Image

തൂവല്‍ നിറച്ച തലയണകള്‍ - നെല്ലിക്കുന്ന്

നെല്ലിക്കുന്ന് Published on 09 July, 2012
തൂവല്‍ നിറച്ച തലയണകള്‍ - നെല്ലിക്കുന്ന്
ഇയ്യിടെ അവള്‍ക്കെന്തൊക്കെയോ മാറ്റം സംഭവിച്ചിട്ടുണ്ട്. എന്താണാവോ കാരണം? അയാള്‍ക്കദ്ഭുതം തോന്നി.

അവധി ദിവസങ്ങളിലെ അവളുടെ നീണ്ട ഷോപ്പിങ്ങുകളും വ്യായാമ സങ്കേതത്തിലേക്കുള്ള പ്രയാണങ്ങളും ആദ്യമൊക്കെ അയാള്‍ കൗതുകത്തോടെയാണ് വീക്ഷിച്ചത്. ബ്യൂട്ടിപാര്‍ലറുകള്‍ സന്ദര്‍ശിച്ചതിന്റെ സുദീര്‍ഘമായ വിവരണങ്ങള്‍ അയാള്‍ ക്ഷമയോടെ കേട്ടുകൊണ്ടിരുന്നു. ദിവസവും നിലക്കണ്ണാടിയുടെ മുന്‍പില്‍ മേക്കപ്പിനു വേണ്ടി ധാരാളം സമയം ചെലവഴിക്കുക എന്നത് അവളുടെ ദിനചര്യയുടെ ഭാഗ്യമായി മാറുന്നത് അയാള്‍ക്ക് ശ്രദ്ധിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

ഒരിക്കല്‍ ഷോപ്പിങ്ങുകഴിഞ്ഞ് രണ്ടു പുതിയ തലയണകളുമായി വന്നു. തൂവല്‍ നിറച്ച തലയണകള്‍. അവയുടെ നേര്‍മ്മയും ഭംഗിയും അയാളെ ഏറെ ആകര്‍ഷിച്ചു.

പിന്നീടൊരു ദിവസം അവള്‍ ജോലിക്ക് പോയപ്പോള്‍ അയാള്‍ രഹസ്യമായി ആ തലയണകളെടുത്തു മടിയില്‍ വച്ചു. അയാള്‍ക്ക് അവയെ ലാളിക്കാനും താലോലിക്കാനും തോന്നി. അവയുടെ തൂവല്‍സ്പര്‍ശം അയാള്‍ അനുഭവിച്ച് ആസ്വദിച്ചു. തന്റെ ഭാര്യ അത്തരം ഓമനത്തമുള്ള തലയണകള്‍ കണ്ടെത്തിയതില്‍ അയാള്‍ ഗൂഢമായി ആനന്ദിച്ചു.

അക്കാലത്ത് അവളുടെ മൗനത്തിന്റെ നിമിഷങ്ങള്‍ നീളുകയും അപ്പോഴെല്ലാം നീണ്ട നിശ്വാസങ്ങള്‍ അവളറിയാതെ അവളില്‍നിന്നുതിരുകയും ചെയ്തു. ആ തൂവല്‍ത്തലയണകളില്‍ അഭയം തേടുമ്പോഴാണ് അവള്‍ ദീര്‍ഘചിന്തകളില്‍ ആമഗ്നയായിത്തീര്‍ന്നിരുന്നത്.

അയാള്‍ മുറിയില്‍ വന്ന അവസരങ്ങളില്‍ അവളുടെ മനസ്സ് മറ്റെവിടെയോ ആയിരുന്നു. നിദ്രയില്‍ വീണുകിട്ടാത്ത മറ്റേതോ വിശ്രമസങ്കേതങ്ങള്‍ അവളുടെ തിളങ്ങുന്ന കണ്ണുകളില്‍ അയാള്‍ കണ്ടു. അവളുടെ ഏകാന്തതയെ അയാള്‍ ഒരിക്കലും അലോസരപ്പെടുത്തിയില്ല.

ആ തലയണകളെയും അവ സൂക്ഷിച്ചിരുന്ന മെത്തയെയും അതു കിടന്നിരുന്ന മുറിയെയും അവള്‍ ഇഷ്ടപ്പെടുന്നുവെന്ന് അയാളറിഞ്ഞു. അവയെ വിട്ടുപോകാനാവാത്തവണ്ണം അവളെപ്പോഴും അവയില്‍ തല ചായ്ച്ചു കിടന്നു.

അവളുടെ സൈ്വര്യംകെടുത്താതിരിക്കാന്‍ അയാള്‍ പലപ്പോഴും അടുക്കളയില്‍ കയറി തന്നത്താന്‍ ഭക്ഷണം പാകം ചെയ്തു. ചൂടുള്ള കാപ്പി അവള്‍ക്കുവേണ്ടി അയാള്‍ കിടപ്പറയില്‍ കൊണ്ടുചെന്നെങ്കിലും അല്പം സ്വസ്ഥതയും വിശ്രമവും മാത്രമാണു തനിക്കു വേണ്ടതെന്ന് അവള്‍ പറഞ്ഞു.

വീട്ടുകാര്യങ്ങളില്‍ അവള്‍ കാണിച്ച അനാസ്ഥ അയാളെ അമ്പരപ്പിക്കാതിരുന്നില്ല. എങ്കിലും ജോലിസ്ഥലത്തെ ബുദ്ധിമുട്ടുകളും തൊഴുത്തില്‍ക്കുത്തുമൊക്കെയാവാം ഇതിനെല്ലാം കാരണമെന്ന് അയാള്‍ ആശ്വസിച്ചു.

വാരാന്ത്യത്തില്‍ ജിമ്മിയുടെ വീട്ടില്‍ നടക്കാനിരുന്ന വിരുന്നിനെക്കുറിച്ച് അയാള്‍ ഭാര്യയെ വീണ്ടും ഓര്‍മ്മിപ്പിച്ചു. എന്നാല്‍ അവള്‍ അതില്‍ തീരെ താല്പര്യം കാട്ടിയില്ല. ഞാനിവിടെയെങ്ങാനും കിടന്നുകൊള്ളാം. നിങ്ങള്‍ പോയേച്ചു വന്നാ മതി.

വിരുന്നിനു പോവാന്‍ കൂട്ടാക്കാതെ അവള്‍ തന്റെ സ്വകാര്യമായ ഏകാന്തതയില്‍ തൂവല്‍ത്തലയണകളെ കൂട്ടുപിടിച്ചു കിടന്നു.

ജിമ്മിയുടെ സ്വീകരണമുറിയില്‍ അയാള്‍ ഏറെ നേരം ചെലവഴിച്ചു. സംസാരത്തിനിടയ്ക്ക് ജിമ്മി ആയിടെ വാങ്ങിയ തൂവല്‍ത്തലയണകള്‍ അയാളെ കാണിച്ചു. അവയില്‍ തലവെച്ചു കിടക്കുമ്പോഴുണ്ടാകുന്ന സുഖത്തെക്കുറിച്ചു ജിമ്മി വിവരിച്ചപ്പോള്‍ അയാള്‍ തലയാട്ടി കേട്ടു കൊണ്ടിരുന്നു.
തൂവല്‍ നിറച്ച തലയണകള്‍ - നെല്ലിക്കുന്ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക