Image

യു.എ.ഇയില്‍ ശമ്പള നിരക്കിലും സ്വദേശിവത്‌കരണം നടപ്പാക്കും: തൊഴില്‍ മന്ത്രി

Published on 03 July, 2012
യു.എ.ഇയില്‍ ശമ്പള നിരക്കിലും സ്വദേശിവത്‌കരണം നടപ്പാക്കും: തൊഴില്‍ മന്ത്രി
റിയാദ്‌: വേതന നിരക്കിലും സ്വദേശിവത്‌കരണം കൊണ്ടുവരാന്‍ ആലോചിക്കുന്നതായി തൊഴില്‍ മന്ത്രാലയം സഹ മന്ത്രി ഡോ. മുഫ്രിജ്‌ അല്‍ഹഖ്‌്‌ബാനി വ്യക്തമാക്കി. ഇടത്തരം ചെറുകിട സ്ഥാപനങ്ങള്‍ക്കുള്ള ഉത്തേജക പദ്ധതികളെക്കുറിച്ച പരിശീലന പരിപാടി ഉല്‍ഘാടനം ചെയ്‌തശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെ സ്വകാര്യമേഖലയില്‍ വിദേശതൊഴിലാളികളുടെ എണ്ണമനുസരിച്ച്‌ സ്വദേശികളുടെ നിശ്ചിത അനുപാതം ഉറപ്പുവരുത്തുക മാത്രമായിരുന്നു നിതാഖാത്ത്‌ സ്വദേശിവത്‌കരണപദ്ധതിയിലൂടെ ലക്ഷ്യമിട്ടിരുന്നത്‌. ഇനിമുതല്‍ സ്വകാര്യമേഖലയില്‍ തൊഴിലെടുക്കുന്ന വിദേശ തൊഴിലാളികള്‍ക്ക്‌ സ്ഥാപനത്തില്‍നിന്നു നല്‍കുന്ന മൊത്തം വേതന നിരക്കിന്റെ നിശ്ചിതവിഹിതം സ്വദേശികള്‍ക്ക്‌ ലഭ്യമാക്കാന്‍ ലക്ഷ്യംവെച്ചുള്ള പദ്ധതിയെക്കുറിച്ച്‌ മന്ത്രാലയം പഠിച്ചുകൊണ്ടിരിക്കുകയാണ്‌. നിതാഖാത്ത്‌ പദ്ധതിയുടെ നവീകരിച്ച രണ്ടാം ഘട്ടത്തില്‍ സ്വകാര്യമേഖലയില്‍ ജോലിചെയ്യുന്ന സ്വദേശികളുടെ തൊഴില്‍പരവും സാമ്പത്തികവുമായ അവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളായിരിക്കും നടപ്പാക്കുകയെന്ന്‌ ഡോ. അല്‍ ഹഖ്‌ബാനി വിശദമാക്കി.

സ്വദേശികളെ സ്വകാര്യമേഖലയിലേക്ക്‌ ആകര്‍ഷിക്കുകയാണ്‌ ലക്ഷ്യം. നിതാഖാത്തിന്റെ പുതിയ ഘട്ടത്തില്‍ സ്വകാര്യമേഖലയില്‍ ജോലിചെയ്യുന്ന സ്വദേശികളുടെ കുറഞ്ഞ ശമ്പളം എത്രയെന്ന്‌ നിര്‍ണയിക്കും. അതേസമയം, സര്‍ക്കാര്‍ സര്‍വീസിലുള്ളവരുടേതിനു സമാനമായ വേതനം സ്വകാര്യമേഖലയില്‍ ലഭ്യമാക്കുക മന്ത്രാലയത്തിന്റെ ലക്ഷ്യമല്ലെന്ന്‌ അദ്ദേഹം പറഞ്ഞു.
സമഗ്രമായ പരിഷ്‌കരണങ്ങളാകും നിതാഖാത്തിന്റെ അടുത്ത ഘട്ടത്തില്‍ നടപ്പാക്കുക. നിതാഖാത്ത്‌ പദ്ധതിയുടെ പരിഷ്‌കരണത്തിനും വികസനത്തിനും ആവശ്യമായ കണ്‍സള്‍ട്ടന്‍സികള്‍ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്‌. ആദ്യഘട്ടത്തില്‍ രാജ്യത്തെ തൊഴില്‍മേഖലയെക്കുറിച്ച്‌ സമഗ്രമായി പഠിക്കാനും തൊഴില്‍ ദാതാവ്‌, തൊഴിലാളി, സര്‍ക്കാര്‍ എന്നിവയുടെ ഉത്തമതാല്‍പര്യങ്ങള്‍ നേടിയെടുക്കാനും ഏറക്കുറെ സാധിക്കുകയുണ്ടായി.

റിക്രൂട്ടിങ്ങ്‌ രംഗത്ത്‌ പ്രവര്‍ത്തിക്കാന്‍ 14 കമ്പനികളാണ്‌ തയാറായി വന്നിട്ടുള്ളത്‌. അതില്‍ രണ്ടു കമ്പനികള്‍ക്ക്‌ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള അന്തിമാനുമതി ലഭിച്ചുകഴിഞ്ഞു. മൂന്നു കമ്പനികള്‍ക്ക്‌ പ്രാഥമികാനുമതി ലഭിച്ചു. രാജ്യത്തെ തൊഴില്‍മേഖലയെ വ്യവസ്ഥാപിതമായി മുന്നോട്ടു കൊണ്ടുപോകാന്‍ ഈ കമ്പനികള്‍ക്ക്‌ സാധിക്കുമെന്നാണ്‌ മന്ത്രാലയം പ്രതീക്ഷിക്കുന്നത്‌. അവയുടെ പ്രവര്‍ത്തനം മന്ത്രാലയം നിരീക്ഷിച്ചുകൊണ്ടിരിക്കും. സ്‌ത്രീകളുടെ സ്വകാര്യവസ്‌ത്രങ്ങളും സൗന്ദര്യവര്‍ധ വസ്‌തുക്കളും വില്‍പന നടത്തുന്ന സ്ഥാപനങ്ങളിലെ സ്‌ത്രീവത്‌കരണ പദ്ധതി നടപ്പാക്കുന്നതില്‍ മുന്നോട്ടു പോകുമെന്നും സ്വകാര്യമേഖലയിലെ ജോലിസമയം ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ചചെയ്‌ത്‌ തീരുമാനിക്കുമെന്നും മന്ത്രി അല്‍ഹഖ്‌ബാനി വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക