Image

ടി.പി വധം: ഒ.ഐ.സി.സി. കണ്ണൂര്‍ ജില്ല കമ്മിറ്റി സെമിനാര്‍ സംഘടിപ്പിച്ചു

ഷക്കീബ്‌ കൊളക്കാടന്‍ Published on 04 July, 2012
ടി.പി വധം: ഒ.ഐ.സി.സി. കണ്ണൂര്‍ ജില്ല കമ്മിറ്റി സെമിനാര്‍ സംഘടിപ്പിച്ചു
റിയാദ്‌: ടി.പി. ചന്ദ്രശേഖരന്റെ ദൗര്‍ഭാഗ്യകരമായ വധം കേരള രാഷ്ട്രീയത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ക്ക്‌ തുടക്കം കുറിക്കുമെന്ന്‌ ഒ.ഐ.സി.സി. കണ്ണൂര്‍ ജില്ല കമ്മിറ്റി സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വര്‍ഗീയ കലാപങ്ങളാക്കി മാറ്റാന്‍ സി.പി.എം. നടത്തുന്ന ബോധപൂര്‍വ്വമായ നീക്കങ്ങള്‍ ആത്മഹത്യാപരവും അത്യന്തം അപകടകരവും ആണെന്നം അഭിപ്രായമുണ്ടായി.

ഒ.ഐ.സി.സി. കണ്ണൂര്‍ ജില്ല കമ്മിറ്റി സംഘടിപ്പിച്ച `കേരള രാഷ്ട്രീയം ടി.പി. വധത്തിന്‌ ശേഷം' എന്ന വിഷയത്തില്‍ ഷിഫ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ കോഴിക്കോട്‌ അബ്ദുള്‍ അസീസ്‌ ഉദ്‌ഘാടനം ചെയ്‌തു. അക്രമരാഷ്ട്രീയം കേരള മണ്ണില്‍ അവസാനിപ്പിക്കാന്‍ ഈ കൊലപാതകം കാരണമാകുമെന്ന്‌ അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഇടതുപക്ഷ രാഷ്ട്രീയത്തെ ശുദ്ധീകരിച്ച്‌ ശക്തിപ്പെടുത്താന്‍ ടി.പി. യുടെ രക്തസാക്ഷിത്വം ഉപകരിക്കുമെന്ന്‌ ചര്‍ച്ചക്ക്‌ തുടക്കംകുറിച്ച എ.പി. അഹമ്മദ്‌ സൂചിപ്പിച്ചു. പിണറായി വിജയന്‍ പ്രതിനിധാനം ചെയ്യുന്ന അധോലോകരാഷ്ട്രീയം ടി.പി. യുടെ ചോരയില്‍ അവസാനിക്കുമെന്ന്‌ ഇക്‌ബാല്‍ കൊടുങ്ങല്ലൂര്‍ ചൂണ്ടിക്കാട്ടി. ടി.പി. വധം പോലെ അപലപനീയമാണ്‌ സി.പി.എംനെ നിഷ്‌ക്കാസനം ചെയ്യാനായി അരങ്ങേറിക്കൊണ്ടിരിക്കുന്ന മാധ്യമഭീകരതയും എന്ന്‌ ജയചന്ദ്രന്‍ നെടുവമ്പ്രം പറഞ്ഞു. കോണ്‍ഗ്രസ്‌ അഭയം നല്‌കിയതിനാലാണ്‌ ശെല്‍വരാജ്‌ സി.പി.എം ന്റെ കൊലക്കത്തിയില്‍ നിന്ന്‌ രക്ഷപ്പെട്ടതെന്ന്‌ എല്‍.കെ. അജിത്ത്‌ അഭിപ്രായപ്പെട്ടു. ടി.പി വധത്തിലെ പ്രതികള്‍ ഏത്‌ പാര്‍ട്ടിക്കാരായാലും ശിക്ഷിക്കപ്പെടണമെന്നും എല്ലാ രാഷ്ട്രീയപാര്‍ട്ടികളും കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്നും സുധീര്‍ കുമ്മിള്‍ പറഞ്ഞു. കൊലപാതകത്തേക്കാള്‍ ഭീകരമാണ്‌ കേസന്വേഷണം വഴിതിരിച്ച്‌ വിട്ട്‌ വര്‍ഗീയ കലാപമുണ്ടാക്കാനുള്ള സി.പി.എം ശ്രമമെന്ന്‌ അര്‍ഷുല്‍ അഹമ്മദ്‌ പറഞ്ഞു.

മതേതര പാര്‍ട്ടികളല്ലാത്ത പ്രസ്ഥാനങ്ങള്‍ ജനതയെ ഭിന്നിപ്പിക്കാന്‍ കാരണമാകുന്നു എന്നും രഷ്ട്രീയത്തില്‍ അടുത്ത കാലത്തായി മത സാമുദായിക ശക്തികളുടെ ഇടപെടലുകള്‍ ഏറി വരുന്നത്‌ ആശങ്കാജനകമാണെന്നും നജിം കൊച്ചുകലുങ്ക്‌ പറഞ്ഞു. ഹരികൃഷ്‌ണന്‍ മോഡറേറ്റര്‍ ആയിരുന്നു. ബിജു തോമസ്‌ അധ്യക്ഷത വഹിച്ച ചടങ്ങിന്‌ അഭിലാഷ്‌ മാവിലായി സ്വാഗതവും ഷാജി പാനൂര്‍ നന്ദിയും പറഞ്ഞു. മുഹമ്മദ്‌ കുഞ്ഞി കൊറളായി ആമുഖ പ്രസംഗം നടത്തി.മുഹമ്മദലി കൂടാളി, അഷ്‌റഫ്‌ വടക്കേവിള, രഘുനാഥ്‌ പറശ്ശിനിക്കടവ്‌, അസ്‌ക്കര്‍ കണ്ണൂര്‍, ലത്തീഷ്‌ പിണറായി, ഹാഷിം പപ്പിനിശ്ശേരി, ഫൈസല്‍ ബക്കളം എന്നിവര്‍ പരിപാടിക്ക്‌ നേതൃത്വം നല്‌കി.
ടി.പി വധം: ഒ.ഐ.സി.സി. കണ്ണൂര്‍ ജില്ല കമ്മിറ്റി സെമിനാര്‍ സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക