Image

ഇന്നത്തെ കടമ: ഡോ. കെ എന്‍ പണിക്കര്‍

Published on 07 July, 2012
ഇന്നത്തെ കടമ: ഡോ. കെ എന്‍ പണിക്കര്‍
അടുത്തിടെ കേരളത്തിലുണ്ടായ സാമൂഹ്യ-രാഷ്ട്രീയ സംഭവങ്ങള്‍ അടിസ്ഥാനപരമായ ചില പ്രശ്നങ്ങള്‍ അഭിസംബോധന ചെയ്യേണ്ട ആവശ്യകതയ്ക്ക് അടിവരയിടുന്നു. സമാധാനത്തിനും ആരോഗ്യകരമായ സാമൂഹ്യ ബന്ധങ്ങള്‍ക്കും പേരുകേട്ട സംസ്ഥാനമാണ് കേരളം. അഭിപ്രായ ഭിന്നതകളും വ്യത്യസ്തമായ താല്‍പ്പര്യങ്ങളും നിലനില്‍ക്കുന്ന സന്ദര്‍ഭങ്ങളില്‍ പോലും ഒരതിര്‍ത്തിവരെയെങ്കിലും അന്യോന്യ ബഹുമാനത്തിനും പങ്കാളിത്തത്തിനും സാധ്യത കൈവന്നത് ഈ സംസ്കാരത്തിന്റെ സ്വാധീനം മിക്കവാറും എല്ലാ മണ്ഡലങ്ങളിലും നിലനിന്നുപോന്നിട്ടുള്ളത് കൊണ്ടാണ്. പക്ഷെ, കഴിഞ്ഞ കുറച്ച് കാലമായി ഈ പൊതു സ്വഭാവത്തില്‍ നിന്ന് വ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുന്നു. ആ വ്യതിയാനത്തിന്റെ അടിത്തറ സമൂഹത്തില്‍ വളര്‍ന്നുവന്നിട്ടുള്ള ആക്രമാസക്തിയാണ്.

ഇന്ന് കേരളം നേരിടുന്ന വളരെ പ്രധാനപ്പെട്ട സാമൂഹ്യ-രാഷ്ട്രീയ പരിതസ്ഥിതിയില്‍ മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കേണ്ടത് ഇടതുപക്ഷവും കോണ്‍ഗ്രസുമാണ്. അത്തരം പ്രവര്‍ത്തനത്തില്‍ അന്യോന്യം പഴിചാരാനും ആരോപണങ്ങള്‍ ഉന്നയിക്കാനും ശ്രമിക്കുന്നതിന് പകരം സമൂഹത്തോട് അവരുടെ കടമ എന്താണ് എന്നുള്ള ചോദ്യം ഉന്നയിച്ചുകൊണ്ട്, ഒരു മാനവിക സമീപനം സംജാതമാക്കാനുള്ള ശ്രമത്തിന് രൂപം കൊടുക്കുകയാണ് വേണ്ടത്. അഭിപ്രായ ഭിന്നതകള്‍ പലതാകാം. രാഷ്ട്രീയ സാമൂഹ്യ ഭിന്നതകളുണ്ടാവാം. പക്ഷെ, സമാധാന പൂര്‍വ്വം ജീവിക്കാന്‍ ജനങ്ങള്‍ക്ക് സാധിക്കാത്ത ഒരവസ്ഥ ഉണ്ടായിക്കൂടല്ലോ? ഒരാത്മപരിശോധന അനിവാര്യമാണിന്ന്. രാഷ്ട്രീയ പ്രസ്ഥാനങ്ങളും സാമൂഹ്യ സംഘടനകളും വ്യക്തികളുമൊക്കെ മുന്‍വിധികളൊന്നുമില്ലാതെ ഏറ്റെടുക്കേണ്ടുന്ന ഒരു ദൌത്യമാണത്. എങ്കില്‍ മാത്രമേ അപകടകരമായ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന കേരള സമൂഹത്തിന് ഒരു പുതിയ ദിശാബോധമുണ്ടാക്കാന്‍ കഴിയുകയുള്ളു.


മറ്റുപല പ്രദേശങ്ങളെയും പോലെ സാമൂഹ്യഅക്രമങ്ങള്‍ക്ക് പൊതുസ്വീകാര്യത സിദ്ധിക്കാത്ത ഒരു പ്രദേശമായിരുന്നു കേരളം. മതത്തിന്റെയും ജാതിയുടേയും പേരില്‍ മറ്റ് പ്രദേശങ്ങളില്‍ ശാരീരികമായ ആക്രമങ്ങള്‍, കൂട്ടായ കലാപങ്ങള്‍ തുടങ്ങിയവ നടന്നപ്പോള്‍ കേരളത്തില്‍ അത്തരമൊരു സ്ഥിതിവിശേഷം സംഭവിച്ചിരുന്നില്ല. കുറച്ച് മുന്‍പ് മാറാടിലുണ്ടായ വര്‍ഗീയ കലാപം ഒഴിച്ച് നിര്‍ത്തിയാല്‍ ഒരുപക്ഷേ അത്തരം കലാപങ്ങള്‍ കേരള ചരിത്രത്തിന്റെ ഭാഗമായിട്ടില്ല. കൂട്ടായ കൊല്ലും കൊലയും മലയാളിയുടെ സ്വഭാവത്തിന്റെ, സാമൂഹ്യ ജീവിതത്തിന്റെ, ഭാഗമല്ല എന്നര്‍ത്ഥം. ഇതിന് പല കാരണങ്ങള്‍ ഉണ്ട് എങ്കില്‍ കൂടി ഒരു പ്രധാനപ്പെട്ട സ്വാധീനം സാമൂഹ്യബന്ധങ്ങളിലും വ്യക്തിബന്ധങ്ങളിലും നിലനിന്നുപോന്ന പരസ്പര ബഹുമാനമായിരുന്നു. സാമൂഹ്യ-രാഷ്ട്രീയ അധികാരത്തിനോടും ധനത്തിനോടുമുള്ള അമിതമായ ആര്‍ത്തി ഈ ആരോഗ്യകരമായ ബന്ധങ്ങളില്‍ പുഴുക്കുത്തേല്‍പ്പിച്ചുകൊണ്ടി
രിക്കുകയാണ്.

മറ്റുമനുഷ്യരെ ബഹുമാനിക്കുക, അവരുടെ വിശ്വാസങ്ങള്‍ക്ക് അവ അര്‍ഹിക്കുന്ന പ്രാധാന്യം കൊടുക്കുക എന്ന് കാഴ്ചപ്പാട് കേരള സമൂഹത്തില്‍ നിലനിന്നിരുന്നു. അത് നഷ്ടപ്പെടുകയാണോ എന്നൊരു ചോദ്യം ഇന്ന് പ്രസക്തമാണെന്ന് തോന്നുന്നു. കൂട്ടായ കൊലകള്‍, ഹത്യകള്‍, കലാപങ്ങള്‍ ഉണ്ടായിട്ടില്ല എങ്കില്‍ കൂടി വ്യക്തികള്‍ക്കെതിരായ ശാരീരിക ആക്രമണം നിത്യസംഭവങ്ങളായികൊണ്ടിരിക്കുന്നു. അതിന്റെ പ്രകടമായ രൂപങ്ങളാണ് ഈയിടെ സംഭവിച്ച കൊലപാതകങ്ങള്‍. ഈ ആക്രമണങ്ങളില്‍ പലതും രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടും സാമൂഹ്യ കാരണങ്ങള്‍ കൊണ്ടും വ്യക്തിപരമായ അഭിപ്രായ ഭിന്നതകള്‍ കൊണ്ടുമാണ് സംഭവിച്ചിട്ടുള്ളത്. ഇതിന്റെ തോതും സ്വഭാവവും അടുത്ത കാലത്ത് മാറിയിരിക്കുന്നു എന്നതാണ് കേരളത്തിലെ ഒരു ശരാശരി മലയാളിയെ ഏറെ വേദനിപ്പിക്കുന്നത്. പല പ്രലോഭനങ്ങളും ഇത്തരത്തിലുള്ള അക്രമണങ്ങള്‍ക്ക് പിന്നില്‍ കാണാന്‍ കഴിയും. മിക്കവാറും എല്ലാ പത്രങ്ങളുടെയും താളുകളില്‍ നിത്യവും ഇത്തരം അക്രമങ്ങളുടെ സുദീര്‍ഘമായ വിവരണങ്ങള്‍ കാണാം. എണ്ണത്തില്‍ ഉണ്ടായ മാറ്റം മാത്രമല്ല, ക്രൂരതയുടെ തോതിലും വളരെ വലിയ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നു. ഈ കൊലപാതകങ്ങള്‍ ആര്‍ക്കെതിരായി നടത്തിയവയായാലും അപലപനീയമാണ്. രാഷ്ട്രീയ കൊലപാതകങ്ങളാവുമ്പോള്‍ പ്രത്യേകിച്ചും.

നൂറ് കൊല്ലങ്ങള്‍ക്ക് മുമ്പ് ഉണ്ടായിരുന്ന മനസ്ഥിതിയല്ല ഇന്ന് വ്യക്തിയുടേത് എന്നത് തിരിച്ചറിയാന്‍ വിഷമമില്ല. ഭൌതിക നേട്ടങ്ങളില്‍ മാത്രമാണ് ഇന്ന് മനുഷ്യന്റെ കണ്ണ്. സഹജീവികളോടുള്ള ക്രൂരത്യ്ക്ക് കടിഞ്ഞാണില്ലാതായിരിക്കുന്നു. സംഘടിതമായ ആക്രമത്തിന് പിന്നില്‍ ക്രൂരതയുടെ സ്വാധീനമേറെ. വ്യക്തികള്‍ സ്വയം ചെയ്യാന്‍ മടിക്കുന്ന അക്രമങ്ങള്‍ മറ്റുള്ളവരെ കൊണ്ട് ചെയ്യിക്കാനുള്ള സന്ദര്‍ഭവും ഇന്ന് നിലവിലുണ്ട്. ഗുണ്ടാസംഘങ്ങളും ക്വട്ടേഷന്‍ കൊലയുമൊക്കെ ഇതിന്റെ ഭാഗമായി സംഭവിക്കുന്നതാണ്. പണത്തിന് വേണ്ടി മനുഷ്യസ്വഭാവം ത്യജിക്കാന്‍ സന്നദ്ധരാവുന്നവര്‍ക്ക് കുറവില്ല. ഈ സംഭവവികാസങ്ങള്‍ അതായത് അക്രമത്തിന്റെ തോതിലും സ്വഭാവത്തിലും വന്നിട്ടുള്ള മാറ്റം മനുഷ്യമനസ് മരവിച്ചുകൊണ്ടിരിക്കുന്നതിന്റെ ഉദാഹരണം കൂടിയാണ്. അങ്ങനെയല്ലെങ്കില്‍ ഇത്രയും നീചമായ രീതിയില്‍, ഇത്രയും ദാരുണമായ രീതിയില്‍ ഹത്യകളോ, ശാരീരിക ആക്രമങ്ങളോ സംഭവിക്കാന്‍ ഇടയില്ല. ഈ സ്ഥിതിവിശേഷം നിലനില്‍ക്കുന്ന സന്ദര്‍ഭത്തില്‍ നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും ഭരണാധികാരികള്‍ക്കും ബുദ്ധിജീവികള്‍ക്കുമൊക്കെ വളരെ പ്രധാനപ്പെട്ട കര്‍ത്തവ്യം നിറവേറ്റാനുണ്ട്. കാട്ടാള സംസ്കാരം സമൂഹത്തില്‍ ഇടം സൃഷ്ടിക്കാതിരിക്കാനുള്ള ബാധ്യത അവരുടേതാണ്. അത് നിറവേറ്റണമെങ്കില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ജനാധിപത്യത്തിനും, മതേതരത്വത്തിനും ഭരണാധികാരികള്‍ ഉദാരപൂര്‍ണ നിഷ്പക്ഷതക്കും ബുദ്ധിജീവികള്‍ മാനവികതയ്ക്കും പ്രാധാന്യം കല്‍പ്പിക്കേണ്ടിയിരിക്കുന്നു.

ഇന്ന് നിലനില്‍ക്കുന്ന അവസ്ഥയില്‍ വളരെ ശക്തമായ ഇടപെടല്‍ ആവശ്യമാണ് എന്നതിനെ കുറിച്ച് ആര്‍ക്കും സംശയമുണ്ടാവാന്‍ ഇടയില്ല. പക്ഷെ, ആ ഇടപെടല്‍ ഭരണപരമായോ, രാഷ്ട്രീയമായോ ആയ ഇടപെടലുകള്‍ മാത്രമായി അവശേഷിക്കുകയാണെങ്കില്‍ അവ ഇത്തരത്തിലുള്ള പ്രവണതകളെ നേരിടാന്‍ പര്യാപ്തമാണോ എന്നത് ശ്രദ്ധയര്‍ഹിക്കുന്നു. ഇടപെടല്‍ സംഭവങ്ങള്‍ക്ക് മുമ്പായിരിക്കണം. സംഭവങ്ങള്‍ക്ക് ശേഷമല്ല, ബുദ്ധിജീവികളുടെ പ്രസ്താവനകള്‍ പോലെ. സംഭവത്തിന് മുമ്പുള്ള ഇടപെടല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്? അതിന്റെ ശരിയായ അര്‍ത്ഥം സമൂഹത്തില്‍ ഒരു മാനവിക അവബോധം സൃഷ്ടിക്കുക എന്നതാണ്. ഇന്ന് കേരള സമൂഹത്തില്‍ മാനവീകതയുടെ സ്വാധീനം നഷ്ടപ്പെട്ടിരിക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. അടുത്ത കാലത്ത് ഉണ്ടായ ചില രാഷ്ട്രീയ - സാമൂഹ്യ ഹത്യകളോടുണ്ടായ സമീപനം ഉദാഹരണം. ഈ കൊലകളെ മാധ്യമങ്ങള്‍ അവര്‍ക്കാവശ്യമുള്ള ആഘോഷങ്ങളാക്കി. ആത്മവിശ്വാസമില്ലാത്ത ബുദ്ധിജീവികളുടെ പ്രതികരണങ്ങള്‍ പരസ്യപ്രസ്താവനയില്‍ ഒതുങ്ങിനിന്നു. ഈ ഹത്യകള്‍ക്ക് പിന്നിലെ ഭീഭത്സമായ സ്വാധീനത്തെ വിശകലനം ചെയ്ത് ജനങ്ങളിലെത്തിയ്ക്കുന്നതിനുള്ള ശ്രമങ്ങളുണ്ടായില്ല. രാഷ്ട്രീയ നേതാക്കളോ അധികാരത്തിന് വേണ്ടിയുള്ള മത്സരത്തില്‍ ഹത്യകളെ കരുക്കളാക്കി. ഇവയില്‍ നിന്ന് വ്യത്യസ്തമായ ഒരു ഇടപെടല്‍ സാധ്യമാണോ? ആണെങ്കില്‍ അതിന്റെ സ്വഭാവം എന്തായിരിക്കണം?

അക്രമത്തിനെതിരായ പ്രതിരോധം അത്യന്താപേക്ഷിതമായ ഒരു പരിസ്ഥിതി വളര്‍ന്നുവന്നിരിക്കുന്നു. വളരെ ഗൌരവപൂര്‍വ്വം ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു പ്രശ്നമാണിത്. ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാനുള്ള ശ്രമങ്ങള്‍ എന്താണ് എന്നതാണ് പ്രസക്തമായ ചോദ്യം. സമൂഹത്തിന്റെ അവബോധമണ്ഡലത്തില്‍ മാറ്റം വരാതെ ഒരു പക്ഷെ, ഈ കൊല്ലും കൊലയും നിര്‍ത്താന്‍ സാധിച്ചു എന്ന് വരില്ല. ശിക്ഷ ആവശ്യമാണ്. പക്ഷെ, ശിക്ഷിക്കുന്നത് ഒരു കുറ്റത്തിനുമുള്ള പോംവഴിയല്ല. ആ കുറ്റം ഉണ്ടാകാതിരിക്കാനുള്ള പോംവഴി എന്താണെന്ന് ആരായുകയാണ് വാസ്തവത്തില്‍ ആവശ്യമായിട്ടുള്ളത്. അതിന് വേണ്ടിയുള്ള അന്തരീക്ഷം സൃഷ്ടിക്കാന്‍ ആരാണ് മുന്‍കൈയെടുക്കുക?

കാതലായ ചോദ്യം ഏത് വിധത്തിലാണ് അത്തരത്തിലുള്ള ഒരു സാമൂഹ്യ-രാഷ്ട്രീ അവസ്ഥ സംജാതമാക്കാന്‍ സാധിക്കുക എന്നതുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഈ വിഷയത്തില്‍ രണ്ട് രാഷ്ട്രീയ ശക്തികള്‍ക്ക് വളരെ വലിയ ബാധ്യതയുണ്ട്. ഒന്ന്, ഇടതുപക്ഷ കമ്യൂണിസ്റ് പ്രസ്ഥാനങ്ങളുടെ പങ്കാണ്. സമൂഹത്തിന്റെ ഗുണപരമായ വളര്‍ച്ചയില്‍, ചൂഷണരഹിതമായ വളര്‍ച്ചയില്‍, ജനങ്ങളുടെ സമഗ്രമായ ജീവിതത്തെ കണക്കിലെടുത്തുകൊണ്ടുള്ള വളര്‍ച്ചയില്‍ പങ്കുവഹിക്കുന്ന പ്രധാനപ്പെട്ട രാഷ്ട്രീയ ശക്തി ഇടതുപക്ഷമാണ്. അതുകൊണ്ട് ഒരു പുതിയ സാമൂഹ്യ കാലാവസ്ഥ സൃഷ്ടിക്കുന്നതില്‍ മുന്‍കൈയെടുക്കേണ്ടത് ഇടതുപക്ഷത്തിന്റെ കടമയാണ്. ഇപ്പോള്‍ കേരള സമൂഹം ഒരു വലിയ പ്രതിസന്ധിയില്‍ എത്തി നില്‍ക്കുന്ന, പലതരത്തിലുള്ള വെല്ലുവിളികള്‍ ഇടതുപക്ഷം നേരിടുന്ന സന്ദര്‍ഭത്തില്‍ ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് കൂടുതല്‍ സ്വയം വിമര്‍ശനാത്മകമായ കാഴ്ചപ്പാട് ഉണ്ടാവേണ്ട ആവശ്യം നിലനില്‍ക്കുന്നു. പ്രധാന പങ്കുവഹിക്കേണ്ട മറ്റൊരു ശക്തി ഇന്ത്യന്‍ സ്വാതന്ത്യ്ര സമരത്തിലെ ലിബറല്‍ ആശയത്തിന്റെ പ്രതിനിധിയായ കോണ്‍ഗ്രസ് പ്രസ്ഥാനമാണ്. ഇന്ന് കോണ്‍ഗ്രസ് എന്ന പ്രസ്ഥാനം ദേശിയപ്രസ്ഥാനത്തിന്റെ കാലഘട്ടത്തില്‍ നിന്ന് മാറി ഭരണം അധികാരം എന്നിവയെ കുറിച്ച് മാത്രം ചിന്തിക്കുന്ന ഒരു പ്രസ്ഥാനമായി മാറിയിട്ടുണ്ട്. പക്ഷെ, ഭരണവും അധികാരവും സംശുദ്ധമായ സാമൂഹ്യ സംസ്കാരത്തെ സൃഷ്ടിക്കാനുള്ള ഉപകരണങ്ങളാണ് എന്നത് മറന്നുകൂട. അങ്ങനെയാണെങ്കില്‍ കോണ്‍ഗ്രസ് പ്രസ്ഥാനം അവരുടെ പ്രവര്‍ത്തനത്തിന്റെ, ലക്ഷ്യത്തിന്റെ, ആദര്‍ശത്തിന്റെ ഒരു പുനരാവിഷ്കാരം നടത്തേണ്ടതായ ആവശ്യമുണ്ട് എന്നര്‍ത്ഥം. ഒരുപക്ഷെ ആരും തന്നെ വര്‍ഗീയ കക്ഷിയായ ഭാരതീയ ജനതാപാര്‍ട്ടിയില്‍ നിന്ന് സാമൂഹ്യമൈത്രിയ്ക്കുതകുന്ന പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷിക്കാനിടയില്ല.

അതുകൊണ്ട് ഇന്ന് കേരളം നേരിടുന്ന വളരെ പ്രധാനപ്പെട്ട സാമൂഹ്യ-രാഷ്ട്രീയ പരിതസ്ഥിതിയില്‍ മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കേണ്ടത് ഇടതുപക്ഷവും കോണ്‍ഗ്രസുമാണ്. അത്തരം പ്രവര്‍ത്തനത്തില്‍ അന്യോന്യം പഴിചാരാനും ആരോപണങ്ങള്‍ ഉന്നയിക്കാനും ശ്രമിക്കുന്നതിന് പകരം സമൂഹത്തോട് അവരുടെ കടമ എന്താണ് എന്നുള്ള ചോദ്യം ഉന്നയിച്ചുകൊണ്ട്, ഒരു മാനവിക സമീപനം സംജാതമാക്കാനുള്ള ശ്രമത്തിന് രൂപം കൊടുക്കുകയാണ് വേണ്ടത്. അഭിപ്രായ ഭിന്നതകള്‍ പലതാകാം. രാഷ്ട്രീയ സാമൂഹ്യ ഭിന്നതകളുണ്ടാവാം. പക്ഷെ, സമാധാന പൂര്‍വ്വം ജീവിക്കാന്‍ ജനങ്ങള്‍ക്ക് സാധിക്കാത്ത ഒരവസ്ഥ ഉണ്ടായിക്കൂടല്ലോ? ഒരാത്മപരിശോധന അനിവാര്യമാണിന്ന്. രാഷ്ട്രീയ പ്രസ്ഥാനങ്ങളും സാമൂഹ്യ സംഘടനകളും വ്യക്തികളുമൊക്കെ മുന്‍വിധികളൊന്നുമില്ലാതെ ഏറ്റെടുക്കേണ്ടുന്ന ഒരു ദൌത്യമാണത്. എങ്കില്‍ മാത്രമേ അപകടകരമായ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന കേരള സമൂഹത്തിന് ഒരു പുതിയ ദിശാബോധമുണ്ടാക്കാന്‍ കഴിയുകയുള്ളു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക