Image

അടിസ്ഥാന സൗകര്യ വികസനം: ഖത്തറിലേക്ക്‌ പ്രവാസികളുടെ ഒഴുക്ക്‌ കൂടുന്നു

Published on 09 July, 2012
അടിസ്ഥാന സൗകര്യ വികസനം: ഖത്തറിലേക്ക്‌ പ്രവാസികളുടെ ഒഴുക്ക്‌ കൂടുന്നു
ദോഹ: ഖത്തറിലേക്ക്‌ പ്രവാസി തൊഴിലാളികളുടെ വരവ്‌ കൂടുന്നതായി ഇതുസംബന്ധിച്ച ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. 2022ലെ ലോകകപ്പിന്‌ മുന്നോടിയായി അടിസ്ഥാനസൗകര്യമേഖലയില്‍ പുതിയ പദ്ധതികള്‍ക്ക്‌ തുടക്കം കുറിച്ചതാണ്‌ പ്രവാസികളുടെ വരവ്‌ കൂടാന്‍ കാരണമായത്‌. വരും വര്‍ഷങ്ങളിലും പ്രവാസികളുടെ ഒഴുക്കില്‍ ഗണ്യമായ വര്‍ധനവുണ്ടാകുമെന്നാണ്‌ വിവിധ റിക്രൂട്ട്‌മെന്‍റ്‌ ഏജന്‍സികളുടെ വിലയിരുത്തല്‍.

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഖത്തറിലെ മൊത്തം ജനസംഖ്യയില്‍ ആറ്‌ ശതമാനം വര്‍ധനവുണ്ടായതായി ഖത്തര്‍ സ്റ്റാറ്റിസ്റ്റിക്‌സ്‌ അതോറിറ്റിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞവര്‍ഷം ജൂലൈ മൂന്നിന്‌ 1,62,4,761ആയിരുന്നു രാജ്യത്തെ ജനസംഖ്യ. ഇത്‌ ഈ വര്‍ഷം ജൂണ്‍ 30ലെ കണക്ക്‌ പ്രകാരം 17,22,438 ആണ്‌.

97,677 പേരുടെ വര്‍ധനവാണ്‌ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ചുണ്ടായത്‌. 2010നെ അപേക്ഷിച്ച്‌ കഴിഞ്ഞവര്‍ഷം ജനസംഖ്യയില്‍ 4.3 ശതമാനം വര്‍ധനവ്‌ രേഖപ്പെടുത്തിയിരുന്നു. 70,300 പേരുടെ വര്‍ധനവ്‌ ഈ കാലയളവിലുണ്ടായി.

സ്‌ത്രീകളെ അപേക്ഷിച്ച്‌ പുരുഷന്‍മാരുടെ എണ്ണത്തില്‍ ഇരട്ടിയിലധികം വര്‍ധനവാണ്‌ ഉണ്ടായിട്ടുള്ളത്‌. രാജ്യത്ത്‌ തൊഴില്‍ തേടിയത്തെുന്നവരില്‍ ഭൂരിഭാഗവും പുരുഷന്‍മാരാണെന്നതാണ്‌ കാരണം.
നിലവിലെ ജനസംഖ്യയില്‍ 13,03,064 പേര്‍ പുരുഷന്‍മാരും 4,19,374 പേര്‍ സ്‌ത്രീകളുമാണ്‌. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ പുരുഷന്‍മരുടെ എണ്ണത്തില്‍ 68,381 പേരുടെയും സ്‌ത്രീകളില്‍ 29,296 പേരുടെയും വര്‍ധനവുണ്ടായി. ജൂണ്‍ 30 ന്‌ രാജ്യത്തിന്‌ പുറത്തുള്ളവരെ ഉള്‍പ്പെടുത്താതെയുള്ള കണക്കാണിത്‌. കഴിഞ്ഞവര്‍ഷം മെയ്‌ മാസത്തിലാണ്‌ ചരിത്രത്തിലാദ്യമായി രാജ്യത്തെ ജനസംഖ്യ 17 ലക്ഷം കടന്നത്‌. ഇനിയും കൂടുതല്‍ വികസന പദ്ധതികള്‍ ആരംഭിക്കാനിരിക്കെ പ്രവാസികളുടെ വരവ്‌ വര്‍ധിക്കുമെന്ന്‌ റിക്രൂട്ട്‌മെന്‍റ്‌ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞവര്‍ഷം തൊഴിലാളികളുടെ റിക്രൂട്ട്‌മെന്‍റില്‍ 20 ശതമാനം വര്‍ധവുണ്ടായി. ഇന്ത്യയും നേപ്പാളുമടക്കമുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ്‌ പ്രധാനമായും റിക്രൂട്ട്‌മെന്‍റ്‌ നടന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക