Image

നായിക തിരിച്ചെത്തുന്നു

Published on 07 July, 2012
നായിക തിരിച്ചെത്തുന്നു
സമീപകാല മലയാള സിനിമ പറഞ്ഞുകേട്ട ഏറ്റവും പ്രധാന കാര്യമായിരുന്നു നായികാ ദാരിദ്രം. നല്ല നായികമാരില്ലാത്തതിനാല്‍ നായികക്ക്‌ പ്രധാന്യമുള്ള നല്ല സിനിമകള്‍ ഉണ്ടാകുന്നില്ല എന്നായിരുന്നു സംവിധായകരുടെയും തിരക്കഥാകൃത്തുക്കളുടെയും ആരോപണം. എന്നാല്‍ യഥാര്‍ഥത്തില്‍ സംഭവിച്ചത്‌ നായികമാരുടെ ഇല്ലായ്‌മയായിരുന്നില്ല മറിച്ച്‌ നായികയോടുള്ള അവഗണനയായിരുന്നു. സൂപ്പര്‍താര നിര്‍മ്മിതികള്‍ കടുത്തപ്പോള്‍ സിനിമ നായകനു ചുറ്റും മാത്രമായി ഒതുങ്ങിയപ്പോള്‍ മലയാളത്തില്‍ ആണ്‍ താരങ്ങള്‍ മാത്രം മതിയെന്ന അവസ്ഥയായി. നായികമാരെ ഉപയോഗപ്പെടുത്തുന്നത്‌ ഡാന്‍സ്‌ കളിക്കുക, പാട്ടുപാടുക, ടേബിളില്‍ ഭക്ഷണം വിളമ്പുക, അല്‌പവസ്‌ത്രധാരണികളായി അരങ്ങൊരുക്കുക തുടങ്ങിയ രംഗങ്ങളില്‍ മാത്രമായി.

മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊക്കെ ഒപ്പം തന്നെ നിന്നുകൊണ്ട്‌ ഒരുകാലത്ത്‌ ശോഭനയും രേവതിയും രഞ്‌ജിനിയും ഉര്‍വശിയും പാര്‍വ്വതിയും മഞ്‌ജുവാര്യരുമൊക്കെ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന കാലഘട്ടം അവസാനിച്ചതിനു കാരണം മലയാള സിനിമയില്‍ സൂപ്പര്‍താര നിര്‍മ്മിതി ശക്തമായതാണ്‌. അവടെവെച്ചാണ്‌ നായിക സിനിമയുടെ പുറത്തേക്ക്‌ തെറിച്ചത്‌. കിലുക്കം എന്ന സിനിമയില്‍ രേവതിയും മണിച്ചിത്രത്താഴില്‍ ശോഭനയും തന്നെയാണ്‌ കേന്ദ്രകഥാപാത്രങ്ങള്‍ എന്നത്‌ എപ്പോഴും അംഗീകരിക്കപ്പെടുന്ന ഒന്നാണ്‌. സല്ലാപത്തില്‍ മഞജുവാര്യര്‍ തന്നെയായിരുന്നു കേന്ദ്രകഥാപാത്രം. ഇത്തരം ശക്തമായ സ്‌ത്രീ കഥാപാത്രങ്ങള്‍ അരങ്ങൊഴിഞ്ഞു പോയതിന്‌ പിന്നില്‍ സൂപ്പര്‍താര നിര്‍മ്മിതിയിലേക്ക്‌ സിനിമ ചുരുങ്ങിയത്‌ തന്നെ കാരണം.

എന്നാലിന്ന്‌ മലയാള സിനിമ നായികയിലേക്ക്‌ മടങ്ങി വരുകയാണ്‌. ഒപ്പം സൂപ്പര്‍താര ചിത്രങ്ങളില്‍ പ്രേക്ഷകന്‍ മനം മടുപ്പ്‌ കാണിക്കുകയും ചെയ്‌തിരിക്കുന്നു. നായകന്റെ മെയിന്‍ഓര്‍ഗന്‍ മുറിച്ചുമാറ്റി പ്രതികാരം ചെയ്യുന്ന സെന്‍ട്രല്‍ ഫോക്കസായി സിനിമയില്‍ നായിക മാറിയിരിക്കുന്നു. ഹീറോയുടെ ചിത്രം എന്നത്‌ മാറി ഹീറോയിനിലേക്ക്‌ സിനിമ മാറ്റപ്പെടുമ്പോഴും പ്രേക്ഷകര്‍ ആവേശത്തോടെ തീയേറ്ററിലേക്കെത്തി എന്നത്‌ ഒരു വലിയ മാറ്റത്തെയാണ്‌ കാണിക്കുന്നത്‌.

നായകന്‍ മാത്രം മതിയെന്ന തീരുമാനം തീര്‍ച്ചയായും സൂപ്പര്‍താരങ്ങളുടേത്‌ മാത്രമാകാന്‍ വഴിയില്ല. സൂപ്പര്‍താര സിനിമകള്‍ വിജയിച്ചു വന്നപ്പോള്‍ അതൊരു എളുപ്പവഴിയായി കണ്ട എഴുത്തുകാരും, സംവി ധായകരും, നിര്‍മ്മാതാക്കളുമെല്ലാം ചേര്‍ന്നാണ്‌ നായികയെ മലയാള സിനിമയില്‍ നിന്നും പുറംതള്ളിയത്‌. എന്നാലിപ്പോള്‍ സൂപ്പര്‍ താരാധിപത്യം അവസാനിക്കുന്നതിന്റെ സൂചനകളായി ന്യൂജനറേഷന്‍ സിനിമകള്‍ വിജയിക്കുകയും കോബ്രയും, കാസനോവയും പോലുള്ള സൂപ്പര്‍താര മെഗാബജറ്റ്‌ ചിത്രങ്ങള്‍ അമ്പേ പരാജയപ്പെടുകയും ചെയ്യുമ്പോള്‍ ഈ പുതിയ സ്ഥിതി വിശേഷം തിരിച്ചുകൊണ്ടുത്തരുന്നത്‌ മലയാള സിനിമയുടെ നായികയെയാണ്‌.

ഇടക്കാലത്ത്‌ മലയാള സിനിമയില്‍ നിന്നും മടങ്ങിപ്പോയിരുന്ന മീരാജാസ്‌മിന്‍ തിരികെയെത്തുന്നു എന്നത്‌ ഇവിടെ ശ്രദ്ധേയമായ ഒരുകാര്യമാണ്‌. വ്യക്തിജീവിതത്തില്‍ എന്തൊക്കെ വിവാദങ്ങള്‍ സംഭവിച്ചാലും മലയാള സിനിമയിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിരുന്നു മീരാജാസ്‌മിന്‍. മീരക്ക്‌ മലയാള സിനിമ വിട്ടുമാറേണ്ടി വന്നതിന്‌ പല കാരണങ്ങളും പലരും മെനഞ്ഞെടുത്തിരുന്നു. പക്ഷെ ഇപ്പോള്‍ മീര തിരിച്ചു വന്നിരിക്കുന്നു. ബാബുജനാര്‍ദ്ദനന്‍ സംവിധാനം ചെയ്യുന്ന ലിസമ്മയുടെ വീട്‌ എന്ന ചിത്രത്തിലൂടെ. അച്ഛനുറങ്ങാത്ത വീട്‌ എന്ന സിനിമയുടെ രണ്ടാംഭാഗമാണ്‌ ലിസമ്മയുടെ വീട്‌. അച്ഛനുറങ്ങാത്ത വീട്‌ എന്ന ചിത്രത്തിലെ ലിസമ്മ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ്‌ പുതിയ ചിത്രം ഒരുക്കുന്നത്‌. മീരാജാസ്‌മിന്‍ ലിസമ്മയെ അവതരിപ്പിക്കുന്നു.

മലയാളത്തിലേക്ക്‌ തിരിച്ചെത്തിയ മീര പറഞ്ഞത്‌ ഇടക്കാലത്ത്‌ സിനിമയില്‍ നിന്നും മാറിനില്‍ക്കാന്‍ വ്യക്തമായ കാരണങ്ങളുണ്ടായിരുന്നുവെന്നാണ്‌. ``തിരക്കിട്ട്‌ അഭിനയിച്ചിരുന്ന ഒരു ജീവിതത്തോട്‌ താത്‌പര്യം കുറഞ്ഞു. നല്ല കഥാപാത്രങ്ങള്‍ വേണമെന്ന്‌ വല്ലാത്ത അഭിനിവേശം തോന്നി. അത്തരം കഥാപാത്രങ്ങള്‍ തേടി വരുന്ന സാഹചര്യമില്ലാതെയായി. എപ്പോഴും ഒരേപോലത്തെ വേഷങ്ങള്‍, ഓരേപോലെയുള്ള കാരക്‌ടറുകള്‍. ഒരേകടലും, കസ്‌തൂരിമാനുമൊക്കെപോലെ നല്ല സിനിമകള്‍ വരാതായപ്പോള്‍ സിനിമയില്‍ നിന്നും ഞാന്‍ മാറിനിന്നു. അതിനൊരു മടിയും തോന്നിയില്ല. എന്റേതായ ഒരുപാട്‌ കാര്യങ്ങള്‍ ചെയ്‌തു തീര്‍ത്തു. യാത്രകള്‍ ചെയ്‌തു. സ്വകാര്യജീവിതം ആസ്വദിച്ചു. ഇപ്പോള്‍ നല്ലൊരു സിനിമയിലേക്ക്‌ എന്നെ വിളിച്ചപ്പോള്‍ നല്ലൊരു കഥാപാത്രം തന്നപ്പോള്‍ ആവേശത്തോടെ തന്നെ മടങ്ങിവരുന്നു''. ഇതാണ്‌ മീര തന്റെ ഇടവേളയെക്കുറിച്ച്‌ പറയുന്നത്‌.

മീരയുടെ തുറന്നു പറച്ചിലിലും ഒരു വാസ്‌തവമുണ്ട്‌. എത്രകാലം പാട്ടും ഡാന്‍സുമായി ഒരു നായിക ഒരേ തോണിയില്‍ തുഴഞ്ഞു പോകും. അതും അഭിനയ ശേഷിയുള്ള ഒരു ആര്‍ട്ടിസ്റ്റ്‌. സ്വാഭാവികമായും മടുപ്പ്‌ അനുഭവപ്പെടും. അതു തന്നെയാവും മീരാജാസ്‌മിനും സംഭവിച്ചത്‌. എന്തായാലും മീരയുടെ മടങ്ങി വരവ്‌ നല്ലൊരു സമയത്ത്‌ തന്നെയാണെന്ന്‌ കരുതാം.

ഋതു എന്ന മികച്ച ചിത്രത്തിലൂടെയാണ്‌ സിനിമയിലെത്തിയതെങ്കിലും മലയാള സിനിമയില്‍ അത്രയൊന്നും ശ്രദ്ധിക്കപ്പെടാതെ നിന്ന നായികയാണ്‌ റീമാകല്ലുങ്കല്‍. ഹാപ്പിഹസ്‌ബന്റ്‌ഡ്‌സ്‌ പോലുള്ള സിനിമകളില്‍ വെറും ഐറ്റം നമ്പര്‍ ഡാന്‍സറായി പോലും റീമ അഭിനയിച്ചു. എന്നാല്‍ 22 ഫീമെയില്‍ കോട്ടയം എന്ന സിനിമ റീമയെ പൂര്‍ണ്ണമായും മേയ്‌ക്ക്‌ഓവര്‍ ചെയ്യുകയായിരുന്നു. കഥാപാത്രത്തിന്‌ വേണ്ടി സംവിധായകന്‍ ആഷിക്‌ അബു റീമയെ പാകപ്പെടുത്തി. അവസാനം മലയാള സിനിമ കണ്ട മികച്ച നായികമാരിലൊരാളായി മാറി 22 ഫീമെയില്‍ കോട്ടയത്തിലെ ടെസ.കെ.ഏബ്രഹാം.

തന്നെ വഞ്ചിച്ച കാമുകനോട്‌ പ്രതികാരം ചെയ്യുന്ന നായികയാണ്‌ 22 ഫീമെയില്‍ കോട്ടയത്തിലെങ്കില്‍ തനിക്കിഷ്‌ടപ്പെട്ട ഇണക്കൊപ്പം മരണത്തെ സ്വീകരിക്കുന്നവളാണ്‌ നിദ്രയിലെ നായിക. ദാമ്പത്യജീവിതം തകര്‍ന്ന്‌ നില്‍ക്കുമ്പോള്‍ അപരിചതനായ യുവാവിനോട്‌ ഇഷ്‌ടത്തിലാകുന്നവളാണ്‌ ഈ അടുത്ത കാലത്ത്‌ എന്ന സിനിമയിലെ നായിക. ഇവിടെയെല്ലാം നായികയ്‌ക്ക്‌ വ്യക്തതയും കഥയും കഥാപാത്രവുമുണ്ട്‌. അഭിനയിക്കാന്‍ സീനുകളുണ്ട്‌. അതുകൊണ്ട്‌ തന്നെ ഈ സിനിമകള്‍ നമുക്ക്‌ ഇഷ്‌ടമാകുന്നു. സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍, തല്‍സമയം ഒരു പെണ്‍കുട്ടി, ഡയമണ്ട്‌ നെക്‌ലൈസ്‌, ബ്യൂട്ടിഫുള്‍, ചാപ്പാക്കുരിശ്‌ തുടങ്ങിയ സമീപകാല ചിത്രങ്ങളിലൊക്കെ നായികയ്‌ക്ക്‌ അവളുടേതായ സ്‌പെയിസ്‌ ലഭിക്കുന്നുണ്ട്‌.

ഇവിടെ പുതിയ എഴുത്തുകാരും സംവിധായകരും ചങ്കൂറ്റത്തോടെ നായികമാരെ അവതരിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. മലയാളം എന്നെന്നും ഓര്‍മ്മിക്കുന്ന പത്മരാജന്റെ മകന്‍ അനന്തപത്മനാഭന്‍ ആദ്യമായി തിരക്കഥയെഴുതുന്ന വേനലിന്റെകളനീക്കങ്ങള്‍ എന്ന സിനിമയും സ്‌ത്രീപക്ഷ സിനിമ തന്നെയാണ്‌. റീമാ കല്ലുങ്കലാണ്‌ ചിത്രത്തിലെ നായിക. മികച്ച നായിക കഥാപാത്രങ്ങള്‍ ലഭിച്ചു തുടങ്ങിയതോടെ റീമാ കല്ലുങ്കല്‍ എന്ന നടിക്കുണ്ടായ മെച്ചം അവരെ കേന്ദ്രീകരിച്ച പ്രോജക്‌ടുകള്‍ രൂപപ്പെടുന്നു എന്ന അവസ്ഥയിലേക്ക്‌ കാര്യങ്ങള്‍ വന്നിരിക്കുന്നു എന്നതാണ്‌. ഇത്‌ തീര്‍ച്ചയായും മലയാള സിനിമയില്‍ ഒരു പുതിയ തുടക്കമായിരിക്കും. അങ്ങനെയെങ്കില്‍ താരപ രിവേഷങ്ങളില്ലാത്ത കാമ്പുള്ള ലോബജറ്റ്‌ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക്‌ ലഭിക്കും. സ്‌ത്രീകഥാപാത്രങ്ങള്‍ക്ക്‌ പ്രാമുഖ്യം നല്‍കുമ്പോള്‍ സിനിമ ഒരു തട്ടിക്കൂട്ട്‌ നിലവാരത്തിലേക്ക്‌ തരം താഴുന്നില്ല എന്നതാണ്‌ മറ്റൊരു മെച്ചം. അത്തരം സിനിമകളില്‍ പുതുമയുടെ പരീക്ഷണങ്ങളുണ്ടാകും. നവീനമായ കാഴ്‌ച പ്പാടുകളുണ്ടാകും. അപ്പോള്‍ നായികയ്‌ക്ക്‌ വ്യക്തമായി അഭിനയിക്കാന്‍ സ്‌പേയ്‌സുള്ള കഥാപാത്രങ്ങളുണ്ടാകും.

ഇവിടെയാണ്‌ മലയാള സിനിമയില്‍ ഒരു പുതിയ നായികാ വസന്തം ഉണ്ടാകുന്നത്‌. അതിനൊപ്പം സഞ്ചരിക്കാന്‍ റീമാ കല്ലുങ്കല്‍, സംവൃതാ സുനില്‍, മീരാജാസ്‌മിന്‍, രമ്യാനമ്പീശന്‍ തുടങ്ങി നല്ല നായികമാരും നമുക്കുണ്ട്‌. സൂപ്പര്‍താര ചിത്രങ്ങളുടെ കാലം കഴിയുമ്പോള്‍ ഇനി ഈ നായികമാരുടെ ചിത്രങ്ങള്‍ തീയേറ്ററില്‍ ഹിറ്റുകളാകുന്ന കാലം കടന്നു വരട്ടെ. അവിടെ പ്രേക്ഷകന്‌ കുറെ പുതിയ ചിത്രങ്ങള്‍ ലഭിക്കട്ടെ.
നായിക തിരിച്ചെത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക