Image

മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ : ‘സ്വവര്‍ഗ്ഗവിവാഹവും പ്രസിഡന്റ് തിരഞ്ഞെടുപ്പും

മണ്ണിക്കരോട്ട് Published on 27 June, 2012
മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ : ‘സ്വവര്‍ഗ്ഗവിവാഹവും പ്രസിഡന്റ് തിരഞ്ഞെടുപ്പും
ഹ്യൂസ്റ്റന്‍ : മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്റെ ഈ വര്‍ഷത്തെ (2012) ജൂണ്‍ സമ്മേളനം 23-ശനിയാഴ്ച വൈകീട്ട് 4 മണിയ്ക്ക് സ്റ്റാഫൊര്‍ഡ് ഡിസ്‌ക്കൗന്‍ട് ഗ്രോസേഴ്‌സിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ സമ്മേളിച്ചു. ‘സ്വവര്‍ഗ്ഗ വിവാഹവും പ്രസിഡന്റ് തിരഞ്ഞെടുപ്പും’ എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു ചര്‍ച്ച. അടുത്ത കാലത്ത് പ്രസിഡ്ന്റ് ഒബാമ സ്വവര്‍ഗ്ഗവിവാഹത്തെ അനുകൂലിച്ച് പ്രതികരിച്ചതാണ് മലയാളം സൊസൈറ്റിയെ ഇങ്ങനെയൊരു വിഷയം ചര്‍ച്ചയ്ക്ക് വിധേയമാക്കാന്‍ പ്രേരിപ്പിച്ചത്.

മലയാളം സൊസൈറ്റി പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ട് അദ്ധ്യക്ഷതവഹിച്ച സമ്മേളനം ഈശ്വരപ്രാര്‍ത്ഥനയോടെ ആരംഭിച്ചു. മണ്ണിക്കരോട്ടിന്റെ സ്വാഗതപ്രസംഗത്തില്‍, സ്വവര്‍ഗ്ഗവിവാഹം ഒരു സാമൂഹ്യവിപത്താണെന്നും, അത് അമേരിക്കയിലിപ്പോള്‍ തെരഞ്ഞെടുപ്പ് കാലമായതുകൊണ്ട് വോട്ടു നേടാനുള്ള ഉപാധിയായി മാറ്റുകയാണെന്നും, ഒരു സമയത്ത് കേള്‍ക്കുകപോലും ചെയ്യാത്ത സ്വവര്‍ഗ്ഗബന്ധങ്ങളാണ് ഇപ്പോള്‍ സാധാരണയായിരിക്കുന്നതെന്നും അദ്ദേഹം എടുത്തു പറഞ്ഞു.

വിഷയത്തെക്കുറിച്ച് ആദ്യമായി ജോണ്‍ മാത്യു പ്രഭാഷണം നടത്തി. പ്രവാസിപത്രത്തില്‍ അദ്ദേഹം എഴുതിയ പംക്തിയെ ആസ്പദമാക്കിയായിരുന്നു പ്രഭാഷണം. സ്വവര്‍ഗ്ഗബന്ധത്തെക്കുറിച്ച് അമേരിക്കയിലെ രാഷ്ട്രീയ ചരിത്രപശ്ചത്തലം വ്യക്തമാക്കിക്കൊണ്ടാണ് അദ്ദേഹം പ്രഭാഷണം ആരംഭിച്ചത്. സ്വവര്‍ഗ്ഗവിവാഹത്തെ അനുകൂലിച്ച് ഒബാമ അടുത്ത കാലത്തു നടത്തിയ പ്രതികരണം കരുതിക്കൂട്ടിയുള്ളതായിരുന്നുവെന്നും അത് തെരഞ്ഞെടുപ്പു മുന്നില്‍കണ്ട് ഒരു രാഷ്ട്രീയക്കാരന്‍ ചെയ്യുന്ന രാഷ്ട്രീയതന്ത്രമായിരുന്നുവെന്നും ജോണ്‍ മാത്യു അറിയിച്ചു. മനുഷ്യന്റെ മാറ്റങ്ങളുടെയും അമിതസ്വാതന്ത്ര്യത്തിന്റെയും അനന്തര ഫലമാകാം ഇപ്പോള്‍ വിവാഹബന്ധങ്ങളിലും മാറ്റങ്ങള്‍ വരുത്തുന്നത്. വിവാഹം സ്ത്രീപുരുഷബന്ധമെന്നതിലും മനുഷ്യര്‍ മാറ്റങ്ങള്‍ വരുത്തുകയാണ്. ജോണ്‍ മാത്യു അറിയിച്ചു.

അടുത്തതായി ജി. പുത്തന്‍കുരിശ് പ്രസ്തുത വിഷയത്തെക്കുറിച്ച് പ്രവാസിപത്രത്തില്‍ എഴുതിയ പത്രാധിപക്കുറിപ്പിനെ ആസ്പദമാക്കി പ്രഭാഷണം നടത്തി. ഒരേ വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ വിവാഹം കഴിക്കുന്നതിനെ താന്‍ അനുകൂലിക്കുന്നുവെന്ന ഒബാമയുടെ പ്രസ്താവനയും, വിവാഹം സ്ത്രീയും പുരുഷനുംകൂടിയായിരിക്കണമെന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി മിറ്റ് റോമ്‌നിയുടെ അഭിപ്രായവും അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കുമെന്ന ചിന്തയും പുത്തന്‍കുരിശിന്റെ പ്രഭാഷണത്തില്‍ അന്തര്‍ലീനമായിരുന്നു. മനുഷ്യനില്‍ അമിത സ്വാതന്ത്യംകൊണ്ടുണ്ടാകുന്ന മാറ്റങ്ങളും അതിലൂടെ നേട്ടം കൊയ്യാന്‍ കാത്തിരിക്കുന്ന രാഷ്ട്രീയക്കാരുടെ തന്ത്രങ്ങളുമാകുമ്പോള്‍ സമൂഹത്തില്‍ ഇനിയും എന്തും സംഭവിക്കാമെന്ന് അദ്ദേഹം ആശങ്കപ്പെട്ടു.

തുടര്‍ന്ന് ജി. പുത്തന്‍കുരിശ് ‘ തിരിച്ചറിവ്‘ എന്ന കവിത അവതരിപ്പിച്ചു. ഒരു സുഹൃത്ത് തന്റെ ദുഃഖപൂരിതമായ ഒരനുഭവം പങ്കുവച്ചതില്‍നിന്നും ഉരുത്തിരിഞ്ഞുണര്‍ന്ന കവിത. താന്‍ ദുഃഖഭാരത്തിലായിരുന്നപ്പോള്‍ ഒപ്പമുണ്ടായിരുന്ന സഹായവും സ്വാന്തനവും അയാള്‍ തിരിച്ചറിയാതെ പോയി. ഒരു നല്ല സുഹൃത്തിനു മാത്രമേ, അതാരുമായിക്കള്ളട്ടേ നമ്മുടെ വേദന പങ്കുവയ്ക്കാനാവു. അവരുടെ നിശബ്ദ സാന്നിദ്ധ്യവും സ്പര്‍ശവും ഒരായിരം വാക്കുകളെക്കാള്‍ ശക്തമാണെന്ന് അദ്ദേഹത്തിന്റെ കവിതയില്‍ ധ്വനിച്ചു. വളരെ ഗഹനമായ ആശയം ഉള്‍ക്കൊണ്ട കവിതയാണെന്ന് കൂടിയിരുന്നവര്‍ വിലയിരുത്തി.

തുടര്‍ന്നുള്ള ചര്‍ച്ച വളരെ സജീവമായിരുന്നു. ചര്‍ച്ചയില്‍ തോമസ് വര്‍ഗ്ഗീസ്, ജോണ്‍ കുന്നത്ത്, റോയി തോമസ്, ജി. പുത്തന്‍കുരിശ്, തോമസ് വൈക്കത്തുശ്ശേരി, ജോസഫ് കരിപ്പായില്‍, ജോണ്‍ മാത്യു, ബേബി മാത്യു, സക്കറിയ വില്ലി, ജോളി വില്ലി, ടോം വിരിപ്പന്‍, ടി.എന്‍. ശാമുവല്‍, ജോര്‍ജ് മണ്ണിക്കരോട്ട് എന്നിവര്‍ പങ്കെടുത്തു.

ടോം വിരിപ്പന്റെ നന്ദി പ്രസംഗത്തിനുശേഷം സമ്മേളനം സമാപിച്ചു.
മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങള്‍ക്ക്: മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221 (www.mannickarottu.net), ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917,
ജി. പുത്തന്‍കുരിശ് (സെക്രട്ടറി) 281 773 1217
മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ : ‘സ്വവര്‍ഗ്ഗവിവാഹവും പ്രസിഡന്റ് തിരഞ്ഞെടുപ്പും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക