Image

പവനായി ശവമായില്ല!

Published on 05 July, 2012
പവനായി ശവമായില്ല!
കാല്‍ നൂറ്റാണ്ടിനു ശേഷം അയര്‍ലന്‍ഡില്‍ നിന്നു പവനായി മടങ്ങിയെത്തുന്നു; പുതിയ അടവുകള്‍ പയറ്റാനും പുതിയ തമാശകള്‍ കാണിച്ചു ചിരിപ്പിക്കാനും. മലയാള സിനിമയിലെ വില്ലന്‍ കഥാപാത്രങ്ങള്‍ക്കു പുതിയ പരിവേഷം നല്‍കിയ നാടോ ടിക്കാറ്റിലെ പവനായി എന്ന കഥാപാത്രം മുഖ്യ കഥാപാത്രമായി മാറുന്ന പുതിയ സിനിമയുടെ പേര് ‘മിസ്റ്റര്‍ പവനായി 99.99” .

പവനായിയായ ക്യാപ്റ്റന്‍ രാജു ഈ ചിത്രത്തിലൂടെ ഒന്നര പതിറ്റാണ്ടിനു ശേഷം സംവിധായകന്റെ റോളിലേക്കും മടങ്ങിയെത്തുന്നു. പുതിയ പവനായിയുടെ കഥയും ക്യാപ്റ്റന്റേതു തന്നെ. രണ്ട് അഭിനയ കുടുംബങ്ങളിലെ പുതുതലമുറക്കാര്‍ യുവ നായികാ-നായകന്‍മാരായി അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. നാടകാചാര്യന്‍ എന്‍.എന്‍. പിള്ളയുടെ കൊച്ചുമകനും നടന്‍ വിജയരാഘവന്റെ ഇളയ പുത്രനുമായ ദേവദേവനും നാടക നടന്‍ ബാബുവിന്റേയും സിനിമാതാരം പൊന്നമ്മ ബാബുവിന്റേയും മകള്‍ പിങ്കിയും. ഓഗസ്റ്റില്‍ ചിത്രീക രണം ആരംഭിക്കുന്ന ചിത്രം ക്രിസ്മസിനു തിയറ്ററില്‍ എത്തിക്കാനാണ് ഉദ്ദേശിക്കു ന്നതെന്ന് ക്യാപ്റ്റന്‍ രാജു പറഞ്ഞു. 

‘ഞാന്‍ ചെയ്തതില്‍ ഏറ്റവും ക്ലാസ് കഥാപാത്രം വടക്കന്‍ വീരഗാഥയിലെ അരിങ്ങോട രൊക്കെയായിരുന്നെങ്കിലും എന്നെ ജനം ഏറെ ഇഷ്ടപ്പെടുന്നതു നാടോടിക്കാറ്റിലെ പവനായിയിലൂടെയാണ്. ഇപ്പോഴും പലയിടത്തും പോവുമ്പോള്‍ ആള്‍ക്കാര്‍ പവനായി എന്നു വിളിക്കുന്നതു കേള്‍ക്കുമ്പോള്‍ വലിയ സന്തോഷം തോന്നാറുണ്ട്. അങ്ങനെ യാണ് ആ കഥാപാത്രത്തെ മുന്‍നിര്‍ത്തി പുതിയൊരു സിനിമയെക്കുറിച്ച് ആലോചിച്ചത്”-ക്യാപ്റ്റന്‍ രാജു പറയുന്നു.

1987-ല്‍ ആണു നാടോടിക്കാറ്റ് പുറത്തിറങ്ങുന്നത്. ശ്രീനിവാസനും സത്യന്‍ അന്തി ക്കാടും കൂടി സൃഷ്ടിച്ചതായിരുന്നു വിഖ്യാതനായ ആ ഹാസ്യ വില്ലന്‍ കഥാപാത്രം. ബൊഫോഴ്‌സിന്റെ അള്‍ട്രാ മോഡേണ്‍ ഗണ്‍, ബോംബ്, അമ്പും വില്ലും തുടങ്ങി മലപ്പുറം കത്തിവരെയുള്ള സര്‍വ സന്നാഹങ്ങളുമായി എത്തുന്ന ഗുണ്ടയായ പവ നായി ഒരു സംഘട്ടനത്തിനൊടുവില്‍ പഴത്തൊലിയില്‍ ചവിട്ടി ബഹുനില കെട്ടിട ത്തിനു മുകളില്‍ നിന്നു താഴെ വാട്ടര്‍ ടാങ്കിലേക്കു വീണാണു കഥ കഴിയുന്നത്.

‘പവനായി ശവമായി” എന്ന ഡയലോഗ് പിന്നീടു മലയാളത്തില്‍ ഒരു ഭാഷാ പ്രയോഗം പോലുമായി. പക്ഷേ പവനായി അന്നു ശവമായിട്ടില്ലെന്ന വെളിപ്പെടുത്തലോടെയാണു പുതിയ സിനിമയുടെ കഥ തുടങ്ങുന്നത്. വെള്ളത്തില്‍ വീണ പവനായി രക്ഷപ്പെട്ടു കേരള പൊലീസിന്റെ കണ്ണു വെട്ടിച്ച് അയര്‍ലന്‍ഡിലേക്കു മുങ്ങുകയാണ്. ഇപ്പോള്‍ കോടന്‍ ബ്രദേഴ്‌സ് എന്ന കോടീശ്വരന്‍മാരായ സഹോദരന്‍മാര്‍ സ്വത്തു തട്ടിയെടുക്കുന്നതിനായി ഒരു പെണ്‍കുട്ടിയേയും കാമുകനേയും കൊല്ലാനുള്ള ദൗത്യമേല്‍പ്പിച്ചതോടെയാണു പവനായി വീണ്ടും നാട്ടിലേക്കു മടങ്ങിയെത്തുന്നത്. ഈ ദൗത്യം നടപ്പാക്കാനുള്ള പവനായിയുടെ ശ്രമങ്ങളും തുടര്‍ന്നുള്ള സംഭവങ്ങളുമാണു പുതിയ സിനിമയുടെ കഥ. ഈ രണ്ടാം വരവില്‍ പവനായിയുടെ സഹായി യാവുന്നത് ഉണ്ടപ്പക്രു. മുഴുനീള ഹാസ്യ ചിത്രം തന്നെയാണിതെന്നു ക്യാപ്റ്റന്‍ രാജു പറയുന്നു. 

ക്യാപ്റ്റന്‍ രാജു സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. 1997-ല്‍ പുറത്തിറങ്ങിയ വിക്രം-ലൈല താരജോടികള്‍ അഭിനയിച്ച ‘ഇതാ ഒരു സ്‌നേഹഗാഥ” ആയിരുന്നു ക്യാപ്റ്റന്‍ രാജുവിന്റെ ആദ്യ സംവിധാന സംരംഭം. തന്റെ നാടായ പത്തനംതിട്ടയിലായിരിക്കും പവനായി 99.99 പൂര്‍ണമായി ഷൂട്ട് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു. പി.വി. എബ്രഹാം നിര്‍മിക്കുന്ന സിനിമയുടെ തിരക്കഥ നവാഗതരായ രൂപകും നിഷകും ചേര്‍ന്നാണ്. മന്ത്രി കെ.ബി. ഗണേഷ് കുമാര്‍, കവിയൂര്‍ പൊന്നമ്മ തുടങ്ങിയ താരനിരയും അണിനിരക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക