Image

പ്രവാസികള്‍ നാട്ടിലേക്ക് പണമയക്കുമ്പോള്‍ ഈടാക്കുന്ന കമ്മീഷന് സേവന നികുതിയും

Published on 26 June, 2012
പ്രവാസികള്‍ നാട്ടിലേക്ക് പണമയക്കുമ്പോള്‍ ഈടാക്കുന്ന കമ്മീഷന് സേവന നികുതിയും
ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ നാട്ടിലേക്കയക്കുന്ന പണത്തിന് ധനകാര്യ സ്ഥാപനങ്ങള്‍ ഈടാക്കുന്ന സര്‍വീസ് ചാര്‍ജിന്റെ 12.36 ശതമാനം സേവന നികുതിയായി ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. അടുത്ത മാസം ഒന്നു മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. ഇന്ത്യയിലേക്ക് പണം അയക്കാനായി ബാങ്കുകള്‍, മറ്റു ധനകാര്യ സ്ഥാപനങ്ങള്‍, മണി ട്രാന്‍സ്ഫര്‍ ഏജന്റുമാര്‍ എന്നിവര്‍ ഈടാക്കുന്ന സര്‍വീസ് ചാര്‍ജിലാണ്(കമ്മീഷന്‍ തുക) 12.36 ശതമാനം നികുതി ഈടാക്കുന്നത്.

ഇതോടെ നാട്ടിലേക്ക് പണയം അയക്കുമ്പോള്‍ ഈടാക്കുന്ന കമ്മീഷന്‍ തുകയ്ക്ക് പുറമെ കമ്മീഷന്‍ തുകയുടെ 12.36 ശതമാനം തുക കൂടി പ്രവാസി ഇന്ത്യാക്കാര്‍ നല്‍കേണ്ടി വരും. അതായത് 100 രൂപ ഇന്ത്
യിലേക്ക് അയക്കുന്ന പ്രവാസി ഇന്ത്യാക്കാരനില്‍ നിന്ന് 10 രൂപയാണ് ഏജന്‍സി സര്‍വീസ് ചാര്‍ജായി ഈടാക്കുന്നതെങ്കില്‍ ഈ 10 രൂപയുടെ 12.36 ശതമാനമായ 1.236 രൂപ കൂടി സേവന നികുതിയായി അധികമായി നല്‍കേണ്ടിവരും. പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ 12.36 ശതമാനം സേവനനികുതിയായി ഈടാക്കുമെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നത് പ്രവാസികളെ ആശങ്കയിലാഴ്ത്തിയിരുന്നു. ഇതിനെതിരെ കടുത്ത പ്രതിഷേധവുമായി പ്രവാസി സംഘടനകളും രംഗത്തെത്തിയിരുന്നു.

വിദേശനാണ്യം രാജ്യത്തേക്കയ്ക്കുമ്പോള്‍ അതു രൂപയാക്കി മാറ്റുന്നതിന് ഈടാക്കുന്ന കൈമാറ്റ ചാര്‍ജിനു നിലവില്‍ സര്‍വീസ് ടാക്‌സ് ഉണ്ട്. ഏപ്രില്‍ ഒന്നു മുതല്‍ ഇതിന്റെ നിരക്ക് ഇപ്രകാരമാണ്. ഒരുലക്ഷം രൂപ വരെ തുകയുടെ 0.12 ശതമാനം കുറഞ്ഞത് 30 രൂപ. ഒരുലക്ഷത്തിനു മുകളില്‍ പത്തുലക്ഷം രൂപവരെ 120 രൂപയും ലക്ഷത്തിനു മുകളിലുള്ള തുകയുടെ 0.06 ശതമാനവും. പത്തുലക്ഷത്തിനു മുകളില്‍ 660 രൂപയും പത്തുലക്ഷത്തിനു മുകളിലുള്ള തുകയുടെ 0.012 ശതമാനവും പരമാവധി നികുതി 6000 രൂപയായി നിശ്ചയിച്ചിട്ടുമുണ്ട്. ഇതിനു പുറമേ നികുതിത്തുകയുടെ മൂന്നുശതമാനം വിദ്യാഭ്യാസ സെസ് ഈടാക്കും.

നിലവില്‍ മണി ട്രാന്‍സ്ഫര്‍ ഏജന്റുമാര്‍വഴി നാട്ടിലേക്ക് പണമയക്കുമ്പോള്‍ വന്‍തുക കമ്മീഷനായി ഈടാക്കുന്നുണ്ട്. ഇതിനു പുറമെയാണ് ഈ കമ്മീഷന്‍ തുകയുടെ 12.36 സേവന നികുതി കൂടെ ചുമത്തുന്നത്. കമ്മീഷന്‍ തുകയിലാണ് സേവനനികുതി ഈടാക്കുന്നതങ്കിലും പ്രവാസി ഇന്ത്യാക്കാരെ സംബന്ധിച്ചിടത്തോളം പുതിയ തീരുമാനം തിരിച്ചടി തന്നെയാണ്. ബാങ്കുകള്‍, മറ്റു ധനകാര്യ സ്ഥാപനങ്ങള്‍, മണി ട്രാന്‍സ്ഫര്‍ ഏജന്റുമാര്‍ എന്നിവര്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ നികുതി ചുമത്തുന്നതെങ്കിലും സ്വാഭാവികമായും ഇവര്‍ ഇത് ഉപഭോക്താവിനുമേല്‍ കെട്ടിവെയ്ക്കുമെന്ന കാര്യത്തില്‍ രണ്ടുപക്ഷവുമില്ല.

പുതിയ സേവന നികുതി സമ്പ്രദായം ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോകുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന സാധാരണക്കാരായ ഇന്ത്യക്കാരെയും പ്രത്യേകിച്ചും 22 ലക്ഷത്തോളം വരുന്ന മലയാളികളെയുമായിരിക്കും. കേരളത്തിന് പുറമെ തമിഴ്‌നാട്, പഞ്ചാബ് സംസ്ഥാനങ്ങളെയും പുതിയ നികുതി നിര്‍ദേശം പ്രതികൂലമായി ബധിക്കും. കേരളത്തിലെ ആകെ വരുമാനത്തിന്റെ 31 ശതമാനവും വരുന്നത് പ്രവാസികളില്‍ നിന്നാണ്. പഞ്ചാബില്‍ ഇത് 13 ശതമാനവും തമിഴ്‌നാട്ടില്‍ ഏഴു ശതമാനവുമാണ്.

കേരള സാമ്പത്തിക മേഖലയുടെ നട്ടെല്ലായ പ്രവാസി നിക്ഷേപത്തിന്റെ വരവ് കുത്തനെ കുറയാന്‍ പുതിയ നികുതി നിര്‍ദ്ദേശം കാരണമായേക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം 50,000 കോടി രൂപയാണ് വിദേശ മലയാളികള്‍ നാട്ടിലേക്ക് അയച്ചത്. ഇത്തവണ രൂപയുടെ മൂല്യയിടിവ് കൂടി കണക്കിലെടുത്താല്‍ ഇത് 60,000 കോടിയിലെത്താന്‍ ഇടയുണ്ട്.

വിദേശ ഇന്ത്യക്കാര്‍ അയയ്ക്കുന്ന പണത്തിനുള്ള സര്‍വീസ് ചാര്‍ജിന് നികുതി ചുമത്തുന്നതോടെ ഹവാല പണമൊഴുക്ക് കുത്തനെ കൂടിയേക്കുമെന്നും ആശങ്കയുണ്ട്. ബാങ്കുകള്‍, മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍ എന്നിവ വഴി പണമയയ്ക്കുമ്പോള്‍ നിലവിലുള്ളതും ഉയര്‍ന്ന നികുതി നല്‍കേണ്ടത് ഒഴിവാക്കാന്‍ അനധികൃത മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം വര്‍ധിക്കാന്‍ ഇടയുണ്ട്. തീവ്രവാദ പ്രവര്‍ത്തകരും മയക്കുമരുന്ന് കച്ചവടക്കാരും ഈ സാധ്യത ഉപയോഗപ്പെടുത്തുമെന്നും ആശങ്കയുണ്ട്.

ഇത് സംബന്ധിച്ച് ഏറെ നാളായി സര്‍ക്കാരിന്റെ മുന്‍പില്‍ ഉണ്ടായിരുന്ന നിര്‍ദേശത്തില്‍ ധനകാര്യ മന്ത്രി സ്ഥാനമൊഴിഞ്ഞ പ്രണാബ് മുഖര്‍ജിയാണ് ഒപ്പിട്ടത്. താലിമാല അണിഞ്ഞു പോലും വിമാനത്താവളത്തില്‍ എത്തുന്ന പ്രവാസികളെ അധിക സ്വര്‍ണത്തിന്റെ പേരില്‍ പിഴിയുന്ന കസ്റ്റംസ് നയത്തിന്റെ ചൂടാറും മുമ്പാണ് പുതിയ നിര്‍ദേശം. പ്രവാസി മന്ത്രിയുടെ കസേരയില്‍ ഒരു മലയാളിമുഖമുള്ളപ്പോള്‍ തന്നെയാണ് പ്രവാസികള്‍ക്ക് തിരിച്ചടിയായേക്കാവുന്ന സര്‍ക്കാര്‍ തീരുമാനമെന്നത് മറ്റൊരു വിരോധാഭാസം.
പ്രവാസികള്‍ നാട്ടിലേക്ക് പണമയക്കുമ്പോള്‍ ഈടാക്കുന്ന കമ്മീഷന് സേവന നികുതിയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക