Image

രാജാവിന്റെ നഗരത്തില്‍ ഫൊക്കാനയുടെ ഉത്സവം

Published on 30 June, 2012
രാജാവിന്റെ നഗരത്തില്‍ ഫൊക്കാനയുടെ ഉത്സവം
ഹ്യൂസ്റ്റണ്‍: കനകക്കുന്നും കവടിയാര്‍ പാലസും ശഖുമുഖവും കിഴക്കേക്കോട്ടയും പുനര്‍ജനിച്ച ഹ്യൂസ്റ്റണിലെ ക്രൗണ്‍ പ്ലാസയില്‍ ഫൊക്കാനയുടെ പതിനഞ്ചാമത്‌ കണ്‍വെന്‍ഷന്റെ ഉദ്‌ഘാടനം അകലത്തിരുന്നുകൊണ്ടാണെങ്കിലും തിരുവിതാംകൂര്‍ മഹാരാജാവ്‌ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്‌ഡ വര്‍മ്മ നിര്‍വഹിച്ചപ്പോള്‍ ദീപ്‌തമായ പൈതൃകത്തിന്റെ അരങ്ങുണര്‍ന്നു. ഇനി മൂന്നു പകലും രാത്രിയും കലയും കാര്യവും ചിരിയും മേളവും ഉല്ലാസവും പൂത്തിരി കത്തിക്കുന്ന അപൂര്‍വ്വ മേള. ഫെഡറേഷന്‍ ഓഫ്‌ മലയാളി അസോസിയേഷന്‍സ്‌ ഇന്‍ നോര്‍ത്ത്‌ അമേരിക്കയുടെ കണ്‍വെന്‍ഷന്റെ ഉജ്വല തുടക്കം.

തൊണ്ണൂറു പിന്നിട്ട മഹാരാജാവ്‌ വീഡിയോ സന്ദേശത്തിലൂടെ കണ്‍വെന്‍ഷനിലെത്താന്‍ പറ്റാത്തതിലെ വിഷമം പങ്കുവെച്ചു. ദീര്‍ഘസഞ്ചാരം പാടില്ലെന്ന ഡോക്‌ടറുടെ നിര്‍ദേശം പാലിക്കേണ്ടിവന്നു. ഫൊക്കാനയുടെ കുടുംബസമ്മേളനത്തിന്‌ അരങ്ങുണര്‍ന്നുവെന്നതില്‍ സന്തോഷമുണ്ട്‌. ഐക്യം, ബന്ധം, സ്‌നേഹം ഇവയൊക്കെയാണ്‌ കുടുംബവും സമൂഹവും സൃഷ്‌ടിക്കുന്നത്‌. ഒരുകാലത്ത്‌ കേരളത്തില്‍ ഇതൊക്കെ ഉണ്ടായിരുന്നു. അന്ന്‌ നാട്‌ ഒരു കുടുംബം പോലെയായിരുന്നു. അനുസരണയും ബഹുമാനവും ജനങ്ങളില്‍ ഉണ്ടായിരുന്നു.

എന്നാല്‍ അന്യദേശങ്ങളുമായുള്ള സമ്പര്‍ക്കം കൊണ്ട്‌ അവയില്‍ മാറ്റം വന്നിരിക്കുന്നു. അതേസമയം തന്നെ അന്യദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക്‌ സ്വദേശത്തോടുള്ള സ്‌നേഹം ഏറെ കൂടിയിട്ടുണ്ട്‌. മുറ്റത്തെ മുല്ലയ്‌ക്ക്‌ മണമില്ല എന്ന സ്ഥിതിയാണ്‌ നാട്ടിലുള്ളവര്‍ക്ക്‌. പക്ഷെ പ്രവാസി നാടിനോടുള്ള സ്‌നേഹം അറിയുകയും മനസിലാക്കുകയും ചെയ്യുന്നു. പുറത്ത്‌ മറ്റെന്തെല്ലാം സൗകര്യങ്ങളുണ്ടെങ്കിലും നാടിന്റെ മഹത്വം പ്രവാസി അറിയുന്നു.

കേരളത്തിനു രണ്ടര്‍ത്ഥമുണ്ട്‌. വാമനാവതാരത്തില്‍ മഹാബലിക്കൊപ്പം കേരളം വെള്ളത്തിനടിയിലായി. മഹാവിഷ്‌ണുവിന്റെ മറ്റൊരവതാരമായ പരശുരാമന്‍ അതു പൊക്കിയെടുത്തു. അതിനാല്‍ കേരളത്തെ പരശുരാമ ക്ഷേത്രമെന്നു വിളിക്കുന്നു. ഈ പാരമ്പര്യമുള്ള നമുക്ക്‌ നന്മയുമായി ബന്ധവും, ആത്മീയതയും കൈമുതലായിരുന്നു. സന്തോഷമുള്ള ഭൂമിയായിരുന്നു കേരളം.

പ്രവാസികള്‍ പറയുമ്പോള്‍ അതിനു കേരളത്തില്‍ വിലകല്‍പ്പിക്കപ്പെടുന്നു.

ഓണക്കാലം വരുന്നു. അതിഥിയെ ദേവനായി കരുതുന്ന സംസ്‌കാരമാണ്‌ നമ്മുടേത്‌. അതിഥിയായി മാവേലി ഓണക്കാലത്ത്‌ എത്തുന്നു. മഹാബലിയെ ആക്ഷേപിക്കാതിരിക്കാനെങ്കിലും ശ്രദ്ധിക്കണം. ചപലമായ വേഷഭൂഷാദികളണിയിച്ച്‌ മഹാബലിയെ കോമാളിയാക്കരുത്‌. വാസ്‌തവത്തിലുള്ള മഹാബലിയുടെ ചിത്രം തയാറാക്കി താന്‍ നല്‍കിയിട്ടുണ്ട്‌. ആ മാതൃക അനുകരിക്കാം.

ഓണസദ്യയും ഓണക്കോടിയും ഓണക്കളികളും ഓണത്തെ സന്തോഷഭരിതമാക്കുന്നു. ഫൊക്കാനാ കണ്‍വെന്‍ഷനിലും സന്തോഷവും സൗഹൃദവും നിറയട്ടെ എന്ന്‌ അദ്ദേഹം മനോഹരമായ മലയാളത്തില്‍ ആശംസിച്ചു.

മഹാരാജിവിന്റെ അസാന്നിധ്യത്തില്‍ മജീഷ്യന്‍ ഗോപിനാഥ്‌ മുതുകാട്‌ കണ്‍വെന്‍ഷന്‍ ഉദ്‌ഘാടനം ചെയ്‌തു. വടവൃക്ഷം പോലെ പടര്‍ന്നു നില്‍ക്കുന്ന മഹാരാജാവിന്‌ പകരം നില്‍ക്കാന്‍ പുല്‍ക്കൊടിയായ താന്‍ അര്‍ഹനല്ലെന്ന്‌ മുതുകാട്‌ പറഞ്ഞു. അനന്തപുരി ഇവിടെ പുനര്‍ജനിക്കുന്നതു കണ്ടപ്പോള്‍ ഒരു പൈലറ്റ്‌ വിമാനം താഴ്‌ത്തി പറപ്പിച്ച കഥയാണ്‌ ഓര്‍മ്മ വരുന്നത്‌. താഴെയുള്ള തന്റെ വീട്‌ ചൂണ്ടിക്കാട്ടി താന്‍ വളര്‍ന്ന കാലം അനുസ്‌മരിച്ചു. വള്ളിനിക്കറിട്ട്‌ നടന്ന ആ കാലത്ത്‌ വിമാനത്തിലൊന്ന്‌ കയറാനായിരുന്നു മോഹം. ഇ
ന്നിപ്പോള്‍ പൈലറ്റായി. എങ്കിലും പഴയ ആ പയ്യനായാല്‍ കൊള്ളാമെന്നു പൈലറ്റിനു മോഹം.

വിക്രമാദിത്യന്‍ നവരത്‌നങ്ങള്‍ കാണിച്ച്‌ ഏറ്റവും ശ്രേഷ്‌ഠമായത്‌ തെരഞ്ഞെടുക്കാന്‍ പറഞ്ഞപ്പോള്‍ ഇവയെക്കാള്‍ ശ്രേഷ്‌ഠമായതാണ്‌ കുടുംബം എന്നി വരരുചി പറഞ്ഞു. ഇമ്പമുള്ളതാണ്‌ കുടുംബം. ഇവിടെയും ഫൊക്കാനയുടെ കുടുംബമേളയാണ്‌ അരങ്ങുണരുന്നത്‌. കുടുംബത്തിനും ബന്ധത്തിനും വിലമതിക്കാനാവില്ല- മുതുകാട്‌ പറഞ്ഞു.

അമേരിക്കന്‍ മലയാളി ജീവിതത്തില്‍ ഫൊക്കാന വഹിക്കുന്ന പങ്ക്‌ പ്രസിഡന്റ്‌ ജി.കെ. പിള്ള എടുത്തുകാട്ടി. പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ സജീവമായ നേതൃത്വം നല്‍കാന്‍ ഫൊക്കാനയ്‌ക്കായി. പാസ്‌പോര്‍ട്ട്‌- വിസ പ്രശ്‌നങ്ങള്‍, 20,000 രൂപയില്‍ കൂടുതല്‍ വിലയുള്ള സ്വര്‍ണ്ണം കൊണ്ടുപോയാല്‍ പിഴ ഒടുക്കേണ്ടിവരുന്നത്‌ തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഫൊക്കാന സമ്മര്‍ദ്ദം ചെലുത്തുന്നു. അതുപോലെ യുവജനതയുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനും പരിശ്രമിക്കുന്നു. നാട്ടിലേക്കയക്കുന്ന പണത്തിന്‌ പന്ത്രണ്ടര ശതമാനം നികുതി എന്ന തരത്തില്‍ റിപ്പോര്‍ട്ട്‌ വന്നപ്പോള്‍ ആ തെറ്റിദ്ധാരണ നീക്കാനും ഫൊക്കാന രംഗത്തുവന്നു. കണ്‍വെന്‍ഷന്‍ ദിനങ്ങള്‍ ആഹ്ലാദത്തിനും ഐക്യത്തിനും വേദിയാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സെക്രട്ടറിയാണ്‌ താന്‍ എന്ന്‌ ബോബി ജേക്കബ്‌ പറഞ്ഞു. ഫൊക്കാന ചരിത്രപരമായ നേതൃത്വമേറ്റെടുത്ത്‌ മലയാളിയുടെ ശബ്‌ദമായി നിലനില്‍ക്കും- ബോബി ജേക്കബ്‌ പറഞ്ഞു.

ഇന്ത്യന്‍ കോണ്‍സല്‍ അനില്‍ മേത്ത, ഫൊക്കാന ട്രഷറര്‍ ഷാജി ജോണ്‍, കണ്‍വെന്‍ഷന്‍ ചെയര്‍ ഏബ്രഹാം
ഈപ്പന്‍, ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍ പോള്‍ കറുകപ്പള്ളി തുടങ്ങിയ ദേശീയ നേതാക്കളും, മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഹ്യൂസ്റ്റണിന്റേയും, പ്രാദേശിക സംഘടനകളുടേയും നേതാക്കള്‍ പ്രസംഗിച്ചു.

വൈകിട്ട്‌ ടെക്‌സസിലെ വിവിധ നഗരങ്ങളില്‍ നിന്നുള്ള കലാകാരന്മാരും കലാകാരികളും തങ്ങളുടെ കലാമികവ്‌ അരങ്ങില്‍ തെളിയിച്ചു.

ലഞ്ചും ഡിന്നറും നടന്ന ഊട്ടുപുര നല്ല ഭക്ഷണം നല്‍കുന്നു. ജനത്തിനു തൃപ്‌തി.

ഇന്ന്‌ (ഞായര്‍) തെരഞ്ഞെടുപ്പിനുവേണ്ടിയുള്ള തകൃതിയായ പ്രചാരണമാണ്‌ നടക്കുന്നത്‌. പിളര്‍പ്പുകാലത്തെ അതേ വാശിയാണ്‌ മത്സരരംഗത്ത്‌ എന്നത്‌ ആശങ്ക ഉണര്‍ത്തുന്നു. അതേസമയം ഇലക്ഷന്‍ ഒഴിവാക്കാനുള്ള ചര്‍ച്ചകളും നടക്കുന്നു.
രാജാവിന്റെ നഗരത്തില്‍ ഫൊക്കാനയുടെ ഉത്സവം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക