Image

9/11 -ലേക്കൊരു  തിരിഞ്ഞുനോട്ടം-1

ജിജെ Published on 07 September, 2021
9/11 -ലേക്കൊരു  തിരിഞ്ഞുനോട്ടം-1

നമ്മുടെ കൺമുന്നിൽ ലോകത്തെ മാറ്റിമറിച്ച, വേൾഡ് ട്രേഡ് സെന്റർ (ഡബ്ല്യുടിസി)  ആക്രമണത്തിന്റെ (911)  ഇരുപതാം വാർഷികം എന്ന നിലയ്ക്ക് ഈ വർഷത്തെ  സെപ്റ്റംബർ 11 പ്രാധാന്യമർഹിക്കുന്നു. ലോകമെമ്പാടുമുള്ള മാധ്യമങ്ങൾ ഉറ്റുനോക്കുന്ന ഒന്നാണ് 9/ 11 ന്റെ ഇരുപതാം വാർഷികം. 

ചരിത്രകാരന്മാരുടെ ഏകതാനമായ പഠനത്തിലേക്ക് 9/ 11 ന്റെ പ്രാധാന്യം പരിമിതപ്പെട്ട്  കഴിഞ്ഞോ? എത്ര വലിയ സംഭവമായാലും, അതേക്കുറിച്ച്  രണ്ടു  പതിറ്റാണ്ടിലേറെ മനസ്സിൽ കൊണ്ടുനടക്കുന്ന സ്വഭാവം  മനുഷ്യർക്കില്ല.  ചരിത്രത്തിന്റെ താളുകളിൽ മങ്ങിയ അക്ഷരങ്ങളായി അവ ഇടംപിടിക്കുകയാണ് പതിവ്.  മുന്നോട്ടുള്ള ചുവടുകൾ  വയ്ക്കുന്ന തിരക്കിൽ, പിന്നിട്ട വഴിയെക്കുറിച്ച് നാം ചിന്തിക്കാറില്ല.

എങ്കിലും 9/11 ന്റെ വാർഷികം മാധ്യമങ്ങൾക്ക് ഇപ്പോഴും ആഘോഷമാണ്. അഞ്ചിന്റെ ഗുണിതങ്ങളായ വാർഷികങ്ങൾ വീണുകിട്ടിയാൽ പറയുകയും വേണ്ട. അഞ്ച്, പത്ത്, പതിനഞ്ച് എന്നിങ്ങനെയുള്ള  വാർഷികദിനത്തിൽ 9 /11 ന്റെ  ഇരകളുടെ ജീവിച്ചിരിക്കുന്ന ബന്ധുക്കളെത്തേടി പത്രക്കാരും ചാനലുകാരും ഇറങ്ങും. 

രാജ്യത്തും അവരുടെ ജീവിതങ്ങളിലും വന്ന മാറ്റങ്ങൾ ഒപ്പിയെടുത്ത് വായനക്കാർക്കും പ്രേക്ഷകർക്കും മുൻപിൽ വിളമ്പുന്നത് റേറ്റിംഗിന് ഗുണം ചെയ്യും. പണ്ട് പറഞ്ഞകാര്യങ്ങൾ തന്നെ ആവർത്തിച്ച് മടുത്ത്, പലരും അഭിമുഖങ്ങൾ നൽകാൻ കൂട്ടാക്കാറില്ല. ഇനിയും തങ്ങളെ പിന്തുടരരുതെന്ന ശാസനയോടെയും നിസഹായത കലർന്ന അഭ്യർത്ഥനയോടെയും ഒഴിഞ്ഞുമാറും. ചിലർ ഇതാണ് അവസാനത്തേത് എന്ന മട്ടിൽ മാധ്യമങ്ങൾക്ക് മുൻപിൽ വീണ്ടും ഓർമ്മകൾ പൊടിതട്ടി പകർന്നുകൊടുക്കും. 

ഇന്നല്ലെങ്കിൽ നാളെ എല്ലാവരും ഇവിടം വിട്ട് പോകേണ്ടവരാണെന്നും, ചിലർ മുൻപ് പോകും ചിലർ വൈകിയാകും കടന്നുപോവുക എന്ന മട്ടിൽ തത്വചിന്തകൾ പങ്കുവച്ച്  ഉറ്റവർ നഷ്ടപ്പെട്ട വേദന കടിച്ചമർത്തുന്നവരും കുറവല്ല.

മൻഹാട്ടനിലെ ഡൗൺടൗണിലെ  പുതിയ വേൾഡ് ട്രേഡ് സെന്ററിനടുത്തു  ചർച്ച് സ്ട്രീറ്റിലൂടെയോ ബ്രോഡ്‌വേയിലൂടെയോ നടക്കുമ്പോൾ  നമ്മുടെ ശ്രദ്ധ കവരുന്നത്  ടവർ തന്നെ. കണ്ണെത്താ ഉയരങ്ങളിലേക്ക് അത്  പടുത്തുയർത്തപ്പെട്ടത് എത്ര വേഗമാണ്!

മുൻപുണ്ടായിരുന്ന ടവറുകളുടെ   സ്ഥാനത്താണ് ഇന്ന് 9/11 സ്മാരകം  നിൽക്കുന്നത്. നിലക്കാത്ത കണ്ണീർ പോലെ ജലം പ്രവഹിച്ചു കൊണ്ടിരിക്കുന്ന രണ്ട് കുളങ്ങൾ (റിഫ്‌ളക്‌ടിംഗ്‌ പൂൾ). ചുറ്റിലും ഓക്ക് മരങ്ങൾ നിറഞ്ഞ പാർക്ക്. ലോകത്തിലെ ഏറ്റവും വിശുദ്ധമായ ഇടം.  ഭൂമിയുടെ  മിക്കവാറും എല്ലാകോണുകളിൽ നിന്നുമുള്ള  വിവിധ രാജ്യക്കാരായ  2700 -ലധികം ആളുകൾ മണ്മറഞ്ഞത് അവിടെയാണ്. ഇത് പോലെ  മറ്റൊരിടം ലോകത്തെവിടെയും ചൂണ്ടിക്കാണിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. 

അന്നത്തെ സ്ഫോടനത്തിൽ ഇരയായവരുടെ ശരീരാവശിഷ്ടങ്ങൾ എന്തെങ്കിലും ലഭിച്ചവർ ഭാഗ്യവാന്മാരാണെന്നാണ് ആ ഇടയ്ക്ക് പത്രങ്ങൾ വിശേഷിപ്പിച്ചത്. അത്രയ്ക്ക്   ഒന്നും അവശേഷിച്ചിരുന്നില്ല. ഗ്രൗണ്ട് സീറോ സ്വയം ശ്മശാനമായി മാറുകയും മൃതദേഹങ്ങൾ ചാരമായി തീരുകയും ചെയ്യുകയായിരുന്നു. അത്തരം സന്ദർഭത്തിൽ മൃതദേഹം കിട്ടുന്നത് പോലും വലിയ ഭാഗ്യമായി കരുതിയിരുന്നു!

1100 ൽ അധികം ആളുകളുടെ ശരീര ഭാഗങ്ങൾ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. എങ്കിലും  കാണാതായവരുടെ കുടുംബങ്ങൾക്ക് ഉറ്റവരുടെ  മരണ സർട്ടിഫിക്കറ്റുകൾ നൽകുകയും  അവരുടെ പേരുകൾ 9/11 സ്മാരകത്തിൽ പതിക്കുകയും ചെയ്തു. കാലമിത്ര കഴിഞ്ഞിട്ടും തിരിച്ചുവരാത്തതുകൊണ്ട് അവർ മരണപ്പെട്ടതായി വിശ്വസിക്കാൻ  ബന്ധുമിത്രാദികൾ നിർബന്ധിതരായി തീർന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക