Image

പ്രേഷിത വര്‍ഷത്തിന്റെ ഭാഗമായി വൈദികനെ ആദരിച്ചു

Published on 27 June, 2012
പ്രേഷിത വര്‍ഷത്തിന്റെ ഭാഗമായി വൈദികനെ ആദരിച്ചു
ഓക്‌ലാന്റ്: ഓക്‌ലാന്റ് സീറോ മലബാര്‍ കാത്തലിക് മിഷന്‍ സണ്‍ഡേ സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ഹെലന്‍സ് വില്‍ കാത്തലിക് ചര്‍ച്ച് വികാരി ഫാ. മാത്യു വടക്കേവെട്ടുവഴിയിലിനെ അദ്ദേഹത്തിന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ ഇരുപതാമത് വാര്‍ഷികത്തോടനുബന്ധിച്ച് ആദരിച്ചു. 

സീറോ മലബാര്‍ സഭയുടെ പ്രേക്ഷിതവര്‍ഷാചരണത്തോടനുബന്ധിച്ച് ദൈവവിളി പ്രോത്സാഹിപ്പിക്കുന്നതിനും മിഷന്‍ അവബോധം ജനിപ്പിക്കുന്നതിനുമായി ഇടവകയിലെ മിഷനറിമാരെ ആദരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ചടങ്ങ് സംഘടിപ്പിക്കപ്പെട്ടത്. സലേഷ്യന്‍ സഭാംഗമായ ഫാ. മാത്യു ആഫ്രിക്കയിലെ സേവനത്തിനുശേഷമാണ് 2008ല്‍ ന്യൂസിലാന്‍ഡില്‍ എത്തിയത്. എപ്‌സം കാത്തലിക് പള്ളിയില്‍ ജൂണ്‍ 17നാണ് ചടങ്ങുകള്‍ നടന്നത്. 

ആഘോഷമായ കുര്‍ബാനക്ക് ഫാ. മാത്യു മുഖ്യ കാര്‍മികത്വം വഹിച്ചു. സണ്‍ഡേ സ്‌കൂള്‍ ഡയറക്ടര്‍ ഫാ. ജോയി തോട്ടങ്കര സിഎസ്എസ്ആര്‍, ഫാ. മാത്യുവിന് സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ പ്രതിനിധി ജോയല്‍ ജോസഫ്, ഫാ. മാത്യുവിന് ബൊക്ക നല്‍കി സ്വീകരിച്ചു. സണ്‍ഡേ സ്‌കൂള്‍ ക്വയര്‍ അനുഗ്രഹഗീതം ആലപിച്ചു. 

ആന്‍സ് മാത്യു മംഗളങ്ങള്‍ നേര്‍ന്ന് സീറോ മലബാര്‍ സമൂഹത്തിന്റെ നന്ദി അറിയിച്ചു. ബിനു, എവ് ലിന്‍, ലിലിയ, ജയ്ന്‍ എന്നിവര്‍ ചേര്‍ന്ന് പൗരോഹിത്യം എത്ര മനോഹരം എന്ന ഗാനം ആലപിച്ചു. സണ്‍ഡേ സ്‌കൂളിന്റെ ഉപഹാരം ഹെഡ്മാസ്റ്റര്‍ റെജി ചാക്കോ ആനിത്തോട്ടം ഫാ. മാത്യുവിന് കൈമാറി. 

മറുപടി പ്രസംഗത്തില്‍ ഫാ. മാത്യു ആഫ്രിക്കയിലെ തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ച്, ദൈവവിളി തിരിച്ചറിയേണ്ടതിന്റെ ആവശ്യകതയെ ഊന്നിപ്പറഞ്ഞു. സണ്‍ഡേ സ്‌കൂള്‍ ലീഡര്‍ റിയ കോശി അവതരകയായിരുന്നു. 

ഗായകസംഘം പ്രത്യേകമായി തയാറാക്കിയ ആശംസാ ഗീതം ആലപിച്ചതോടെ ചടങ്ങിന് സമാപനമായി. തുടര്‍ന്ന് ചായ സല്‍ക്കാരവും നടത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക