Image

കുടുക്കിയവരെ കുടുക്കുമോ കോട്ടമുറിക്കല്‍

ജി.കെ. Published on 25 June, 2012
കുടുക്കിയവരെ കുടുക്കുമോ കോട്ടമുറിക്കല്‍
പ്രതീക്ഷിച്ചപോലെ ഗോപി കോട്ടമുറിക്കലിനെ സിപിഎം പടിയടച്ച്‌ പിണ്‌ഡം വെച്ചിരിക്കുന്നു. പുറത്താക്കല്‍ പ്രതീക്ഷിച്ചതാണെങ്കിലും പുറത്താക്കല്‍ തീരുമാനം വന്നശേഷം ഗോപി നടത്തിയ വാര്‍ത്താ സമ്മേളനം പാര്‍ട്ടിയെ ഞെട്ടിച്ചു. തന്നെ പുറത്താക്കിയതിന്‌ പിന്നില്‍ വി.എസിന്‌ പങ്കുണ്‌ടെന്ന്‌ ഗോപി പറയുന്നില്ലെങ്കിലും പാര്‍ട്ടിയില്‍ വി.എസിന്റെ അവശേഷിക്കുന്ന വിശ്വസ്‌തരായ എസ്‌.ശര്‍മയ്‌ക്കും ചന്ദ്രന്‍ പിള്ളയ്‌ക്കും ജോസഫൈനുമെതിരെ ഗോപി ഉന്നയിച്ച ആരോപണങ്ങള്‍ വി.എസ്‌ വിഭാഗത്തെത്തന്നെ പൂര്‍ണമായും തുടച്ചുനീക്കാന്‍തക്ക പ്രഹരശേഷിയുള്ളതാണ്‌.

ഗോപിയുടെ വെളിപ്പെടുത്തലുകള്‍ക്ക്‌ ഔദ്യോഗികപക്ഷത്തിന്റെ അനുഗ്രാശിസുകളുണ്‌ടെന്ന്‌ വി.എസ്‌.അച്യുതാനന്ദനും അദ്ദേഹത്തെ പിന്തുണയ്‌ക്കുന്നവര്‍ക്കും അറിയാം. അതുകൊണ്‌ടു തന്നെ ഗോപിയെ വിട്ടുകൊടുത്ത്‌ വി.എസ്‌.പക്ഷത്തിന്റെ എറണാകുളം ജില്ലയിലെ അവേശഷിക്കുന്ന ചാണക്യന്‍മാരായ ശര്‍മയുടെയും ചന്ദ്രന്‍പിള്ളയുടെയും തലഅരിയുക എന്നതാണ്‌ ഔദ്യോഗിക പക്ഷത്തിന്റെ ആദ്യന്തിക ലക്ഷ്യമെന്നും അവര്‍ തിരിച്ചറിയുന്നു.

കേവലം ഗ്രൂപ്പ്‌ പോരിന്റെ പാട നീക്കി കളഞ്ഞാല്‍ ഗോപി കോട്ടമുറിക്കല്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ സിപിഎം എന്ന തൊഴിലാളിവര്‍ഗ പാര്‍ട്ടിയെ അധികാരവും പണാധിപത്യവും എത്രമാത്രം ദുഷിപ്പിച്ചിരിക്കുന്നുവെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്‌. ക്രിമിനല്‍ സംഘത്തിനൊപ്പമാണ്‌ താന്‍ പ്രവര്‍ത്തിക്കുന്നതെന്ന്‌ പുറത്താക്കപ്പെടുംവരെ പത്തുവര്‍ഷം പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയായിരുന്ന ഗോപി കോട്ടമുറിക്കല്‍ തിരിച്ചറിയാന്‍ വൈകിയതെന്തെന്നാണ്‌ ഏറ്റവും പ്രസക്തമായ ചോദ്യം. അഥവാ അത്‌ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നവെങ്കില്‍ എന്തുകൊണ്‌ട്‌ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കുംവരെ അക്കാര്യം പരസ്യമാക്കുകയോ പാര്‍ട്ടിയുടെ ഔദ്യോഗികതലത്തില്‍ അറിയിക്കുകയോ ചെയ്‌തില്ലെന്നതും പ്രസ്‌ക്തമാണ്‌.

ഒപ്പം പാര്‍ട്ടിയിലെ ജീര്‍ണതയ്‌ക്കെതിരെ പ്രതികരിക്കാന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായിരുന്ന ഒരു സഖാവിന്‌ പോലും പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കപ്പെടുംവരെ കാത്തിരിക്കേണ്‌ടിവരുന്നുവെന്നത്‌ സിപിഎമ്മിനെപ്പോലൊരു പാര്‍ട്ടിക്ക്‌ ഒട്ടും ഭൂഷണമല്ല. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം സാമ്പത്തികമായും വിഭാഗീയമായും ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ജില്ലയാണ്‌ എറണാകും. കാരണം മെട്രോ നിഗരമാവാന്‍ വെമ്പുന്ന ആയിരക്കണക്കിന്‌ കോടി രൂപയുടെ നിക്ഷേപപദ്ധതികള്‍ സ്വപ്‌നം കാണുന്ന എറണാകുളത്ത്‌ പിടിമുറുക്കിയാല്‍ അത്‌ പാര്‍ട്ടിയില്‍ പിടിമുറുക്കുന്നതിന്‌ തുല്യമാണെന്നത്‌ തന്നെ. അതുകൊണ്‌ടു തന്നെ എറണാകുളം പിടിക്കാനും വിട്ടുകൊടുക്കാതിരിക്കാനും പാര്‍ട്ടിയിലെ രണ്‌ടും വിഭാഗങ്ങള്‍ എന്തു കൊള്ളരുതായ്‌മയും ചെയ്യുമെന്നും കൂടെ നില്‍ക്കുന്നവനെ ഒറ്റുകൊടുക്കുമെന്നുമുള്ളതിനുള്ള പ്രത്യക്ഷ ഉദാഹരണം കൂടിയാണ്‌ ഗോപി കോട്ടമുറിക്കല്‍ സംഭവം.

എന്തായാലും വെട്ടിയും തിരിച്ചു വെട്ടിയും പകതീര്‍ത്തുവെന്ന്‌ ഇരുപക്ഷത്തിനും തത്‌കാലം ആശ്വസിക്കാമെങ്കിലും സിപിഎമ്മിലും പ്രത്യേകിച്ചും അതിന്റെ എറണാകുളം ജില്ലാ ഘടകത്തിലും പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകാന്‍ തന്നെയാണ്‌ സാധ്യത. ഗോപി കോട്ടമുറിക്കലിനെ സംരക്ഷിക്കാനായില്ലെങ്കിലും ഗ്രൂപ്പ്‌ താത്‌പര്യം സംരക്ഷിക്കുന്നതില്‍ ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ ഗുണകരമായെന്നാണ്‌ ഔദ്യോഗിക പക്ഷം കണക്കുക്കൂട്ടുന്നത്‌. കാരണം ഗോപിയുടെ ചോരയ്‌ക്കൊപ്പം വി.എസ്‌.പക്ഷക്കാരായ നാലു ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്കെതിരെ കൂടി അച്ചടക്ക നടപടിയെടുത്തതിലൂടെ ജില്ലാ കമ്മിറ്റിയില്‍ വി.എസ്‌ പക്ഷത്തിനുള്ള ആധിപത്യത്തിന്റെ കടയ്‌ക്കല്‍ കത്തിവെയ്‌ക്കാമെന്ന്‌ അവര്‍ കണക്കുക്കൂട്ടുന്നു.

മറുകണ്‌ടം ചാടിയ കോട്ടമുറിക്കലിനെ പുറത്താക്കുന്നതിനു സാധിച്ചെന്നു വിഎസ്‌ പക്ഷത്തിനു ആശ്വസിക്കുമ്പോള്‍ തന്നെ അതിനായി അവര്‍ നല്‍കിയ വില അല്‍പം കടന്നുപോയി എന്നും എറണാകുളം ജില്ലയിലെ വി.എസ്‌ പക്ഷം വിലയിരുത്തുന്നു.ജില്ലയിലെ നാലു മുതിര്‍ന്ന നേതാക്കളെ നടപടിക്കായി വി.എസ്‌.പക്ഷത്തിന്‌ ബലികൊടുടുക്കേണ്‌ടിവന്നതോടെ ഏതു പ്രതിസന്ധിയിലും വി.എസിന്റെ ഉറച്ച കോട്ടയായിരുന്ന എറണാകുളത്ത്‌ ഇത്രയുംകാലം കാത്തുവയ്‌ക്കാനായ ജില്ലാ കമ്മിറ്റിയിലെ ആധിപത്യം കൈവിടേണ്‌ട അവസ്ഥയിലാണ്‌ വി.എസ്‌.പക്ഷം. നിലവില്‍ ജില്ലാ കമ്മറ്റി അംഗങ്ങളാണു നടപടിയ്‌ക്കു വിധേയരായിട്ടുള്ളവര്‍. ജില്ലാ കമ്മിറ്റിയില്‍നിന്ന്‌ ഇവര്‍ പുറത്തു പോയാല്‍ വിഎസ്‌ പക്ഷത്തിന്റെ പിടിയില്‍ തുടരുന്ന എറണാകുളം ജില്ലാ കമ്മിറ്റി തങ്ങളുടെ നിയന്ത്രണത്തില്‍ കൊണ്‌ടുവരാനാകുമെന്നു പിണറായിപക്ഷം കണക്കുകൂട്ടുന്നു.

43 അംഗ ജില്ലാ കമ്മിറ്റിയില്‍ വിഎസ്‌ പക്ഷത്തെ 25 പേരും പിണറായി പക്ഷത്തെ 18 പേരുമാണുള്ളത്‌. വിഎസ്‌ പക്ഷത്തെ നാലു പേര്‍ നടപടിക്കു വിധേയമായി പുറത്തേക്കു പോകുകയാണെങ്കില്‍ ഒഴിവുകളിലേക്കു പിണറായി പക്ഷക്കാരെ കൊണ്‌ടുവന്നും വിഎസ്‌ പക്ഷത്തുനിന്നു കൂടുതല്‍ പേരെ അടര്‍ത്തി മാറ്റിയും ജില്ലാ കമ്മിറ്റി നിയന്ത്രണത്തില്‍ കൊണ്‌ടുവരാമെന്നാണു പിണറായിപക്ഷത്തിന്റെ കണക്കുകൂട്ടല്‍. ജില്ലാ സെക്രട്ടറി സ്ഥാനത്തുള്ള എം.വി. ഗോവിന്ദന്‍ ജില്ലയിലെ പ്രതിസന്ധിഘട്ടത്തില്‍ ആ സ്ഥാനത്തു നിയോഗിക്കപ്പെട്ടതാണ്‌. ജില്ലാ സമ്മേളനത്തില്‍ അദ്ദേഹത്തെ വീണ്‌ടും തെരഞ്ഞെടുത്തതും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ വേണ്‌ടിയായിരുന്നു. തനിക്കു തുടരാന്‍ താത്‌പര്യമില്ലെന്ന്‌ അന്നു തന്നെ അദ്ദേഹം പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

ജില്ലയിലെ പാര്‍ട്ടിയില്‍ പുതുതായി ഉരുത്തിരിയുന്ന സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്തി ദിനേശ്‌ മണിയെ സെക്രട്ടറി സ്ഥാനത്തേക്ക്‌ എത്തിച്ചാല്‍ അതുവഴി വി.എസ്‌ പക്ഷത്തിനു കനത്ത തിരിച്ചടി നല്‌കാനാകുമെന്നു പിണറായിപക്ഷം കരുതുന്നു. എന്നാല്‍, ഇതുവെറും കണക്കുകൂട്ടലുകള്‍ മാത്രമായി അവസാനിക്കുമെന്നാണു വിഎസ്‌പക്ഷത്തിന്റെ വാദം. ജില്ലാ സമ്മേളനത്തില്‍ മത്സരത്തിനിറങ്ങി പിണറായിപക്ഷം പരാജയം ഏറ്റു വാങ്ങിയ കാര്യവും മറക്കാറായിട്ടില്ലെന്ന്‌ അവര്‍ പറയുന്നു. ഇങ്ങനെ പരസ്‌പരം കൊണ്‌ടും കൊടുത്തും ഒറ്റുകൊടുത്തും മുന്നേറുമ്പോള്‍ ഒരുകാര്യമാണ്‌ ഓര്‍മവരുന്നത്‌ എം.എന്‍.വിജയന്‍മാഷ്‌ പറഞ്ഞകാര്യമാണ്‌. ഇങ്ങനെ പോയാല്‍ പാര്‍ട്ടി കാണും, അണികള്‍ കാണില്ലെന്ന്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക