Image

കണ്‍വെന്‍ഷന്‍ വിജയിപ്പിക്കാന്‍ പ്രകൃതിയും കനിഞ്ഞു: ജി.കെ. പിള്ള

Published on 03 July, 2012
കണ്‍വെന്‍ഷന്‍ വിജയിപ്പിക്കാന്‍ പ്രകൃതിയും കനിഞ്ഞു: ജി.കെ. പിള്ള
ഹ്യൂസ്റ്റണ്‍: ഫൊക്കാന പ്രസിഡന്റ്‌ എന്ന നിലയിലുള്ള രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ സംതൃപ്‌തി. കണ്‍വെന്‍ഷന്റെ വിജയത്തില്‍ ആഹ്ലാദം. കണ്‍വെന്‍ഷന്‍ വിജയിപ്പിക്കാന്‍ പ്രകൃതിയും കനിഞ്ഞു. അനന്തപുരിയായി മാറിയ ക്രൗണ്‍ പ്ലാസയ്‌ക്കു ചുറ്റിലും സാംസ്‌കാരിക ഘോഷയാത്ര സംഘടിപ്പിക്കാന്‍ മഴ മാറിനിന്നു. കനത്ത ചൂടും ഉണ്ടായില്ല- പത്രസമ്മേളനത്തില്‍ ജി.കെ. പിള്ള പറഞ്ഞു.

നാലു ദിവസം സമ്മേളനമെന്ന്‌ ഇതാദ്യമാണ്‌. പ്രശ്‌നങ്ങളില്ലാതെ കണ്‍വെന്‍ഷന്‍ പര്യവസാനിക്കുന്നു. നല്ല സദ്യ നല്‍കിയാല്‍ ആളുകള്‍ ആസ്വദിക്കുമെന്നു പറയുന്നതുപോലെ നല്ല വിഭവങ്ങളാണ്‌ നാലു ദിവസവും നല്‍കിയത്‌. അതിനാല്‍ ആര്‍ക്കെങ്കിലും ബോറടിച്ചതായി കേട്ടതുമില്ല.

ഉച്ചഭക്ഷണവും രാത്രി ഭക്ഷണവും നാടന്‍ തന്നെ നല്‍കാനായി എന്നത്‌ ഏറെ ചാരിതാര്‍ത്ഥ്യം നല്‍കുന്നു. ഹ്യൂസ്റ്റണിലെ ഏഴു മലയാളി ഹോട്ടലുകള്‍ മത്സരിച്ചാണ്‌ ഭക്ഷണം കൊണ്ടുവന്നത്‌. ഒരാളെ തന്നെ ഏല്‍പിച്ചാല്‍ ഉച്ചയ്‌ക്ക്‌ വെച്ചതിന്റെ ബാക്കിയായിരിക്കും രാത്രി വരിക.

ചരിത്രത്തിലാദ്യമായി ഒരു വനിതയ്‌ക്കാണ്‌ താന്‍ സാരഥ്യം കൈമാറുന്നതെന്നതിലും ഏറെ സന്തോഷമുണ്ട്‌- പിള്ള പത്രസമ്മേളനത്തില്‍ പറഞ്ഞു. കരുതലോടെ മുന്നോട്ടു പോകുകയും മറ്റുള്ളവരെ ചുമതല ഏല്‍പിക്കുമ്പോള്‍ തന്നെ നിയന്ത്രണം കൈയ്യില്‍ നിന്ന്‌ വിടാതിരിക്കുകയും വേണം എന്നതാണ്‌ അവര്‍ക്കുള്ള തന്റെ ഉപദേശം. ഇതുമൂലം തികഞ്ഞ അച്ചടക്കത്തോടെയാണ്‌ തങ്ങള്‍ പ്രവര്‍ത്തിച്ചത്‌.

പഴയ പ്രൗഡി ഫൊക്കാന ഈ കണ്‍വെന്‍ഷനോടെ വീണ്ടെടുത്തെന്ന്‌ പിള്ളയും ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍ പോള്‍ കറുകപ്പള്ളിയും പറഞ്ഞു. ഒരു ദിവസം മുഴുവന്‍ സ്റ്റേജ്‌
യുവാക്കള്‍ക്കായി ഒഴിഞ്ഞുകൊടുത്തു. ബാസ്‌ക്കറ്റ്‌ ബോള്‍ ടൂര്‍ണമെന്റ്‌ വലിയ ആവേശമായതായി സെക്രട്ടറി ബോബി ജേക്കബ്‌ പറഞ്ഞു.

കണ്‍വെന്‍ഷന്‍ നഷ്‌ടത്തിലാവുമെന്ന്‌ കരുതുന്നില്ലെന്ന്‌ ജി.കെ. പിള്ള പറഞ്ഞു. സ്ഥാനമൊഴിഞ്ഞ്‌ 90 ദിവസത്തിനുള്ളില്‍ കണക്ക്‌ അവതരിപ്പിക്കും. ഫിലാഡല്‍ഫിയയിലും ആല്‍ബനിയിലും തന്റെ നേതൃത്വത്തില്‍ നടത്തിയ കണ്‍വെന്‍ഷനുകള്‍ നഷ്‌ടത്തിലായിരുന്നില്ലെന്ന്‌ പോള്‍ കറുകപ്പള്ളി പറഞ്ഞു. ചിക്കാഗോയില്‍ 2002-ല്‍ നടന്ന കണ്‍വെന്‍ഷന്‍ നഷ്‌ടത്തിലായിരുന്നുവെന്നും താന്‍ ആണ്‌ അത്‌ നികത്തിയതെന്നും പറയുന്നത്‌
ശരിയല്ല- അന്നത്തെ പ്രസിഡന്റും ഫൊക്കാന ഫൗണ്ടേഷന്‍ പ്രസിഡന്റുമായ ഡോ. എം. അനിരുദ്ധന്‍ പറഞ്ഞു. പുതിയ പ്രസിഡന്റായ മറിയാമ്മ പിള്ളയായിരുന്നു അന്നു ട്രഷറര്‍.

നാട്ടില്‍ നിന്ന്‌ വി.ഐ.പികള്‍ ഏറെ വരാതിരിക്കുന്നതിനു ഗുണവും ദോഷവുമുണ്ട്‌. കണ്‍വെന്‍ഷനു നാലു ദിവസം മുമ്പു വരെ കേന്ദ്രത്തിലേയും കേരളത്തിലേയും നേതാക്കള്‍ വരുമെന്ന്‌ ഉറപ്പു പറഞ്ഞിരുന്നതാണ്‌. എന്നാല്‍ അവസാന നിമിഷം അവര്‍ക്ക്‌ വിദേശയാത്രയ്‌ക്ക്‌ വിലക്കുവന്നു. വി.ഐ.പികളില്ലാത്തതുകൊണ്ട്‌ പ്രത്യേകിച്ച്‌ ദോഷമൊന്നും ഉണ്ടായിട്ടില്ല.

വീഡിയോ വഴിയാണെങ്കിലും മഹാരാജാവാണ്‌ കണ്‍വെന്‍ഷന്‍ ഉദ്‌ഘാടനം ചെയ്‌തത്‌. പാരമ്പര്യമനുസരിച്ച്‌ നിലവിളക്ക്‌ കൊളുത്താന്‍ മാന്ത്രികന്‍ ഗോപിനാഥ്‌ മുതുകാടിനെയാണ്‌ ക്ഷണിച്ചത്‌. രണ്ട്‌ ഉദ്‌ഘാടനമല്ല നടന്നത്‌. ഗോപിനാഥും ഇതിന്‌ അര്‍ഹനായ വ്യക്തിയാണ്‌. മനുഷ്യനന്മയ്‌ക്കുവേണ്ടി പ്രവര്‍ത്തിക്കുകയാണദ്ദേഹം.

മജീഷ്യന്‍ സാമ്രാജിന്റെ പരിപാടി കണ്‍വെന്‍ഷനില്‍ വേണ്ടെന്നുവെച്ചത്‌ ഗോപിനാഥിന്റെ ധാര്‍ഷ്‌ഠ്യംകൊണ്ടല്ലേ എന്ന ചോദ്യത്തിന്‌ അത്‌ ശരിയല്ലെന്നായിരുന്നു പിള്ളയുടെ മറുപടി. എട്ടു മാസം മുമ്പേ ഗോപിനാഥുമായി കരാര്‍ ഒപ്പിട്ടിരുന്നു. അതനുസരിച്ച്‌ മറ്റ്‌ മാന്ത്രിക പരിപാടി കണ്‍വെന്‍ഷനില്‍ പാടില്ല. പിന്നീടാണ്‌ സാമ്രാജ്‌ വരുന്നകാര്യം അറിഞ്ഞത്‌. കരാര്‍ അനുസരിക്കാന്‍ ബാധ്യസ്ഥരായതിനാല്‍ സാമ്രാജിന്റെ മാന്തിക പരിപാടി പറ്റില്ലെന്ന്‌ അദ്ദേഹമുള്‍പ്പെട്ട സംഘാടകരെ അറിയിച്ചിരുന്നു.

അംഗ സംഘടനകളുടെ പ്രവര്‍ത്തനം നോക്കിയാണ്‌ ഫൊക്കാനയില്‍ അംഗത്വം നല്‍കുന്നതെന്ന്‌ കറുകപ്പള്ളി പറഞ്ഞു. സംഘടന പുതിയതാണെങ്കില്‍ ഫൊക്കാനയില്‍ മാത്രം പ്രവര്‍ത്തിക്കണം.

മുതിര്‍ന്ന നേതാക്കളെ അഡൈ്വസറി കമ്മിറ്റിയില്‍ അംഗങ്ങളാക്കിയത്‌ അവരെ തളച്ചിടാനല്ല. മറിച്ച്‌ അവരുടെ പരിചയസമ്പത്ത്‌ പ്രയോജനപ്പെടുത്താനാണെന്ന്‌ പിള്ളയും കറുകപ്പള്ളിയും പുതിയ സെക്രട്ടറി ടെറന്‍സണ്‍ തോമസും പറഞ്ഞു. യുവജനതയ്‌ക്ക്‌ പ്രാതിനിധ്യംകൊടുക്കുമ്പോള്‍ തന്നെ മുതിര്‍ന്നവരും ആവശ്യമുണ്ട്‌.

താന്‍ അധികമൊന്നും സംസാരിക്കാത്ത വ്യക്തിയാണെന്നും പ്രവര്‍ത്തനങ്ങളിലാണ്‌ ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും ബോബി ജേക്കബ്‌ പറഞ്ഞു. രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനവും താന്‍ ആസ്വദിച്ചു. ദുഖകരമായ അനുഭവങ്ങളൊന്നുമില്ല. മലയാളി സംഘടന എന്ന നിലയില്‍ മലയാളം നന്നായി പറയാന്‍ കഴിയാത്തത്‌ ചിലപ്പോള്‍ പ്രശ്‌നം സൃഷ്‌ടിച്ചു. മലയാളം അറിയാവുന്നവര്‍ നേതൃരംഗത്ത്‌ വരുന്നതാണ്‌ മെച്ചം.

ദീര്‍ഘകാല പരിപാടികള്‍ ആവിഷ്‌കരിക്കാന്‍ തങ്ങള്‍ ശ്രമിക്കുമെന്ന്‌ മറിയാമ്മ പിള്ള പറഞ്ഞു. രണ്ടുവര്‍ഷം കഴിഞ്ഞ്‌ തങ്ങള്‍ സ്ഥാനമൊഴിഞ്ഞാലും പുതിയ ഭാരവാഹികള്‍ക്ക്‌ തുടരാവുന്ന പദ്ധതികളാണ്‌ ആവിഷ്‌കരിക്കുക.

ഫോമയുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്ന്‌ പിള്ള പറഞ്ഞു. കണ്‍വെന്‍ഷന്‌ ഫോമാ പ്രസിഡന്റ്‌ ബേബി ഊരാളില്‍ ആശംസ അറിയിച്ചതുപോലെ തങ്ങളും മംഗളങ്ങള്‍ നേരും. ഇരു സംഘടനകളും ഓരോ വര്‍ഷത്തിനു പകരം ഒന്നരാടന്‍ വര്‍ഷങ്ങളില്‍ കണ്‍വെന്‍ഷന്‍ നടത്തുന്ന കാര്യം പരിഗണനയിലുണ്ട്‌. അതു നടന്നുകൂടായ്‌കയില്ല.

നാട്ടിലെ നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണാന്‍ കഴിയുന്ന സഹായമെത്തിക്കുമെന്ന്‌ നഴ്‌സുകൂടിയായ മറിയാമ്മ പിള്ള പറഞ്ഞു. ധര്‍ണ നടത്തുന്നതും മറ്റും നന്നല്ല. എന്നാല്‍ പ്രവാസി പ്രശ്‌നങ്ങളില്‍ ധര്‍ണയെങ്കില്‍ അതിനും തയാറാണെന്ന്‌ ടെറന്‍സണ്‍ പറഞ്ഞു.

നാട്ടിലേക്കാള്‍ പ്രശ്‌നങ്ങള്‍ അമേരിക്കന്‍ മലയാളികള്‍ നേരിടുന്നുണ്ടെന്ന്‌ പിള്ള ചൂണ്ടിക്കാട്ടി. ഇവിടെയുള്ളവര്‍ക്ക്‌ സഹായമെത്തിക്കാനും ഫൊക്കാന പ്രതിജ്ഞാബദ്ധമാണ്‌.

പത്രസമ്മേളനത്തില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. എം. അനിരുദ്ധന്‍, പുതിയ ട്രഷറര്‍ വര്‍ഗീസ്‌ പാലമലയില്‍, ലീലാ മാരേട്ട്‌, ജോസഫ്‌ കുര്യപ്പുറം, ഏബ്രഹാം ഈപ്പന്‍ തുടങ്ങിയവരും പങ്കെടുത്തു. മൊയ്‌തീന്‍ പുത്തന്‍ചിറയായിരുന്നു കോര്‍ഡിനേറ്റര്‍. മാധ്യമ പ്രവര്‍ത്തകരായ എന്‍. അശോകന്‍, ജോര്‍ജ്‌ കള്ളിവയല്‍,
വിന്‍സെന്റ് ഇമ്മാനുവേല്‍, വിനീത നായര്‍, കോശി തോമസ്‌, സണ്ണി മാളിയേക്കല്‍, സുനില്‍ ട്രൈസ്റ്റാര്‍, ഏബ്രഹാം തെക്കേമുറി എന്നിവരും പങ്കെടുത്തു.
കണ്‍വെന്‍ഷന്‍ വിജയിപ്പിക്കാന്‍ പ്രകൃതിയും കനിഞ്ഞു: ജി.കെ. പിള്ള
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക