Image

തോമസ്‌ ഓലിയാന്‍കുന്നേല്‍ ഫോമയുടെ ജോയിന്റ്‌ സെക്രട്ടറി സ്ഥാനാര്‍ത്ഥി

എ.സി. ജോര്‍ജ്‌ Published on 26 June, 2012
തോമസ്‌ ഓലിയാന്‍കുന്നേല്‍ ഫോമയുടെ ജോയിന്റ്‌ സെക്രട്ടറി സ്ഥാനാര്‍ത്ഥി
ഹ്യൂസ്റ്റണ്‍: ഫോമയുടെ സൗത്ത്‌ വെസ്റ്റ്‌ റീജിയന്‍ വൈസ്‌ പ്രസിഡന്റായ തോമസ്‌ ഓലിയാന്‍കുന്നേല്‍ ഫോമയുടെ അടുത്ത ജോയിന്റ്‌ സെക്രട്ടറി സ്ഥാനാര്‍ത്ഥിയായി നോമിനേഷന്‍ സമര്‍പ്പിച്ചു. ഹ്യൂസ്റ്റണിലെ സ്റ്റാഫോര്‍ഡിലുള്ള സുപ്രീം ഹെല്‍ത്ത്‌ കെയര്‍ ഓഡിറ്റോറിയത്തില്‍ കൂടിയ ഫോമയുടെ പ്രവര്‍ത്തന ബോധവത്‌കരണ യോഗത്തില്‍ വെച്ചാണ്‌ തോമസ്‌ തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്‌.

യോഗത്തില്‍ പങ്കെടുത്ത ഫോമയുടെ പ്രവര്‍ത്തകരായ ശശിധരന്‍ നായര്‍, ബേബി മണക്കുന്നേല്‍, സാബു സ്‌കറിയ, എം.ജി. മാത്യു, ജോണ്‍ ചാക്കോ, ജോയി എന്‍. സാമുവേല്‍, തോമസ്‌ മാത്യു, വര്‍ഗീസ്‌ മാത്യു, ജോമോന്‍ കളപ്പുരയ്‌ക്കല്‍ തുടങ്ങിയവര്‍ തോമസ്‌ ഓലിയന്‍കുന്നേലിന്‌ പിന്തുണ പ്രഖ്യാപിച്ചു.

ഗ്രെയിറ്റര്‍ ഹ്യൂസ്റ്റണിലെ ഏക മലയാളി സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രെയിറ്റര്‍ ഹ്യൂസ്റ്റണ്‍ തോമസിന്റെ നോമിനേഷനെ ഔദ്യോഗികമായി അംഗീകരിക്കുകയും എല്ലാ പിന്തുണയും വാഗ്‌ദാനം ചെയ്യുകയും ചെയ്‌തു. ഫോമയുടെ സെക്രട്ടറി സ്ഥാനത്തേക്ക്‌ മറ്റ്‌ സ്ഥാനാര്‍ത്ഥികള്‍ നോമിനേഷന്‍ കൊടുത്തതിനാല്‍ ഒരു മത്സരം ഒഴിവാക്കുന്നതിനുവേണ്ടിയാണ്‌ തോമസ്‌ ജോയിന്റ്‌ സെക്രട്ടറിയായി നോമിനേഷന്‍ നല്‍കിയത്‌.

വലിയ ഇലക്ഷന്‍ പ്രചാരണം ഒഴിവാക്കി സംഘടനാ പ്രവര്‍ത്തനം ജനസമൂഹത്തിന്റെ സാമൂഹ്യ-സാംസ്‌കാരിക ഉന്നമനത്തിനുവേണ്ടിയായിരിക്കണമെന്ന്‌ തോമസ്‌ അഭിപ്രായപ്പെട്ടു. വിവിധ സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം 2007-ല്‍ മലയാളി അസോസിയേഷന്‍ ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്റെ പ്രസിഡന്റായിരുന്നു. അക്കൊല്ലമാണ്‌ അസോസിയേഷന്‌ സ്വന്തമായി സ്ഥലവും കെട്ടിടവും ഓഫീസും വാങ്ങിയത്‌. 2010-ലെ ഫോമാ കേരളത്തില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പിന്റെ കണ്‍വീനറായി തോമസ്‌ പ്രവര്‍ത്തിച്ചു. 2011-ലെ കേരളത്തിലെ മുല്ലപ്പെരിയാര്‍ സത്യാഗ്രത്തിലും റാലിയിലും തോമസ്‌ മറ്റ്‌ പ്രവാസികളെ സംഘടിപ്പിച്ചുകൊണ്ട്‌ കേരളത്തിലെ വണ്ടിപ്പെരിയാറില്‍ എത്തിയിരുന്നു.

അമേരിക്കയില്‍ കുടിയേറുന്നതിനുമുമ്പ്‌ തോമസ്‌ കേരളത്തിലെ നോര്‍ത്തേണ്‍ ഫാര്‍മസിസ്റ്റ്‌ യൂണിയന്റെ സെക്രട്ടറിയായിരുന്നു. യു.എസിലെ ഹ്യൂസ്റ്റണില്‍ എത്തിയശേഷം ടെക്‌സാസ്‌ സതേണ്‍ യൂണിവേഴ്‌സിറ്റിയില്‍ ക്ലിനിക്കല്‍ അധ്യാപകനായും നാലു വര്‍ഷക്കാലം സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. ഫോമയുടെ എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും എപ്പോഴും തന്റെ സജീവ പ്രവര്‍ത്തനവും പിന്തുണയുമുണ്ടായിരിക്കുമെന്നും അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള ജോയിന്റ്‌ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും പല നൂതനമായ മേഖലകളിലേക്കും വ്യാപിപ്പിക്കാന്‍ താന്‍ അക്ഷീണമായി പ്രവര്‍ത്തിക്കുമെന്ന്‌ വാഗ്‌ദാനം ചെയ്‌തു.

മൂവാറ്റുപുഴ സ്വദേശിയായ തോമസ്‌ വര്‍ഷങ്ങളായി ഹ്യൂസ്റ്റണില്‍ താമസിക്കുന്നു. ലില്ലിക്കുട്ടിയാണ്‌ ഭാര്യ. ദിവ്യ, ദയാന, ദീപ എന്നിവരാണ്‌ മക്കള്‍.
തോമസ്‌ ഓലിയാന്‍കുന്നേല്‍ ഫോമയുടെ ജോയിന്റ്‌ സെക്രട്ടറി സ്ഥാനാര്‍ത്ഥി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക