Image

`അര്‍ദ്ധനാരി' എം.ജി. ശ്രീകുമാര്‍ നിര്‍മ്മാതാവാകുന്നു

Published on 24 June, 2012
`അര്‍ദ്ധനാരി' എം.ജി. ശ്രീകുമാര്‍ നിര്‍മ്മാതാവാകുന്നു
പ്രശസ്‌ത ഗായകനും സംഗീത സംവിധായകനുമായ എം.ജി ശ്രീകുമാര്‍ നിര്‍മ്മതാവാകുന്നു. ചിത്രം അര്‍ധനാരി.

മഞ്‌ജുളന്‍. ആണിന്റെ ശരീരവും പെണ്ണിന്റെ മനസുമായി ഒരു ജീവിതം. അയാളെ ഹിജഡയെന്ന്‌ പരിഷ്‌കൃത സമൂഹം വിളിച്ച്‌ പരിഹസിച്ചു. നാട്ടുകാരുടെ പരിഹാസം, അവഗണന, കുടുംബത്തിന്‌ നാണക്കേട്‌, ശാരീരിക മാനസിക പീഡനങ്ങള്‍ കൊണ്‌ട്‌ പൊറുതി മുട്ടിയപ്പോള്‍ മനുഷ്യനായി അംഗീകരിക്കപ്പെടാത്ത ഈ നാട്ടില്‍ നിന്ന്‌ ജീവിക്കാനുള്ള മോഹവുമായി മഞ്‌ജുളന്‍ യാത്രയായി.

അയാള്‍ എത്തിയത്‌ ഹമാമിലാണ്‌. തന്നെപ്പോലെയുള്ളവര്‍ ഒത്തുചേര്‍ന്ന്‌ ജീവിക്കുന്ന ഇടം. അവിടത്തെ നിയമ വ്യവസ്ഥയില്‍ ഒരു സ്‌ത്രീയായി അംഗീകരിക്കപ്പെട്ട്‌ പുതിയ ജീവിതം ആരംഭിക്കുന്നു. അങ്ങനെ മലയാള സിനിമയില്‍ ഇന്നേ വരെ ദര്‍ശിക്കാത്ത ഒരു പുതിയ പ്രമേയം രൂപംകൊള്ളുകയാണ്‌.

സമൂഹത്തില്‍ ഹിജഡകള്‍ക്ക്‌ അനുഭവിക്കേണ്‌ടി വരുന്ന പരിഹാസവും പീഡനങ്ങളുമാണ്‌ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കപ്പെടുന്നത്‌. മനോജ്‌.കെ.ജയനാണ്‌ ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. തിലകന്‍, സായ്‌കുമാര്‍, മണിയന്‍പിള്ളരാജു, സുരാജ്‌ വെഞ്ഞാറമൂട്‌, കൊച്ചു പ്രേമന്‍, ഇര്‍ഷാദ്‌, വിദ്യാശങ്കര്‍, മൈഥിലി, മഹാലക്ഷ്‌മി, അംബികാ മോഹന്‍ തുടങ്ങിയവര്‍ ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്‌.

ഹേമചന്ദ്രനാണ്‌ ചിത്രത്തിന്റെ കാമറമാന്‍. വി.മധുസുദനന്‍ നായര്‍, രാജീവ്‌ ആലുങ്കല്‍ എന്നിവരുടെ വരികള്‍ക്ക്‌ എം.ജി ശ്രീകുമാര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. കല-ആര്‍.കെ, മേക്കപ്പ്‌ - പട്ടണം റഷീദ്‌, സ്റ്റില്‍സ്‌ - ഹരിതിരുമല, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-എസ്‌.എല്‍ പ്രദീപ്‌.

ജൂലൈ പത്തിന്‌ അര്‍ദ്ധനാരി ആരംഭിക്കും. തെങ്കാശി, മുംബൈ, തിരുവനന്തപുരം, എന്നിവിടങ്ങളിലാണ്‌ ലൊക്കേഷന്‍.

ഡോ.സന്തോഷ്‌ സൗപര്‍ണ്ണികയാണ്‌ ഈ ചിത്രം തിരക്കഥ രചിച്ച്‌ സംവിധാനം ചെയ്യുന്നത്‌. ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ തിരുവനന്തപുരത്ത്‌ സ്വകാര്യ ഹോട്ടലില്‍ വെച്ച്‌ നടന്നു. -എ.എസ്‌ ദിനേശ്‌.
`അര്‍ദ്ധനാരി' എം.ജി. ശ്രീകുമാര്‍ നിര്‍മ്മാതാവാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക