Image

സുതാര്യരാവണം നമ്മുടെ സൂപ്പര്‍ താരങ്ങള്‍

ജി.കെ Published on 22 July, 2011
സുതാര്യരാവണം നമ്മുടെ സൂപ്പര്‍ താരങ്ങള്‍
മലയാളസിനിമയിലെ എക്കാലത്തെയും രണ്‌ടു വലിയ സൂപ്പര്‍താരങ്ങളുടെ വീടുകളില്‍ ആദായനികുതി വകുപ്പ്‌ നടത്തിയ റെയ്‌ഡ്‌ ഒരു സൂപ്പര്‍ ഹിറ്റ്‌ സിനിമ പോലെ മാധ്യമങ്ങള്‍ ആഘോഷിച്ചുകൊണ്‌ടിരിക്കുകയാണ്‌. പത്മനാഭസ്വാമിക്ഷേത്രത്തിലെ നിലവറകളില്‍ നിന്നുള്ള നിധിശേഖരത്തിന്റെ കണക്കുകള്‍ കേട്ട്‌ കണ്ണ്‌ മഞ്ഞളിച്ചിരിക്കുന്ന ജനങ്ങള്‍ താരങ്ങളുടെ വീട്ടിലെ നിധിശേഖരത്തിന്റെ വലിപ്പമറിയാന്‍ കണ്ണിലെണ്ണയൊഴിച്ച്‌ ടെലിവിഷനുമുന്നില്‍ കണ്ണുനട്ടിരിക്കുന്ന കാഴ്‌ചയ്‌ക്കാണ്‌ കേരളം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്‌. സൂപ്പര്‍ താരങ്ങളുടെ സിനിമകള്‍ കോടികള്‍ ചാനല്‍ റൈറ്റ്‌ നല്‍കി സ്വന്തമാക്കുന്ന ചാനലുകള്‍ തന്നെയാണ്‌ അവര്‍ക്കെതിരായ വാര്‍ത്ത ലൈവാക്കി നിര്‍ത്താന്‍ മത്സരിക്കുന്നതെന്ന വിരോധാഭാസവും ഇവിടെ കാണാനാവുന്നുണ്‌ട്‌. ഈ ലൈവ്‌ കോലാഹലങ്ങള്‍ക്കിടയിലും കാണാതെ പോകുന്ന ചില സത്യങ്ങളുണ്‌ട്‌.

ബ്രേക്കിംഗ്‌ ന്യൂസുകളുടെ കാലത്ത്‌ കഴിഞ്ഞ 30 വര്‍ഷമായി മലയാള സിനിമയിലും ഇന്ത്യന്‍ സിനിമയിലും നിറസാന്നിധ്യമായി നില്‍ക്കുകയും ഒട്ടേറെ പുരസ്‌കാരങ്ങളും ബഹുമതികളുംകൊണ്‌ട്‌ മലയാള സിനിമയെ ലോകശ്രദ്ധയിലെത്തിക്കുകയും ചെയ്‌ത രണ്‌ടു താരങ്ങള്‍ക്ക്‌ വിചാരണയ്‌ക്ക്‌ മുമ്പേ ശിക്ഷ വിധിക്കാനുള്ള മാധ്യമവ്യഗ്രത വിമര്‍ശിക്കപ്പെടേണ്‌ടതാണ്‌. റെയ്‌ഡിനെക്കുറിച്ചോ കണ്‌ടെടുത്ത വസ്‌തുക്കളെക്കുറിച്ചോ ഇരുതാരങ്ങളും ഇതുവരെ പ്രതികരിച്ചിട്ടില്ല.

മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന്‌ കണ്‌ടെടുത്ത ആനക്കൊമ്പുകൊണ്‌ടും മമ്മൂട്ടിയുടെ വീട്ടില്‍ നിന്ന്‌ കണ്‌ടെടുത്ത 20 ലക്ഷം രൂപകൊണ്‌ടും ആദ്യദിവസം തൃപ്‌തിപ്പെടേണ്‌ടിവന്നെങ്കിലും വൈദ്യുതിനിരക്ക്‌ വര്‍ധനയെന്ന ജനങ്ങളെ നേരിട്ട്‌ ബാധിക്കുന്ന പ്രശ്‌നംപോലും മാറ്റിവെച്ച്‌ ചാനലുകള്‍ തങ്ങളുടെ ന്യൂസ്‌ അവര്‍ ചര്‍ച്ച സൂപ്പര്‍താരങ്ങളുടെ സ്വത്തിനായി മാറ്റിവെച്ചത്‌ ന്യായീകരിക്കാനാവില്ല. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഇനി തുറക്കാനുള്ള `ബി' നിലവറയുടെ ദുരൂഹതപോലെ രണ്‌ടു താരങ്ങളുടെയും വസതികളില്‍ ഇനി തുറക്കാനുള്ള ബയോമെട്രിക്‌ ലോക്കുള്ള അറകളിലും ലോക്കറുകളിലുമാണ്‌ മാധ്യമങ്ങളും പ്രേഷകരും ആരാധകരും ഇനിയുള്ള ദിവസങ്ങളില്‍ ഉറ്റു നോക്കുന്നത്‌.

റെയ്‌ഡ്‌ കൊണ്‌ടും അതിന്‌ മാധ്യമങ്ങള്‍ നല്‍കിയ പ്രചാരണംകൊണ്‌ടും മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രേഷക പിന്തുണയുള്ള രണ്‌ടു താരങ്ങള്‍ ഒറ്റദിവസം കൊണ്‌ട്‌ വില്ലന്‍മാരുടെ പ്രതിച്ഛായയിലേക്ക്‌ മാറിയെന്ന വസ്‌തുത കണ്‌ടില്ലെന്ന്‌ നടിക്കാനാവില്ല. മോഹന്‍ ലാലിനെയോ മമ്മൂട്ടിയെയോ ന്യായീകരിക്കാനല്ല ഇത്രയും പറഞ്ഞത്‌. പകരം ചിലവിഷയങ്ങളില്‍ മാധ്യമങ്ങള്‍ ന്യായധിപന്‍മാരാവുന്നത്‌ ശരിയല്ലെന്ന്‌ ചൂണ്‌ടിക്കാട്ടാന്‍ വേണ്‌ടി മാത്രമാണ്‌.

മാധ്യമങ്ങളുടെ അമിതാവേശത്തെ വിമര്‍ശിക്കുമ്പോഴും റെയ്‌ഡില്‍ പുറത്തുവരുന്ന ചിലസത്യങ്ങള്‍ കണ്‌ടില്ലെന്ന്‌ നടിക്കാനാവില്ല. ജനമനസ്സില്‍ ഏറെ സ്വാധീനമുള്ള ഇരുതാരങ്ങളുടെയും സാമ്പത്തിക സ്രോതസ്സും ഇടപാടുകളും എത്രമാത്രം സുതാര്യമാണ്‌ എന്നകാര്യം സജീവചര്‍ച്ചയാവുമെന്നതാണ്‌ ഈ റെയ്‌ഡുകൊണ്‌ടുണ്‌ടായ പ്രധാന ഗുണം. സമീപകാലത്തായി മമ്മൂട്ടി അഭിനയിക്കുന്ന മിക്ക ചിത്രങ്ങളും നിര്‍മിക്കുന്നത്‌ അദ്ദേഹത്തിന്റെ തന്നെ നിര്‍മാണ കമ്പനിയായ പ്ലേ ഹൗസാണ്‌. അതുപോലെ തന്നെ മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഭൂരിഭാഗവും നിര്‍മിക്കുന്നത്‌ ആശിര്‍വാദ്‌ സിനിമാസിന്റെ ബാനറില്‍ അദ്ദേഹത്തിന്റെ ഡ്രൈവറും നിര്‍മാതവുമായ ആന്റണി പെരുമ്പാവൂരുമാണ്‌.

കള്ളപ്പണം വെളുപ്പിക്കാനുള്ള മാര്‍ഗമായി സിനിമയെ കാണുന്നത്‌ ബോളിവുഡില്‍ പുതുമയല്ലെങ്കിലും താരതമ്യേന ചെറിയ ബജറ്റില്‍ ചിത്രങ്ങള്‍ നിര്‍മിക്കുന്ന മോളിവുഡിനെ സംബന്ധിച്ച്‌ അതൊരു പുതിയ വാര്‍ത്തയാണ്‌. മോഹന്‍ലാല്‍ ചിത്രങ്ങളുടെ നിര്‍മാതാവായ ആന്റണി പെരുമ്പാവൂര്‍ പ്രതിഫലമായി കള്ളപ്പണവും നല്‍കിയെന്ന ആരോപണം അതുകൊണ്‌ടു തന്നെ ഗൗരവമര്‍ഹിക്കുന്നതാണ്‌

സിനിമാഭിനയത്തിനു പുറമെ നിരവധി ഉല്‍പ്പന്നങ്ങളുടെയും ബ്രാന്‍ഡ്‌ അംബാസഡര്‍മാരാണ്‌ ഇരുതാരങ്ങളും. ഇതിനെല്ലാം പുറമെ മോഹന്‍ലാലിന്‌ സ്വന്തമായി സ്റ്റുഡിയോയും മറ്റ്‌ ബിസിനസ്‌ സംരംഭങ്ങളുമുണ്‌ട്‌. മമ്മൂട്ടിയ്‌ക്കും ചെന്നൈയിലും ബാംഗളൂരിലും കേരളത്തിലും ബിസിനസ്‌ സംരംഭങ്ങളുണ്‌ട്‌. പുതുതായി ഒരു ചാനല്‍ തുടങ്ങാനും മമ്മൂട്ടിയ്‌ക്ക്‌ പദ്ധതിയുണ്‌ടെന്ന്‌ റിപ്പോര്‍ട്ടുകളുണ്‌ട്‌.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ ഒന്നരക്കോടി രൂപയാണ്‌ രണ്‌ടു താരങ്ങളും ഓരോ ചിത്രത്തിനും വാങ്ങുന്ന പ്രതിഫലം. ഇരു താരങ്ങളുടേതായി ഒരുവര്‍ഷം പത്തില്‍ കൂടുതല്‍ ചിത്രങ്ങള്‍ തിയറ്ററുകളിലെത്താറില്ല എന്ന വസ്‌തുത കണക്കിലെടുക്കുമ്പോള്‍ ഇത്രവലിയ നിക്ഷേപങ്ങള്‍ നടത്താനും ചിത്രങ്ങള്‍ നിര്‍മിക്കാനുമുള്ള വരുമാന സ്രോതസ്സ്‌ എന്താണെന്ന ആദായനികുതിവകുപ്പ്‌ ഉദ്യോഗസ്ഥര്‍ക്കെന്നപോലെ ജനങ്ങള്‍ക്കും സംശയമുണരുക സ്വാഭാവികം മാത്രമാണ്‌. പ്രത്യേകിച്ച്‌ കഴിഞ്ഞ ദിവസം കുഞ്ഞാലിക്കുട്ടിയുടെ ബന്ധു കെ.എ.റൗഫ്‌ മോഹന്‍ലാലിനും കൂട്ടുകാര്‍ക്കും മഹാരാഷ്‌ട്രയില്‍ 2000 ഏക്കര്‍ ഭൂമിയുണ്‌ടെന്ന ആരോപണം ഉന്നയിച്ച പശ്ചാത്തലത്തില്‍.

ഓരോ തെരഞ്ഞെടുപ്പിനും മുന്നോടിയായി ജനപ്രതിനിധികള്‍ അവരുടെ സ്വത്ത്‌ വിവരം പരസ്യപ്പെടുത്താറുണ്‌ട്‌. അങ്ങനെ നോക്കുമ്പോള്‍ ജനപ്രതിനിധികളേക്കാള്‍ ജനമനസ്സില്‍ സ്വാധീനമുള്ള സൂപ്പര്‍ താരങ്ങളും സ്വത്ത്‌ വിവരം പരസ്യപ്പെടുത്തണമെന്ന കാര്യത്തില്‍ സൂപ്പര്‍താര ഫാന്‍സുകാര്‍ക്കുപോലും അഭിപ്രായവ്യത്യാസമുണ്‌ടാവുമെന്ന്‌ കരുതുന്നില്ല. അങ്ങനെ ചെയ്യാതിരിക്കുന്നത്‌ തങ്ങളുടെ ആരാധകരോട്‌ മാത്രമല്ല സിനിമയില്‍ തങ്ങള്‍ അവതരിപ്പിച്ച ആദര്‍ശധീരരായ നായകന്‍മാരോടും ചെയ്യുന്ന നീതീകേടാവും.

സൂപ്പറുകള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക്‌ പിന്നില്‍ വിവാദ നായകന്‍....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക