Image

ബസ്‌ തകര്‍ത്ത ജീവിതവുമായി ലജിത

Published on 06 July, 2012
ബസ്‌ തകര്‍ത്ത ജീവിതവുമായി ലജിത
തൃശൂര്‍: സ്വകാര്യ ബസിന്റെ സമയമില്ലായ്‌മയും സ്‌കൂള്‍ വിദ്യാര്‍ഥികളോടുള്ള വെറുപ്പും തകര്‍ത്തത്‌ ഒരു കുടുംബത്തിന്റെ ആശ്രയവും സന്തോഷവും. പുഴയ്‌ക്കലില്‍ സ്വകാര്യ ബസിന്റെ ചക്രം കയറി ഗുരുതരാവസ്‌ഥയിലായ ആമ്പക്കാട്‌ ചെട്ടിക്കുന്ന്‌ കണ്ണാടിപറമ്പില്‍ കണ്ണന്റെ ഭാര്യ ലജിതയുടെ(27) ഇടതു കാല്‍മുട്ടിനു മുകളില്‍വച്ചു മുറിച്ചുമാറ്റി.

വലതുകാലിന്റെ കാര്യത്തിലും വലിയ പ്രതീക്ഷയില്ല. വീട്ടുജോലികൊണ്ടു മാത്രം കുടുംബം കഴിഞ്ഞുപോകുന്ന ഇവരുടെ ജീവിതത്തിനു മുന്നില്‍ ഇപ്പോള്‍ ഇരുട്ട്‌ മാത്രം. ഇടതുകാലിനു മുകളില്‍ ഇന്നലെ പുലര്‍ച്ചെയാണു മുറിച്ചുമാറ്റിയത്‌. കൂലിപ്പണിയെടുക്കുന്ന കണ്ണനു തുണയായി വീട്ടുജോലിയിലൂടെ കുടുംബം പുലര്‍ത്തിയിരുന്ന ലജിതയ്‌ക്ക്‌ ഇനി അത്തരം ജോലികളിലേക്കു തിരിച്ചെത്തുക എളുപ്പമല്ല.

സര്‍ക്കാര്‍ ദാനമായി നല്‍കിയ മൂന്നു സെന്റ്‌ ഭൂമിയും കൂരയുമാണ്‌ ഏക സമ്പാദ്യം. കൂലിപ്പണി മുടങ്ങുക കൂടി ചെയ്‌തതോടെ ഓരോ ദിവസവും പട്ടിണിയുടെ ദിവസങ്ങള്‍ കൂടിയാകും. ഡ്രൈവര്‍ അടാട്ട്‌ അറയ്‌ക്കല്‍ ഹൗസില്‍ വിക്‌ടറെ(32) പേരാമംഗലം പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ബസ്‌ കസ്‌റ്റഡിയിലെടുത്തു കോടതിയില്‍ ഹാജരാക്കി. സാധാരണ വാഹനാപകടത്തിനാണ്‌ ഇപ്പോള്‍ കേസെടുത്തിട്ടുള്ളത്‌. ലജിതയുടെ മൊഴി അനുസരിച്ചു കൂടുതല്‍ വകുപ്പുകള്‍ ആവശ്യമെങ്കില്‍ ചേര്‍ക്കുമെന്ന്‌ പേരാമംഗലം പൊലീസ്‌ അറിയിച്ചു.

വ്യാഴാഴ്‌ച രാവിലെ 8.40നു പുഴയ്‌ക്കല്‍ ബസ്‌ സ്‌റ്റോപ്പിലായിരുന്നു അപകടം. തൃശൂര്‍- അടാട്ട്‌ റൂട്ടിലോടുന്ന `ചാലക്കല്‍ എന്ന ബസാണ്‌ ഈ കുടുംബത്തിന്റെ സന്തോഷം ഊതിക്കെടുത്തിയത്‌. മകന്‍ യദുകൃഷ്‌ണനെ ഡോക്‌ടറെ കാണിക്കാന്‍ തൃശൂരിലേക്കു കൊണ്ടുപോവുകയായിരുന്നു ലജിത. ഡോക്‌ടറെ കണ്ടശേഷം സ്‌കൂളില്‍ പോകേണ്ടതിനാല്‍ യദു സ്‌കൂള്‍ യൂണിഫോമിലായിരുന്നു.

മുന്‍വാതിലിലൂടെ ലജിതയും മകനും കയറാന്‍ ശ്രമിക്കുന്നതിനിടെ യദുവിനോട്‌ പിന്നില്‍ കയറാന്‍ ക്ലീനര്‍ നിര്‍ബന്ധിച്ചു. തിരക്ക്‌ കാരണം കുട്ടിക്ക്‌ പിന്നില്‍ കയറാന്‍ കഴിഞ്ഞില്ല. മകന്‍ കയറിയില്ലെന്നു കണ്ട ലജിത വിളിച്ചുപറഞ്ഞ്‌ ഇറങ്ങുന്നതിനിടെ ബസ്‌ മുന്നോട്ടെടുക്കുകയായിരുന്നു. മുന്‍ഡോര്‍ കെട്ടിവച്ചതിനാല്‍ അടച്ചിട്ടുമില്ലായിരുന്നു. റോഡിലേക്കു വീണ യുവതിയുടെ കാലിലൂടെ ബസിന്റെ പിന്‍ചക്രം കയറിയിറങ്ങി. അതു തൊട്ടടുത്തു നിന്ന മകനു കാണേണ്ടിവരികയും ചെയ്‌തു.

തമിഴ്‌നാട്‌ കമ്പം സ്വദേശിയായ കണ്ണന്‍ 20 വര്‍ഷത്തോളമായി പുഴയ്‌ക്കല്‍ ആമ്പക്കാടാണു താമസം. യദുവിന്റെ കുടുംബത്തിന്റെ കഷ്‌ടപ്പാടറിഞ്ഞു പുറനാട്ടുകര ശ്രീകൃഷ്‌ണാശ്രമം വിദ്യാമന്ദിറിലെ സഹപാഠികളും അധ്യാപകരും സഹായവുമായി എത്തി. പിരിച്ചെടുത്ത 25,000 രൂപ ആശുപത്രിയിലെത്തി കൈമാറി. ലജിതയ്‌ക്കു കൃത്രിമ കാല്‍ സൗജന്യമായി ഘടിപ്പിച്ചു നല്‍കാന്‍ തയാറാണെന്നു സാമൂഹിക പ്രവര്‍ത്തക തങ്കം ജഗന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക