Image

ഈശ്വരനെ തേടി (ഒരു മിനി കഥ: സുധീര്‍ പണിക്കവീട്ടില്‍)

Published on 24 June, 2012
ഈശ്വരനെ തേടി (ഒരു മിനി കഥ: സുധീര്‍ പണിക്കവീട്ടില്‍)
ഈശ്വരനുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ നേരമ്പോക്കിനു വേണ്ടി സൃഷ്‌ടിച്ചപോലെ തോന്നിക്കുന്ന പലതരം ജനങ്ങള്‍ ജീവിച്ചിരുന്ന ഒരു രാജ്യത്ത്‌ നടന്ന കഥയാണിത്‌.

ഈശ്വരനെ തേടിയുള്ള പരക്കം പാച്ചിലില്‍ മനുഷ്യരെ തട്ടി വീഴ്‌ത്തിയ ശിലകള്‍ക്ക്‌ മുമ്പില്‍ എഴുന്നേല്‍ക്കുന്നതിനു മുമ്പ്‌ അവര്‍ക്ക്‌ മുട്ട്‌ കുത്തേണ്ടി വന്നു. മൂത്തവരെ ആദരിക്കാന്‍ പഠിച്ച ഇളം തലമുറ പ്രസ്‌തുത വഴക്കം ആചരിച്ച്‌ പോന്നു. അങ്ങനെ കാലം കഴിഞ്ഞു.

മഞ്ഞിന്റെ പുകമറ നീക്കാന്‍ ശ്രമിക്കുന്ന പകലോന്റെ മുഖത്തേക്ക്‌ സുഗന്ധധൂമങ്ങള്‍ പരത്തികൊണ്ട്‌ മന്ത്രോച്ചാരണത്തോടെ ഒരു കൂട്ടം ജനങ്ങള്‍ ഓടി്‌. കാണികള്‍ക്ക്‌ അദൃശ്യമായ എന്തിനേയോ അവര്‍ പിന്തുടരുകയായിരുന്നു. വഴിയോരത്തെ കാണികള്‍ തമ്മില്‍ തമ്മില്‍ അടക്കം പറഞ്ഞു. `ഏതൊ വഴിപാടായിരിക്കും'.

കുളിച്ചീറനുടുത്ത്‌ പൂജസാമഗ്രികളും കയ്യിലേന്തി ഇവര്‍ എവിടേക്ക്‌ ഓടുന്നു. അവര്‍ക്ക്‌ ലക്ഷ്യമില്ല. കാരണം പിന്തുടരുന്നതെന്തോ അത്‌ നില്‍ക്കുന്നേടം അവരുടെ ലക്ഷ്യസ്‌ഥാനം.

ഓട്ടക്കാരില്‍ ചിലര്‍ ഭക്‌തിപാരമ്യം കൊണ്ട്‌ കണ്ണുകള്‍ അടക്കുകയും തന്മൂലം പരസ്‌പരം കൂട്ടിയിടിക്കുകയും ചെയ്‌തിരുന്നു ചിലര്‍ ഒന്നുമറിയാതെ അവരുടെ പുറകെ ഓടി. ഇനിയിപ്പോള്‍ കള്ളനെയോ ബലാത്സംഗക്കാരനെയോ ആണോ അവര്‍ ഓടിക്കുന്നത്‌? നിയമപാലകരെ പൊതുജനം വിളിച്ച്‌്‌ വരുത്തി.

അപ്പോള്‍ അതാ നിറമില്ലാത്ത ശീല കൊണ്ട്‌ മൂക്കും വായും കെട്ടി ഒരു കൂട്ടം മനുഷ്യര്‍ അവരെ നേരിടുന്നു. ശീലകെട്ടിയവര്‍ ഓടിവരുന്നവരോടു പറഞ്ഞു,.

`ഹിംസിക്കരുത്‌'

അത്‌കേട്ട്‌ പൊതുജനം കയ്യും തലയും പുറത്തേക്ക്‌ നീട്ടി. കൂടുതല്‍ ഉത്സാഹത്തോടെ രംഗം വീക്ഷിച്ചു. ഓടി വന്നവര്‍ പരിഭ്രാന്ത്രരായി.

`ഹിംസിക്കുകയോ, അവര്‍ പരസ്‌പരം ചോദിച്ചു'.

പക്ഷെ വിശദീകരണം കൊടുത്ത്‌ വരുമ്പോള്‍ അവര്‍ പിന്തുടരുന്നത്‌ അപ്രത്യക്ഷമാകും.ആ സംശയക്കുഴപ്പത്തില്‍ സംഗതികള്‍ വഷളായി ശീലകെട്ടിയവര്‍ ഓടിവന്നവരെ സമാധാനപൂര്‍വ്വം തടുക്കാന്‍ ശ്രമിച്ചു. അക്രമം പൊട്ടിപുറപ്പെട്ടങ്കിലോ എന്നു കരുതി നിയമപാലകര്‍ ജാകരൂഗരായി.

അപ്പോള്‍ അതാ ഓടി വന്നവരില്‍ ഒരാള്‍ കരഞ്ഞ്‌കൊണ്ട്‌ പറയുന്നു.

`കാന്മാനില്ല' ഈ തിരക്കില്‍ എവിടേയോ ഓടി ഒളിച്ചു കാണും. അത്‌ കേട്ട്‌ അവരുടെ സംഘം ദുഖിതരായി. അവരുടെ നേതാവ്‌ ലേശം ക്ഷോഭത്തോടെ ശീലകെട്ടിയവരോട്‌ പറഞ്ഞു.
`നിങ്ങള്‍ കാരണം...'

അതു മുഴുമിപ്പിക്കുന്നതിനുമുമ്പ്‌ വായില്‍ കടിച്ച്‌ പിടിച്ച എലിയേയും കൊണ്ട്‌ ഒരു മാര്‍ജ്‌ജാരന്‍ അതു വഴി ഓടിപോയി. ഗണപതിയുടെ വാഹനത്തെ ആരാധിക്കുക എന്ന നല്ല ഉദ്ദേശ്യത്തോടെ എലിയെ ഓടിച്ച്‌ വന്നവര്‍ അതിനെ ശത്രുവിന്റെ വായില്‍ കണ്ട്‌ കുണ്‌ഠിതപ്പെട്ടു. ശീല കെട്ടിയവര്‍ സംഗതികള്‍ മനസ്സിലാക്കിയപ്പോള്‍ എലിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
.
നിങ്ങള്‍ ഓടിക്കുന്നത്‌ കണ്ടപ്പോള്‍ ഹിംസിക്കാനാണെന്നു കരുതി. പ്രത്യേകിച്ച്‌ ഈ ജീവി ഒരു രോഗം പരത്തുന്നു എന്ന വാര്‍ത്ത ജനം പരത്തുമ്പോള്‍ ആരാധിക്കാനായിരിക്കില്ല ഹിംസിക്കാനാണെന്ന്‌ നിനച്ചു. ഞങ്ങളുടെ ശ്രമവും വിഫലമായി. അതിന്റെ ആജന്മ ശത്രു തന്നെ കഥ കഴിച്ചു.

സാഹചര്യങ്ങളുടെ അനവധി മുതലെടുപ്പ്‌ നടന്ന മണ്ണില്‍ നിന്ന്‌ ഒരു മനുഷ്യപുത്രന്‍ അല്‍പം പരിഹാസത്തോടെ പറഞ്ഞു.`സംസാരിക്കാന്‍ ശേഷിയില്ലാത്തതിനെ ആരാധിക്കരുത്‌' ആരും മറുപടി പറഞ്ഞില്ല.

നിറഞ്ഞ നിശബ്‌ദത...

മനുഷ്യന്റെ യുക്‌തിക്ക്‌ മുമ്പില്‍ ഈശ്വരന്‍ മരിക്കുന്നു. മനുഷ്യന്റെ യുക്‌തിക്ക്‌ മുമ്പില്‍ ഈശ്വരന്‍ ജനിക്കുന്നു. ശക്‌തി പ്രാപിക്കുന്നു. സത്യം മായയായി അവശേഷിക്കുന്നു.

ജനങ്ങള്‍ പിറുപിറുപ്പോടെ സമാധാനമായി പിരിഞ്ഞു. ഈശ്വരന്റെ പേരു പറഞ്ഞു പരസ്‌പരം രക്‌തം വീഴ്‌ത്തരുത്‌ എന്ന്‌ അവര്‍ മനസ്സിലാക്കിക്കാണും. അത്‌ തന്നെ ഈശ്വരനെ കണ്ടെത്തല്‍. അല്ലെങ്കില്‍ ഈശ്വരനു ജന്മം കൊടുക്കാന്‍ മനുഷ്യന്‍ ആര്‌?

**********************
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക