Image

പ്രവാസി വോട്ട്: വിദേശത്ത് പോളിംഗ് സ്റ്റേഷന്‍ അനുവദിക്കില്ല; സ്റ്റോക്ടണ്‍ നഗരം പാപ്പറായി പ്രഖ്യാപിക്കുന്നു

Published on 27 June, 2012
പ്രവാസി വോട്ട്: വിദേശത്ത് പോളിംഗ് സ്റ്റേഷന്‍ അനുവദിക്കില്ല; സ്റ്റോക്ടണ്‍ നഗരം പാപ്പറായി പ്രഖ്യാപിക്കുന്നു
ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് വോട്ടു ചെയ്യാനായി വിദേശത്ത് പോളിംഗ് സ്റ്റേഷന്‍ അനുവദിക്കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ പ്രായോഗിക ബുദ്ധിമുട്ടുണ്‌ടെന്ന് കാണിച്ച് പ്രവാസികാര്യമന്ത്രാലയത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. എംബസികളില്‍ പോളിംഗ് സ്റ്റേഷനുകള്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്നായിരുന്നു പ്രവാസി കാര്യമന്ത്രാലയം ആവശ്യപ്പെട്ടിരുന്നത്. പാസ്‌പോര്‍ട്ടല്ലാതെ മറ്റ് രേഖകള്‍ ഉപയോഗിച്ച് വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അനുവദിക്കണമെന്ന പ്രവാസികാര്യമന്ത്രാലയത്തിന്റെ ആവശ്യവും കമ്മീഷന്‍ നിരാകരിച്ചു.

സ്റ്റോക്ടണ്‍ നഗരം പാപ്പറായി പ്രഖ്യാപിക്കുന്നു

കാലിഫോര്‍ണിയ കാലിഫോര്‍ണിയന്‍ നഗരമായ സ്റ്റോക്ടണിനെ പാപ്പറായി പ്രഖ്യാപിച്ചേക്കും. മേയര്‍ ആന്‍ ജോണ്‍സ്റ്റണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇതിനായുള്ള പ്രമേയം അവതരിപ്പിച്ചുവെന്നും ജോണ്‍സ്റ്റണ്‍ പറഞ്ഞു. തങ്ങള്‍ നേരിട്ടതില്‍ ഏറ്റവും വിഷമകരവും ഹൃദയഭേദകവുമായ തീരുമാനമാണിതെന്ന് ജോണ്‍സ്റ്റണ്‍ പറഞ്ഞു. യുഎസ് ഭവന വിപണി ഇടിഞ്ഞതാണ് സ്റ്റോക്ടണിന് തിരിച്ചടിയായത്. ചെലവുചുരുക്കലിന്റെ ഭാഗമായി നഗരം നിരവധി നടപടികള്‍ സ്വീകരിച്ചിരുന്നു. പോലീസുകാരുടെ എണ്ണത്തില്‍ മൂന്നിലൊന്നും മറ്റു ജീവനക്കാരുടെ എണ്ണത്തില്‍ 40 ശതമാനത്തിന്റെയും കുറവ് വരുത്തിയിരുന്നു. പോലീസിന്റെ എണ്ണം വെട്ടിക്കുറച്ചതോടെ നഗരത്തില്‍ കുറ്റകൃത്യനിരക്ക് കുത്തനെ ഉയര്‍ന്നതും അധികൃതര്‍ക്ക് തലവേദനയായി. നഗര ജനസംഖ്യയായ 2,90000 പേരില്‍ 15 ശതമാനവും തൊഴില്‍രഹിതരാണ്. ബജറ്റ് കമ്മി 26 മില്യണ്‍ ഡോളറായി ഉയര്‍ന്ന സാഹചര്യത്തിലാണ് നഗരം പാപ്പറായി പ്രഖ്യാപിക്കണമെന്ന അപേക്ഷ നല്‍കുന്നത്.

സാംസംഗ് ഗാലക്‌സി ടാബ് 10.1 യുഎസില്‍ നിരോധിച്ചു

വാഷിംഗ്ടണ്‍: സാംസംഗിന്റെ ഗാലക്‌സി ടാബ് 10.1ന്റെ വില്‍പന യുഎസ് കോടതി നിരോധിച്ചു. ആപ്പിളുമായുള്ള പേറ്റന്റ് തര്‍ക്കത്തില്‍ തീരുമാനമാകുന്നതുവരെയാണ് നിരോധനം. തങ്ങളുടെ ജനപ്രിയ ഉല്‍പ്പന്നമായ ഐപാഡിന്റെ മാതൃക സാംസംഗ് പകര്‍ത്തിയെന്നും പേറ്റന്റ് നിയമം ലംഘിച്ചുവെന്നും കാണിച്ചാണ് ആപ്പിള്‍ കോടതിയെ സമീപിച്ചത്. സാംസംഗിന്റെ പുതിയ ടാബ്‌ലറ്റ് പതിപ്പായ 10.1 രണ്ടിന് നിരോധനം ബാധകമല്ല. കേസില്‍ അടുത്തമാസം 30ന് വിചാരണ ആരംഭിക്കും. ഡിസംബറില്‍ സമാനമായ കേസില്‍ ആപ്പിളിന്റെ പരാതി ജര്‍മനിയിലെ കോടതി നിരസിച്ചിരുന്നു.

ഹോളിവുഡ് സംവിധായിക നോറ എഫ്രോണ്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്‌സിറ്റി: ഹോളിവുഡ് സംവിധായികയും തിരക്കഥാകൃത്തുമായ നോറ എഫ്രോണ്‍(71) അന്തരിച്ചു. രക്താര്‍ബുദബാധയേത്തുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം നോറയുടെ നില വഷളായെന്നും ഇതേത്തുടര്‍ന്ന് ന്യൂമോണിയ ബാധിച്ചതാണ് മരണകാരണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. 2006ലാണ് നോറയ്ക്കു രക്താര്‍ബുദം സ്ഥിരീകരിച്ചത്. മാന്‍ഹാട്ടനിലായിരുന്നു അന്ത്യമെന്ന് നോറയുടെ മകന്‍ അറിയിച്ചു.

സംവിധായിക, നിര്‍മാതാവ്, തിരക്കഥാകൃത്ത്, നോവലിസ്റ്റ്, ബ്ലോഗര്‍ തുടങ്ങിയ മേഖലകളില്‍ കഴിവുതെളിയിച്ചിട്ടുള്ള നോറ മാധ്യമപ്രവര്‍ത്തകയായാണ് കരിയര്‍ തുടങ്ങിയത്. ന്യൂയോര്‍ക്ക് പോസ്റ്റ് പത്രത്തില്‍ നിന്നായിരുന്നു നോറയുടെ തുടക്കം. നോറയെ മൂന്നു തവണ ഓസ്കര്‍ അവാര്‍ഡിനു നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്‌ടെങ്കിലും ഭാഗ്യം തുണച്ചില്ല. 1984ല്‍ പുറത്തിറങ്ങിയ സില്‍ക്ക് വുഡ്, 1990ല്‍ പ്രദര്‍ശനത്തിനെത്തിയ വെന്‍ ഹാരി മെറ്റ് സാലി, 1994ല്‍ തീയറ്ററുകളിലെത്തിയ സ്ലീപ്‌ലെസ് ഇന്‍ സീയാറ്റില്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കാണ് നോറയെ പരമോന്നത ചലച്ചിത്ര അവാര്‍ഡിനു നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത്. ഓസ്കര്‍ ലഭിച്ചില്ലെങ്കിലും നിരവധി തവണ ബാഫ്ത അവാര്‍ഡിനു നോറ അര്‍ഹയായിട്ടുണ്ട്. കുക്കി(1989), മൈ ബ്ലു ഹെവന്‍(1990), ദിസ് ഈസ് മൈ ലൈഫ്(1992), മിക്‌സഡ് നട്‌സ്(1994), യു ഹാവ് ഗോട്ട് മെയില്‍(1998), ജൂലി ആന്‍ഡ് ജൂലിയ(2009) എന്നിവയാണ് മറ്റു പ്രധാന ചിത്രങ്ങള്‍.

ന്യൂസ് കോര്‍പറേഷന്‍ വിഭജിക്കുന്നു

വാഷിംഗ്ടണ്‍: മാധ്യമഭീമന്‍ റുപര്‍ട്ട് മര്‍ഡോക്കിന്റെ ന്യൂസ് കോര്‍പറേഷന്‍ കമ്പനിയെ രണ്ടു കമ്പനികളായി വിഭജിക്കുന്നു. വാള്‍സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. വിഭജനത്തിലൂടെ ടെലിവിഷന്‍- സിനിമാ വിനോദവ്യവസായങ്ങള്‍ ഒറ്റകമ്പനിക്കു കീഴിലാക്കി പ്രിന്റിംഗ് സ്ഥാപനങ്ങളെ മറ്റൊരു കമ്പനിയുടെ നിയന്ത്രണത്തില്‍ കൊണ്ടുവരും. വിഭജനത്തിനു സാധ്യതയുണ്‌ടെന്നും ഇക്കാര്യം പരിഗണനയിലാണെന്നും ന്യൂസ് കോര്‍പറേഷന്‍ അധികാരികള്‍ സ്ഥിരീകരിച്ചു.

വിഭജന പദ്ധതിയനുസരിച്ച് വിനോദവ്യവസായ സ്ഥാപനങ്ങളായ ഫോക്‌സ് ന്യൂസ് ചാനല്‍, ട്വെന്റീത്ത് സെഞ്ചുറി ഫോക്‌സ് ഫിലിം സ്റ്റുഡിയോ, ഫോക്‌സ് ബ്രോഡ്കാസ്റ്റ് നെറ്റ്‌വര്‍ക്ക് എന്നിവയെ ഒരുമിപ്പിച്ച് ഒറ്റക്കമ്പനിയാക്കും. വാള്‍സ്ട്രീറ്റ് ജേണല്‍, ടൈംസ് തുടങ്ങിയ പത്രങ്ങളും ബുക്ക് പബ്ലിഷിംഗ് സ്ഥാപനമായ ഹാര്‍പര്‍കൊളിന്‍സുമായിരിക്കും രണ്ടാമത്തെ കമ്പനിക്കു കീഴില്‍വരുക. ബ്രിട്ടനിലെ വിവാദമായ ഫോണ്‍ ചോര്‍ത്തലില്‍ മര്‍ഡോക്കിന്റെ പത്രസ്ഥാപനങ്ങള്‍ ഉള്‍പ്പെട്ടതുമൂലം ന്യൂസ് കോര്‍പറേഷന്‍ നേരിട്ട തിരിച്ചടിയെ മറികടക്കാനാണ് ഇത്തരമൊരു നീക്കം. നേരത്തേ കമ്പനിയുടെ വിഭജനത്തിന് മര്‍ഡോക് തയ്യാറായിരുന്നില്ല. ഇരു കമ്പനികളിലെയും നിയന്ത്രണം മര്‍ഡോക് കുടുംബത്തിനു നഷ്ടപ്പെടാത്ത വിധത്തിലായിരിക്കും വിഭജ­നം.
പ്രവാസി വോട്ട്: വിദേശത്ത് പോളിംഗ് സ്റ്റേഷന്‍ അനുവദിക്കില്ല; സ്റ്റോക്ടണ്‍ നഗരം പാപ്പറായി പ്രഖ്യാപിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക