Image

മമ്മൂട്ടിയ്‌ക്കും ലാലിനും കണക്കില്‍പെടാത്ത സ്വത്തും ഭൂമിയും

Published on 23 July, 2011
മമ്മൂട്ടിയ്‌ക്കും ലാലിനും കണക്കില്‍പെടാത്ത സ്വത്തും ഭൂമിയും
കൊച്ചി: സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും വസതിയില്‍ നിന്ന്‌ ഭൂമിയിടപാടിന്റെയും കണക്കില്‍ പെടാത്ത സ്വത്തുക്കളുടെയും രേഖകള്‍ കണ്ടെടുത്തായി റിപ്പോര്‍ട്ട്‌. മമ്മൂട്ടിയോട്‌ ഷൂട്ടിങ്‌ നിര്‍ത്തിവെച്ച്‌ കൊച്ചിയില്‍ത്തന്നെ കുറച്ചുദിവസത്തേക്ക്‌ തങ്ങാന്‍ ആദായനികുതിവകുപ്പധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്‌.

റെയ്‌ഡില്‍ കോടികളുടെ ഭൂമി ഇടപാടുകളെക്കുറിച്ചും വിവിധ ധനകാര്യ സ്ഥാപനങ്ങളിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും രേഖകള്‍ കിട്ടിയതായി ആദായ നികുതി വകുപ്പ്‌ പരിശോധന വിഭാഗം ഡയറക്ടര്‍ ടി.പി. കൃഷ്‌ണകുമാര്‍ പറഞ്ഞു. കോടികളുടെ നിക്ഷേപം സംബന്ധിച്ച രേഖകളും സിനിമാ നിര്‍മാതാക്കളില്‍നിന്നും വിവിധ പരസ്യക്കമ്പനികളില്‍നിന്നും വന്‍തുക കൈപ്പറ്റിയതിന്റെ റെക്കോഡുകളും ആദായ നികുതി വകുപ്പിന്‌ ലഭിച്ചിട്ടുണ്ട്‌.

ഇതിനിടെ ആദയാനികുതിവകുപ്പിന്റെ നിര്‍ദേശപ്രകാരം മോഹന്‍ലാല്‍ ഇന്ന്‌ കൊച്ചിയിലെത്തും. ബല്‍സിയുടെ 'പ്രണയം' എന്ന സിനിമയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ട്‌ മോഹന്‍ലാല്‍ രാമേശ്വരത്താണുള്ളത്‌. മോഹന്‍ലാലിന്റെ കൊച്ചി തേവരയിലെ വീട്ടില്‍നിന്ന്‌ രണ്ട്‌ ബയോമെട്രിക്‌ ലോക്കറുകളും കണ്ടെത്തിയിട്ടുണ്ട്‌. ഇന്ന്‌ മോഹന്‍ലാല്‍ എത്തിയ ശേഷമേ ഇവ തുറക്കൂ. റെയ്‌ഡ്‌ സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയാറായില്ല.

മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന്‌ ലഭിച്ച ആനക്കൊമ്പ്‌ ആദായനികുതി വകുപ്പ്‌ സ്ഥിരീകരിച്ചാല്‍ മാത്രം തുടര്‍നടപടിയെക്കുറിച്ച്‌ ആലോചിക്കുമെന്ന്‌ കൊച്ചിയിലുണ്ടായിരുന്ന വനംമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക