Image

യാത്രയുടെ ആത്മീയദാഹങ്ങളെക്കുറിച്ച്‌ ആഷാമേനോന്‍ സംസാരിക്കുന്നു

Published on 06 July, 2012
യാത്രയുടെ ആത്മീയദാഹങ്ങളെക്കുറിച്ച്‌ ആഷാമേനോന്‍ സംസാരിക്കുന്നു
കെ.പി. റഷീദ്‌ നടത്തിയ അഭിമുഖം

ചിലരങ്ങനെയാണ്‌ ഉള്ളി
ല്‍ യാത്രയുടെ വിത്ത്‌ പൊട്ടിമുളച്ചവര്‍. ഗാര്‍ഹിക സുരക്ഷയുടെ വാതിലല്ല അവര്‍ക്കഭയം. മുകളിള്‍ ആകാശവും താഴെ ഭൂമിയുമുള്ള യാത്രാപഥങ്ങളിലാണ്‌ അവര്‍ പൂക്കുന്നത്‌. കാറ്റിന്റെ പുതുവരവുകളിള്‍ ഓരോരോ കരകളിലടിയുന്ന കപ്പല്‍പ്പായകള്‍.
അങ്ങനെയൊരാളുടെ നടപ്പാതയിലാണ്‌ രണ്ട്‌ പതിറ്റാണ്ടായി ആഷാമേനോന്‍. സ്വപ്നത്തിലും ജാഗ്രത്തിലും യാത്രമാത്രം നിറയുന്ന ദശകങ്ങള്‍. ആത്മീയമാണ്‌ ആ അന്വേഷണങ്ങള്‍. നൊമാഡുകളുടെ അലച്ചിലിന്റെ കാലം കഴിഞ്ഞു. വ്യവസ്ഥാപിത ജീവിതത്തിന്‌ യാത്ര ഒഴിവുകാല നേരമ്പോക്ക്‌ മാത്രമാണ്‌. ഈ പരിധികളാണ്‌ ആഷാമേനോന്‍ ഉല്ലംഘിക്കുന്നത്‌. വിസ്മയങ്ങളും ഉല്‍ക്കണ്ഠകളും അനിശ്ചിതത്വങ്ങളും തിരിച്ചുപിടിക്കുന്ന യാത്രകള്‍ എന്ന്‌ മേനോന്‍ ഇതിനെ തിരിച്ചറിയുന്നു.
മലയാളത്തില്‍ സഞ്ചാരസാഹിത്യത്തിന്‌ അവഗണിക്കാനാവാത്ത സ്ഥാനമുണ്ട്‌. എങ്കിലും, മുദ്രപത്രഭാഷയേക്കാള്‍ പലരും മുന്നോട്ടുപോയിട്ടില്ല. ഹെർബേറിയത്തിലൂടെ അടരുന്ന കക്കകളിലൂടെ ആഷാമേനോന്‍ സഞ്ചാരസാഹിത്യത്തിലേയ്ക്ക്‌ തുറന്നിട്ടത്‌ ഭാഷയുടെ വാതായനങ്ങളാണ്‌. അനുഭൂതിയുടെ മറുകരകള്‍ ആ എഴുത്ത്‌ മലയാളത്തിലേക്ക്‌ കൊണ്ടുവരുന്നു.

എങ്ങനെയാണ്‌ ഒരാള്‍ യാത്രികനാവുന്നത്‌?
കുട്ടിക്കാലം മുതലേ എല്ലാവരിലും യാത്രയുടേതായ അഭിനിവേശമുണ്ടാകും. ഒരു ഇന്‍സ്റ്റിക്റ്റ്‌. ചിലര്‍ക്കത്‌ വളര്‍ത്താനാവും. മറ്റ്‌ ചിലര്‍ക്കാവില്ല. ആദിമമായ ത്വരയാണത്‌. മനുഷ്യര്‍ ഭൂമിയിലേക്ക്‌ വന്നതു തന്നെ യാത്രയുടെ ഭാഗമായാണ്‌. തീര്‍ച്ചയായും യാത്രയില്‍ ആത്മീയതയുടെ ഒരംശമുണ്ട്‌. അപ്പോഴേ, അത്‌ നമ്മെ മാറ്റിത്തീര്‍ക്കുന്നുള്ളൂ.

ദേശാടനത്തിന്റെ വഴിയേപോയ, അലച്ചിലിന്റെ ഗതി തിരഞ്ഞ ആരെങ്കിലും കുടുംബത്തിലുണ്ടോ?
അത്ഭുതം തോന്നുന്നു. അങ്ങനെയാരുമില്ല. അബോധമായ വാസനയുടെ പരിണതിയാണ്‌ യാത്ര. സുഹൃത്തുക്കളില്ലാതിരിക്കുക എന്ന അവസ്ഥയും യാത്രയിലേയ്ക്ക്‌ നയിക്കുന്നു. തനിച്ചുള്ള യാത്രകള്‍ വലിയൊരു കൂട്ടായി മാറുന്നുണ്ട്‌. പുറത്തേക്കുള്ള യാത്രതന്നെയാണ്‌ അകത്തേക്കുള്ളതും. ദൂരത്തേക്ക്‌ പോവുമ്പോള്‍ നാം അകത്തേക്കുതന്നെയാണ്‌ പോകുന്നത്‌.

വായനയിലൂടെ കൈവരുന്ന ആന്തരിക യാത്രകളുടെ പരിണാമമാണോ യാത്രയിലേക്കുള്ള വഴികള്‍, കെ.പി. അപ്പന്‍ ആന്തരിക യാത്രകളെക്കുറിച്ച്‌ പറഞ്ഞതുപോലെ?
ട്രാന്‍സിഷന്‍ പോലെയിരിക്കും. എങ്കിലും വ്യത്യാസമുണ്ട്‌. വായനയിലൂടെ പോവുന്നതും എവിടെയെങ്കിലും ശാരീരികമായി സഞ്ചരിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്‌. ശാരീരികമായ ശേഷി, ഇമ്യൂണിറ്റി ഇതൊക്കെ യാത്രയിലുണ്ട്‌. മുറിയടച്ച്‌ വായിക്കുമ്പോള്‍ ഇവയൊന്നും നമ്മെ ബാധിക്കില്ല. പുസ്തകത്തിലൂടെ ഏത്‌ കാട്ടിലും മലയിലും നൗകയിലും പോവാം. മറ്റേതങ്ങനെയല്ല. നിങ്ങള്‍ കാട്ടില്‍ ചെല്ലുമ്പോള്‍ വലിയ ഉത്തരവാദിത്തമുണ്ട്‌. അഗാധമായ നമ്രതയുണ്ട്‌. അവിടെ നാമപ്പോള്‍ ആരുമല്ല. അവസാന തുള്ളി അഹംഭാവവും ഇല്ലാതാകും. അത്‌ മനസ്സിലാകാത്തവരാണ്‌ ആന്തരിക യാത്രയെന്നൊക്കെ പറയുന്നത്‌. അതിലെന്നല്ല, ബാഹ്യയാത്രയില്‍ മറ്റുപല ഘടകങ്ങളുമുണ്ട്‌. അതൊക്കെ ചേരുമ്പോഴാണ്‌ വ്യക്തിത്വത്തിന്റെ വലിയൊരു രൂപം പൂകുക.

യാത്രാനുഭവം എന്ന നിലയില്‍ ആഴത്തില്‍ സ്പര്‍ശിച്ച പുസ്തകം, പിന്നീടുള്ള യാത്രകള്‍ക്ക്‌ പ്രേരകമായത്‌?
പീറ്റര്‍ മാത്തിസണിന്റെ സ്നോ ലെപ്പേര്‍ഡ്‌. 1984 ല്‍ അതിറങ്ങിയപ്പോള്‍ തന്നെ വായിച്ചു. പിന്നീടാണ്‌ തപോവന സ്വാമികളുടെ ഹിമഗിരിവിഹാരം വായിക്കുന്നത്‌. ഒരുതരത്തില്‍ , രണ്ട്‌ പുസ്തകങ്ങളും സമാന്തരമാണ്‌. പക്ഷേ മാത്തിസണിന്റെ യാത്രക്ക്‌ മൂർച്ച കൂടുതലുണ്ട്‌. മഞ്ഞുപുലിയെന്ന ലക്ഷ്യത്തിലേക്കാണ്‌ ആ യാത്ര. 1400 അടി ഉയരത്തില്‍ എല്ലാ സന്നാഹങ്ങളോടെയും മഞ്ഞുപുലിയെ കണ്ടെത്താനാണ്‌ ഇതെല്ലാം. എന്നാല്‍ പതുക്കെ മാത്തിസണ്‍ വളരെ റിഫൈന്‍ഡ്‌ ആവുന്നു. പുലിയെ കണ്ടില്ലെങ്കിലും കുഴപ്പമില്ലെന്നാവുന്നു. സെൻ രീതിയില്‍ തന്നെ ഇതിനെ നിര്‍വചിക്കാം, അത്‌ സംഭവിച്ചില്ലെങ്കില്‍ അങ്ങനെ സംഭവിക്കാന്‍ നിങ്ങള്‍ര്‍ഹനല്ലെന്ന്‌. വലിയ ആധ്യാത്മികാനുഭവം ആണത്‌. മാത്തിസന്‍ പറയുന്നുണ്ട്‌, പുലിയെ കണ്ടെത്തുകയല്ല, യാത്ര തന്നെയാണ്‌ പ്രധാനമെന്ന്‌. കൃത്യമായ ലക്ഷ്യമുണ്ടായിട്ടും അവ പ്രധാനമല്ലെന്ന തിരിച്ചറിവ്‌.

ആദ്യ യാത്ര?
കന്യാകുമാരിയിലാണ്‌ ആദ്യം പോയത്‌. മൂന്ന്‌ സാഗരങ്ങളുടെ സംഗമം എന്നതാണ്‌ അങ്ങോട്ടേക്ക്‌ ആകര്‍ഷിച്ചത്‌. ആ അനുഭവം ഡയറിയിലെഴുതി വെച്ചു. ഹെർബേറിയത്തില്‍ അതുണ്ട്‌. അത്‌ വലിയൊരു തുടക്കമായിരുന്നു. അതിനുശേഷം എത്രയോ ദീര്‍ഘയാത്രകള്‍ നടത്തി. എങ്കിലും ആ അനുഭവം വേറിട്ടു നിൽക്കുന്നു.

കൈലാസത്തിലെത്തിയപ്പോഴും കന്യാകുമാരി യാത്ര ഓര്‍മ്മ വന്നതായി എഴുതിയിട്ടുണ്ട്‌?
അതെ, നമ്മുടെ മനസ്സാണ്‌ പ്രധാനം. മനസ്സിലില്ലാത്തതൊന്നും പുറത്തു കാണാൻ പറ്റില്ല. അടിസ്ഥാനപരമായ മൂലകമാണത്‌. അത്‌ വളര്‍ത്തിയെടുക്കുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാവും. നമ്മുടെ ഉള്ളിലെ സംഗീതത്തിന്റെ അസ്തിത്വത്തിന്റെ അംശം കൂടുതല്‍ തിരിച്ചറിയാനാവും. അബ്സ്ട്രാക്ട്‌ ആയ രൂപപരിണാമം.

യാത്രയ്ക്ക്‌ മുന്‍ നിശ്ചയങ്ങളുണ്ടാവാറുണ്ടോ, പൂര്‍ത്തീകരിക്കാനുള്ള ചില ലക്ഷ്യങ്ങള്‍?
മുൻ നിശ്ചയങ്ങള്‍ ഇല്ലാതിരിക്കുന്നതാണ്‌ നല്ലത്‌. റിട്ടേണ്‍ ടിക്കറ്റെടുക്കുമ്പോള്‍ പലപ്പോഴും പരിഭ്രമമുണ്ടാവും. ആ സമയത്ത്‌ നാമെവിടെയാവുമെന്ന്‌ ധാരണയുണ്ടാവില്ല. യാത്രയുടെ അനിശ്ചിതത്വങ്ങള്‍ക്ക്‌ അത്രയേറെ വിധേയരാണ്‌ നാം.

യാത്രയുടെ തയ്യാറെടുപ്പുകള്‍, അങ്ങനെയൊന്നുണ്ടോ?
പോവാനുള്ള സന്നദ്ധത. അതെന്നും കൂടെയുണ്ട്‌. എവിടെയും പോയില്ലെങ്കിലും അതുണ്ട്‌. ഓരോ യാത്രയും എന്തൊക്കെയോ തന്നിട്ടുണ്ട്‌. ലക്ഷ്യത്തിലെത്താതിരുന്നിട്ടുപോലും എന്തോ ചിലത്‌ നേടിയിട്ടുണ്ട്‌.

യാത്രയുടെ മന:ശാസ്ത്രപരമായ വശങ്ങള്‍. എന്തില്‍ നിന്നോ ഉള്ള ഒളിച്ചോട്ടമാണെന്ന ധാരണയുണ്ട്‌.
അതൊരു തെറ്റായ ധാരണയാണ്‌. കുറ്റബോധംകൊണ്ടാണ്‌ യാത്രയെന്നത്‌. കെ.പി. അപ്പനൊക്കെ പറയുന്നത്‌ അതാണ്‌. രാജകൃഷ്ണനും അങ്ങനെയൊരു ഹാംഗ്‌ഓവറുണ്ട്‌. ഖസാക്കിന്റെ ഇതിഹാസമാവൂം ആ ധാരണ ഉണ്ടാക്കിയത്‌. യാത്രയുടെ ഏറ്റവും സൗന്ദര്യം നിറഞ്ഞ പ്രമേയമായിരുന്നു അത്‌. എന്നാല്‍ പാപത്തിൽനിന്നുള്ള ഒളിച്ചോട്ടമെന്ന അന്തര്‍ധാര അതിനുണ്ട്‌.
ബുദ്ധ, ഹൈന്ദവ സങ്കല്‍പങ്ങളിലൊക്കെ സൗഖ്യങ്ങള്‍ വെടിഞ്ഞ്‌, സുരക്ഷിതത്വം വിട്ടുള്ള യാത്രകളുണ്ട്‌. തിരിച്ചറിവിന്‌ വേണ്ടിയാണ്‌ ആ യാത്ര. അല്ലാതെ കുറ്റബോധം കൊണ്ടൊന്നുമല്ല അത്‌. ബുദ്ധന്‍ പോയത്‌ എന്ത്‌ കുറ്റബോധംകൊണ്ട്‌? ബൈബിളിലും അങ്ങനെയുണ്ട്‌. പക്ഷേ, അതല്ലാത്ത ഭാഗങ്ങളുമുണ്ട്‌.

ലൈംഗികതൃഷ്ണകളെ യാത്രയുമായി ഇണക്കിച്ചേര്‍ത്ത്‌ പറയാറുണ്ട്‌. പ്രത്യേകിച്ച്‌, പര്‍വതാരോഹണവുമായും മറ്റും.
സത്യത്തില്‍ ലൈംഗികതയുടെ ഒരംശം കൂടി അതിനുണ്ടാവാം. പര്‍വതാരോഹണത്തിലും സൂക്ഷ്മമായി അതുണ്ടാവാം. ത്രസിപ്പോ മറ്റോ. അത്തരം ഒരുപാട്‌ സാധ്യതകളുള്ള ജീവിതമാണ്‌ എന്റേത്‌. അങ്ങനെയൊന്നില്ല എന്ന്‌ പറയുന്നത്‌ നാട്യമായിരിക്കും.

യാത്രയുടെ ലക്ഷ്യസാക്ഷാത്കാരംപോലെ ലൈംഗികമായ ഒരനുഭൂതിയിലെത്തുമോ?
ലൈംഗികമായ ഒരു ദാഹത്തെ അതെങ്ങനെയോ പൂര്‍ത്തീകരിക്കുന്നുണ്ടാവും. അല്ലാതെ, ഒരാശ്വാസം എന്ന രീതിയലല്ല. കോശങ്ങളിലെ ഏതൊക്കെയോ ത്വരയെ അത്‌ ശമിപ്പിക്കുന്നുണ്ടാവും. വളരെ അൺമാനിഫെസ്റ്റഡ്‌ ആയി, തിരിച്ചുവരുമ്പോള്‍ അങ്ങനെയൊരു വിഭ്രാന്തി, വിറളി ഇല്ലാതാവും. ആരോഗ്യവാനായ ഒരാളെ സംബന്ധിച്ച്‌ അനിവാര്യമാണല്ലോ സെക്സ്‌. യാത്രകളില്‍ ഇത്‌ എങ്ങനെയോ ശമിപ്പിക്കപ്പെടുന്നുണ്ടാവണം.

യാത്രയ്ക്കിടയില്‍ ചെന്നെത്തുന്ന ചില ഇടങ്ങള്‍ ചിരപരിചിതമായി തോന്നിയിട്ടുണ്ടോ? സ്വപ്നത്തില്‍ നടന്ന വഴികള്‍പോലെ, ദേജാവു എന്നതുപോലെ?
ഉണ്ട്‌. എല്ലോറയിലെ ഇരട്ടക്കല്ലില്‍ കൊത്തിയ കൈലാസവിഗ്രഹം കണ്ടപ്പോള്‍ മുമ്പെങ്ങോ കണ്ടു മറന്നതാണെന്ന തോന്നല്‍. ആദ്യമായിട്ടാണത്‌ കാണുന്നത്‌.
മാനസസരോവറിലും മറ്റും ചെല്ലുന്നത്‌ വായിച്ചും കേട്ടും ഒക്കെ പരിചിതമായ സ്ഥലങ്ങളിലാണ്‌. അതിനാല്‍ ദേജാവു അത്ര ഫലവത്തല്ല. കുടജാദ്രിയിലും അങ്ങനെയൊരനുഭവം ഉണ്ടായി. ശങ്കരന്റെ സര്‍വജ്ഞപീഠം കണ്ടപ്പോള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക