Image

എന്റെ അപ്പച്ചന് നവതിയാശംസകള്‍ - ത്രേസ്യാമ്മ തോമസ്‌ നാടാവളളില്‍

ത്രേസ്യാമ്മ തോമസ്‌ നാടാവളളില്‍ Published on 25 June, 2012
എന്റെ അപ്പച്ചന് നവതിയാശംസകള്‍ -  ത്രേസ്യാമ്മ തോമസ്‌ നാടാവളളില്‍
സൂര്യചന്ദ്രനും താരങ്ങളും കൂടി
ഭൂമി തേജസ്സു കൂട്ടുന്ന വേളയില്‍
അപ്പചന്‍ തന്റെ തൊണ്ണൂറു വത്സരം
പിന്നിട്ടനേരമെത്രയോ ശോഭനം

എന്റെ ജീവിതയാത്രാപഥങ്ങളില്‍
ദീപമായ്ത്തീര്‍ന്നൊരഗ്നിപ്രഭാവമെ
പൂക്കളായിരം പാദത്തിലര്‍പ്പിച്ചു
നേരുന്നായിരമാശംസയിന്നിപ്പോള്‍

ചാമക്കാലായില്‍ മാത്തച്ചന്‍ മക്കളായ്
ഭൂവില്‍ വന്നു മടങ്ങിപ്പോയ് പത്തുപേര്‍
മധ്യസ്ഥന്‍ മാത്രം ശേഷിപ്പൂ, കാരണം
മധ്യസ്ഥനായിത്തീരുവാനേവര്‍ക്കും.

കൂടുവിട്ടു പറന്നുപോയമ്മച്ചി
ദുഃഖം താങ്ങുവാനാകാതെയപ്പച്ചന്‍
അര്‍പ്പണം ചെയ്തു സര്‍വ്വവും ദൈവത്തില്‍
പിന്നെ കര്‍മ്മങ്ങള്‍ സാഫല്യമായതും

കാഴ്ച കേഴ് വികളല്പമായെങ്കിലും
ഓര്‍മ്മയ്‌ക്കൊട്ടും കുറവില്ലയിപ്പോഴും
എത്ര തിക്തമനുഭവം വന്നാലും
ഉള്ളില്‍ സംതൃപ്തിമാത്രം നിറയുന്നു.

മക്കള്‍ക്കെല്ലാര്‍ക്കും താതനായപ്പൊഴും
ശിഷ്യര്‍ക്കെല്ലാര്‍ക്കും ശ്രേഷ്ഠഗുരുവായും
നാട്ടുകാര്‍ക്കെല്ലാമുത്തമ ബന്ധുവായ്
കൂട്ടുകാര്‍ക്കെല്ലാം സ്വന്തമായ്ത്തീര്‍ന്നതും

ജ്ഞാനിവിജ്ഞാനം ശിഷ്യര്‍ക്കു നല്‍കിയും
മണ്ണിനോടുള്ള കൂറുപുലര്‍ത്തിയും
തന്റെയുള്ളിലെ ആചാര്യഭാവത്തെ
കര്‍ഷകനെയും തൃപ്തിപ്പെടുത്തിയും

പ്രസംഗം പാട്ടുപദ്യപാരായണം
കൊണ്ടു നല്‍കുന്നു തോഷം സദസ്യര്‍ക്കും
ഇഷ്ടഗാനമൊ 'ബച്ചുപനു കേ ദില്‍'
'ബച്ചുപനില്‍' പഠിച്ചതും പാട്ടുമെ

അച്ഛനായിട്ടും മുത്തച്ഛനായിട്ടും
പിന്നെയും മുതുമുത്തച്ഛനായിട്ടും
കാലങ്ങളേറെ വാഴണം, ഞങ്ങള്‍ക്ക്
കാണുവാനെന്നും സ്‌നേഹിക്കുവാനെന്നും

എളിമയ്ക്കുത്തമാമംഗം ധരിച്ചതാം
ക്ഷാന്തിക്കാകട്ടെ പര്യായമായതും
മക്കള്‍ക്കാകട്ടെ ഹീറൊയാണിപ്പോഴും
പുണ്യശ്ലോകനായ് വാഴട്ടെയെന്നെന്നും

മക്കള്‍ ഞങ്ങളീ മുപ്പത്തിയെഴുപേര്‍
എണ്ണമില്ലാതെ നേരുന്നു നന്മകള്‍
ആയുരാരോഗ്യ സമ്പല്‍സമൃദ്ധമായ്
കാണണമിനീം പൂര്‍ണചന്ദ്രന്മാരെ

ഞങ്ങള്‍ക്കു മുന്നില്‍ ശുക്രനക്ഷത്രമായ്
മിന്നി നില്‍ക്കുന്ന പൂര്‍ണ പ്രഭാവമെ
അഞ്ജലീ ബദ്ധരായ് നിന്നു നല്‍കുന്നു
പ്രാര്‍ത്ഥനാപൂക്കള്‍ നല്‍പ്രമാണമങ്ങളും
എന്റെ അപ്പച്ചന് നവതിയാശംസകള്‍ -  ത്രേസ്യാമ്മ തോമസ്‌ നാടാവളളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക