Image

കുവൈറ്റില്‍ പാര്‍ട്ട്‌ടൈം ജോലി നിയമവിധേയമാക്കാന്‍ ആലോചന

Published on 10 July, 2012
കുവൈറ്റില്‍ പാര്‍ട്ട്‌ടൈം ജോലി നിയമവിധേയമാക്കാന്‍ ആലോചന
കുവൈത്ത്‌ സിറ്റി: നിലവിലെ നിയമത്തില്‍ മാറ്റം വരുത്തി ഒരു തൊഴിലാളിയെ തന്നെ ഒന്നില്‍ കൂടുതല്‍ തൊഴിലുടമകള്‍ക്ക്‌ കീഴില്‍ ജോലി ചെയ്യാന്‍ അനുവദിക്കാന്‍ അധികൃതര്‍ ആലോചിക്കുന്നു. രാജ്യത്ത്‌ നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന കമ്പനികളിലെ തൊഴിലാളികളായിരിക്കണം എന്ന നിബന്ധനയോടെയാണ്‌ ഇതിന്‌ അനുവാദം നല്‍കുക. പേരില്‍ മാത്രം ഒതുങ്ങുന്ന ഊഹ കമ്പനി വിസയിലെത്തിയവര്‍ക്ക്‌ ഇത്‌ ബാധകമായിരിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

സാമൂഹിക തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ജമാല്‍ അല്‍ ദൂസരിയാണ്‌ ആയിരക്കണക്കിന്‌ പ്രവാസികള്‍ക്ക്‌ പ്രയോജനകരമാകുന്ന ഇക്കാര്യം വെളിപ്പെടുത്തിയത്‌. ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്‌. ഇത്‌ അവസാനിക്കുന്ന മുറക്ക്‌ മന്ത്രിതല ഉത്തരവ്‌ പുറപ്പെടുവിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ കാരണങ്ങളാല്‍ പുതിയ തൊഴിലാളികളെ കൊണ്ടുവരാനുള്ള അനുവാദം തടയപ്പെട്ട കമ്പനികളും തൊഴിലുടമകളും നേരിടുന്ന ആള്‍ക്ഷാമം പരിഹരിക്കുകയാണ്‌ ഇതുവഴി അധികൃതര്‍ ലക്ഷ്യമിടുന്നത്‌. പുറത്തുനിന്ന്‌ ജോലിക്കാരെ കൊണ്ടുവരാതെ രാജ്യത്തുള്ളവരെ തന്നെ ഉപയോഗപ്പെടുത്തി തൊഴില്‍ വിപണി നേരിടുന്ന പുതിയ പ്രതിസന്ധി ഇല്ലാതാക്കാന്‍ പറ്റുമെന്നാണ്‌ മന്ത്രാലയത്തിന്റെ കണക്കുക്കൂട്ടല്‍.
രാജ്യത്തെ വിദേശി തൊഴില്‍ മാര്‍ക്കറ്റ്‌ ക്രമീകരിക്കുന്നതിന്‌ സ്വീകരിച്ചുവരുന്ന വിവിധ നടപടികളുടെ ഭാഗമാണ്‌ ഇതും. നിലവില്‍ സ്വന്തം സ്‌പോണ്‍സറുടെ കീഴില്‍ മാത്രമേ ജോലി ചെയ്യാന്‍ തൊഴിലാളിക്ക്‌ അനുവാദമുള്ളൂ. അടിസ്ഥാന ജോലിക്ക്‌ പുറമെ മറ്റ്‌ സ്ഥാപനങ്ങളിലും കമ്പനികളിലും ജോലി ചെയ്യുന്നത്‌ നിയമലംഘനമായാണ്‌ കണക്കാക്കപ്പെടുന്നത്‌. അടുത്തിടെയായി നടന്ന വ്യാപക പരിശോധനകളിലും മറ്റും ഇത്തരത്തില്‍ നിരവധിപേര്‍ പിടിക്കപ്പെട്ടത്‌ കാരണം പലയിടങ്ങളിലും തൊഴിലാളികളുടെ കുറവ്‌ അനുഭവപ്പെട്ടിട്ടുണ്ട്‌.

രാജ്യത്ത്‌ വിദേശികളുടെ അനുപാതം കുറക്കാനും തൊഴിലവസരമില്ലാതെ ആളുകളെ ഇറക്കുമതി ചെയ്‌ത്‌ നടത്തുന്ന മനുഷ്യക്കടത്ത്‌ പോലുള്ള തെറ്റായ പ്രവണത ഇല്ലാതാക്കാനും പുതിയ നിയമത്തിലൂടെ സാധിക്കുമെന്ന്‌ ചൂണ്ടിക്കാട്ടപ്പെടുന്നു. ഗാര്‍ഹിക തൊഴിലാളികള്‍ക്ക്‌ സ്‌പോണ്‍സറുടെ, അല്ലെങ്കില്‍ സ്‌പോണ്‍സറുടെ അടുത്ത കുടുംബക്കാരുടെ കീഴിലുള്ള തൊഴില്‍ വിസകളിലേക്ക്‌ മാറാനുള്ള അനുമതി ഏതാനും ദിവസം മുമ്പ്‌ പ്രാബല്യത്തില്‍ വന്നിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ ഷുഊന്‍ വിസക്കാര്‍ക്ക്‌ ആശ്വാസമാകുന്ന തരത്തിലുളള നിയമനിര്‍മാണത്തെ കുറിച്ച്‌ അധികൃതര്‍ ചിന്തിക്കുന്നത്‌. നിയമം പ്രാബല്യത്തില്‍ വരികയാണെങ്കില്‍ മലയാളികളുള്‍പ്പെടെ കുറഞ്ഞ ശമ്പളത്തിന്‌ ജോലിചെയ്യുന്ന വിദേശികള്‍ക്ക്‌ പേടിയില്ലാതെ തന്നെ മറ്റിടങ്ങളില്‍ പാര്‍ടൈം ജോലിയില്‍ ഏര്‍പ്പെടാന്‍ സൗകര്യമൊരുങ്ങും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക