ചു പരിക്കേല്‍പ്പിച്ചു. അബോധാവസ്ഥയില്‍ യുവാവിനെ ആശുപത്രിയിലെത്തിക്കാനുള്ള നാട്ടുകാരുടെയും ബന്ധുക്കളുടെയും ശ്രമംപോലും അക്രമിസംഘം തടഞ്ഞു. രാത്രി പതിനൊന്നരയോടെ നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസാണ് ഷഹീദിനെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേയ്ക്കും ബാവ പരിക്കേറ്റ് കിടന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചത് ഹിറ്റായിരുന്നു. ഇപ്പോള്‍ ഫാഷനായ "സദാചാര പൊലീസിന്റെ" സമൂഹത്തിനുനേരെയുള്ള തുറന്ന വെല്ലുവിളിയായിരുന്നു കൊടിയത്തൂരില്‍ അന്ന് കേരളം കണ്ടത്.
സംസ്ഥാനത്തെ പൊലീസിപ്പോള്‍ ആട് ആന്റണിയുടെ പിറകെയാണ്. പൊലീസിന്റെ രഹസ്യനീക്കങ്ങള്‍ വരെ കൃത്യമായി അറിയുന്ന ആട് പക്ഷേ, ഒരോ കേന്ദ്രവും മാറി മാറി ഒളിവില്‍ കഴിയുന്നു. ഇപ്പ ശര്യാക്കിത്തരാം എന്ന് വീരവാദം മുഴക്കി പൊലീസ് ഒരോ സ്ഥലത്തെത്തുമ്പോഴേക്കും ആട് കിടന്നിടത്ത് പൂട പോലും ബാക്കിയാകാത്ത അവസ്ഥയാണ്. കൊല്ലം ഓയൂരില്‍ രാത്രിയില്‍ വാഹനപരിശോധനയ്ക്കിടെ പൊലീസുകാരനെ കുത്തിക്കൊന്ന കേസിലെ മുഖ്യ പ്രതിയാണ് ആട് ആന്റണി. കവര്‍ച്ച തടയാന്‍ ശ്രമിക്കുന്ന പൊലീസിനെ വകവരുത്തുന്ന ഉത്തരേന്ത്യന്‍ മോഡല്‍ കവര്‍ച്ചാരീതി കേരളത്തിലും സജീവമാകുകയാണോ? പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ കൊട്ടറ കുന്നുംവാരം കൈതറ പൊയ്കവിളവീട്ടില്‍ മണിയന്‍പിള്ള(47)യാണ് വാഹനപരിശോധനയ്ക്കിടെ കഴിഞ്ഞമാസം 25ന് പുലര്‍ച്ചെ ഒന്നിന് കുത്തേറ്റുമരിച്ചത്. ഒപ്പം കുത്തേറ്റ എഎസ്ഐ ഓയൂര്‍ ചെങ്കുളം സ്വദേശി ജോയി ആശുപത്രിയിലുമായി. സഹപ്രവര്‍ത്തകരെ കൊന്ന കേസായിട്ടു പോലും - സംഭവം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും- പൊലീസിന്റെ ശുഷ്കാന്തിക്ക് കാര്യമായ പുരോഗതി ഉണ്ടായില്ല.
ജൂലൈ ആറിന്റെ നിയമസഭാസമ്മേളനത്തില്‍, ആഭ്യന്തരവകുപ്പിന്റെ ചോദ്യോത്തരവേളയില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നല്‍കിയ മറുപടി ഈ പശ്ചാത്തലത്തില്‍ ഏറെ പ്രസക്തമാണ്. ഈവര്‍ഷം ഇതുവരെ 2,44,406 ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് മന്ത്രി പറഞ്ഞത്. അതായത് ആറുമാസംകൊണ്ട് രണ്ടരലക്ഷം. കൃത്യമായി പറഞ്ഞാല്‍ മാസം 40,734 കേസ്. ദിവസം 1377 ക്രിമിനല്‍ കേസ്. സിവില്‍ കേസ് ഉള്‍പ്പെടാതെയുള്ള ഈ കണക്ക് വെളിപ്പെടുത്തിയത് ആഭ്യന്തരമന്ത്രി തന്നെയായതിനാല്‍ സംശയിക്കേണ്ട കാര്യമില്ല. കള്ളനോട്ട്, ഹവാല കേസുകളും മദ്യഉപയോഗം മൂലമുണ്ടാകുന്ന അക്രമങ്ങളും വല്ലാതെ കൂടുന്നുണ്ടെന്നും തിരുവഞ്ചൂരിന് സമ്മതിക്കേണ്ടിവന്നു. എന്തിനേറെ അഞ്ചുവയസ്സിന് താഴെയുള്ള രണ്ട് കുഞ്ഞുങ്ങള്‍ വരെ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരവും മന്ത്രി പറഞ്ഞുതന്നെ നമ്മളറിഞ്ഞു. എന്താണ് പെട്ടെന്ന് നമ്മുടെ നാടിന് സംഭവിച്ചത്? നമ്മുടെ നിഴല്‍പ്പാടിനപ്പുറം ഏതുനിമിഷവും ചാടിവീഴാവുന്ന മുഖംമൂടിക്കാരന്‍ സ്ഥാനമുറപ്പിച്ചത് എപ്പോഴാണ്? പൊതുഇടങ്ങളിലും നമ്മുടെ സ്വകാര്യതയിലുംവരെ ക്രൂരതയുടെ ദംഷ്ട്രകള്‍ നീണ്ടുവരികയാണ്. ഒറ്റവര്‍ഷം കൊണ്ട് പെട്ടെന്ന് രോഗാതുരമായ സമൂഹമായി നാട് മാറാന്‍ എന്തുണ്ട് കാരണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക