Image

ഷിക്കാഗോ സീറോ മലബാര്‍ രൂപത: വളര്‍ച്ചയുടെ 11 വര്‍ഷങ്ങള്‍

ജോയിച്ചന്‍ പുതുക്കുളം Published on 05 July, 2012
ഷിക്കാഗോ  സീറോ മലബാര്‍ രൂപത: വളര്‍ച്ചയുടെ 11 വര്‍ഷങ്ങള്‍
ഷിക്കാഗോ: വാഴ്‌ത്തപ്പെട്ട ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാല്‍ 2001-ല്‍ സ്ഥാപിതമായ അമേരിക്കയിലെ ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപത ദൈവപരിപാലനയുടെ കൈത്താങ്ങുമായി വളര്‍ച്ചയുടെ 11 വര്‍ഷങ്ങള്‍ പിന്നിട്ടു. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൗരസ്‌ത്യ കത്തോലിക്കാ സഭയായ സീറോ മലബാര്‍ സഭയ്‌ക്ക്‌ ഇന്ത്യയ്‌ക്ക്‌ പുറത്തുള്ള ഏക രൂപതയാണിത്‌.

രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പിതാവിന്റെ നേതൃത്വത്തില്‍ രൂപതയുടെ വളര്‍ച്ചയ്‌ക്കായി കഠിനാദ്ധ്വാനം ചെയ്യുന്ന 56 വൈദീകരുടേയും, മാതൃസഭയെ സ്‌നേഹിക്കുകയും അതിന്റെ വളര്‍ച്ചയ്‌ക്കായി അര്‍ത്ഥവും സമയവും ചെലവഴിക്കുന്ന പതിനായിരക്കണക്കിന്‌ അത്മായ സഹോദരങ്ങളുടേയും അക്ഷീണമായ പ്രയത്‌നത്തിന്റേയും വിയര്‍പ്പിന്റേയും ഫലമായി ഈ രൂപതയ്‌ക്ക്‌ ഇന്ന്‌ വടക്കേ അമേരിക്കയുടെ വിവിധ ഭാഗങ്ങളിലായി 29 ഇടവകകളും 36 മിഷനുകളുമുണ്ട്‌. ഏകദേശം ഒരു ലക്ഷത്തോളം വിശ്വാസികള്‍ ഉള്‍ക്കൊള്ളുന്ന രൂപതയുടെ വിവിധ ഇടവകകളിലും മിഷനുകളിലുമായി ആയിരത്തോളം വിശ്വാസ പരിശീലകരുടെ നേതൃത്വത്തില്‍ ആറായിരത്തില്‍പ്പരം കുട്ടികള്‍ വിശ്വാസ പരിശീലനം നടത്തുന്നു.

രൂപതാസ്ഥാപനത്തിന്റേയും അഭിവന്ദ്യ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പിതാവിന്റെ മെത്രാഭിഷേകത്തിന്റേയും പതിനൊന്നാം സംയുക്ത വാര്‍ഷികം രൂപതാ മധ്യസ്ഥനായ മാര്‍ത്തോമാ ശ്ശീഹായുടെ ദുക്‌റാന തിരുനാള്‍ ദിനമായ ജൂലൈ മൂന്നാം തീയതി ബല്‍വുഡ്‌ മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രലില്‍ വെച്ച്‌ നടത്തപ്പെട്ടു. തദവസരത്തില്‍ അഭിവന്ദ്യ ജേക്കബ്‌ അങ്ങാടിയത്ത്‌ പിതാവിന്റെ നേതൃത്വത്തില്‍ നടന്ന സമൂഹബലിയിലും അനുമോദന പരിപാടികളിലും വൈദീകരും സന്യസ്‌തരും അത്മായരുമുള്‍പ്പടെ നിരവധി പേര്‍ പങ്കെടുത്തു.

തിരുകര്‍മ്മങ്ങള്‍ക്കുശേഷം നടന്ന അനുമോദന വേളയില്‍ അഭിവന്ദ്യ പിതാവ്‌ കേക്ക്‌ മുറിച്ച്‌ സന്തോഷം പങ്കുവെച്ചു. വികാരി ഫാ. ജോയി ആലപ്പാട്ട്‌ അനുമോദനങ്ങള്‍ അര്‍പ്പിച്ച്‌ സംസാരിച്ചു. ചാന്‍സലര്‍ റവ. ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്‌ അറിയിച്ചതാണിത്‌.
ഷിക്കാഗോ  സീറോ മലബാര്‍ രൂപത: വളര്‍ച്ചയുടെ 11 വര്‍ഷങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക