Image

9/11 -ലേക്കൊരു തിരിഞ്ഞുനോട്ടം-2

ജിജെ Published on 07 September, 2021
9/11 -ലേക്കൊരു  തിരിഞ്ഞുനോട്ടം-2

നമ്മുടെ കൺമുന്നിൽ ലോകത്തെ മാറ്റിമറിച്ച, വേൾഡ് ട്രേഡ് സെന്റർ (ഡബ്ല്യുടിസി)  ആക്രമണത്തിന്റെ (911)  ഇരുപതാം വാർഷികം എന്ന നിലയ്ക്ക് ഈ വർഷത്തെ  സെപ്റ്റംബർ 11 പ്രാധാന്യമർഹിക്കുന്നു. ലോകമെമ്പാടുമുള്ള മാധ്യമങ്ങൾ ഉറ്റുനോക്കുന്ന ഒന്നാണ് 9/ 11 ന്റെ ഇരുപതാം വാർഷികം. 

ചരിത്രകാരന്മാരുടെ ഏകതാനമായ പഠനത്തിലേക്ക് 9/ 11 ന്റെ പ്രാധാന്യം പരിമിതപ്പെട്ട്  കഴിഞ്ഞോ? എത്ര വലിയ സംഭവമായാലും, അതേക്കുറിച്ച്  രണ്ടു  പതിറ്റാണ്ടിലേറെ മനസ്സിൽ കൊണ്ടുനടക്കുന്ന സ്വഭാവം  മനുഷ്യർക്കില്ല.  ചരിത്രത്തിന്റെ താളുകളിൽ മങ്ങിയ അക്ഷരങ്ങളായി അവ ഇടംപിടിക്കുകയാണ് പതിവ്.  മുന്നോട്ടുള്ള ചുവടുകൾ  വയ്ക്കുന്ന തിരക്കിൽ, പിന്നിട്ട വഴിയെക്കുറിച്ച് നാം ചിന്തിക്കാറില്ല.

എങ്കിലും 9/11 ന്റെ വാർഷികം മാധ്യമങ്ങൾക്ക് ഇപ്പോഴും ആഘോഷമാണ്. അഞ്ചിന്റെ ഗുണിതങ്ങളായ വാർഷികങ്ങൾ വീണുകിട്ടിയാൽ പറയുകയും വേണ്ട. അഞ്ച്, പത്ത്, പതിനഞ്ച് എന്നിങ്ങനെയുള്ള  വാർഷികദിനത്തിൽ 9 /11 ന്റെ  ഇരകളുടെ ജീവിച്ചിരിക്കുന്ന ബന്ധുക്കളെത്തേടി പത്രക്കാരും ചാനലുകാരും ഇറങ്ങും. 

രാജ്യത്തും അവരുടെ ജീവിതങ്ങളിലും വന്ന മാറ്റങ്ങൾ ഒപ്പിയെടുത്ത് വായനക്കാർക്കും പ്രേക്ഷകർക്കും മുൻപിൽ വിളമ്പുന്നത് റേറ്റിംഗിന് ഗുണം ചെയ്യും. പണ്ട് പറഞ്ഞകാര്യങ്ങൾ തന്നെ ആവർത്തിച്ച് മടുത്ത്, പലരും അഭിമുഖങ്ങൾ നൽകാൻ കൂട്ടാക്കാറില്ല. ഇനിയും തങ്ങളെ പിന്തുടരരുതെന്ന ശാസനയോടെയും നിസഹായത കലർന്ന അഭ്യർത്ഥനയോടെയും ഒഴിഞ്ഞുമാറും. ചിലർ ഇതാണ് അവസാനത്തേത് എന്ന മട്ടിൽ മാധ്യമങ്ങൾക്ക് മുൻപിൽ വീണ്ടും ഓർമ്മകൾ പൊടിതട്ടി പകർന്നുകൊടുക്കും. 

ഇന്നല്ലെങ്കിൽ നാളെ എല്ലാവരും ഇവിടം വിട്ട് പോകേണ്ടവരാണെന്നും, ചിലർ മുൻപ് പോകും ചിലർ വൈകിയാകും കടന്നുപോവുക എന്ന മട്ടിൽ തത്വചിന്തകൾ പങ്കുവച്ച്  ഉറ്റവർ നഷ്ടപ്പെട്ട വേദന കടിച്ചമർത്തുന്നവരും കുറവല്ല.

മൻഹാട്ടനിലെ ഡൗൺടൗണിലെ  പുതിയ വേൾഡ് ട്രേഡ് സെന്ററിനടുത്തു  ചർച്ച് സ്ട്രീറ്റിലൂടെയോ ബ്രോഡ്‌വേയിലൂടെയോ നടക്കുമ്പോൾ  നമ്മുടെ ശ്രദ്ധ കവരുന്നത്  ടവർ തന്നെ. കണ്ണെത്താ ഉയരങ്ങളിലേക്ക് അത്  പടുത്തുയർത്തപ്പെട്ടത് എത്ര വേഗമാണ്!

മുൻപുണ്ടായിരുന്ന ടവറുകളുടെ   സ്ഥാനത്താണ് ഇന്ന് 9/11 സ്മാരകം  നിൽക്കുന്നത്. നിലക്കാത്ത കണ്ണീർ പോലെ ജലം പ്രവഹിച്ചു കൊണ്ടിരിക്കുന്ന രണ്ട് കുളങ്ങൾ (റിഫ്‌ളക്‌ടിംഗ്‌ പൂൾ). ചുറ്റിലും ഓക്ക് മരങ്ങൾ നിറഞ്ഞ പാർക്ക്. ലോകത്തിലെ ഏറ്റവും വിശുദ്ധമായ ഇടം.  ഭൂമിയുടെ  മിക്കവാറും എല്ലാകോണുകളിൽ നിന്നുമുള്ള  വിവിധ രാജ്യക്കാരായ  2700 -ലധികം ആളുകൾ മണ്മറഞ്ഞത് അവിടെയാണ്. ഇത് പോലെ  മറ്റൊരിടം ലോകത്തെവിടെയും ചൂണ്ടിക്കാണിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. 

അന്നത്തെ സ്ഫോടനത്തിൽ ഇരയായവരുടെ ശരീരാവശിഷ്ടങ്ങൾ എന്തെങ്കിലും ലഭിച്ചവർ ഭാഗ്യവാന്മാരാണെന്നാണ് ആ ഇടയ്ക്ക് പത്രങ്ങൾ വിശേഷിപ്പിച്ചത്. അത്രയ്ക്ക്   ഒന്നും അവശേഷിച്ചിരുന്നില്ല. ഗ്രൗണ്ട് സീറോ സ്വയം ശ്മശാനമായി മാറുകയും മൃതദേഹങ്ങൾ ചാരമായി തീരുകയും ചെയ്യുകയായിരുന്നു. അത്തരം സന്ദർഭത്തിൽ മൃതദേഹം കിട്ടുന്നത് പോലും വലിയ ഭാഗ്യമായി കരുതിയിരുന്നു!

1100 ൽ അധികം ആളുകളുടെ ശരീര ഭാഗങ്ങൾ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. എങ്കിലും  കാണാതായവരുടെ കുടുംബങ്ങൾക്ക് ഉറ്റവരുടെ  മരണ സർട്ടിഫിക്കറ്റുകൾ നൽകുകയും  അവരുടെ പേരുകൾ 9/11 സ്മാരകത്തിൽ പതിക്കുകയും ചെയ്തു. കാലമിത്ര കഴിഞ്ഞിട്ടും തിരിച്ചുവരാത്തതുകൊണ്ട് അവർ മരണപ്പെട്ടതായി വിശ്വസിക്കാൻ  ബന്ധുമിത്രാദികൾ നിർബന്ധിതരായി തീർന്നു.

9/11 ചരിത്രത്തിലേക്ക് വഴിമാറിയെങ്കിലും ചില കാര്യങ്ങൾ ഇപ്പോഴും നമ്മുടെ ജീവിതത്തിൽ നിന്നും ഓർമ്മകളിൽ നിന്നും വിട്ടൊഴിയാൻ  വിസമ്മതിച്ചുകൊണ്ട് നിൽക്കുന്നുണ്ട്. രണ്ട് ദശകങ്ങൾക്ക് മുൻപ് നഷ്ടപ്പെട്ടതൊന്നും മുന്നിലുള്ള തലമുറകൾക്ക് തിരിച്ചുകിട്ടില്ല. നിങ്ങൾ ഒരു ദക്ഷിണേഷ്യക്കാരനും ന്യൂയോർക്ക് നഗരത്തിൽ താമസിക്കുന്ന വ്യക്തിയുമാണെങ്കിൽ , നഷ്ടപ്പെട്ടതിന്റെ ആഴവും വ്യാപ്തിയും  നിങ്ങൾക്ക് എളുപ്പത്തിൽ അനുഭവപ്പെടും. തെരുവുകളിലൂടെ നടക്കുമ്പോൾ,  നിങ്ങളുടെ ചലനങ്ങൾ പരോക്ഷമായി നിരീക്ഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ നിങ്ങൾക്ക് കാണാൻ കഴിയും. ആക്രമണകാരികളായ ബിൻ ലാദനും മറ്റുള്ളവരും നമ്മെപ്പോലെ ഉള്ളവരായിരുന്നല്ലോ.

9/11 ന്റെ പരിണിതഫലമായ രണ്ട് പ്രധാന വീഴ്ചകളിലേക്ക്  നിസ്സംശയം വിരൽ ചൂണ്ടാനാകും. ഇറാഖ്, അഫ്ഗാൻ,  പോലുള്ള സ്ഥലങ്ങളിൽ അമേരിക്ക ബോംബുകളും ഡ്രോണുകളും ഉപയോഗിച്ച്  ആളുകളുടെ ജീവനെടുത്തതോടൊപ്പം , അമേരിക്കൻ  സമ്പദ് രംഗവും കുറേക്കാലം മോശമായി.  ദാരിദ്ര്യത്തിലേക്ക് വഴുതിവീഴുന്നവരുടെയും  എണ്ണം രാജ്യത്ത്  വർധിച്ചിരിക്കുകയാണ്. വരുമാനത്തിലെ അന്തരം കൊണ്ട് ആളുകളെ രണ്ടുതട്ടായി തരംതിരിക്കുന്ന പ്രവണത കൂടിയതായാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

9/11  സ്ഫോടനം ചരിത്രത്തിന്റെ ഭാഗമായി തീർന്നെങ്കിലും, അതിന്റെ  തുടർചലനങ്ങൾ അമേരിക്കയെയും സാധാരണക്കാരായ ജനങ്ങളെയും വേട്ടയാടുന്നത് ഇപ്പോഴും തുടരുകയാണ്.

ഡബ്ല്യുടിസി ദുരന്തവുമായി ബന്ധപ്പെട്ട് മനസ്സിൽ പതിഞ്ഞ ചില പേരുകളുണ്ട്. അതിലൊരാളായിരുന്നു മലയാളിയായ രാജു തങ്കച്ചൻ. 9/11 സ്ഫോടനം നടക്കുമ്പോൾ ഡബ്ല്യുടിസിയുടെ 92 -ആം നിലയിൽ കാർ ഫ്യൂച്ചേഴ്സ് എന്ന നിക്ഷേപ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ വൽസ രാജു (39) വിനെ കാണാതായി. ആര് മാസങ്ങൾക്കു ശേഷം വത്സ രാജുവിന്റെ ശരീര ഭാഗങ്ങൾ കണ്ടെത്തി, സംസ്കാരവും നടത്തി. അക്കൗണ്ടന്റായ തങ്കച്ചൻ, താമസിയാതെ ന്യൂയോർക്കിലെ വെസ്റ്റ്ചെസ്റ്റർ കൗണ്ടിയിൽ നിന്ന് തന്റെ രണ്ട് മക്കളായ സോണിയ (8), സഞ്ജയ് (5) എന്നിവരോടൊപ്പം ടെക്സാസിലെ ഷുഗർലാൻഡിലേക്ക് താമസം  മാറി. വൽസയുടെ മരണശേഷം,  ജീവിതത്തിൽ താൻ ഒറ്റപ്പെട്ടതായി തോന്നുന്നെന്ന്   അദ്ദേഹം  ഇടയ്ക്കിടെ പറയുമായിരുന്നു . സംഭവം നടന്ന് ഒരു പതിറ്റാണ്ട് പിന്നിട്ട ശേഷമാണ് ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ കൊണ്ട്  തങ്കച്ചൻ മരണപ്പെടുന്നത്.  



ഏതാനും ആഴ്ചകൾക്കു മുൻപ് വത്സ രാജുവിന്റെ ഇളയ സഹോദരൻ സജിൽ ജോര്ജും, 53, പെട്ടെന്ന് അന്തരിച്ചു.

മാർക്ക് ആന്റണി സ്ട്രോമാൻ എന്ന കുറ്റവാളിയുടെ മുഖവും മറക്കാനാവില്ല. ടെക്സാസിലെ മെസ്ക്വിറ്റിൽ ഗ്യാസ് സ്റ്റേഷൻ നടത്തിക്കൊണ്ടിരുന്ന വാസുദേവ് പട്ടേലിനെ  (49) കൊലപ്പെടുത്തിയതിന് അദ്ദേഹത്തിന്റെ വധശിക്ഷ നടപ്പാക്കിയിട്ട് ഒരു പതിറ്റാണ്ടായി. രാജ്യത്തിന്റെ ശത്രുക്കളെ ഉന്മൂലനം ചെയ്യാൻ വേണ്ടിയാണ് പട്ടേലിനെ താൻ കൊന്നതെന്ന് പാവം അയാൾ ആദ്യം വിശ്വസിച്ചു .

പക്ഷെ അമേരിക്കൻ നിയമം അയാളെ വെറുതെ വിട്ടില്ല. സ്ട്രോമാൻ (41) തന്റെ തെറ്റ് ഏറ്റുപറഞ്ഞ് മാപ്പപേക്ഷിച്ചിരുന്നു. താനൊരു  നിരപരാധിയാണെന്ന് പറയാൻ കഴിയില്ലെന്നും സഹതാപം  ആവശ്യപ്പെടുന്നില്ലെന്നുമാണ് അയാൾ പറഞ്ഞത്. ഏതൊരു  മനുഷ്യനെയും പോലെ സ്നേഹം, ദുഃഖം , ദേഷ്യം എന്നീ വികാരങ്ങൾ അധികരിച്ചാണ് ഒരു തെറ്റ്  ചെയ്തുപോയതെന്നും , ആ കുറ്റബോധം  ഉറക്കത്തിൽ പോലും  തന്നെ വേട്ടയാടുന്നു എന്നും സ്ട്രോമാൻ  ജയിലിൽ വച്ചൊരു കുറിപ്പിൽ എഴുതി.

മരണത്തെ മുഖാമുഖം കാണുമ്പോൾ അയാൾ ദൈവത്തിന്റെ കൃപയ്ക്കായി യാചിച്ചു. ലോകത്തിൽ നിന്ന്  വെറുപ്പും വിദ്വേഷവും  അവസാനിപ്പിക്കണമെന്നും അയാൾ ആഗ്രഹിച്ചിരുന്നു.  ജയിലിൽ  കിടന്നെങ്കിലും, തനിക്ക്  സമാധാനമുണ്ടെന്നും അമേരിക്കക്കാരനെന്ന  നിലയ്ക്കും ടെക്സാസ് നിവാസിയായതിന്റെ പേരിലും അഭിമാനമുണ്ടെന്നും സ്ട്രോമാൻ ഉറക്കെപ്പറഞ്ഞു.
 ദൈവം  അമേരിക്കയെ അനുഗ്രഹിക്കട്ടെ എന്നുപറഞ്ഞാണ് അയാൾ മരണം വരിച്ചത്.

അരിസോണയിലെ  സിഖ് നേതാവായ ഗുരുരൂപ കൗർ ഖൽസ 9/11  സ്ഫോടനത്തിലൂടെ അമേരിക്കയ്ക്ക് നഷ്ടമായതൊക്കെ  അക്കമിട്ട് പറഞ്ഞു. രാജ്യം മുൻപ് അനുഭവിക്കാത്തത്ര  വേദനാജനകമായ അനുഭവത്തിലൂടെയാണ് അതിന് ശേഷം നീങ്ങുന്നതെന്നും എന്നെന്നേക്കുമായത് കാര്യങ്ങൾ  മാറ്റിമറിഞ്ഞുവെന്നും അവർ മുൻപ് ഒരു അഭിമഹത്തിൽ അഭിപ്രായപ്പെട്ടു.  സുരക്ഷിതത്വബോധമാണ് ആ സംഭവം  നമ്മിൽ നിന്ന് എടുത്തുകളഞ്ഞതെന്നും   മുഖമില്ലാത്ത ഒരുകൂട്ടം ആളുകൾ ചേർന്ന്  മഹത്തായ ഒരു  രാഷ്ട്രത്തിന്റെ ആത്മാവിനെ മുറിപ്പെടുത്തിയെന്നും ഖൽസ കൂട്ടിച്ചേർത്തു.

9/11 സ്ഫോടനത്തിനുശേഷം, അമേരിക്കയിലെ സിഖുകാർ വാക്കുതർക്കങ്ങൾ മുതൽ വെടിവയ്പ്പുകൾ വരെ നേരിട്ട നിരവധി അവസരങ്ങൾ ഉണ്ടായി.  വീടുകളും വ്യാപാര സ്ഥാപനങ്ങളും ക്ഷേത്രങ്ങളും അഗ്നിക്കിരയാകുകയും   സിഖുകാരെ ആക്രമിക്കപ്പെടുകയും ചെയ്യുന്ന  സംഭവങ്ങൾ ഇപ്പോഴും ആവർത്തിക്കപ്പെടുന്നു.

താടിനീട്ടി വളർത്തി തലപ്പാവ്  ധരിച്ച്  യുഎസിൽ നടക്കുന്നവർ, ഒറ്റനോട്ടത്തിൽ തന്നെ സിഖുകാരാണെന്ന് തിരിച്ചറിയപ്പെടും. തങ്ങൾ  തീവ്രവാദികളല്ലെന്നും. മനുഷ്യത്വം നിറഞ്ഞവരാണെന്നും   സ്നേഹിക്കാനും സഹജീവികളെ സേവിക്കാനുമാണ്  സിഖ് മതവിശ്വാസം  പഠിപ്പിക്കുന്നതെന്നും അവർ  പറഞ്ഞു. വർദ്ധിച്ചുവരുന്ന വിദ്വേഷത്തിന്റെ വിത്തുകൾ, മഹാമാരി പോലെ അമേരിക്കയെ കാർന്നു തിന്നുകയാണെന്നും ഖൽസ ഓർമ്മപ്പെടുത്തി.സെപ്റ്റംബർ 11 മുതൽ  മിക്ക സമുദായ അംഗങ്ങളും ഇത്തരമൊരു പ്രതിസന്ധി നേരിടുന്നതായും  ഖൽസ വ്യക്തമാക്കി.

ഭീകരാമണങ്ങളെക്കുറിച്ച് വളരെയധികം എഴുതിയിട്ടുണ്ടെങ്കിലും, അവർ അമേരിക്കയെ ആക്രമിച്ചതിന്റെ പിന്നിലെ  കൃത്യമായ കാരണം ആരും വ്യക്തമാക്കിയിട്ടില്ല. എന്തുകൊണ്ടാണ് അവർ അമേരിക്കയെ വെറുക്കുന്നത്?

റഷ്യക്കാരോട് യുദ്ധം ചെയ്യാൻ യുഎസ് അഫ്ഗാനെ  സഹായിച്ചെന്നും പിന്നീട് സന്നിഗ്ധഘട്ടത്തിൽ ഉപേക്ഷിച്ചുപോയതാണ് വെറുപ്പിന് കാരണമായതെന്നും അഭിപ്രായമുണ്ട്. എന്നാൽ, അതൊരു രാഷ്ട്രീയ തീരുമാനം മാത്രം ആയിരുന്നതുകൊണ്ട്  അമേരിക്കൻ ജനതയെ  അതിന്റെ പേരിൽ വെറുക്കേണ്ടതോ ഉപദ്രവിക്കേണ്ടതോ ആയ കാര്യമില്ല.

സ്ത്രീകൾക്കും സ്വവർഗ്ഗാനുരാഗികൾക്കും അമേരിക്ക കൂടുതൽ സ്വാതന്ത്ര്യം അനുവദിക്കുന്നതാണ്  അമേരിക്കയെയും ഇവിടുത്തെ ജനാധിപത്യത്തെയും  വെറുക്കാനുള്ള കാരണമെന്നും  ചിലർ പറയുന്നു. ഇതിനെക്കുറിച്ച്, മാധ്യമങ്ങൾ ഗൗരവമേറിയ പഠനം നടത്തേണ്ടിയിരിക്കുന്നു.

9/11 -ന് ശേഷം ആളുകൾ വിചാരിച്ചത്, ഇനിമേൽ ഇത്ര  ഉയരമുള്ള കെട്ടിടങ്ങൾ നിർമ്മിക്കപ്പെടില്ല എന്നായിരുന്നു. എന്നാൽ, 20 വർഷങ്ങൾക്കിപ്പുറം കണ്ണോടിക്കുമ്പോൾ  മഹാത്ഭുതങ്ങളായ എത്രയോ ബ്രഹത് നിർമ്മിതികൾ അതിനേക്കാൾ  തലയെടുപ്പോടെ നിൽക്കുന്നത് ഉദാഹരണമായി പറയാനാകുന്നു എന്നത് വലിയ നേട്ടമാണ്.

9/11 അനുഭവങ്ങൾ ചില പോസിറ്റീവ് കാര്യങ്ങളിലേക്ക് കൂടി വെളിച്ചം പകരുന്നതായി ഇന്ത്യൻ-അമേരിക്കനായ ഡോ. അമി ദേവ്  മുൻപ് അഭിപ്രായപ്പെട്ടിരുന്നു. അമേരിക്കൻ ഐക്യനാടുകളുടെ 'ഐക്യം' ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാൻ കിട്ടിയ അവസരമായിരുന്നു 9/ 11 സംഭവമെന്നാണ് ദേവ് പറഞ്ഞത്. അമേരിക്കയിലാണ് ജനിച്ചതെങ്കിലും,  ഇന്ത്യക്കാരിയും  ഹിന്ദുവുമാണെന്ന് പറയുന്ന തനിക്ക് ആ  സംസ്കാരത്തിലും  മതത്തിലും  നിലയുറപ്പിച്ചുകൊണ്ടുതന്നെ സ്വാഗതമരുളുന്ന അമേരിക്കയുടെ വിശാലമനസ്കതയെ അവർ പ്രകീർത്തിച്ചു. അമേരിക്ക നീട്ടുന്ന സ്വാഗതത്തിന്റെയും  സഹായത്തിന്റെയും കരങ്ങളുടെ കരുത്തും   ഊഷ്മളതയും  അനുഭവിച്ചറിയുന്നതായും അവർ  കുറിച്ചു.

പ്രിയപ്പെട്ടവർ മരണപ്പെടുമ്പോൾ അത് ദൈവഹിതമാണെന്ന് കരുതി ആത്മീയതയുടെ മധുരം പുരട്ടി ആളുകൾ സാന്ത്വനിപ്പിക്കുമെങ്കിലും, നഷ്ടം സംഭവിച്ചവരെ സംബന്ധിച്ച് അത് ഉൾക്കൊള്ളുക എളുപ്പമല്ലെന്ന് 9/ 11 ആക്രമണത്തിൽ ഭർത്താവിനെ നഷ്ടപ്പെട്ട വസന്ത വേലമുറി പറഞ്ഞതും ഓർക്കുന്നു.  പ്രിയപ്പെട്ടവരുടെ നഷ്ടത്തിന് പകരം വയ്ക്കാൻ മറ്റൊന്നിനും ആകില്ലെന്നും അതൊരു തീരാദുഃഖമായി എന്നും കൂടെ ഉണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു.

 എന്തുകൊണ്ട്  തനിക്കിങ്ങനൊരു  ശിക്ഷ നൽകിയതെന്ന് ദൈവത്തെ പഴിച്ചുകൊണ്ട് ദിനങ്ങൾ  തള്ളിനീക്കുന്ന ഇരകളുടെ ഉറ്റവർക്ക്, വാർഷികം വരുമ്പോൾ മാത്രം പൊടിതട്ടിയെടുക്കുന്ന ഓർമ്മയല്ല 9/ 11 സംഭവം.

തിരിഞ്ഞുനോക്കുമ്പോൾ,ചില  ചോദ്യങ്ങൾ മനസ്സിലേക്ക് ഉയർന്നുവരുന്നു: വീണ്ടും ഒരു 9/ 11  സംഭവിക്കുമോ? ലോകം ഇതിൽ നിന്നൊക്കെ എന്തെങ്കിലും പാഠം പഠിച്ചോ?
അതിന്റെ ഉത്തരങ്ങൾ ഭാവിയിലെ ചരിത്രങ്ങൾക്ക് വിടുന്നു..

see

9/11 -ലേക്കൊരു  തിരിഞ്ഞുനോട്ടം-1

 
 
9/11 -ലേക്കൊരു  തിരിഞ്ഞുനോട്ടം-2
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക