Image

അമ്മയ്ക്ക് ഭക്ഷണം വിളമ്പാന്‍ ഉപയോഗിച്ചിരുന്ന ചിരട്ടകള്‍

Published on 10 July, 2012
അമ്മയ്ക്ക് ഭക്ഷണം വിളമ്പാന്‍ ഉപയോഗിച്ചിരുന്ന ചിരട്ടകള്‍
പ്രായമായ അമ്മയ്ക്ക് ഭക്ഷണം വിളമ്പാന്‍ ഉപയോഗിച്ചിരുന്ന ചിരട്ടകള്‍ അവരുടെ മരണ ശേഷം നശിപ്പിക്കാന്‍ ശ്രമിക്കുന്ന മകനോട് അതെന്തിന് നശിപ്പിക്കണമെന്ന് ചോദിക്കുകയും അച്ഛന് വയസാകുമ്പോള്‍ ഉപകരിക്കുമല്ലോ എന്ന സ്വന്തം മകന്റെ ചോദ്യവും വെറും സാഹിത്യ ഭാവനയാകാം.

പക്ഷേ അതിലൊളിഞ്ഞ് കിടക്കുന്ന ഒരു മഹാ ദുഖ: സത്യം ആധുനിക കുടുംബ ജീവിതത്തിന്റെ നടുഛേദമാണ്.

ശാസ്ത്ര യുഗത്തിന്റെ ശീഘ്രതയും, തീവ്രതയും മനുഷ്യ ജീവിതങ്ങളെയും നേരിട്ട് ബാധിക്കുമ്പോള്‍ ഇവിടെ ശിഥിലമായിപോകുന്നത് പവിത്രമായ കുടും ബന്ധങ്ങളാണ്. തങ്ങളുടെ സൗകര്യത്തിനായി മൂന്നു വയസാകും മുമ്പ് തന്നെ മക്കളെ പ്ലേ സ്‌കൂളുകളിലും, കിന്റണ്‍ ഗാര്‍ഡനിലും അയക്കുന്ന അച്ഛനമ്മമാരെ വയസാകുമ്പോള്‍ മക്കള്‍ വൃദ്ധമന്ദിരങ്ങളില്‍ അയച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകുമോ?

ശരിയും, തെറ്റും, കുറ്റവും, കുറ്റപ്പെടുത്തലുകളും ആര്‍ക്കും ഗുണകരമല്ല. പലകാരണങ്ങളാല്‍ സമൂഹത്തില്‍ നിസഹായരായി ഒറ്റപ്പെട്ടുപോകുന്ന വൃദ്ധത്വത്തിന് സാന്ത്വനമായി ദുഷ്ടലാക്കില്ലാതെ പ്രവര്‍ത്തിക്കുന്ന ആരെങ്കിലുമുണ്ടായാലെ തീരൂ. നീലേശ്വരം പള്ളിക്കരയിലെ 'സാകേതം' സംഘ ബന്ധുക്കളായ ഏതാനും ചെറുപ്പക്കാരുടെ സംരംഭമാണ്. വിദേശത്തു നിന്നും ഒഴുകിയെത്തുന്ന സമ്പത്തോ, മതപരിവര്‍ത്തനത്തിന്റെ നിഗൂഢ ലക്ഷ്യമോ, നടത്തിപ്പിന്റെ ലാഭക്കൊതിയോ സംഘാടകരുടെ ലക്ഷ്യമല്ല. അന്തേവാസികളായ അശരണരായ വൃദ്ധ ജനങ്ങളുടെ ആത്മനൊമ്പരങ്ങള്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ക്കും സ്വാന്തനമേകുമ്പോള്‍ ദൈന്യതയാര്‍ന്ന അവരുടെ മുഖത്ത് തെളിയുന്ന ആശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പുഞ്ചിരി തന്നെയാണ് ഇവര്‍ പ്രതീക്ഷിക്കുന്ന ഏറ്റവും വലിയ പ്രിതിഫലം.

നീലേശ്വരം കേന്ദ്രമാക്കി പ്രവര്‍ത്തനമാരംഭിച്ച വിവേകാനന്ദ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലാണ് വൃദ്ധസാധനാ കേന്ദ്രമായ 'സാകേതം' പ്രവര്‍ത്തിക്കുന്നത്. സ്വന്തമായി കെട്ടിടവും 20 സെന്റ് സ്ഥലവുമുണ്ട്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി എട്ടുപേരാണ് അന്തേവാസികളായി ഇപ്പോഴുള്ളത്. ഇവര്‍ക്കുള്ള ഭക്ഷണം ആയ്യുര്‍വേദ, അലോപതി ചികിത്സ സൗകര്യം, വിനോദ ഉപാധികള്‍ എന്നിവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇവരുടെ കൂട്ടായ്മയില്‍ നടത്തിയ നേന്ത്രവാഴ കൃഷിയുടെ വിളവെടുപ്പ് ഈയിടെയാണ് നടന്നത്. മരച്ചീനി, മറ്റു കിഴങ്ങു വര്‍ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവ തൊടിയില്‍ യഥേഷ്ടം കൃഷി ചെയ്തു വരുന്നുണ്ട്. എഴുപതുകാരനായ ഗോപിസ്വാമിയാണ് കൃഷിപ്പണിയുടെ മേല്‍നോട്ടം വഹിക്കുന്നത്.

കുഞ്ഞിരാമന്‍(73) നീലേശ്വരം, കരുണാകരന്‍പിള്ള(65) എറണാകുളം, സുധാകരന്‍(70), ചന്ദ്രന്‍(75) പാലക്കാട്, ധരണേന്ദ്രന്‍(67) തിരുവനന്തപുരം, കൊട്ടന്‍(70) നീലേശ്വരം, അമ്പാടി(80) മയ്യിച്ച എന്നിവര്‍ അന്തേവാസികളാണ്.

സാകേതത്തില്‍ ഒരു വനിതയടക്കം രണ്ട് ജീവനക്കാരുണ്ട്. ട്രസ്റ്റ് പ്രസിഡണ്ട് ബാലകൃഷ്ണന്‍, സെക്രട്ടറി കെ. ബാലന്‍, ഖജാന്‍ജി രാജീവന്‍, മറ്റംഗങ്ങള്‍ നിത്യ സന്ദര്‍ശകരായെത്തി സാകേതത്തിന്റെ പ്രവര്‍ത്തനത്തില്‍ മേല്‍നോട്ടം വഹിക്കുന്നു.

സമീപ പ്രദേശങ്ങളില്‍ വിവാഹം, ഗൃഹപ്രവേശനം, മറ്റു അടിയന്തിരങ്ങള്‍ എന്നിവ നടക്കുമ്പോള്‍ അതാതു വീട്ടുകാര്‍ ഒരു തുകയോ ഭക്ഷണ പദാര്‍ത്ഥങ്ങളോ സാകേത്തതിന് നല്‍കുന്ന പതിവ് പ്രചാരത്തില്‍ വന്നതും, ഉദാരമതികളുടെ സംഭാവനയും ട്രസ്റ്റിന്റെ പ്രവര്‍ത്തനം എളുപ്പമാക്കുന്നു.

സാകേതത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സഹകിരിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് നീലേശ്വരം എസ്.ബി.ടി, അക്കൗണ്ട് നമ്പര്‍ 67153717684 ല്‍ പണം നിക്ഷേപിക്കാവുന്നതാണ്. ഫോണ്‍: 0467 2283180, 9446487733, 9895869846.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക